എഡ്മൺഡ് ഡ്യൂലാക്ക് ഒരു ഫ്രഞ്ച് ചിത്രകാരനായിരുന്നു. 1882 ഒക്ടോബർ 22-ന് ഫ്രാൻസിൽജനിച്ചു. ഇദ്ദേഹം പിൽക്കാലത്ത് ബ്രിട്ടനിൽ സ്ഥിരതാമസമാക്കുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തു. പുസ്തകങ്ങൾക്കുവേണ്ടി ചിത്രം വരച്ചാണ് ഡ്യൂലാക്ക് പ്രശസ്തിയിലേക്കുയർന്നത്. യക്ഷിക്കഥകൾക്കും മറ്റും ചിത്രം വരയ്ക്കുന്നതിൽ ഇദ്ദേഹം അതീവ വൈദഗ്ദ്ധ്യം കാട്ടിയിരുന്നു. ഭാവനാസമ്പന്നവും വർണോജ്വലവു മായ അനേകം ചിത്രങ്ങൾ വിവിധ ഗ്രന്ഥങ്ങളിലൂടെ പുറത്തുവന്നു. മധ്യപൂർവേഷ്യൻചിത്രകല ഡ്യൂലാക്കിനെ വളരെയധികം സ്വാധീനിച്ചിരുന്നു. വ്യക്തികളുടെ ചിത്രങ്ങളും തൂലികാചിത്രങ്ങളുമാണ് ഇദ്ദേഹത്തിന്റെ മറ്റു സംഭാവനകൾ. നാടകവേദികളുടെയും മറ്റും രൂപരേഖ തയ്യാറാക്കുന്നതിലും ഡ്യൂലാക്ക് വിദഗ്ദ്ധനായിരുന്നു. 1953-ൽ എലിസബത്ത് II-ന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് സ്റ്റാമ്പ് ഡിസൈൻ ചെയ്യുന്ന ചുമതല ഇദ്ദേഹത്തെയാണ് ഏല്പിച്ചിരുന്നത്. ഇദ്ദേഹം 1953 മേയ് 25-ന് ലണ്ടനിൽ നിര്യാതനായി.