എ. ശേഷയ്യ ശാസ്ത്രി
1872 മേയ് മാസം മുതൽ 1877 മേയ് 4 വരെ തിരുവിതാംകൂറിന്റെയും 1878 മുതൽ 1894 വരെ പുതുക്കോട്ടയുടെയും ദിവാനായിരുന്നു സർ അമരാവതി ശേഷയ്യ ശാസ്ത്രി (തമിഴ്: அமராவதி சேஷையா சாஸ்திரி) കെ.സി.എസ്.ഐ. (1828 മാർച്ച് 22 – 1903 ഒക്റ്റോബർ 29). പുതുക്കോട്ട ആധുനികവൽക്കരിച്ചത് ഇദ്ദേഹമാണ്. മദ്രാസ് പ്രസിഡൻസിയിലെ തഞ്ചാവൂർ ജില്ലയിലെ അമരാവതി എന്ന ഗ്രാമത്തിൽ [1] 1828-ൽ ഒരു ദരിദ്ര കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. ഒൻപതാം വയസ്സിൽ ഇദ്ദേഹം അമ്മാവനായ ഗോപാലയ്യർക്കൊപ്പം മദ്രാസിലേയ്ക്ക് താമസം മാറ്റി. ഇദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസവും ഉപരി പഠനവും മദ്രാസിലായിരുന്നു. 1848-ലായിരുന്നു ഫസ്റ്റ് ക്ലാസോടെ ഉപരിപഠനം പൂർത്തിയായത്. 1848-ൽ ശേഷയ്യ ശാസ്ത്രി റെവന്യൂ ഓഫീസിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. ജോലിക്കയറ്റം ലഭിച്ച് ഇദ്ദേഹം തഹസീൽദാർ, നായിബ് ശിരസ്തദാർ, ഹെഡ് ശിരസ്തദാർ എന്നീ തസ്തികകളിലെത്തി. 1872-ൽ ഇദ്ദേഹത്തെ തിരുവിതാംകൂറിലെ ദിവാനായി നിയമിച്ചു. കൊട്ടാരത്തിലെ ഉപജാപങ്ങളെത്തുടർന്നാണ് ഇദ്ദേഹത്തിന് ജോലി ഉപേക്ഷിക്കേണ്ടിവന്നത്. ആദ്യകാല ജീവിതം1828 മാർച്ച് 22-നാണ് ഇദ്ദേഹം ജനിച്ചത്.[2] വാത്തിമ അയ്യർ സമുദായത്തിൽ പെട്ട കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്.[3] ആറു കുട്ടികളിൽ ഏറ്റവും ഇളയയാളായിരുന്നു ഇദ്ദേഹം. അച്ഛൻ ഒരു പുരോഹിതനായിരുന്നു. ദാരിദ്ര്യം കാരണം കഷ്ടത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ബാല്യം.[1] ചെറു പ്രായത്തിൽ തന്നെ ഇദ്ദേഹം ഗോപാല അയ്യർ എന്ന തന്റെ അമ്മാവന്റെയൊപ്പം മദ്രാസിലേയ്ക്ക് താമസം മാറി. മദ്രാസിൽ സ്വകാര്യ ട്യൂഷൻ മാസ്റ്ററിൽ നിന്ന് ഇദ്ദേഹം തമിഴ് പഠിച്ചു. ഫ്രാൻസിസ് റോഡറിഗസ് എന്ന ഒരു പോർച്ചുഗീസുകാരൻ നടത്തിയിരുന്ന സ്കൂളിൽ നിന്നാണ് ഇദ്ദേഹം ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയത്. 1837-ൽ ശേഷയ്യ ശാസ്ത്രി ആൻഡേഴ്സൺസ് സ്കൂൾ എന്ന വിദ്യാലയത്തിൽ ചേർന്നു. ഇദ്ദേഹം ബൈബിളിലെ ഉദ്ധരണികൾ പഠിക്കുകയും അതുവഴി റെവ. ആൻഡേഴ്സണിന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളിലൊരാളാവുകയും ചെയ്തു. 1840-ൽ ആൻഡേഴ്സൺ മതപ്രചാരണം നടത്തുകയാണെന്ന ആരോപണവും അതു സംബന്ധിച്ച അക്രമാസക്തമായ പ്രതിഷേധവും കാരണം മദ്രാസ് ഭരണകൂടം ഒരു എഡ്യൂക്കേഷൻ ബോർഡ് സ്ഥാപിക്കുകയും ഒരു പ്രിപ്പറേറ്ററി സ്കൂളും ഒരു ഹൈസ്കൂളും സ്ഥാപിക്കുകയും ചെയ്തു. 1841-ൽ ശേഷയ്യ ശാസ്ത്രി പ്രിപ്പറേറ്ററി സ്കൂളിൽ ചേർന്നു. ഈ സ്കൂൾ പിന്നീട് ഹൈ സ്കൂളായി മാറ്റുകയുണ്ടായി. 1848 വരെ ഇദ്ദേഹം ഇവിടെത്തന്നെയാണ് പഠിച്ചത്. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഇദ്ദേഹത്തിന് പഠനം അവസാനിപ്പിക്കേണ്ടിവന്നു. ഇ.ബി. പവൽ ആയിരുന്നു സ്കൂളിന്റെ ഹെഡ് മാസ്റ്റർ. ഇദ്ദേഹം ശാസ്ത്രിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. രാമയ്യങ്കാർ, ടി. മാധവറാവു എന്നിവർ ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. 1848-ൽ ഇദ്ദേഹം പാച്ചിയപ്പാസ് സ്കൂൾ എന്ന സ്കൂളിൽ ചേരുകയും സർക്കാർ സഹായത്തോടെ പഠനം തുടരുകയും ചെയ്തു. 1847-ൽ ഇദ്ദേഹത്തിന്റെ അമ്മാവൻ ഗോപാല അയ്യർ മരണമടയുകയുണ്ടായി. ഈ വർഷം തന്നെ ഇദ്ദേഹം കോണേരി രാജപുരം എന്ന സ്ഥലത്തുകാരിയായ സുന്ദരി എന്ന സ്ത്രീയെ വിവാഹം കഴിച്ചു. രാമയ്യങ്കാരോടൊപ്പം പ്രസംഗം, നാടകം എന്നിവ ഇദ്ദേഹം പരിശീലിച്ചിരുന്നു. 1848 മേയ് 29-ന് ഇദ്ദേഹം ഒന്നാം ക്ലാസോടെ പാസായി. 1848 സെപ്റ്റംബറിൽ ശാസ്ത്രി റെവന്യൂ ഓഫീസിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. ഔദ്യോഗിക ജീവിതംഗുമസ്തൻ എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ സ്തുത്യർഹ സേവനം റോവിംഗ് കമ്മീഷനിൽ ഇദ്ദേഹത്തിനൊരു സ്ഥാനം ലഭിക്കാൻ കാരണമായി. 1851 മേയ് മാസത്തിൽ ഇദ്ദേഹം മസൂലിപട്ടണത്തെ തഹസീൽദാരായി നിയമിതനായി. 1853-ൽ നായിബ് ശിരസ്തദാർ, 1855 നവംബർ 5-ന് ഹെഡ് ശിരസ്തദാർ എന്നീ തസ്തികകളിലേയ്ക്ക് ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുകയുണ്ടായി. 1858 നവംബർ മുതൽ 1865 വരെ ഇദ്ദേഹം ഇമാം കമ്മീഷനിൽ പ്രവർത്തിക്കുകയുണ്ടായി. ഇതിനു ശേഷം ഇദ്ദേഹം തഞ്ചാവൂരിലെ ഡപ്യൂട്ടി കളക്ടറായി നിയമിതനായി. 1866 ഏപ്രിലിൽ ഇദ്ദേഹം ജോലിയിൽ പ്രവേശിക്കുകയും ഒരു വർഷം ഈ ലാവണത്തിൽ തുടരുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തെ തഞ്ചാവൂർ മുനിസിപ്പാലിറ്റിയുടെ വൈസ് പ്രസിഡന്റായി നിയമിക്കുകയുണ്ടായി. 1869-ൽ ശേഷയ്യരെ റെവന്യൂ ബോർഡിലെ ഹെഡ് ശിരസ്തദാരായി നിയമിച്ചു. 1872 മേയ് മാസത്തിൽ ഇദ്ദേഹത്തിന്റെ സതീർത്ഥ്യനായിരുന്ന മാധവറാവുവിനു ശേഷം ഇദ്ദേഹം തിരുവിതാംകൂർ ദിവാനായി നിയമിതനായി.[2][4] തിരുവിതാംകൂർ ദിവാൻ സ്ഥാനത്ത്![]() ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രണ്ടു കായലുകളെ ബന്ധിപ്പിക്കുന്ന വർക്കല ടണൽ ജനങ്ങൾക്കായി തുറന്നുകൊടുക്കുകയുണ്ടായി. തിരുവനന്തപുരം നഗരത്തിൽ നിന്ന് 40 കിലോമീറ്റർ ദൂരെയാണിത്.[4] 1875 മേയ് 18-നാണ് കേരളത്തില ആദ്യത്തെ സെൻസസ് എടുത്തത്.[4] പദ്മതീർഥം നവീകരണംശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുമ്പിലുള്ള പദ്മതീർഥം നവീകരിച്ചത് ഇദ്ദേഹമാണ്. കൊച്ചാർ ശുദ്ധീകരിച്ച് അതിലെ ചെളിയും മണ്ണും വാരുകയായിരുന്നു ആദ്യ നടപടി. കൊച്ചാറിന്റെ കരയിലുണ്ടായിരുന്ന അനധികൃത കുടിയേറ്റങ്ങൾ ഒഴിപ്പിച്ചു. മരുതൻകുഴി അണയിലെ ചെളിയും മണ്ണും വാരി വൃത്തിയാക്കി. പദ്മതീർഥത്തിന്റെ വെള്ളം മുഴുവൻ തുറന്നുവിട്ട്, അതിലെ ചെളിയും മണ്ണും വാരി. വെള്ളം ഇറയ്ക്കാൻ ആദ്യമായി ആവിയന്ത്രം ഉപേയാഗിച്ചു.[5] മറ്റു വിഷയങ്ങൾധാരാളം രാഷ്ട്രീയ ഉപജാപങ്ങൾ അരങ്ങേറിക്കൊണ്ടിരുന്ന അവസരത്തിലാണ് ഇദ്ദേഹം തിരുവിതാംകൂർ ദിവാനായി സ്ഥാനമേറ്റത്. ഇദ്ദേഹത്തിന്റെ മുൻഗാമിയായിരുന്ന മാധവറാവു രാജാവിനെ മറികടക്കാൻ ശ്രമിച്ചു എന്ന കാരണത്താൽ ജോലിയിൽ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.[6] ശാസ്ത്രിയും മാധവറാവുവിനെപ്പോലെ തന്നെ ഉറച്ച നിലപാടുകളാണെടുത്തിരുന്നത്. ഇദ്ദേഹവും രാജാവുമായി ഉരസലുകളുണ്ടായിക്കൊണ്ടിരുന്നു.[6][7] കൊച്ചി രാജാവായിരുന്ന കേരള വർമ ശേഷയ്യ ശാസ്ത്രിക്ക് ആയില്യം തിരുനാൾ മഹാരാജാവിന്റെ ലക്ഷ്യങ്ങളെ സംബന്ധിച്ച് താക്കീതെന്ന നിലയിൽ ഒരു കത്ത് ശേഷയ്യ ശാസ്ത്രിക്കയയ്ക്കുകയുണ്ടായി. ഈ കത്തു ലഭിച്ചത് ആയില്യം തിരുനാളിന്റെ കൈവശമായിരുന്നു.[8] 1877 ഓഗസ്റ്റിൽ ശേഷയ്യ ശാസ്ത്രി തിരുവിതാംകൂർ ദിവാൻ സ്ഥാനം രാജിവയ്ക്കുകയും തൃശിനപ്പള്ളിയിലേയ്ക്ക് പോവുകയും ചെയ്തു. ഇദ്ദേഹം ഇവിടെ മാൻഷൻ ഹൗസ് ഫാമീൻ റിലീഫ് കമ്മിറ്റിയുടെ സെക്രട്ടറിയായി നിയമിതനായി. 1878 ജനുവരിയിൽ ഇദ്ദേഹത്തെ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യുകയുണ്ടായി. 1878 ഓഗസ്റ്റ് വരെ ഇദ്ദേഹം ഇവിടെ തുടർന്നു. പിന്നീട് ഇദ്ദേഹം പുതിക്കോട്ടയിലെ ദിവാനായി നിയമിതനായി. പുതുക്കോട്ട ദിവാൻ സ്ഥാനത്ത്1878-ൽ രാമചന്ദ്ര തൊണ്ടൈമാന്റെ ഭരണകാലത്താണ് ഇദ്ദേഹം പുതുക്കോട്ടയിലെ ദിവാനായി സ്ഥാനമേറ്റത്.[9] ഇവിടെ ഇദ്ദേഹം പല പരിഷ്കാരങ്ങളും നടപ്പിലാക്കി. പട്ടണം ഇദ്ദേഹം നവീകരിക്കുകയും ആധുനിക നഗരാസൂത്രണ തത്ത്വങ്ങൾ കൊണ്ടുവരുകയും ചെയ്തു.[10][11] പുതുക്കോട്ടയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടം ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് നിർമ്മിക്കപ്പെട്ടത്.[11][12] പുതുക്കോട്ടയിലെ പ്രശസ്തമായ പുതുക്കുളം തടാകം ഇദ്ദേഹത്തിന്റെ ആസൂത്രണത്തിലാണ് നിർമ്മിക്കപ്പെട്ടത്.[11][12] ശേഷയ്യ ശാസ്ത്രിയുടെ ഉപദേശപ്രകാരം രാമചന്ദ്ര തൊണ്ടൈമാൻ രാജ്യത്തെ ധാരാളം ക്ഷേത്രങ്ങൾ നവീകരിച്ചു.[12] തഞ്ചാവൂരിൽ ജനിച്ച തന്റെ ഭാര്യയുടെ ഉപദേശപ്രകാരം,[13] രാമചന്ദ്ര തൊണ്ടൈമാൻ "ബ്രിഹദംബലദാസ്" എന്ന പേര് സ്വീകരിച്ചു. ഇതിന് ദിവാന്റെ സമ്മതവുമുണ്ടായിരുന്നു.[13] 1886-ൽ രാമചന്ദ്ര തൊണ്ടൈമാൻ മരിക്കുകയും മാർത്താണ്ഡ് ഭൈരവ തൊണ്ടൈമാൻ അധികാരത്തിൽ വരുകയും ചെയ്തു. പുതിയ രാജാവിന് പ്രായപൂർത്തിയെത്തിയിട്ടുണ്ടായിരുന്നില്ല.[9] ഇദ്ദേഹത്തിന് പ്രായപൂർത്തിയെത്തും വരെ ശേഷയ്യ ശാസ്ത്രി ഇവിടുത്തെ റീജന്റായി ഭരണം നടത്തുകയും ചെയ്തു.[9] 1894-ൽ ഇദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞതോടെ ശേഷയ്യ ശാസ്ത്രി വിശ്രമജീവിതത്തിലേയ്ക്ക് കടന്നു.[10] പിൽക്കാല ജീവിതം1902-ൽ ഇദ്ദേഹത്തിന് നൈറ്റ് പദവി ലഭിച്ചു.[14] 1903 ഒക്റ്റോബർ 29-നാണ് ഇദ്ദേഹം മരിച്ചത്.[1] സ്ഥാനമാനങ്ങൾ1868-ൽ ഇദ്ദേഹത്തെ മദ്രാസ് സർവ്വകലാശാലയുടെ ഫെലോ സ്ഥാനം നൽകി ബഹുമാനിക്കുകയുണ്ടായി. 1878 ജനുവരി 1-ന് കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഇൻ ഇൻഡ്യ എന്ന സ്ഥാനം പുതുവത്സരത്തോടനുബന്ധിച്ച് ലഭിച്ചു. 1901-ൽ ഇദ്ദേഹത്തിന് നൈറ്റ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇൻഡ്യ എന്ന പദവി രാജാവിന്റെ പിറന്നാളിനോടനുബന്ധിച്ച് നൽകപ്പെടുകയുണ്ടായി. അവലംബം
സ്രോതസ്സുകൾ
|
Portal di Ensiklopedia Dunia