എഡ്വേർഡ് ബ്രാഡ്ഫോർഡ് ടിച്ച്നർ
ഒരു ബ്രിട്ടീഷ്-അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ് എഡ്വേർഡ് ബ്രാഡ്ഫോർഡ് ടിച്ച്നർ. ജീവിതരേഖ1867 ജനുവരി 11-നു ഇംഗ്ലണ്ടിലെ ചിച്ചെസ്റ്ററിൽ (Chichester) ജനിച്ചു[1]. ഓക്സ്ഫോഡ് സർവകലാശാലയിൽ ചേർന്ന് തത്ത്വശാസ്ത്രവും ജീവശാസ്ത്രവും പഠിച്ചശേഷം ലീപ്സിഗിലുള്ള വില്യം വൂണ്ടിന്റെ ഗവേഷണസ്ഥാപനത്തിലെ ഫെലോ ആയി മനഃശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും അവഗാഹം നേടി. അക്കാലത്ത് മനഃശാസ്ത്രത്തിനു ഇംഗ്ലണ്ടിൽ വേണ്ടത്ര അംഗീകാരം ലഭിക്കാതിരുന്നതിനാൽ ടിച്ച്നർ അമേരിക്കയിലേക്കു പോയി (1893). ന്യൂയോർക്കിലെ കോർണൽ സർവകലാശാലയിൽ 35 വർഷം മനഃശാസ്ത്രത്തിന്റെ പ്രൊഫസർ ആയി ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. മനഃശാസ്ത്രപഠനങ്ങൾക്ക് അന്തർ നിരീക്ഷണരീതി (Introspection) യാണ് ടിച്ച്നർ അവലംബിച്ചത്. മറ്റു മനഃശാസ്ത്ര പഠനരീതികളോട് തികച്ചും നിഷേധാത്മകമായ ഒരു സമീപനമാണ് ഇദ്ദേഹം സ്വീകരിച്ചത്. ഇന്ദ്രിയാനുഭവങ്ങളുടെ സവിശേഷ സ്വഭാവത്തെ ആസ്പദമാക്കി വ്യക്തിയുടെ വികാരവിചാരങ്ങളെ വിശകലനം ചെയ്യാൻ കഴിയുമെന്ന സിദ്ധാന്തം ഇദ്ദേഹത്തെ ആധുനിക മനഃശാസ്ത്രജ്ഞർക്കിടയിൽ ശ്രദ്ധേയനാക്കി. വ്യക്തിയുടെ അനുഭവങ്ങളെ വിശകലനം ചെയ്യാൻ നാഡീവ്യൂഹത്തെക്കുറിച്ചുള്ള അറിവ് അനുപേക്ഷണീയമാണെന്നതായിരുന്നു ഇദ്ദേഹത്തിന്റെ മറ്റൊരു നിഗമനം. ടിച്ച്നർ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നാല് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച എക്സ്പിരിമെന്റൽ സൈക്കോളജി (1901-1905) യാണ് ഏറ്റവും പ്രധാന കൃതി. 1927 ആഗസ്റ്റ് 3-ന് ന്യൂയോർക്കിലെ ഇത്താക്കയിൽ അന്തരിച്ചു. അവലംബംപുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia