ഈജിപ്തിലെ അന്തോനീസ്
ഈജിപ്തിൽ ജീവിച്ചിരുന്ന വിശുദ്ധനും മരുഭൂമിയിലെ സഭാപിതാക്കൻമാരിൽ പ്രധാനിയുമായിരുന്നു മഹാനായ അന്തോനീസ്. പാദുവായിലെ അന്തോണീസ് മുതലായ സമനാമധാരികളായ വിശുദ്ധരിൽ നിന്നും അദ്ദേഹത്തെ വേർതിരിക്കുന്നത് അദ്ദേഹത്തിന്റെ പല വിശേഷണങ്ങൾ ആണ്: ആശ്രമാധിപൻ അന്തോനീസ്, മരുഭൂമിയിലെ അന്തോനീസ്, അന്തോനീസ് പിതാവ് (Ἀβᾶς Ἀντώνιος), എല്ലാ സംന്യാസികളുടേയും പിതാവ് എന്നീ പേരുകളിലും ഈജിപിതിലെ അന്തോനീസ്(c 251 – 356) അറിയപ്പെടുന്നു. പൗരസ്ത്യ ഓർത്തൊഡോക്സ് സഭയും പാശ്ചാത്യസഭകളും അദ്ദേഹത്തിന്റെ തിരുനാൾ ജനുവരി 17-ന് ആഘോഷിക്കുന്നു. എന്നാൽ ഈജിപ്തിലെ ഓർത്തഡോക്സ്, കത്തോലിക്കാ സഭകൾ, കോപ്റ്റിക് പഞ്ചാംഗത്തിലെ തോബി മാസം 22-ന് സമാന്തരമായി വരുന്ന ജനുവരി 30-നാണ് ആ തിരുനാൾ ആഘോഷിക്കുന്നത്. സഭാപിതാവായ അലക്സാണ്ഡ്രിയയിലെ അത്തനാസിയൂസ് എഴുതിയതെന്ന് പറയപ്പെടുന്ന ഗ്രീക്ക് ഭാഷയിലുള്ള അന്തോനീസിന്റെ ജീവചരിത്രം, സന്യാസജീവിതം എന്ന ആശയം ക്രൈസ്തവലോകത്ത് പരക്കാൻ ഏറെ സഹായകമായി. അതിന്റെ ലത്തീൻ പരിഭാഷ പാശ്ചാത്യക്രൈസ്തവലോകത്തും സംന്യാസജീവിതത്തെ പ്രോത്സാഹിപ്പിച്ചു. ചർമ്മസംബന്ധിയായ പകർച്ചവ്യാധികളിൽ നിന്നുള്ള രക്ഷയ്ക്ക് അന്തോനീസിന്റെ മദ്ധ്യസ്ഥത സഹായകമാണെന്ന് വിശ്വാസമുണ്ട്. കുമിൾ, ബാക്ടീരിയ മുതലായവമൂലം ഉണ്ടാകുന്ന ചിലതരം രോഗങ്ങൾ "അന്തോനീസിന്റെ അഗ്നി" എന്നപേരിൽ അറിയപ്പെടുന്നു. ജീവിതംഅന്തോനീസിന്റെ ജീവിതത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങളിൽ ഏറെയും ക്രി.വ. 36-നടുത്ത് ഗ്രീക്ക് ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രഖ്യാതമായ ജീവചരിത്രത്തിൽ ഉള്ളതാണ്. ഇതിന്റെ കർത്താവ് സഭാപിതാവായ അലക്സാണ്ഡ്രിയയിലെ അത്തനാസിയൂസ് ആണെന്ന് കരുതപ്പെടുന്നു. ക്രി.വ. 374-ന് മുൻപെങ്ങോ ആ ജീവചരിത്രം അന്തിയോക്കിയയിലെ എവാഗ്രിയസ് ലത്തീനിലേക്ക് പരിഭാഷപ്പെടുത്തി. ഈ പരിഭാഷ ആ ജീവചരിത്രത്തെ ക്രൈസ്തവലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന സാഹിത്യകൃതികളിലൊന്നാക്കി. മദ്ധ്യകാലങ്ങളിലത്രയും 'ജീവചരിത്രം' അതിന്റെ പ്രാമുഖ്യം നിലനിർത്തി.[4] ജീവചരിത്രസംബന്ധിയായ കൂടുതൽ വിവരങ്ങൾക്ക്, അന്തോനീസിന്റെ പേരിൽ അറിയപ്പെടുന്ന അനേകം പ്രഭാഷണങ്ങളും, കത്തുകളും സഹായകമാണ്. എന്നാൽ, അവയെല്ലാം ഒരുപോലെ വിശ്വസനീയമല്ല.
ജനനം, വിളി![]() ഉത്തര ഈജിപ്തിലെ പുരാതനപ്രവിശ്യകളിലൊന്നായിരുന്ന ഹീരാക്ലിയോപോലിൻസിലെ കോമ എന്ന സ്ഥലത്ത്, ധനികഭൂവുടമകളുടെ കുടുംബത്തിൽ ക്രി.വ. 251-ൽ അന്തോനീസ് ജനിച്ചു. പതിനെട്ടുവയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചതോടെ അന്തോനീസിന് ആകെയുണ്ടായിരുന്നത് അവിവാഹിതയായ ഇളയ സഹോദരിയായിരുന്നു.[6] ഒരുദിവസം ദേവാലയശുശ്രൂഷക്കിടെ, "പരിപൂർണ്ണതനേടാൻ ആഗ്രഹിക്കുന്നെങ്കിൽ, നിനക്കുള്ളതെല്ലാം വിറ്റ് കിട്ടുന്ന പണം ദരിദ്രർക്ക് കൊടുത്തിട്ട് വന്ന് എന്നെ അനുഗമിക്കുക" എന്ന പുതിയനിയമത്തിലെ യേശുവിന്റെ ആഹ്വാനം വായിച്ചുകേട്ട അന്തോനീസ് അതിൽ ആകൃഷ്ടനായി.[7] ഈ വാക്യത്തെ അക്ഷരാർഥത്തിലെടുത്ത അന്തോനീസ് തന്റെ കുടുംബസ്വത്തിൽ കുറേ അയൽവാസികൾക്ക് കൊടുക്കുകയും ബാക്കിയുള്ളത് വിറ്റ് പണം പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തശേഷം സഹോദരിയെ ഒരു ക്രൈസ്തവകന്യാസമൂഹത്തിലാക്കി.[8] തുടർന്ന് അദ്ദേഹം ആ പ്രദേശത്തെ ഒരു താപസന്റെ ശിഷ്യത്വം സ്വീകരിച്ചു[5] മരുഭൂമിയിലേക്ക്ഈജിപ്തിലെ മരുപ്രാന്തങ്ങളിൽ ക്രൈസ്തവസംന്യാസത്തിന്റെ വഴി പിന്തുടർന്നിരുന്നവർ നേരത്തേ ഉണ്ടായിരുന്നതുകൊണ്ട്, അന്തോനീസിനെ സംന്യാസജീവിതത്തിന്റെ തുടക്കക്കാരൻ എന്നു വിശേഷിപ്പിക്കുന്നത് പൂർണ്ണമായും ശരിയല്ല. ഒന്നാം നൂറ്റാണ്ടിലെ യവനീകൃത യഹൂദചിന്തകൻ അലക്സാണ്ഡ്രിയയിലെ ഫിലോ "തെറാപൂതേ" എന്നുവിളിച്ച പരിത്യാഗിസമൂഹങ്ങൾ, അലക്സാണ്ഡ്രിയക്കടുത്തുള്ള മേറയോട്ടിസ് തടാകത്തിന്റെ പശ്ചാത്തലത്തിലെ കഠിനസാഹചര്യങ്ങളിലും, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മറ്റിടങ്ങളിലും പണ്ടേ നിലവിലുണ്ടായിരുന്നു. നന്മയുടെ തികവ് കാംക്ഷിക്കുന്നവർ ഗ്രീക്കുകാർക്കും അല്ലാത്തവർക്കും ഇടയിൽ ഉള്ളതുകൊണ്ട്, ഇത്തരത്തിലുള്ള സമൂഹങ്ങൾ മറ്റിടങ്ങളിലും ഉണ്ടായിരിക്കാമെന്നും ഫിലോ അഭിപ്രായപ്പെട്ടിരുന്നുവെന്നും ഓർക്കേണ്ടതുണ്ട്.[9] എന്നാൽ സംയമികൾ സാധാരണ ചെയ്തിരുന്നത് നഗരപ്രാന്തത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ കഴിയുകയായിരുന്നു. ശരിയായ മരുഭൂമിയിലേക്കു തന്നെ പിൻവലിഞ്ഞ്, നാഗരികതയിൽ നിന്ന് പൂർണ്ണമായും അകന്നുനിൽക്കാൻ ആദ്യമായി ശ്രമിച്ചുവെന്നതാണ് അന്തോനീസിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹം പിന്തുടർന്ന സംയമജീവിതത്തിന്റെ വഴി മുൻഗാമികളുടേതിനേക്കാൾ കഠിനമായിരുന്നു. വിശുദ്ധ തെക്ലായെപ്പോലുള്ള പ്രസിദ്ധക്രൈസ്തവസംയമികൾ രണ്ടാം നൂറ്റാണ്ടിൽ തന്നെ ഉണ്ടായിരുന്നു. ഈ പാരമ്പര്യത്തെ പിന്തുടരാൻ നിശ്ചയിച്ച അന്തോനീസ്, അലക്സാണ്ഡ്രിയയിൽ നിന്ന് 95 കിലോമീറ്റർ ദൂരെ ക്ഷാരമരുഭൂമിയിലുള്ള നൈട്രാ എന്ന ദുർഗ്ഗമപ്രദേശത്തെത്തി. ഇന്ന് അവിടം, വാഡി എൽ നാട്രുൻ എന്നറിയപ്പെടുന്നു. ഇവിടെ അദ്ദേഹം പതിമൂന്നുവർഷത്തോളം കഴിഞ്ഞു.[5] പ്രലോഭനങ്ങൾ![]() താപസജീവിതത്തിന്റെ വഴിയിൽ സാത്താനിൽ നിന്ന് അന്തോനീസിനുണ്ടായെന്നുപറയുന്ന പ്രലോഭലനങ്ങൾ പിൽക്കാലത്ത് ക്രൈസ്തവകലയിലെ മുഖ്യപ്രമേയങ്ങളിലൊന്നായി. വിരസതയും, ആലസ്യവും, മാദകസ്വപ്നങ്ങളും എല്ലാം വഴി സാത്താൻ അന്തോനീസിനെ നിരന്തരം അലട്ടിയെന്നും പ്രാർഥനയുടെ ശക്തികൊണ്ട് അദ്ദേഹം പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ചുവെന്നും അത്തനാസിയൂസ് എഴുതിയ ജീവചരിത്രത്തിൽ പറയുന്നു. തുടർന്ന് അദ്ദേഹം ഒരു ശവക്കല്ലറയിലേക്ക് താമസം മാറ്റി അതിന്റെ പ്രവേശനദ്വാരം അടച്ചു. ഇടക്ക് ഗ്രാമീണർ കൊണ്ടുവന്നിരുന്ന ഭക്ഷണം മാത്രമായിരുന്നു ആശ്രയും. ദിവസത്തിൽ ഒരുവട്ടം മാത്രം അദ്ദേഹം ഭക്ഷിച്ചു. അപ്പവും ഉപ്പും മാത്രം ഭക്ഷണവും വെള്ളം മാത്രം പാനീയവുമായിരുന്നു. [10]അദ്ദേഹത്തിന്റെ പരിത്യാഗപ്രകൃതിയും, തീക്ഷ്ണഭക്തിയും കണ്ട് അസൂയപൂണ്ട സാത്താൻ അന്തോനീസിനെ നിർദ്ദയം മർദ്ദിച്ച് ബോധരഹിതനാക്കിയത്രെ. സമീപഗ്രാമത്തിൽ നിന്ന് അദ്ദേഹത്തെ സന്ദർശിക്കാനെത്തിയ സുഹൃത്തുക്കൾ ബോധരഹിതനായിക്കണ്ട അന്തോനീസിനെ ഒരു ദേവാലയത്തിലെക്ക് എടുത്തുകൊണ്ടുപോയി. ![]() സുഖം പ്രാപിച്ച അന്തോനീസ് വീണ്ടും മരുഭൂമിയിലേക്കുപോയി. നൈൽ നദിയുടെ തീരത്ത് ക്രൊക്കോഡോപോലിസ് നഗരത്തിനടുത്തുള്ള ഒരു പിസ്പിർ എന്ന മലയാണ് അദ്ദേഹം ഇത്തവണ തെരഞ്ഞെടുത്തത്. അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു റോമൻ കോട്ടയിൽ ഒറ്റക്ക് അദ്ദേഹം ഇരുപതുവർഷക്കാലം താമസിച്ചു.[5] സാത്താൻ അന്തോനീസിനോടുള്ള സമരം അവിടെയും തുടർന്നെന്ന് അത്തനാസിയൂസ് പറയുന്നു. ഇത്തവണ ചെന്നായ്, സിംഹം, സർപ്പങ്ങൾ, തേൾ തുടങ്ങിയ ജന്തുരൂപങ്ങളിലൂടെയാണ് അദ്ദേഹം പരീക്ഷിക്കപ്പെട്ടത്. അദ്ദേഹത്തെ ആക്രമിക്കാനും കടിച്ചുകീറാനും പോകുന്നമട്ടിൽ അവ പ്രത്യക്ഷപ്പെട്ടു. എന്നാൽ അവയെ നോക്കി ചിരിച്ച്, "നിങ്ങൾക്ക് എനിക്കുമേൽ അധികാരമുണ്ടായിരുന്നെങ്കിൽ ഇത്രയേറെയെണ്ണം ഒരുമിച്ചുവരാതെ ഏതെങ്കിലും ഒരെണ്ണം മാത്രം മതിയാകുമായിരുന്നു" എന്നു പറയുകയാണത്രെ അന്തോനീസ് ചെയ്തത്. ഇതുകേട്ടപാടേ അവ പുക എന്ന പോലെ അപ്രത്യക്ഷമാവുകയും ദൈവം അന്തോനീസിന് സാത്താനുമേൽ വിജയം നൽകുകയും ചെയ്തു. കോട്ടയിൽ കഴിഞ്ഞ കാലത്ത് അദ്ദേഹം ബാഹ്യലോകവുമായി ആശയവിനിമയം നടത്തിയത്, ആണ്ടിൽ രണ്ടുപ്രാവശ്യം ആറുമാസത്തേക്കുവേണ്ട ഭക്ഷണം കോട്ടമതിലിനുമുകളിലൂടെ എറിഞ്ഞുതരാൻ വന്നിരുന്ന സുഹൃത്തുക്കളോട്, വിരളമായ വാക്കുകളിലാണ്. തന്റെ അറയിൽ പ്രവേശിക്കുവാൻ ആരേയും അന്തോനീസ് അനുവദിച്ചില്ല. അദ്ദേഹത്തെ സന്ദർശിച്ചവർ വെളിയിൽ നിന്ന് ഉപദേശം ശ്രവിച്ച് മടങ്ങി.
ഫയ്യും, അലക്സാണ്ഡ്രിയപിന്നെ അന്തോനീസ് സമീപത്തുള്ള 'ഫയ്യും' എന്ന സ്ഥലത്തേക്കുപോയി അവിടെയുള്ള സംന്യാസികളെ വിശ്വാസത്തിൽ ദൃഢപ്പെടുത്തിയശേഷം പഴയ റോമൻ കോട്ടയിലേക്ക് മടങ്ങി. ക്രി.വ. 311-ൽ രക്തസാക്ഷിയാകാൻ ആഗ്രഹിച്ച അന്തോനീസ് അലക്സാണ്ഡ്രിയയിലേക്ക് പോയി. ക്രൈസ്തവവിശ്വാസത്തിന്റെ പേരിൽ അവിടെ തടവിലാക്കപ്പെട്ടിരിക്കുന്നവരെ സന്ദർശിച്ച് അദ്ദേഹം ആശ്വസിപ്പിച്ചു. പ്രത്യാഘാതങ്ങളെക്കുറിച്ച് വേവലാതിപ്പെടാതെ അന്തോനീസ് തന്റെ വിശ്വാസം ഏറ്റുപറയുന്നതുകണ്ട അലക്സാണ്ഡ്രിയയിലെ പ്രവിശ്യാധികാരി, അദ്ദേഹത്തെ പട്ടണത്തിൽ നിന്ന് വിലക്കി. അന്തോനീസാവട്ടെ വിലക്കിനെ അവഗണിക്കുകയും പ്രവിശ്യാധികാരി രോഷാകുലനായി തന്നെ മർദ്ദിച്ച് കൊല്ലുമെന്ന് മോഹിച്ച് അയാളോട് നേർക്കുനേർ നിന്ന് വാദിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ മോഹം സഫലമായില്ല. പ്രാർഥന, അദ്ധ്വാനംക്രിസ്തുമതപീഡനം അവസാനിച്ചപ്പോൾ അന്തോനീസ് അലക്സാണ്ഡ്രിയയിൽ നിന്ന്, പിസ്പിറിലെ തന്റെ പഴയ റോമൻ കോട്ടയിലേക്ക് മടങ്ങി. അവിടെ ദർശനവും ഉപദേശവും തേടി അനേകർ എത്തി. ഈ സന്ദർശനങ്ങൾ തന്നെ ദൈവാരാധനയിൽ നിന്ന് അകറ്റിനിർത്തുന്നതായി കണ്ട അന്തോനീസ്, കിഴക്ക് മരുഭൂമിയുടെ ഉൾപ്രദേശത്തേക്കുപോയി. മൂന്നുദിവസം മരുവനത്തിലൂടെ സഞ്ചരിച്ച അദ്ദേഹം ഒരു അരുവിയും ഏതാനും ഈന്തപ്പനകളും ഉള്ള ഒരു പ്രദേശത്തെത്തി അവിടെ താമസമാക്കി. ഇപ്പോഴത്തെ വിശുദ്ധ അന്തോനീസിന്റെ ആശ്രമം ആ സ്ഥാനത്താണ്. നർസിയായിലെ ബെനഡിക്ട് പിൽക്കാലത്ത് ക്രോഡീകരിച്ച സംന്യാസനിയമസംഹിതയുടെ സാരാംശം "പ്രാർഥനയോടൊപ്പം അദ്ധ്വാനം" എന്നതായിരുന്നു. ഈ തത്ത്വം ബെനഡിക്ടിനും മുൻപേ പുതിയ സ്ഥലത്ത് പിന്തുടർന്ന അന്തോനീസ് പ്രാർഥനാനിരതമായ അദ്ധ്വാനത്തിൽ ജീവിച്ചു. ചിലപ്പോൾ രാത്രിമുഴുവൻ അദ്ദേഹം ദൈവാനുഭവത്തിന്റെ ഉന്മത്തതയിൽ ഉണർന്നിരുന്നു. സ്വയം ബോധം നഷ്ടപ്പെട്ട പ്രാർഥനയാണ് ശരിയായ പ്രാർഥനയെന്ന് അദ്ദേഹം വിശ്വസിച്ചു. "തന്നെത്തന്നെയോ തന്റെ പ്രാർഥനയെയോ അറിയാതെയുള്ള പ്രാർഥനയാണ് ശരിയായുള്ളത്".[11]
![]() ചക്രവർത്തിയുടെ കത്ത്കോൺസ്റ്റന്റൈൻ ചക്രവർത്തിയെ അഭിസംബോധനചെയ്ത് എഴുതിയിരിക്കുന്ന അന്തോനീസിന്റെ ലഭ്യമായ പ്രഭാഷണങ്ങളിലൊന്നിന്റെ പശ്ചാത്തലകഥ അദ്ദേഹത്തിന്റെ പ്രശസ്തി പരന്ന് ചക്രവർത്തിയുടെ കാതുകളിൽ വരെ എത്തിയതെങ്ങനെയെന്ന് പറയുന്നു. ചക്രവർത്തി അദ്ദേഹത്തെ പുകഴ്ത്തി കത്തെഴുതുകയും തനിക്കുവേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുകയും ചെയ്തു. സഹോദരസംന്യസികൾ ചക്രവർത്തിയുടെ കത്തുകണ്ട് സന്തുഷ്ടരായെങ്കിലും അന്തോനീസ് അതിനെ ഗൗനിച്ചില്ല. പ്രബോധനത്തിനുവേണ്ടിയുള്ള ചക്രവർത്തിയുടെ അഭ്യർഥനയെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: "പ്രഭുക്കന്മാരുടെ പ്രഭുവും രാജാക്കന്മാരുടെ രാജാവുമായ ദൈവത്തിന്റെ വചനങ്ങൾ നമ്മെ നിരന്തരം പ്രബോധിപ്പിക്കുന്നെങ്കിലും നാം അവക്ക് പുറം തിരിഞ്ഞുനിൽക്കുന്നു." "ചക്രവർത്തി സഭയുടെ സ്നേഹിതനാണ്" എന്നുപറഞ്ഞ് നിർബ്ബന്ധിച്ച സഹോദസംന്യാസികളുടെ പ്രേരണക്കുവഴങ്ങി ഒടുവിൽ അന്തോനീസ് ചക്രവർത്തിയെ അനുഗ്രഹിച്ചും സാമ്രാജ്യത്തിന്റേയും സഭയുടേയും സുരക്ഷക്കായി പ്രാർഥിച്ചും മറുപടി എഴുതി.
അന്ത്യദിനങ്ങൾതന്റെ അന്ത്യം അടുത്ത് എന്നറിഞ്ഞ അന്തോനീസ്, തന്റെ ഊന്നുവടി മഹാതാപസനായിരുന്ന ഈജിപ്തിലെ മക്കാറിയൂസിനും ആട്ടിൻ തോൽ കൊണ്ടുള്ള കുപ്പായങ്ങളിലൊന്ന് അത്തനാസിയൂസിനും, രണ്ടാമത്തേത് തന്റെ ശിഷ്യൻ വിശുദ്ധ സെറാപിയോണിനും കൊടുക്കാൻ നിർദ്ദേശം നൽകി. തന്റെ ശരീരം, ഈജിപ്തുകാരുടെയിടയിൽ പതിവുള്ളതുപോലെ വിഭജിക്കപ്പെടാതിരിക്കാനായി, രഹസ്യമായി തിരിച്ചറിയാത്ത ഒരു കുടീരത്തിൽ സംസ്കരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് അദ്ദേഹം നിലത്തു കിടന്ന് അന്ത്യശ്വാസം വലിച്ചു. 105 വയസ്സുവരെ ജീവിച്ച അദ്ദേഹത്തിന്റെ മരണം ക്രി.വ. 354-ൽ ആയിരുന്നു. വിവാദങ്ങൾ, കലാസൃഷ്ടികൾആദ്യകാലസഭാപിതാക്കന്മാരിൽ ഒരാളായിരുന്ന അലക്സാണ്ഡ്രിയയിലെ അത്തനാസിയൂസിന്റെ രചനയായി കരുതപ്പെടുന്ന അന്തോനീസിന്റെ പ്രസിദ്ധമായ ജീവചരിത്രത്തിന്റെ കർതൃത്വവും വിശ്വസനീയതയും തർക്കവിഷയമാണ്. അന്തോനീസ് എന്നൊരാൾ ഉണ്ടായിരുന്നില്ലെന്നുപോലും വാദിക്കപ്പെട്ടിട്ടുണ്ട്. [12]ജീവചരിത്രം അത്തനാസിയൂസിന്റെ രചനയല്ലെന്നും ചരിത്രപരമായ അടിസ്ഥാനമൊന്നുമില്ലാത്ത ഒരു കാല്പനികരചനയാണതെന്നും ഒരുകാലത്ത് വാദിക്കപ്പെട്ടു. എന്നാൽ ഇന്ന് ആ നിലപാടിന് പിന്തുണ കുറവാണ്.[13] എന്നാൽ ജീവചരിത്രം ചരിത്രപരമായ കാമ്പുള്ള രചനയാണെന്ന് സമ്മതിക്കുന്നവർ പോലും, അതിലെ കഥകളുടെ വിശ്വസനീയത ഉറപ്പുപറയുന്നില്ല. അന്തോനീസിന്റെ പ്രലോഭനങ്ങളുടേയും അദ്ദേഹത്തെ വലച്ച ദുഷ്ടാരൂപികളുടേയും കഥകൾ, ശുദ്ധമനസ്കരായ തീർഥാടകരുടെ ഊതിവീർപ്പിച്ച കേട്ടുകേൾവി അത്തനാസിയൂസ് ആവർത്തിച്ചതാകാം. അവയെ ആശ്രയിച്ച് പിൽക്കാലത്ത് രചിക്കപ്പെട്ട കലാസൃഷ്ടികളെപ്പോലെ, അവക്കും ആലങ്കാരികമായ അർത്ഥമാണുള്ളതെന്നും വരാം. മരുഭൂമിയിലെ ദുഷ്ടമൃഗങ്ങളും മറ്റും സ്വപ്നസൃഷ്ടവും ആകാം. ജീവചരിത്രത്തിലെ കഥകളിൽ പലതിനേയും പിൽക്കാലകലാകാരന്മാരുടെ ഭാവന അനശ്വരമാക്കി. കഥകളുടെ, സാധ്യമായതിൽ ഏറ്റവും ബീഭത്സമായ വ്യാഖ്യാനങ്ങളെയാണ് അവർ ആശ്രയിച്ചത്. പതിനഞ്ചാം നൂറ്റാണടിലെ ഹൈരോണിമസ് ബോഷ്, ആധുനികരായ മാക്സ് ഏൺസ്റ്റ്, സാൽവദോർ ദാലി[1] തുടങ്ങിയവർ, അന്തോനീസിന്റെ പ്രലോഭനങ്ങളെ വിഷയമാക്കിയിട്ടുണ്ട്. ഗുസ്താവ് ഫ്ലോബേർ രചിച്ച "വിശുദ്ധ അന്തോനീസിന്റെ പ്രലോഭനങ്ങൾ" ആ കഥകളുടെ ഗദ്യാവിഷ്കരണമാണ്. എന്നാൽ പ്രലോഭനകഥകൾ അന്തോനീസിന്റെ ജീവിതത്തിന്റെ കേന്ദ്രപ്രമേയമായി മാറിയത് മനുഷ്യന്റെ മനോവ്യാപാരങ്ങളിൽ കൂടുതൽ ശ്രദ്ധകാട്ടിയ മദ്ധ്യയുഗത്തിലാണെന്ന് പറയപ്പെടുന്നു.[5] വണക്കം![]() താൻ ജീവിക്കാൻ തെരഞ്ഞെടുത്ത മലയുടെ മുകളിൽ അന്തോനീസ് രഹസ്യമായി സംസ്കരിക്കപ്പെടുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ക്രി.വ. 361-ൽ കണ്ടെത്തപ്പെട്ടെന്നും അലക്സാണ്ഡ്രിയയിലേക്ക് മാറ്റിയെന്നും പറയപ്പെടുന്നു. മുസ്ലിം ആക്രമണകാരികളെ ഭയന്ന് പിന്നീട് അതിനെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് മാറ്റി. പതിനൊന്നാം നൂറ്റാണ്ടിൽ പൗരസ്ത്യറോമൻ ചക്രവർത്തി ഭൗതികാവശിഷ്ടത്തെ ഫ്രാൻസിലെ ജോസെലിൻ പ്രഭുവിന് നൽകി. ജോസെലിൻ അതിനെ ലാ മൊട്ടെ സെയിന്റ് ദിദിയേർ എന്ന സ്ഥലത്തേക്ക് മാറ്റുകയും അവിടം അന്തോനീസിന്റെപേരിൽ പുനർനാമകരണം ചെയ്യുകയും ചെയ്തു.[5] ഈ സ്ഥലത്ത് അന്തോനീസിന്റെ അത്ഭുതശക്തിയാൽ പല രോഗശാന്തികളും, പ്രത്യേകിച്ച് ഭക്ഷണ ധാന്യങ്ങളിൽ നിന്നുള്ള വിഷബാധമൂലമുണ്ടാകുന്ന 'എർഗറ്റിസം' എന്ന രോഗത്തിൽ നിന്നുള്ളത്, നടന്നുവെന്നും പറയപ്പെടുന്നു. എർഗറ്റിസത്തിന് അന്തോനീസിന്റെ അഗ്നി എന്ന പേരുണ്ടാകാൻ പോലും ഇത് കാരണമായി. ആ പ്രദേശത്തെ രണ്ട് പ്രഭുക്കന്മാർ, ഈ രോഗത്തിൽ നിന്ന് അന്തോനീസിന്റെ സഹായത്താൽ തങ്ങൾക്ക് മുക്തി ലഭിച്ചുവെന്ന് അവകാശപ്പെട്ടു. അവരാണ് അന്തോനീസിന്റെ ആതുരാലയസഹോദരന്മാർ (Hospital Brothers of St. Anthony) എന്ന സംഘടന അന്തോനീസിന്റെ ബഹുമാനാർഥം സ്ഥാപിച്ചത്.[5] പൗരസ്ത്യദിക്കിൽ അന്തോനീസിന്റെ വണക്കത്തിന് ഇതിനേക്കാൾ മിതഭാവമാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രതിമകളും അവിടെ കുറവാണ്. അതേസമയം "മരുഭൂമിയിലെ മഹത്തുക്കളിൽ പ്രഥമനും സംന്യാസപരിശുദ്ധിയുടെ പരകോടിയും" ആയി കണക്കാക്കപ്പെടുന്ന അദ്ദേഹത്തിന്റെ പേരിൽ മറോണൈറ്റ്, കൽദായ, ഓർത്തോഡോക്സ് സഭകളിൽ സന്യാസസമൂഹങ്ങളുണ്ട്. അന്തോനീസിന്റെ സംന്യാസമുറ പിന്തുടരുന്നതായി അവയെല്ലാം അവകാശപ്പെടുകയും ചെയ്യുന്നു.[5] മദ്ധ്യയുഗങ്ങളിൽ അന്തോനീസ്, നോയിസിലെ ക്യുറീനിയസ്, കൊർണേലിയസ്, ഹൂബെർട്ടസ് എന്നിവർക്കൊപ്പം ജർമ്മനിയിലെ റൈൻ പ്രദേശത്ത് പരിശുദ്ധ യൊദ്ധാക്കളായി വണങ്ങപ്പെട്ടിരുന്നു.[14][15] [16] സന്യാസികളുടെ ജീവിതത്തിലേക്കുള്ള പ്രവേശനത്തിനുശേഷം അദ്ദേഹം ഒലിവായിസിലെ ചെറിയ സന്യാസിമഠത്തിൽ ചേർന്നു, ആന്റണി എന്ന പേര് സ്വീകരിച്ചു (അവിടെ സ്ഥിതിചെയ്യുന്ന ചാപ്പലിന്റെ പേരിൽ നിന്ന്, വിശുദ്ധ അന്തോണിക്ക് സമർപ്പിക്കപ്പെട്ടത്), അദ്ദേഹത്തെ അറിയേണ്ടതായിരുന്നു. പാദുവായിലെ വിശുദ്ധ അന്തോണീസ് അദ്ദേഹം പില്കാലത്തറിയപ്പെടാൻ പോകാനിരുന്ന 'അന്തോണീസ്' എന്ന നാമം, മരുഭൂമിയിലെ വിശുദ്ധ അന്തോണിസിന്റെ ആദരസൂചകമായി സ്വീകരിച്ചു. കോപ്റ്റിക്ഭാഷാ സാഹിത്യവും അന്തോനീസുംശുദ്ധമായ കോപ്റ്റിക് ഭാഷാസാഹിത്യത്തിന് മാതൃകയായുള്ളത് ആ ഭാഷ മാത്രം സംസാരിച്ചിരുന്ന അന്തോനീസിന്റേയും വിശുദ്ധ പക്കോമിയസിന്റേയും രചനകളും അതിൽ മാത്രം എഴുതിയിരുന്ന വിശുദ്ധ ഷെനൗഡായുടെ പ്രഭാഷണങ്ങളുമാണ്. കോപ്റ്റിക് ഭാഷയിലെ ആദ്യത്തെ മൗലികരചനകൾ അന്തോനീസിന്റെ കത്തുകളാണ്. മൂന്നും നാലും നൂറ്റാണ്ടുകളിൽ പുരോഹിതശ്രേഷ്ഠന്മാരുടേയും സംന്യാസികളുടേയും ഇടയിൽ കോപ്റ്റിക് ഭാഷ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.[17] അവലംബം
ഗ്രന്ഥസൂചി
അന്തോനീസിന്റേതായി പറയപ്പെടുന്ന രചനകൾ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia