പല രാജ്യങ്ങളുമായും വ്യാപാര സംഘങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറുകളിലും (എഫ്ടിഎ) മറ്റ് വ്യാപാര കരാറുകളിലും ഇന്ത്യ പങ്കാളിയാണ്, കൂടാതെ മറ്റു പലരുമായും ചർച്ചകൾ നടന്നുവരുന്നുമുണ്ട്. 2022 ലെ കണക്കനുസരിച്ച്, 50-ലധികം വ്യക്തിഗത രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് മുൻഗണനാ പ്രവേശനവും സാമ്പത്തിക സഹകരണവും സ്വതന്ത്ര വ്യാപാര കരാറുകളും ഉണ്ട്.
ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റുകളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറായ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് എഗ്രിമെന്റ് രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ 88 ദിവസത്തിനുള്ളിൽ പൂർത്തിയായി, ഇത് ഇന്ത്യ ഒപ്പുവച്ച ഏതൊരു സ്വതന്ത്ര വ്യാപാര കരാറിലും ഏറ്റവും കുറഞ്ഞ സമയ കാലയളവായിരുന്നു.[1]
അവലോകനം
ഇന്ത്യ
സ്വതന്ത്ര വ്യാപാര പ്രദേശങ്ങൾ
കരാറിനായി ചർച്ചകൾ നടക്കുന്ന പ്രദേശങ്ങൾ
പ്രിഫറൻഷ്യൽ ട്രേഡ് എഗ്രിമെന്റ്സ്, സ്വതന്ത്ര വ്യാപാര കരാറുകൾ, കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് എഗ്രിമെന്റ്കൾ, കോംപ്രിഹെൻസീവ് എക്കണോമിക് കൊഓപ്പറേഷൻ എഗ്രിമെന്റ്കൾ എന്നിങ്ങനെ ഇന്ത്യയും ഒപ്പിട്ട രാജ്യങ്ങളും അല്ലെങ്കിൽ വ്യാപാര ബ്ലോക്കുകളും തമ്മിൽ മുൻഗണനാപരമായ വിപണി പ്രവേശനം സാധ്യമാക്കുന്ന വിവിധ തരത്തിലുള്ള വ്യാപാര കരാറുകളുണ്ട്. [2]
ഒരു പ്രിഫറൻഷ്യൽ ട്രേഡ് എഗ്രിമെന്റിൽ (പിടിഎ) രണ്ടോ അതിലധികമോ പങ്കാളികൾ സമ്മതിച്ചിട്ടുള്ള താരിഫ് ലൈനുകളുടെ (ഉൽപ്പന്നങ്ങൾ) താരിഫ് കുറയ്ക്കാൻ സമ്മതിക്കുന്നു. ഡ്യൂട്ടി കുറയ്ക്കാൻ പങ്കാളികൾ സമ്മതിക്കുന്ന ഉൽപ്പന്നങ്ങളുടെ പട്ടികയെ പോസിറ്റീവ് ലിസ്റ്റ് എന്ന് വിളിക്കുന്നു. പൊതുവേ, പിടിഎകൾ എല്ലാ വ്യാപാരങ്ങളെയും കാര്യമായി ഉൾക്കൊള്ളുന്നില്ല. ഇന്ത്യ മെർകോസർ പ്രിഫറൻഷ്യൽ ട്രേഡ് എഗ്രിമെന്റ് ഒരു പിടിഎയുടെ ഉദാഹരണമാണ്.[2]
ഒരു സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടിഎ) പങ്കാളി രാജ്യങ്ങൾക്കിടയിൽ വ്യാപാരം നടത്തുന്ന ഇനങ്ങളുടെ താരിഫ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നു; എന്നിരുന്നാലും ഓരോ രാജ്യവും അംഗമല്ലാത്തവർക്കായി വ്യക്തിഗത താരിഫ് ഘടന നിലനിർത്തുന്നു. ഒരു എഫ്‌ടിഎയും പിടിഎയും തമ്മിലുള്ള പ്രധാന വ്യത്യാസം, പിടിഎകൾക്ക് ഡ്യൂട്ടി കുറയ്ക്കേണ്ട ഉൽപ്പന്നങ്ങളുടെ പോസിറ്റീവ് ലിസ്റ്റ് ഉണ്ട് എന്നതാണ്, അതേസമയം ഒരു എഫ്‌ടിഎ ഡ്യൂട്ടി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാത്ത നെഗറ്റീവ് ലിസ്റ്റ് ഉപയോഗിക്കുന്നു. അതിനാൽ, ഒരു പിടിഎയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡ്യൂട്ടി കുറയ്ക്കേണ്ട താരിഫ് ലൈനുകളുടെ കവറേജിൽ എഫ്‌ടിഎകൾ പൊതുവെ കൂടുതൽ അഭിലഷണീയമാണ്. ഇന്ത്യ ശ്രീലങ്ക സ്വതന്ത്ര വ്യാപാര കരാർ ഒരു എഫ്ടിഎയുടെ ഉദാഹരണമാണ്.[2]
കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് എഗ്രിമെന്റ്, കോംപ്രിഹെൻസീവ് എക്കണോമിക് കൊഓപ്പറേഷൻ എഗ്രിമെന്റ് എന്നിവ ചരക്കുകൾ, സേവനങ്ങൾ, നിക്ഷേപങ്ങൾ എന്നിവയുടെ സംയോജിത പാക്കേജും ബൗദ്ധിക സ്വത്ത്, സർക്കാർ സംഭരണം, സാങ്കേതിക മാനദണ്ഡങ്ങളും സാനിറ്ററി, ഫൈറ്റോസാനിറ്ററി പ്രശ്നങ്ങളും തുടങ്ങിയ മേഖലകളിൽ വ്യാപാര സുഗമമാക്കലും നിയമനിർമ്മാണവും എന്നിവ ഉൾക്കൊള്ളുന്ന കരാറുകളാണ്. ഇന്ത്യ കൊറിയ സിഇപിഎ അത്തരത്തിലുള്ള ഒരു ഉദാഹരണമാണ്, ഇത് വ്യാപാരം സുഗമമാക്കൽ, കസ്റ്റംസ് സഹകരണം, നിക്ഷേപം, മത്സരം, ബൗദ്ധിക സ്വത്തവകാശം മുതലായവയുടെ വിശാലമായ ശ്രേണിയെ ഉൾക്കൊള്ളുന്നു. മേഖലകളുടെ കവറേജിന്റെയും പ്രതിബദ്ധതകളുടെയും കാര്യത്തിൽ എഫ്‌ടിഎയേക്കാൾ സമഗ്രമാണ് കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് എഗ്രിമെന്റ്, കോംപ്രിഹെൻസീവ് എക്കണോമിക് കൊഓപ്പറേഷൻ എഗ്രിമെന്റ് എന്നിവ. ഒരു പരമ്പരാഗത സ്വതന്ത്ര വ്യാപാര കരാർ പ്രധാനമായും ചരക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് എഗ്രിമെന്റ്, കോംപ്രിഹെൻസീവ് എക്കണോമിക് കൊഓപ്പറേഷൻ എഗ്രിമെന്റ് എന്നിവ സേവനങ്ങൾ, നിക്ഷേപം, മത്സരം, സർക്കാർ സംഭരണം, തർക്കങ്ങൾ തുടങ്ങി നിരവധി മേഖലകളുടെ സമഗ്രമായ കവറേജ് നൽകുന്നു. കൂടാതെ, ഒരു എഫ്‌ടിഎയേക്കാൾ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് എഗ്രിമെന്റ്, കോംപ്രിഹെൻസീവ് എക്കണോമിക് കൊഓപ്പറേഷൻ എഗ്രിമെന്റ് എന്നിവ വ്യാപാരത്തിന്റെ റെഗുലേറ്ററി വശങ്ങളിലേക്ക് ആഴത്തിൽ നോക്കുന്നു. ഇക്കാരണത്താൽ, പങ്കാളികളുടെ നിയന്ത്രണ വ്യവസ്ഥകളെ ഉൾക്കൊള്ളുന്ന പരസ്പര അംഗീകാര കരാറുകൾ (എംആർഎ) ഇത് ഉൾക്കൊള്ളുന്നു. ഒരേ ആത്യന്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നു എന്ന അനുമാനത്തിൽ പങ്കാളികളുടെ വ്യത്യസ്ത നിയന്ത്രണ വ്യവസ്ഥകളെ ഒരു എംആർഎ അംഗീകരിക്കുന്നു.[2]