ആർട്ടിമിസ്
ഏറ്റവും വ്യാപകമായി ആരാധിക്കപ്പെട്ടിരുന്നതും ഏറ്റവും പഴക്കമുള്ളതുമായ ഗ്രീക്ക് ദൈവങ്ങളിൽ ഒരാളാണ് ആർട്ടിമിസ് ദേവത. ക്ലാസിക്കൽ കാലഘട്ടത്തിലെ ഗ്രീക്ക് ഐതിഹ്യത്തിൽ ആർട്ടിമിസ് സ്യൂസിന്റെയും ലെറ്റൊയുടെയും പുത്രിയും അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയുമാണ്. ഹെലനിക് സംസ്കാരത്തിൽ ഇവർ കാടുകളുടെയും കുന്നുകളുടേയും പ്രസവത്തിന്റേയും കന്യകാത്വത്തിന്റെയും വേട്ടയുടെയും ദേവതയായിരുന്നു. അമ്പും വില്ലും പിടിച്ച് നിൽക്കുന്ന ഒരു വേട്ടക്കാരിയായാണ് ആർട്ടിമിസിനെ പൊതുവെ ചിത്രീകരിക്കാറ്. മാനും സൈപ്രസ് വൃക്ഷവും ആർട്ടിമിസിന് വിശുദ്ധമാണ്. പിന്നീടുള്ള ഹെലനിക് കാലഘട്ടത്തിൽ പ്രസവ സഹായകയായ പുരാതന ദേവത എയ്ലെയ്ത്യ, ആർട്ടിമിസ് ദേവതയുമായി സമന്വയിക്കപ്പെട്ടു. പിന്നീട് ഗ്രീസിലെ ചന്ദ്ര ദേവതയായ സെലീൻ എന്ന ടൈറ്റനും ആർട്ടിമിസുമായി ഏകീകരിക്കപ്പെട്ടു. അതിനുശേഷം ആർട്ടിമിസിന്റെ രൂപത്തിൽ തലക്കുമുകളിലായി ഒരു ചന്ദ്രക്കലയും ചേർക്കുവാൻ തുടങ്ങി. റോമൻ ദേവത ഡയാന, ഇട്രുസ്കൻ ദേവത ആർട്ടുമി, കാരിയൻ ദേവത ഹെകാറ്റെ എന്നിവർ ആർട്ടിമിസ് സങ്കല്പവുമായി സമാനതയുള്ളവരാണ്. |
Portal di Ensiklopedia Dunia