ഇന്ത്യയുടെ ഗവർണർ ജനറൽ
ബ്രിട്ടീഷ് അധീന ഇന്ത്യയിലെ ഭരണത്തലവനായിരുന്നു ഇന്ത്യയുടെ ഗവർണർ ജനറൽ (ഇംഗ്ലീഷ്: Governor-General of India). 1858 മുതൽ 1947 വരെ വൈസ്രോയ് (ഇംഗ്ലീഷ്: Viceroy and Governor-General of India) എന്ന സ്ഥാനപ്പേരുകൂടി ഗവർണർ ജനറലിനുണ്ടായിരുന്നു. 1947-ൽ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഇന്ത്യയുടെ രാജാവിന്റെ പ്രതിനിധി എന്ന പേരിലും രാജ്യത്തിന്റെ ഔദ്യോഗികതലവൻ എന്ന നിലയിലും ഈ സ്ഥാനം 1950 വരെ നിലനിന്നിരുന്നു. 1773-ലാണ് ഫോർട്ട് വില്യം പ്രെസിഡൻസിയുടെ ഗവർണർ ജനറൽ എന്ന പേരിൽ ഈ തസ്തിക സൃഷ്ടിക്കപ്പെട്ടത്. വാറൻ ഹേസ്റ്റിങ്സ് ആയിരുന്നു ആദ്യത്തെ ഗവർണർ ജനറൽ. അന്ന് ഗവർണർ ജനറലിന്, കൽക്കത്തയിലെ വില്യം കോട്ടയിൽ മാത്രമേ നേരിട്ടുള്ള നിയന്ത്രണാധികാരമുണ്ടായിരുന്നുള്ളൂ. അതിനുപുറമേ, ഇന്ത്യയിലെ മറ്റ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥരുടെ മേലധികാരവുമുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ നേരിട്ടൂള്ള സമ്പൂർണ്ണനിയന്ത്രണം ഗവർണർ ജനറലിന് ലഭിച്ചത് 1833-ലാണ് അതോടെ ഈ തസ്തികയുടെ പേര് ഇന്ത്യയുടെ ഗവർണർ ജനറൽ എന്നായി. 1858-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിയന്ത്രണപ്രദേശങ്ങൾ, ബ്രിട്ടീഷ് സർക്കാരിന്റെ പ്രത്യക്ഷനിയന്ത്രണത്തിലായി (ബ്രിട്ടീഷ് രാജ് എന്ന താൾ കാണുക). അപ്പോൾ വൈസ്രോയ് എന്ന സ്ഥാനപ്പേരുകൂടി ലഭിച്ച ഗവർണർ ജനറൽ, പഞ്ചാബ്, ബംഗാൾ, ബോംബെ, മദ്രാസ്, യുണൈറ്റഡ് പ്രൊവിൻസെസ് തുടങ്ങിയവയടങ്ങിയ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകളുടെ ഭരണച്ചുമതലയുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ തലവനായി മാറി.[1] അതേ സമയം, ഇന്ത്യയിലെ ബ്രിട്ടീഷ് പ്രവിശ്യകൾക്ക് പുറത്തുള്ള നിരവധി നാട്ടുരാജ്യങ്ങൾക്ക് ബ്രിട്ടീഷ് സർക്കാരിനോട് വിധേയത്വമുണ്ടായിരുന്നില്ല; പകരം ഇവക്ക് ബ്രിട്ടീഷ് രാജാവുമായായിരുന്നു നയതന്ത്രബന്ധമുണ്ടായിരുന്നത്. ബ്രിട്ടീഷ് രാജാവിന്റെ നാട്ടുരാജ്യങ്ങളിലേക്കുള്ള പ്രതിനിധി എന്ന നിലയിലാണ് വൈസ്രോയ് എന്ന സ്ഥാനപ്പേരുകൂടി ഗവർണർ ജനറലിനൊപ്പം ചേർത്തത്. ഇന്ത്യക്കും പാകിസ്താനും സ്വാതന്ത്ര്യം ലഭിച്ചതോടെ വൈസ്രോയ് എന്ന സ്ഥാനപ്പേര് ഒഴിവാക്കി. എന്നാൽ ഇരുരാജ്യങ്ങളും യഥാക്രമം 1950-ലും 1956-ലും റിപ്പബ്ലിക്കൻ ഭരണഘടന സ്വീകരിക്കുംവരെ ഗവർണർ ജനറൽ എന്ന തസ്തിക തുടർന്നുപോന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഡയറക്റ്റർമാരുടെ സഭയാണ് 1858 വരെ ഗവർണർ ജനറലിനെ തെരഞ്ഞെടുത്തിരുന്നത്. ഗവർണർ ജനറലിന്റെ ഉത്തരവാദിത്തവും ഈ സഭയോടായിരുന്നു. അതിനുശേഷം ബ്രിട്ടീഷ് സർക്കാരിന്റെ ശുപാർശപ്രകാരം ബ്രിട്ടീഷ് രാജാവാണ് നിയമനം നടത്തിയിരുന്നത്. ബ്രിട്ടീഷ് മന്ത്രിസഭയിലെ ഇന്ത്യക്കുവേണ്ടിയുള്ള വിദേശകാര്യസെക്രട്ടറിയുടെ കീഴിലായിരുന്നു ഈ നിയമനം. 1947-നു ശേഷം ഇന്ത്യൻ സർക്കാരിന്റെ ശുപാർശയിലാണ് ബ്രിട്ടീഷ് രാജാവ് ഈ നിയമനം നടത്തിയിരുന്നത്. ഗവർണർ ജനറലിന്റെ ഭരണകാലാവധി അഞ്ചുവർഷത്തേക്കായിരുന്നു. ചിലപ്പോൾ ഈ കാലാവധി പൂർത്തിയാകുന്നതിനുമുമ്പുതന്നെ ഒഴിവാക്കിയിരുന്നു. ഒരു ഗവർണർ ജനറലിന്റെ കാലാവധി തീർന്ന് മറ്റൊരാൾ ചുമതലയേറ്റെടുക്കുന്നതുവരെ താൽക്കാലിക ഗവർണർ ജനറൽമാരും ചുമതലയേൽക്കാറുണ്ട്. ഏതെങ്കിലും പ്രവിശ്യകളിലെ ഗവർണർക്കാണ് സാധാരണഗതിയിൽ ഈ താൽക്കാലിക ചുമതല നൽകിയിരുന്നത്. ഭരണസംവിധാനം1864-ൽ ഗവർണർ ജനറലിന് താഴെപ്പറയുന്ന ഉദ്യോഗസ്ഥരുടെ മേലധികാരം ഉണ്ടായിരുന്നു.
ഇതിനും പുറമേ വിവിധ നാട്ടുരാജ്യങ്ങളിലെ റെസിഡന്റുമാരും ഏജന്റുമാരും ഗവർണർ ജനറലിന്റെ കീഴിലുണ്ടായിരുന്നു. മദ്രാസിലെയും ബോംബെയിലെയും ഗവർണർമാർക്ക് വലിയ അളവിലുള്ള സ്വയംഭരണാവകാശമുണ്ടായിരുന്നു. സൈനികം, സാമ്പത്തികം, മറ്റു പ്രവിശ്യകളും രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയൊഴികെയുള്ള പല കാര്യങ്ങളിലും ഇവർ സ്വന്തം തീരുമാനമെടുക്കുകയും ലണ്ടനുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. എന്നാൽ ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണനിയന്ത്രണം ഗവർണർ ജനറലിനായിരുന്നു. എക്സിക്യൂട്ടീവ് കൗൺസിൽ, ലെജിസ്ലേറ്റീവ് കൗൺസിൽ എന്നീ രണ്ട് ഭരണസമിതികളുടെ പ്രസിഡണ്ടായിരുന്നു വൈസ്രോയ്. എക്സിക്യൂട്ടീവ് കൗൺസിലിൽ ഏഴ് അംഗങ്ങളുണ്ടായിരുന്നു. ആഴ്ചയിലൊരിക്കൽ ഈ കൗൺസിൽ യോഗം ചേർന്നിരുന്നു. കമാൻഡർ ഇൻ ചീഫിനു പുറമേ വിദേശകാര്യം, ആഭ്യന്തരം, ലെജിസ്ലേറ്റീവ്, സൈനികം, ധനകാര്യം, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ തലവന്മാരായിരുന്നു എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗങ്ങൾ. എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗങ്ങൾക്ക് പുറമേ പൊതുഭരണ-സൈനികരംഗത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള അനൗദ്യോഗികാംഗങ്ങളും ഉൾപ്പെട്ടതായിരുന്നു ലെജിസ്ലേറ്റീവ് കൗൺസിൽ.[2] ഗവർണർ ജനറൽമാരുടെ പട്ടിക
അവലംബം
|
Portal di Ensiklopedia Dunia