ഉസ്ബെക്കിസ്ഥാന്റെ ദേശീയപതാക
കുറുകേയുള്ള മൂന്ന് നീലയും വെള്ളയും പച്ചയും വരകളും രണ്ട് ചുവന്ന വരകളും ഒരു ചന്ദ്രക്കലയും പന്ത്രണ്ട് നക്ഷത്രങ്ങളുമുള്ള പതാകയാണ് ഉസ്ബെക്കിസ്ഥാന്റെ ദേശീയപതാക (ഉസ്ബെക്: Oʻzbekiston davlat bayrogʻi). 1991 സെപ്റ്റംബർ 1-ന് സോവിയറ്റ് യൂണിയൻ ശിഥിലമായതിന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഉസ്ബെക്കിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. പതാകയുടെ പുതിയ രൂപകൽപ്പന തിരഞ്ഞെടുക്കുവാൻ ഒരു മത്സരം സംഘടിപ്പിക്കുകയുണ്ടായി. വിജയിച്ച രൂപകൽപ്പന 1991 നവംബർ 18-ന് ഉസ്ബെക്ക് സുപ്രീം സോവിയറ്റിന്റെ അസാധാരണമായ ഒരു യോഗത്തിൽ ദേശീയ പതാകയായി തിരഞ്ഞെടുക്കപ്പെട്ടു. മദ്ധ്യേഷ്യയിൽ പുതുതായി രൂപവത്കരിക്കപ്പെട്ട രാജ്യങ്ങളിൽ സ്വന്തമായി ഒരു പതാക തിരഞ്ഞെടുക്കുന്ന ആദ്യത്തെ രാജ്യമായിരുന്നു ഉസ്ബെക്കിസ്ഥാൻ. പുതിയ പതാക ഭാഗികമായി പഴയ പതാകയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടിട്ടുണ്ട്. ചരിത്രം![]() സോവിയറ്റ് ഭരണത്തിന്റെ ഭാഗമായി ഇന്നുള്ള ഉസ്ബെക്കിസ്ഥാൻ പ്രദേശത്ത് നിലനിന്നിരുന്ന റിപ്പബ്ലിക്ക് കമ്യൂണിസ്റ്റ് ബിംബങ്ങളോട് കൂടിയ ഒരു പതാകയാണ് ദേശീയ പതാക എന്ന നിലയിൽ ഉപയോഗിച്ചിരുന്നത്. സോവ്യറ്റ് യൂണിയന്റെ പതാകയിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞുണ്ടായത്. 1952-ൽ ഈ പതാക സ്വീകരിക്കപ്പെട്ടു.[1] ഈ പതാക സോവിയറ്റ് യൂണിയന്റെ പതാകയുമായി സാമ്യമുള്ളതാണെങ്കിലും ഒരു നീല ഭാഗവും വെള്ള അരികുകളും ഉണ്ടായിരുന്നു. 1991 സെപ്റ്റംബർ 1-ന് സോവിയറ്റ് യൂണിയൻ ശിഥിലമായതിന് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഉസ്ബെക്കിസ്ഥാൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.[2] ഒരു പുതിയ ഉസ്ബെക്കിസ്ഥാൻ പതാകയ്ക്കായുള്ള അന്വേഷണം ഉടൻ തന്നെ ആരംഭിച്ചു. പുതിയ രൂപകൽപ്പന തിരഞ്ഞെടുക്കുവാൻ ഒരു മത്സരം സംഘടിപ്പിക്കുകയുണ്ടായി.[1] ഇരുനൂറിലധികം ആൾക്കാർ തങ്ങളുടെ ഡിസൈനുകൾ മത്സരത്തിൽ സമർപ്പിച്ചു. വിജയിയായ ഡിസൈൻ കണ്ടെത്തുവാനായി ഒരു കമ്മീഷൻ രൂപവൽക്കരിച്ചു. കമ്മീഷൻ എല്ലാ രൂപകൽപ്പനകളും പരിശോധിക്കുകയും പ്രധാനപ്പെട്ട അധികാരകേന്ദ്രങ്ങളിൽ നിന്ന് അഭിപ്രായം സ്വീകരിക്കുകയും ചെയ്തു.[3] വിജയിച്ച രൂപകൽപ്പന 1991 നവംബർ 18-ന് ഉസ്ബെക്കിസ്ഥാന്റെ പതാകയായി സ്വീകരിച്ചു.[1] ഉസ്ബെക്ക് സുപ്രീം സോവിയറ്റിന്റെ അസാധാരണമായ ഒരു യോഗത്തിലാണ് പുതിയ പതാക സ്വീകരിക്കപ്പെട്ടത്.[4][5] ഇതോടെ മദ്ധ്യേഷ്യയിൽ പുതുതായി രൂപവത്കരിക്കപ്പെട്ട രാജ്യങ്ങളിൽ സ്വന്തമായി ഒരു പതാക തിരഞ്ഞെടുക്കുന്ന ആദ്യത്തെ രാജ്യമായി ഉസ്ബെക്കിസ്ഥാൻ മാറി.[6] രൂപകൽപ്പനബിംബങ്ങൾപതാകയിലെ നിറങ്ങൾക്കും രൂപങ്ങൾക്കും സാംസ്കാരികവും രാഷ്ട്രീയവും പ്രാദേശികവുമായ അർത്ഥങ്ങളുണ്ട്. വെള്ളനിറം സമാധാനവും പരിശുദ്ധിയും സൂചിപ്പിക്കുന്നു. നീലനിറം ജലത്തെയും ആകാശത്തെയുമാണ് സൂചിപ്പിക്കുന്നത്. നീലനിറം തിമൂറിന്റെ പതാകയെയും സൂചിപ്പിക്കുന്നു. തിമൂർ ഇന്നത്തെ ഉസ്ബെക്കിസ്ഥാൻ പ്രദേശം പതിനാലാം നൂറ്റാണ്ടിൽ ഭരിച്ചിരുന്നു.[1][6] പച്ചനിറം ഔദ്യോഗികമായി "പരിസ്ഥിതിയെയും ഉത്പാദനശേഷിയെയും" ആണ് സൂചിപ്പിക്കുന്നത്. ഇസ്ലാം മതത്തെയും ഈ നിറം സൂചിപ്പിക്കുന്നു.[1] വണ്ണം കുറഞ്ഞ ചുവന്ന വരകൾ എല്ലാവർക്കും ഉള്ളിലുള്ള "ജീവശക്തിയെ" പ്രതിനിധീകരിക്കുന്നു.[1][6] ചന്ദ്രക്കല ഒരു സ്വതന്ത്ര രാജ്യം എന്ന നിലയിൽ ഉസ്ബെക്കിസ്ഥാന്റെ പുനർജന്മത്തെ സൂചിപ്പിക്കുന്നു.[1][7] ഉസ്ബെക്കിസ്ഥാനിലെ 88% പേരും പിന്തുടരുന്ന ഇസ്ലാം മതത്തെയും ചന്ദ്രക്കല ബിംബവത്കരിക്കുന്നുണ്ട്.[2] ചന്ദ്രക്കലയുടെ വലതുവശത്തായി പന്ത്രണ്ട് നക്ഷത്രങ്ങളുണ്ട്. ഇവ ഇസ്ലാമിക കലണ്ടറിലെ മാസങ്ങളെ സൂചിപ്പിക്കുന്നു.[6] പന്ത്രണ്ട് രാശികളെയും ഇവ സൂചിപ്പിക്കുന്നുണ്ട്..[1] നിയമപരമായ സംരക്ഷണം2010 ഡിസംബർ 27-ന് പ്രസിഡന്റ് ഇസ്ലാം കരിമോവ് നിലവിലുള്ള നിയമത്തിൽ ഒരു ഭേദഗതി അംഗീകരിച്ചു. കൊടിയും മുദ്രയും പോലുള്ളവയുടെ സംരക്ഷണം ഈ ഭേദഗതി ഉറപ്പുവരുത്തുന്നു. ഉസ്ബെക്കിസ്ഥാന്റെ പതാക പരസ്യങ്ങളിലും രേഖകളിലും ഉപയോഗിക്കുന്നതും വാണിജ്യപരമായ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതും ഈ നിയമം നിരോധിക്കുന്നു. ഉസ്ബെക്കിസ്ഥാൻ ഗവണ്മെന്റുമായി ബന്ധമില്ലാത്ത സംഘടനകൾ ദേശീയ സിംബലുകളുമായി സാമ്യമുള്ള ലോഗോകൾ ഉപയോഗിക്കുന്നത് ഈ നിയമം നിരോധിക്കുന്നു.[8] പണ്ടുണ്ടായിരുന്ന പതാകകൾ
സാമ്യമുള്ള പതാകകൾ
ഇവയും കാണുകഅവലംബം
ബാഹ്യ കണ്ണികൾFlags of Uzbekistan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia