എഡ്വാർഡോ ഡാറ്റോ ഇറാഡിയർ
എഡ്വാർഡോ ഡാറ്റോ ഇറാഡിയർ സ്പെയിനിലെ ലാ കൊറൂണ എന്ന സ്ഥലത്ത് 1856 ആഗസ്റ്റ് 12-ന് ജനിച്ചു. സ്പെയിനിലെ രാഷ്ട്രീയനേതാവായ ഇദ്ദേഹം മൂന്നു തവണ പ്രധാനമന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി1892-ൽ ആഭ്യന്തര വകുപ്പിൽ അണ്ടർ സെക്രട്ടറിയായും 1899-ൽ ഈ വകുപ്പിനുവേണ്ടിയുളള മന്ത്രിയായും പ്രവർത്തിച്ചു. ഈ ഘട്ടത്തിൽ തൊഴിൽ രംഗത്ത് നിരവധി പരിഷ്ക്കാരങ്ങൾ നടപ്പാക്കുവാൻ ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. വർക്കേഴ്സ് കോമ്പൻസേഷൻ ആക്റ്റ് ഇക്കൂട്ടത്തിൽ എടുത്തു പറയാവുന്നതാണ്. ഇദ്ദേഹം 1902-ൽ നീതിന്യായ മന്ത്രിയാവുകയും 1907-ൽ മാഡ്രിഡിലെ മേയറാവുകയും ചെയ്തു. മൂന്നുതവണ സ്പാനിഷ് പ്രധാനമന്ത്രി1913 മുതൽ 21 വരെ സ്പാനിഷ് കൺസർവേറ്റിവ് പാർട്ടിയുടെ നേതൃത്വവും വഹിച്ചു. പാർട്ടി നേതൃത്വത്തിലുണ്ടായിരുന്ന അന്റോണിയോ മൗറ 1913-ൽ കൺസർവേറ്റിവ് പാർട്ടി മന്ത്രിസഭ രൂപവത്കരിക്കുവാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഡാറ്റോ പ്രധാനമന്ത്രിയായി അധികാരമേറ്റു. ഇതിനോടനുബന്ധിച്ചുളള അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിൽ രണ്ടു ഗ്രൂപ്പുകൾ ഉടലെടുക്കുന്നതിലേക്കു നയിക്കുകയും ഡാറ്റോ അതിൽ ഒരു ഗ്രൂപ്പിനു നേതൃത്വം നൽകുകയും ചെയ്തു. ഈ പ്രശ്നങ്ങൾ ഭരണരംഗം കാര്യക്ഷമമാക്കുന്നതിനു തടസ്സമായി തീർന്നിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് ഡാറ്റോ സ്പെയിനിനെ നിഷ്പക്ഷമാക്കി നിലനിറുത്തുകയാണുണ്ടായത്. ഇദ്ദേഹം 1915 വരെ പ്രധാനമന്ത്രിയായി തുടർന്നു. പിന്നീട് 1917 ജൂൺ മുതൽ ഒക്ടോബർ വരെ ഇദ്ദേഹം വീണ്ടും പ്രധാനമന്ത്രിപദത്തിലെത്തി. ഇക്കാലത്തുണ്ടായ സമരങ്ങളും മറ്റ് രാഷ്ട്രീയ അസ്വസ്ഥതകളും തുടച്ചുനീക്കുന്നതിനുളള നടപടികളുടെ ഭാഗമായി ഇദ്ദേഹം പാർലമെന്റ് പിരിച്ചു വിടുകയും ഭരണഘടനാനുസൃതമായി പൌരൻമാർക്കു ലഭ്യമായിരുന്ന അവകാശങ്ങളിൽ ചിലത് നിർത്തലാക്കുകയും ചെയ്തു. 1920-ൽ മൂന്നാമത്തെ തവണ പ്രധാനമന്ത്രിയാകുവാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. കൺസർവേറ്റിവ് പാർട്ടിയിൽ ഐക്യം പുനഃസ്ഥാപിക്കുന്നതിന് ഇദ്ദേഹം തീവ്രശ്രമം നടത്തി.1921 മാർച്ച് 8-ന് മാഡ്രിഡിൽ വച്ചുണ്ടായ ഭീകരവാദികളുടെ ബോംബാക്രമണത്തിൽ ഡാറ്റോ കൊല്ലപ്പെട്ടു. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia