മാർവൽ കോമിക്സിന്റെ എക്സ്-മെൻ കഥാപാത്രങ്ങളെ ആസ്പദമാക്കി 2014 ൽ ഇറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ്. ബ്രയാൻ സിംഗർ സംവിധാനം ചെയ്ത ഈ ചിത്രം എക്സ്-മെൻ ഫിലിം സീരീസിന്റെ ഏഴാമത്തെ ഭാഗമാണ്. 2006 ൽ പുറത്തിറങ്ങിയ എക്സ്-മെൻ: ദ ലാസ്റ്റ് സ്റ്റാന്റ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഇത്. 1981 ൽ ക്രിസ് ക്ലെയർമോണ്ട്, ജോൺ ബൈൺ എന്നിവർ ചേർന്ൻ എഴുതിയ ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് എന്ന കഥ അടിസ്ഥാനമാക്കി നിർമിച്ച ഈ ചിത്രം രണ്ട് കാലഘട്ടത്തിൽ ശ്രദ്ധിക്കുന്നു. ഹ്യൂഗ് ജാക്ക്മാൻ, ജെയിംസ് മക്വായി, മൈക്കൽ ഫാസ്ബെൻഡർ, ജെന്നിഫർ ലോറൻസ്, ഹാലി ബെറി, അന്ന പക്വിൻ, എല്ലെൻ പേജ്, പീറ്റർ ഡിൻക്ലേജ്, ഇയാൻ മക്കെല്ലൻ, പാട്രിക് സ്റ്റുവർട്ട് തുടങ്ങിയ വലിയൊരു താരനിര ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ജേൻ ഗോൾഡ്മാൻ, മാത്യു വൊൺ, സൈമൺ കിൻബെർഗ് എന്നിവരുടെ കഥയ്ക്ക് സൈമൺ കിൻബെർഗ് തിരക്കഥ എഴുതി.[5]
എക്സ്-മെൻ: ഫസ്റ്റ് ക്ലാസ് സംവിധാനം ചെയ്ത വോൺ തന്നെ ഈ ചിത്രവും സംവിധാനം ചെയ്യാൻ ആയിരുന്നു പദ്ധതി. എന്നാൽ കിംഗ്സ്മാൻ: ദി സീക്രട്ട് സർവീസ് എന്ന ചിത്രത്തിന്റെ തിരക്കുമൂലം അത് നടന്നില്ല.[6] അങ്ങനെ ആദ്യ എക്സ്-മെൻ ചിത്രങ്ങൾക്ക് സംവിധാനം ചെയ്ത സിംഗർ തിരികെയെത്തുകയും ആ ചിത്രത്തിലെ മിക്കവാറും എല്ലാ അണിയറ പ്രവർത്തകരെയും ഇതിലും പങ്കെടുപ്പിക്കുകയും ചെയ്തു. 200 ദശലക്ഷം ഡോളർ ബജറ്റുമായി[7] ചിത്രത്തിന്റെ മുഖ്യ ചിത്രീകരണം 2013 ഏപ്രിൽ മാസത്തിൽ ക്യുബെക്കിലെമോൺട്രിയലിൽ ആരംഭിച്ചു. അതേ വർഷം ആഗസ്തിൽ പൂർത്തിയാക്കി. ചിത്രത്തിന്റെ വിഷ്വൽ ഇഫക്റ്റുകൾ 12 കമ്പനികളാണ് കൈകാര്യം ചെയ്തത്.
2014 മേയ് 10-ന് എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായി പ്രദർശിപ്പിക്കുകയും മെയ് 23-ന് തീയറ്ററുകളിൽ റിലീസ് ചെയ്യുകയും ചെയ്തു. ചിത്രം മികച്ച നിരൂപണങ്ങൾ നേടി. ലോഗൻ കഴിഞ്ഞാൽ എക്സ്-മെൻ ചലച്ചിത്രപരമ്പരയിലെ രണ്ടാമത്തെ മികച്ച നിരൂപണം ലഭിച്ച ചിത്രമാണ് ഇത്. ഇതിന്റെ കഥ, വിഷ്വൽ എഫക്റ്റ്സ്, ആക്ഷൻ സീനുകൾ, അഭിനയ, തീമാറ്റിക് ഘടകങ്ങൾ എന്നിവയ്ക്ക് അനുകൂല പ്രതികരണം ലഭിച്ചു. തിയേറ്ററുകളിൽ, ഈ ചിത്രം ലോകമെമ്പാടുമായി 747 ദശലക്ഷം ഡോളർ വരുമാനം നേടി. ഇത് 2014-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആറാമത്തെ ചിത്രം എന്ന നേട്ടവും, ഡെഡ്പൂളിന് പിന്നിൽ പരമ്പരയിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടവും കരസ്ഥമാക്കി. ഈ ചിത്രം മികച്ച വിഷ്വൽ എഫക്ടുകൾക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇതോടെ ഈ ചിത്രം അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ എക്സ്-മെൻ ചിത്രമായി മാറി. ഈ ചിത്രത്തിന്റെ തുടർച്ചയായ, എക്സ്-മെൻ: അപ്പോക്കാലിപ്സ്, 2016 മേയ് 27 നു റിലീസ് ചെയ്തു.
അഭിനേതാക്കൾ
ഹ്യൂഗ് ജാക്ക്മാൻ - ലോഗൻ / വൂൾവറീൻ
ജെയിംസ് മക്അവോയ്, പാട്രിക് സ്റ്റുവർട്ട് - ചാൾസ് സേവ്യർ / പ്രൊഫസർ എക്സ്
മൈക്കൽ ഫാസ്ബെൻഡർ, ഇയാൻ മക്കെല്ലൻ - എറിക് ലെഹൻസ്സർ / മാഗ്നറ്റോ
ജെന്നിഫർ ലോറൻസ് - റേവൻ ഡാർക്ഹോം / മിസ്റ്റിക്
നിക്കോളാസ് ഹൗൾട്ടും കെൽസി ഗ്രേമറും - ഡോ. ഹെൻറി "ഹാൻക്" മക്കോയ് / ബീസ്റ്റ്
ഹാലി ബെറി - ഒറോറോ മൺറോ / സ്റ്റോം
അന്ന പെക്വിൻ - മേരി / റോഗ്
എല്ലെൻ പേജ് - കിറ്റി പ്രൈഡ് / ഷാഡോക്
ഷാൻ ആഷ്മോർ - ബോബി ഡ്രേക്ക് / ഐസമാൻ
ഒമർ സൈ-ബിഷപ്പ്
പീറ്റർ ഡിൻക്ലേജ് - ബൊളിവർ ട്രാസ്ക്
ഇവാൻ പീറ്റേഴ്സ് - പീറ്റർ മാക്സിമോഫ് / ക്വിക്സിവർവർ
ജോഷ് ഹെൽമാൻ - മേജർ വില്യം സ്ട്രൈക്കർ
ഡാനിയൽ കൂഡ്മോർ - പീറ്റർ റാസ്പുതിൻ / കൊളോസസ്
ഫാൻ ബിങ്ബിങ് - ബ്ലിങ്ക്
ആദാൻ കാനോ - സൺ സ്പോട്ട്
ബോബു സ്റ്റിവർട്ട് - വാർപത്ത്
പ്രതികരണം
ബോക്സ് ഓഫീസ്
ആദ്യ ആഴ്ച്ചയ്ക്കുള്ളിൽ 262.8 മില്യൺ ഡോളർ വരുമാനം ലോകമെമ്പാടുമായി ചിത്രം നേടി. എക്സ്-മെൻ പരമ്പരയിലെ ചിത്രങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കമാണ് ഇത്. യുഎസ്, കാനഡ എന്നിവടങ്ങളിൽ നിന്ന് 233.9 ദശലക്ഷം ഡോളർ നേടിയ ചിത്രം ലോകത്തിലെ മറ്റ് വിപണികളിൽ നിന്ന് 513.9 ദശലക്ഷം ഡോളർ നേടി എക്സ്-മെൻ പരമ്പരയിലെ ഏറ്റവും വരുമാനം നേടുന്ന ചിത്രമായി. രണ്ടു വർഷത്തിനു ശേഷം ഡെഡ്പൂൾ ചിത്രം ഈ നേട്ടം മറികടന്നു.
നിരൂപക പ്രതികരണം
നിരൂപണങ്ങൾ ശേഖരിക്കുന്ന വെബ്സൈറ്റ് ആയ റോട്ടൻ ടൊമാറ്റോസിൽ എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റിന് 90% അംഗീകാരം ഉണ്ട്. ശരാശരി റേറ്റിംഗ് 7.5 / 10 ആണ്. സമാനമായ വെബ്സൈറ്റ് ആയ മെറ്റാക്രിട്ടിക് ചിത്രത്തിന് 100-ൽ 74 മാർക്ക് നൽകി.