ഇ.വി. കൃഷ്ണപിള്ള

കൃഷ്ണപിള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൃഷ്ണപിള്ള (വിവക്ഷകൾ) എന്ന താൾ കാണുക. കൃഷ്ണപിള്ള (വിവക്ഷകൾ)
ഇ.വി. കൃഷ്ണപിള്ള
പ്രമാണം:ഈ .വി. കൃഷ്ണപിള്ള.jpg
ജനനം(1894-09-14)സെപ്റ്റംബർ 14, 1894
മരണം30 മാർച്ച് 1938(1938-03-30) (43 വയസ്സ്)
തൊഴിൽ(s)കഥാകൃത്ത്, പത്രാധിപർ
ജീവിതപങ്കാളിമഹേശ്വരിയമ്മ
കുട്ടികൾഅടൂർ ഭാസി (കെ. ഭാസ്കരൻ നായർ),
ചന്ദ്രാജി,(കെ. രാമചന്ദ്രൻ നായർ),
കെ. പത്മനാഭൻ നായർ,
കെ. കൃഷ്ണൻ നായർ,
കെ. ശങ്കരൻ നായർ,
ഓമനക്കുട്ടിഅമ്മ,
രാജലക്ഷ്മിഅമ്മ
മാതാപിതാക്കൾകുന്നത്തൂർ പപ്പുപിള്ള, പുത്തൻ വീട്ടിൽ കല്യാണിയമ്മ
ബന്ധുക്കൾസി.വി. രാമൻപിള്ള (ജാമാതാവ്)

മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനും സർവ്വോപരി തിരുവിതാംകൂറിലെ ശ്രീമൂലം പോപ്പുലർ അസംബ്ലിയിലെ അംഗവുമായിരുന്നു ഇ.വി. കൃഷ്ണപിള്ള (14 സെപ്റ്റംബർ 1894 - 30 മാർച്ച് 1938) .ഒരു ബഹുമുഖ പ്രതിഭയായി അറിയപ്പെട്ടിരുന്ന അദ്ദേഹം അഭിഭാഷകൻ, നിയമസഭാംഗം, എഡിറ്റർ, എഴുത്തുകാരൻ എന്നീ നിലകളിൽ മികവ് പുലർത്തിയിരുന്നു. ഹ്രസ്വമായ തന്റെ ജീവിതത്തിൽ അദ്ദേഹം ഹാസ്യകഥകൾ, നാടകങ്ങൾ, ചെറുകഥകൾ, ഒരു ആത്മകഥ എന്നിവ എഴുതി. കോളമിസ്റ്റും കാരിക്കേച്ചറിസ്റ്റും കൂടിയായിരുന്ന അദ്ദേഹം ഒരു മികച്ച ആക്ഷേപഹാസ്യകാരനുമായിരുന്നു.

ജീവിതരേഖ

കൊല്ലം ജില്ലയിൽ ശാസ്താംകോട്ട കുന്നത്തൂർ താലൂക്കിൽ നെടിയവിള ഭഗവതി ക്ഷേത്രത്തിന് കിഴക്ക് ഇഞ്ചക്കാട്ട് വീട്ടിൽ 1894 സെപ്റ്റംബർ‍ 14 ന്‌ ജനിച്ചു. അച്ഛൻ അഭിഭാഷകനായിരുന്ന കുന്നത്തൂർ പപ്പുപിള്ള. അമ്മ ഇഞ്ചക്കാട്ട് പുത്തൻ‍വീട്ടിൽ കല്യാണിയമ്മ.[1]

പപ്പുപിള്ള കുടുംബ സമേതം പെരിങ്ങനാട്ടേയ്ക്ക് താമസം മാറ്റി. പെരിങ്ങനാട്ട് ചിലങ്ങിരഴികത്ത് വീട്ടിലാണ് താമസിച്ചിരുന്നത്. ഇ.വി. കൃഷ്ണപിള്ള പിന്നീട് നിർമ്മിച്ചതാണ് കൊട്ടയ്ക്കാട്ട് വീട്.

പെരിങ്ങനാട്‌, വടക്കടത്തുകാവ്‌, തുമ്പമൺ, ആലപ്പുഴ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സി എം എസ്‌ കോളജിൽ നിന്ന് ഇന്റർമീഡിയറ്റ്‌, തിരുവനന്തപുരം മഹാരാജാസ്‌ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബി.എ.-യും ജയിച്ചതോടെ ഗവൺമന്റ്‌ സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു.

1919 മേയ്‌ 25-ന്‌ പ്രശസ്ത സാഹിത്യകാരൻ സി.വി. രാമൻപിള്ളയുടെ ഇളയ മകൾ മഹേശ്വരിയമ്മയെ വിവാഹം കഴിച്ചു.

1921-ൽ അസി. തഹസീൽദാരായി നിയമിതനായി. 1922-ൽ സർവ്വീസിൽ നിന്ന് അവധിയെടുത്ത്‌ നിയമപഠനം ആരംഭിച്ചു. 1923-ൽ ബി.എൽ. ജയിച്ച്‌ തിരുവനന്തപുരം ജില്ലാ കോടതിയിൽ പ്രവർത്തനം തുടങ്ങി. 1924-ൽ പ്രവൃത്തി കൊല്ലത്തേക്കു മാറ്റി. കൊല്ലത്തു നിന്നും ഇറങ്ങിയിരുന്ന മലയാളിയുടെ പത്രാധിപത്യം ഏറ്റെടുത്തു. 1927-ൽ ചെന്നൈയിൽ നടന്ന കോൺഗ്രസ്സ്‌ സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ നടന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിൽ തിരുവതാംകൂറിന്റെ പ്രതിനിധിയായി പ്രസംഗിച്ചു. 1931-ൽ കൊട്ടാരക്കര-കുന്നത്തൂർ നിയോജകമണ്ഡലത്തിൽ നിന്ന് തിരുവതാംകൂർ നിയമനിർമ്മാണ കൗൺസിലിലേക്കും, 1932-ൽ പത്തനംതിട്ടയിൽ നിന്ന് ശ്രീ മൂലം അസ്സമ്പ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.[2] 1933-ൽ ഹൈക്കോടതിയിൽ പ്രവൃത്തി ആരംഭിച്ചു.

കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപർ ഇ.വി. കൃഷ്ണപ്പിള്ളയായിരുന്നു.[3] കഥാകൗമുദി, സേവിനി എന്നീ മാസികകളുടെയും പത്രാധിപരായിരുന്നിട്ടുണ്ട്‌.

പ്രശസ്ത നടന്മാരായിരുന്ന അടൂർ ഭാസി (കെ. ഭാസ്കരൻ നായർ), ചന്ദ്രാജി (കെ. രാമചന്ദ്രൻ നായർ),[4] മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപർ കെ. പത്മനാഭൻ നായർ,[5] കെ. കൃഷ്ണൻ നായർ, കെ. ശങ്കരൻ നായർ, ഓമനക്കുട്ടിഅമ്മ, രാജലക്ഷ്മിഅമ്മ എന്നിവരാണ്‌ മക്കൾ.

1938 മാർച്ച്‌ 30-ന് 44-ആം വയസ്സിൽ തിരുവനന്തപുരത്തുവച്ച് അദ്ദേഹം അന്തരിച്ചു.[6] മൃതദേഹം വിലാപയാത്രയായി ജന്മനാടായ അടൂരിലെ പെരിങ്ങനാട്ട് തറവാട്ടുവീട്ടിലെത്തിച്ചശേഷം അവിടെ സംസ്കരിച്ചു. പിറവി സാംസ്കാരിക സമിതി ഇ.വി.കൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്കാരം ഏർപ്പെടുത്തി.[7]

കൃതികൾ

  • ബാഷ്പവർഷം
  • ആരുടെ കൈ
  • തോരാത്ത കണ്ണുനീർ
  • കേളീസൗധം (നാലു ഭാഗങ്ങൾ)മലയാളം
  • എന്റെ ഗന്ധർവസ്നേഹിതൻ
  • സൂപ്രണ്ടിന്റെ കൈക്കൂലി
  • അവളുടെ കഥയെഴുത്ത
  • മാഞ്ചസ്റ്റർ ബാധ
  • കൈമളുടെ അറസ്റ്റ്
  • ഭാരതിയുടെ ഉപദേശം
  • ജീവിത സ്മരണകൾ.
  • സീതാലക്ഷ്മി - സി വിയുടെ ആദ്യത്തെ ചരിത്ര നാടകം 1926
  • രാജാ കേശവദാസൻ, 1928
  • കുറുപ്പിന്റെ ഡെയ്‌ലി
  • വിവാഹക്കമ്മട്ടം
  • ഇരവിക്കുട്ടിപിള്ള, 1933
  • രാമരാജാഭിഷേകം, 1932
  • ബി. എ മായാവി
  • പെണ്ണരശുനാട്‌
  • പ്രണയക്കമ്മീഷൻ
  • കള്ളപ്രമാണം
  • തിലോത്തമ
  • വിസ്മൃതി
  • മായാമനുഷ്യൻ.
  • കവിതക്കേസ്

ഹാസ്യകൃതികൾ

  • എം.എൽ.സി. കഥകൾ
  • അണ്ടിക്കോയ
  • പോലീസ്‌ രാമായണം
  • ഇ.വി. കഥകൾ
  • ചിരിയും ചിന്തയും (രണ്ട്‌ ഭാഗങ്ങൾ), 1935
  • രസികൻ തൂലികാചിത്രങ്ങൾ.

ബാലസാഹിത്യകൃതികൾ

  • ഗുരുസമക്ഷം
  • ഭാസ്കരൻ
  • ബാലലീല
  • ഗുണപാഠങ്ങൾ
  • ശുഭചര്യ
  • സുഖജീവിതം

അവലംബം

  1. "Biography on Kerala Sahitya Akademi portal". Kerala Sahitya Akademi portal. 2019-03-28. Retrieved 2019-03-28.
  2. "Biography on Kerala Sahitya Akademi portal". Kerala Sahitya Akademi portal. 2019-03-28. Retrieved 2019-03-28.
  3. "Notable Nairs". www.nairs.in. 2019-03-28. Retrieved 2019-03-28.
  4. "Chandraji". Imprints on Indian Film Screen. Retrieved 2019-03-28.
  5. "The Herald of India". www.heraldofindia.com. 2019-03-28. Retrieved 2019-03-28.
  6. "E. V. Krishna Pillai Malayalam Writer / Theatre Personality". 2019-03-28. Archived from the original on 7 May 2012. Retrieved 2019-03-28.
  7. ACV Channel (2014-04-23). "MA Baby recipient of EV Krishna Pillai award". YouTube. Archived from the original on 2021-12-19. Retrieved 2019-03-28.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya