ആൽബർട്ടോ ഫ്യൂജിമോറി
പെറുവിലെ രാഷ്ട്രീയനേതാവും മുൻ പ്രസിഡണ്ടുമാണ് ആൽബർട്ടോ കെന്യ ഫ്യൂജിമോറി (ജനനം: ജൂലൈ 28, 1938 - ). രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികൾ നടത്തിയ ആഭ്യന്തരയുദ്ധം നേരിടുന്നതിൽ ഇദ്ദേഹം വിജയം കൈവരിച്ചിരുന്നു. എന്നാൽ ഇതേ യുദ്ധത്തിന്റെ പേരിൽത്തന്നെ സ്വേച്ഛാധിപതിയുടെയും മനുഷ്യാവകാശധ്വംസകന്റെയും ആരോപണം കൂടി ഇദ്ദേഹത്തിന് നേരിടേണ്ടിവന്നു.[1] 2000-ത്തിൽ അഴിമതി ആരോപണം കൂടിയായപ്പോൾ ഫ്യൂജിമോറി ജപ്പാനിലേക്ക് ഒളിച്ചോടി. അവിടെവെച്ച് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ ശ്രമിച്ചെങ്കിലും പെറുവിലെ ഭരണസംവിധാനം അത് അംഗീകരിച്ചില്ല. പകരം അദ്ദേഹത്തെ ഭരണത്തിൽനിന്ന് നിഷ്കാസിതനാക്കാനായിരുന്നു പെറു കോൺഗ്രസ്സിന്റെ തീരുമാനം. 10 വർഷത്തേക്ക് അദ്ദേഹത്തിനെതിരെ നിരോധനം ഏർപ്പെടുത്തി. അഴിമതിയുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും പേരിൽ കുറ്റാരോപിതനായ അദ്ദേഹം 2005 നവംബറിൽ ചിലിയിൽ വെച്ച് പിടിക്കപ്പെടുന്നതുവരെ ഒളിവിൽ കഴിയുകയായിരുന്നു.[2] ക്രിമിനൽ കുറ്റങ്ങൾക്കുള്ള വിചാരണനേരിടാൻ അദ്ദേഹത്തെ 2007 സെപ്റ്റംബറിൽ പെറുവിലേക്ക് കൊണ്ടുവന്നു.[3] 1990-2000 കാലത്ത് കമ്യൂണിസ്റ്റ് ഒളിപ്പോരാളികൾ നടത്തിയ ആഭ്യന്തര യുദ്ധവേളയിൽ ഫുജിമോറി 25 പേരെ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിട്ടുവെന്ന ആരോപണത്തിൽ ഫ്യൂജിമോറിയെ 25 വർഷത്തേക്ക് തടവിന് ശിക്ഷിച്ചു.[4] അവലംബം
|
Portal di Ensiklopedia Dunia