ഒരു സർപ്പിളാകൃതിയിലുള്ള താരാപഥമാണ്ആൻഡ്രോമീഡ (Andromeda, മെസ്സിയർ 31, അഥവാ M31, NGC 224). 25 ലക്ഷം പ്രകാശ വർഷങ്ങളാണ് ഈ താരാപഥത്തിലേക്കുള്ള ദൂരം. ആൻഡ്രോമീഡ നക്ഷത്രരാശിയിലാണ് ഇത് കാണപ്പെടുന്നത്. സർപ്പിളാകൃതിയിലുള്ള താരാപഥങ്ങളിൽ ക്ഷീരപഥത്തോട് ഏറ്റവും അടുത്ത് കിടക്കുന്നതാണ് ഇത്. ചന്ദ്രനില്ലാത്ത രാത്രികളിൽ നഗ്നനേത്രങ്ങൾ കൊണ്ട് ഇതിനെ ദർശിക്കാൻ കഴിയും.
ആൻഡ്രോമീഡ താരാപഥം
ലോക്കൽ ഗ്രൂപ്പിലെ ഏറ്റവും വലിയ താരാപഥമാണ് ആൻഡ്രോമീഡ. ഇത് കൂടാതെ ക്ഷീരപഥം, ത്രിഭുജം താരാപഥം കൂടെ 30 ഓളം മറ്റ് ചെറിയ താരാപഥങ്ങൾ എന്നിവയുടെ കൂട്ടമാണ് ലോക്കൽ ഗ്രൂപ്പ്. കൂടുതൽ വലിപ്പമുള്ളത് ആൻഡ്രോമീഡക്ക് ആണെങ്കിലും കൂടുതൽ ഭാരം ഇതിനായിരിക്കില്ല എന്നാണ് പുതിയ നിരീക്ഷണങ്ങൾ പ്രകാരം വിലയിരുത്തപ്പെടുന്നത്. ക്ഷീരപഥത്തിൽ കൂടുതൽ തമോദ്രവ്യം അടങ്ങിയിരിക്കാം എന്നാണ് ഇതിന് കാരണമായി ജ്യോതിശാസ്ത്രം ചൂണ്ടികാണിക്കുന്നത്. ഒരു ലക്ഷം കോടിയോളം നക്ഷത്രങ്ങൾ ആൻഡ്രോമീഡയിലുണ്ട് എന്നാണ് നിരീക്ഷണങ്ങൾ പ്രകാരമുളള കണക്ക്. ഇത് ക്ഷീരപഥത്തിലുള്ളതിനേക്കാൾ വളരെ കൂടുതലാണ്. 2006 ലെ കണക്ക് പ്രകാരം ആൻഡ്രോമീഡയുടെ ഭാരം 7.1×1011സൗരഭാരങ്ങളാണ്.