ആൽഫ്രഡ് ടാർസ്കി
പോളിഷ്-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും താർക്കികനുമാണ് ആൽഫ്രഡ് ടാർസ്കി. ഗണിതശാസ്ത്രത്തിൽ മെറ്റാമാത്തമാറ്റിക്സ്, തർക്കശാസ്ത്രത്തിൽ സെമാന്റിക്സ് എന്നീ ശാഖകൾക്കു തുടക്കമിട്ടവരിൽ പ്രധാനിയാണ് ഇദ്ദേഹം. ജീവിതരേഖടാർസ്കി 1901 ജനുവരി 14-ന് വാഴ്സായിൽ ജനിച്ചു. 1924-ൽ വാഴ്സാ സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റു ബിരുദം നേടിയശേഷം 1939-വരെ അവിടെത്തന്നെ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1939-ൽ യു.എസ്സിലേക്കു പോകുകയും ഹാർവാഡ് സർവകലാശാലയിൽ റിസർച്ച് അസോസ്സിയേറ്റ്, ന്യൂയോർക്കിലെ കോളജ് ഓഫ് ദി സിറ്റിയിൽ വിസിറ്റിങ് പ്രൊഫസർ, പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തു. 1945-ൽ ടാർസ്കി അമേരിക്കൻ പൗരത്വം സ്വീകരിച്ചു. 1949-ൽ കാലിഫോർണിയ സർവകലാശാലയിൽ ഗണിതശാസ്ത്ര പ്രൊഫസറായും 1959-ൽ മില്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് പ്രൊഫസറായും നിയമിതനായി. ഗണിതശാസ്ത്രത്തിൽ ഗണിത മോഡലുകളുടെ സിദ്ധാന്തത്തെക്കുറിച്ചുള്ള ആദ്യകാല പഠനങ്ങൾക്കു നേതൃത്വം നൽകിയവരിൽ ടാർസ്കിയും ഉൾപ്പെടുന്നു. നിഗമനാത്മക (deductive) തർക്കശാസ്ത്രതത്ത്വങ്ങളുടെ പഠനമായ മെറ്റാമാത്തമാറ്റിക്സ്, ഗണ സിദ്ധാന്തം (set theory), ആൾജിബ്ര, മെഷർ തിയറി, ഇൻഅസ്സെസ്സിബിൾ കാർഡിനലുകൾ, വൃത്തത്തിന്റെ ഡികോമ്പോസിഷൻ തിയറം എന്നിവയിലെല്ലാം ടാർസ്കി പഠനങ്ങൾ നടത്തിയിട്ടുണ്ട്. പദങ്ങളുടെ അർഥവിജ്ഞാനീയ ശാഖയായ സെമാന്റിക്സിൽ സെമാന്റിക് മെഥേഡിനു സൂത്രവാക്യം നൽകിയതാണ് തർക്കശാസ്ത്രത്തിൽ ടാർസ്കിയുടെ പ്രധാന സംഭാവന. 1923 മുതൽ 1936 വരെ ടാർസ്കി രചിച്ച തർക്കശാസ്ത്രപ്രബന്ധങ്ങൾ ജെ.എച്ച്. വൂഡ്ഗർ ശേഖരിച്ചു പരിഭാഷപ്പെടുത്തി ലോജിക്, സെമാന്റിക്സ്, മെറ്റാമാത്തമാറ്റിക്സ് (1956) എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. ഇതിൽ ദ് കോൺസ്റ്റന്റ് ഒഫ് ട്രൂത്ത് ഇൻ ഫോർമലൈസ്ഡ് ലാങ്ഗ്വേജസ് (1935) എന്ന പ്രബന്ധം മോഡൽ തിയറിയുടെ അടിസ്ഥാനപ്രമാണങ്ങൾ ഉൾക്കൊണ്ടതാണ്. നാഷണൽ അക്കാദമി ഓഫ് സയൻസസിൽ അംഗം, അസോസ്സിയേഷൻ ഒഫ് സിംബോളിക് ലോജിക്കിന്റെ പ്രസിഡന്റ് എന്നീ നിലകളിലും ടാർസ്കി പ്രവർത്തിച്ചിട്ടുണ്ട്. 1983-ൽ ഇദ്ദേഹം നിര്യാതനായി. പുറത്തേക്കുള്ള കണ്ണികൾAlfred Tarski എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia