ആഗുല്ലാസ് പ്രവാഹം
![]() ഇന്ത്യാസമുദ്രത്തിൽ ദക്ഷിണാഫ്രിക്കയുടെ കിഴക്കേ തീരത്തുകൂടി തെക്കുപടിഞ്ഞാറേക്കൊഴുകുന്ന സമുദ്രജലപ്രവാഹമാണ് അഗുല്ലാസ് പ്രവാഹം. ദക്ഷിണ-അക്ഷാംശങ്ങൾ 250 ക്കും 400 ക്കും ഇടയ്ക്ക് കരയിൽനിന്നും 480 കി.മീ. അകലംവരെയുള്ള സമുദ്രഭാഗത്താണ് ഈ കടലൊഴുക്ക് അനുഭവപ്പെടുന്നത്. ഭൂഭ്രമണത്തിന്റെ ഫലമായി ദക്ഷിണാർധഗോളത്തിൽ കാറ്റുകൾ നേർദിശയിൽനിന്നും ഇടത്തോട്ടായി വ്യതിചലിക്കുന്നു. തെക്കുകിഴക്കൻ വാണിജ്യവാതങ്ങളുടെ പ്രഭാവംമൂലം മധ്യരേഖയ്ക്കു തെക്കുള്ള സമുദ്രഭാഗങ്ങളിൽ കിഴക്കുനിന്നും പടിഞ്ഞാറേക്ക് ജലപ്രവാഹം ഉണ്ടാകുന്നു. ഇതാണ് ദക്ഷിണ മധ്യരേഖീയ പ്രവാഹം എന്നറിയപ്പെടുന്നത്. ആഫ്രിക്കൻ തീരത്തെത്തുന്നതോടെ ഇതിന്റെ ഗതി വൻകരയ്ക്കു സമാന്തരമാവും. രണ്ടായി പിരിഞ്ഞൊഴുകുന്ന ഈ പ്രവാഹത്തിലെ ഒരു ഭാഗം മഡഗാസ്കർ ദ്വീപിനും (മലഗസി റിപ്പബ്ലിക്), ആഫ്രിക്കൻ തീരത്തിനും ഇടയ്ക്കുകൂടി ഒഴുകുന്നു; ഇതാണ് മൊസാംബിക് പ്രവാഹം. രണ്ടാമത്തെ പിരിവ് മഡഗാസ്കറിന്റെ കിഴക്കൻ തീരത്തുകൂടി തെക്കോട്ടു നീങ്ങുന്നു; ഈ പ്രവാഹങ്ങൾ വീണ്ടും കൂടിച്ചേർന്നാണ് ആഗുല്ലാസ് പ്രവാഹമായിത്തീരുന്നത്. ഉഷ്ണമേഖലയിൽ ഉയർന്ന അക്ഷാംശങ്ങളിലേക്ക് ഒഴുകുന്നതിനാൽ ആഗുല്ലാസ് പ്രവാഹം ഉഷ്ണപ്രവാഹമാണ്. ഈ പ്രവാഹത്തിന്റെ ഒരു കൈവഴി ഗുഡ്ഹോപ്പ്മുനമ്പ് ചുറ്റി ദക്ഷിണ അറ്റ്ലാന്റിക്കിലേക്കൊഴുകുന്നു. പുറംകണ്ണികൾ
|
Portal di Ensiklopedia Dunia