2001-ൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്രകഥാ ചലച്ചിത്രമാണ് എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. 1969-ൽ ബ്രയാൻ അൽഡിസ് രചിച്ച സൂപ്പർടോയ്സ് ലാസ്റ്റ് ഓൾ സമ്മർ ലോങ് എന്ന കഥയെ ആസ്പദമാക്കിയാണ് സ്പിൽബർഗ്, ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. കാത്‌ലീൻ കെന്നഡി, സ്പിൽബർഗ്, ബോണി കർട്ടിസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചലച്ചിത്രത്തിൽ ഹെയ്‌ലി ജോയൽ ഓസ്‌മെന്റ്, ജൂഡ് ലോ, ഫ്രാൻസ് ഓ'കോണർ, ബ്രെൻഡൻ ഗ്ലീസൺ, വില്യം ഹർട്ട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയിലെ കാലാവസ്ഥാ വ്യതിയാനന്തര സമൂഹത്തെക്കുറിച്ചുള്ള ഈ ചലച്ചിത്രം, പ്രണയിക്കാനുള്ള കഴിവുകളുള്ള പ്രോഗ്രാം ചെയ്ത ആൻഡ്രോയ്ഡായ ഡേവിഡിന്റെ (ഓസ്‌മെന്റ്) കഥയാണ് എ.ഐയുടെ ഉള്ളടക്കം.
2016-ൽ ബിബിസി നടത്തിയ സർവേയിൽ 2000-നു ശേഷമുള്ള ഏറ്റവും നല്ല ചിത്രങ്ങളുടെ പട്ടികയിൽ 83ാം സ്ഥാനം എ.ഐ നേടി.[3]
2000 ജൂലൈ 10-നാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും[6] പിന്നീട് ഓഗസ്റ്റ് മാസത്തേയ്ക്ക് നീട്ടിവച്ചു.[7] ഒറിഗണിലെ ഓക്സ്ബോ റീജണൽ പാർക്കിൽ ഏതാനും ആഴ്ചകൾ ചിത്രീകരണം നടത്തിയ ശേഷം വാർണർ ബ്രോസ്. സ്റ്റുഡിയോസിന്റെ സൗണ്ട് സ്റ്റേജുകളും കാലിഫോർണിയയിലെ ലോങ് ബീച്ചിലെ സ്പ്രൂസ് ഗൂസ് ഡോമിലുമായാണ് ഭൂരിഭാഗം ദൃശ്യങ്ങളും ചിത്രീകരിച്ചത്.[8] സ്റ്റേജ് 16-ലാണ് സ്വിന്റൺ ഹൗസ് നിർമ്മിച്ചത്. കൂടാതെ സ്റ്റേജ് 20ൽ റോജ് സിറ്റിയും മറ്റ് ദൃശ്യങ്ങളും ചിത്രീകരിച്ചു.[9][10] ചലച്ചിത്ര നിർമ്മാണത്തിൽ കുബ്രിക്കിന്റെ ശൈലിയെ അനുകരിച്ചായിരുന്നു സ്പിൽബർഗ്, ചിത്രം സംവിധാനം ചെയ്തത്. അഭിനേതാക്കൾക്ക് മുഴുവൻ തിരക്കഥയും നൽകിയിരുന്നില്ല. കൂടാതെ ചിത്രീകരണ സ്ഥലങ്ങളിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നില്ല. സോഷ്യൽ റോബോട്ടിക്സ് വിദഗ്ദ്ധ സിന്തിയ ബ്രസൽ ചിത്രത്തിന്റെ നിർമ്മാണ സമയത്ത് സാങ്കേതിക ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു.[6][11] ഹെയ്‌ലി ജോയൽ ഓസ്‌മെന്റും ജൂഡ് ലോയും പ്രോസ്തെറ്റിക് മേക്കപ്പ് രീതി എല്ലാ ദിവസവും ഉപയോഗിച്ചിരുന്നു.[4][12] എ.ഐ.യുടെ ചിത്രീകരണം പൂർത്തിയായ ഉടൻ തന്നെ തന്റെ അടുത്ത ചലച്ചിത്രമായ മൈനോറിറ്റി റിപ്പോർട്ടിന്റെ ചിത്രീകരണം സ്പിൽബർഗ് ആരംഭിച്ചിരുന്നു.[13]
റിലീസ്
പ്രചാരണം
വാർണർ ബ്രോസ്, ചിത്രത്തിന്റെ പ്രചാരണത്തിനായി ദ ബീസ്റ്റ് എന്ന പേരിൽ ഒരു റിയാലിറ്റി ഗെയിം പുറത്തിറക്കിയിരുന്നു. ന്യൂയോർക്ക് നഗരത്തിൽ നാൽപ്പതിലധികം വെബ്സൈറ്റുകൾ അറ്റോമിക് പിക്ചേഴ്സ് നിർമ്മിച്ചിരുന്നു. സൈബർട്രോണിക്സ് കോർപ്പറേഷന്റെ വെബ്‌സൈറ്റും ഇത്തരത്തിൽ സൃഷ്ടിച്ചിരുന്നു.[6] ദ ബീസ്റ്റിന്റെ കഥയുടെ തുടർച്ചയായി ചിത്രത്തെ ആസ്പദമാക്കി എക്സ് ബോക്സ് വീഡിയോ ഗെയിമുകൾക്കു കീഴിൽ ഒരു വീഡിയോ ഗെയിം പരമ്പര ആരംഭിക്കാൻ ശ്രമങ്ങളുണ്ടായെങ്കിലും പിന്നീട് അത് വികസിപ്പിക്കപ്പെട്ടില്ല. 2001 ൽ നടന്ന വെനീസ് ഫിലിം ഫെസ്റ്റിവലിൽ എ.ഐ. പ്രദർശിപ്പിച്ചിരുന്നു. [14]
ബോക്സ് ഓഫീസ്
2001 ജൂൺ 29ന് അമേരിക്കൻ ഐക്യനാടുകളിലെ 3,242 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പുറത്തിറങ്ങിയ ആദ്യ വാരത്തിന്റെ അവസാനം $29,352,630 നേടുകയുണ്ടായി. അമേരിക്കയിൽ ചിത്രം, $78.62 മില്യൺ നേടുകയും മറ്റ് വിദേശ രാജ്യങ്ങളിൽനിന്നും ആകെ $78.62 മില്യൺ നേടുകയും ചെയ്തിരുന്നു. ആകെ $235.93 മില്യണാണ് എ.ഐ നേടിയത്.[15]
പുരസ്കാരങ്ങൾ
വിഷ്വൽ ഇഫ്ക്ട്സ് സൂപ്പർവൈസർ ഡെന്നിസ് മുറെൻ, സ്റ്റാൻ വിൻസ്റ്റൺ, മൈക്കൽ ലാൻഡിയെറി, സ്കോട്ട് ഫാറർ എന്നിവർ മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കൂടാതെ ജോൺ വില്യംസും മികച്ച സംഗീതത്തിനുള്ള അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.[16] സ്റ്റീവൻ സ്പിൽബർഗ്, ജൂഡ് ലോ, വില്യംസ് എന്നിവർക്ക് എ.ഐയിലെ പ്രവർത്തനങ്ങൾക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു.[17]എ.ഐ.യ്ക്ക് 5 സാറ്റേൺ അവാർഡുകൾ ലഭിക്കുകയുണ്ടായി. മികച്ച ശാസ്ത്രകഥാ ചലച്ചിത്രം, മികച്ച കഥ, മികച്ച യുവ നടൻ എന്നീ പുരസ്കാരങ്ങളാണ് എ.ഐ.യ്ക്ക് ലഭിച്ചത്.ref name="Saturn"/>