എം.വി. ഗോവിന്ദൻ
സി.പി.ഐ.എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറിയും, പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ[1] അംഗവുമാണ് ഗോവിന്ദൻ മാസ്റ്റർ[2] എന്നറിയപ്പെടുന്ന എം.വി.ഗോവിന്ദൻ. (ജനനം: 1953 ഏപ്രിൽ 23) രണ്ടാം പിണറായി സർക്കാരിലെ തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[3][4][5][6] ജീവിതരേഖകണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ മൊറാഴ ഗ്രാമത്തിൽ കെ.കുഞ്ഞമ്പുവിന്റെയും, മാധവിയുടേയും മകനായി 1953 ഏപ്രിൽ 23ന് ജനിച്ചു. മൊറാഴ സെൻട്രൽ യു.പി സ്കൂൾ, കല്യാശ്ശേരി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്ലോമ പാസായി. പരിയാരം ഇരിങ്ങൽ യു.പി.സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനായിരുന്നു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായപ്പോൾ അധ്യാപക ജോലിയിൽ നിന്നും സ്വയം വിരമിച്ചു.[7] രാഷ്ട്രീയ ജീവിതംഎട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ രൂപീകരിച്ച ബാലസംഘത്തിലൂടെയാണ് പൊതുരംഗ പ്രവേശനം. ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു.യുവജന സംഘടനയായ കെ.എസ്.വൈ.എഫിന്റെ ജില്ലാ പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980-ൽ ഡി.വൈ.എഫ്.ഐ. രൂപീകരിച്ചപ്പോൾ ആദ്യ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഗോവിന്ദൻ മാസ്റ്റർ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായും കേന്ദ്രക്കമ്മറ്റി അംഗമായും പ്രവർത്തിച്ചു. 1969-ൽ സി.പി.എം അംഗമായ ഗോവിന്ദൻ മാസ്റ്റർ അവിഭക്ത കണ്ണൂർ ജില്ലയിലെ കാസർഗോഡ് മണ്ഡലം സെക്രട്ടറിയായിരുന്നു.1991-ൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ഗോവിന്ദൻ മാസ്റ്റർ 1995-ൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ഇ.പി.ജയരാജൻ വെടിയേറ്റ് ചികിത്സയ്ക്ക് പോയതിനെ തുടർന്ന് ആക്ടിംഗ് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു. 1996, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തളിപ്പറമ്പിൽ നിന്ന് നിയമസഭാംഗമായി. 2002 മുതൽ 2006 വരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ഗോവിന്ദൻ മാസ്റ്റർ 2006-ൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പ്രവർത്തനം സംസ്ഥാന സെൻറർ കേന്ദ്രീകരിച്ചു. 2011-ൽ ഒളിക്യാമറ വിവാദത്തിൽ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് എറണാകുളം അഡ്ഹോക്ക് ജില്ലാ കമ്മറ്റിയുടെ സെക്രട്ടറിയായി 2011 മുതൽ 2013 വരെ പ്രവർത്തിച്ചു. 2013-ൽ ഗോവിന്ദന് പകരം സി.എം.ദിനേശ്മണി പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായി. 2018 മുതൽ പാർട്ടി കേന്ദ്രക്കമ്മറ്റിയിൽ അംഗമാണ്. കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ആൾ ഇന്ത്യാ കിസാൻ സഭയുടെ വൈസ് പ്രസിഡണ്ട്, ദേശാഭിമാനി മുൻ ചീഫ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം പിണറായി മന്ത്രിസഭയിലെ എക്സൈസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായി തുടരവെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് പുതിയ സെക്രട്ടറിയായി ഗോവിന്ദൻ മാസ്റ്ററെ 2022 ഓഗസ്റ്റ് 28ന് ചേർന്ന പാർട്ടി സെക്രട്ടേറിയേറ്റ് യോഗം തിരഞ്ഞെടുത്തു. 2022 സെപ്റ്റംബർ 2ന് കാബിനറ്റ് മന്ത്രിപദം രാജിവച്ച് ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റു.[8][9][10][6] സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവും മുൻ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ 2022 ഒക്ടോബർ ഒന്നിന് അന്തരിച്ചതിനെ തുടർന്ന് വന്ന ഒഴിവിൽ 2022 ഒക്ടോബർ 31ന് മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[11][12][13] സ്വകാര്യ ജീവിതം
ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia