എഫ്.സി. ബാഴ്സലോണയുടെ ചരിത്രം![]() 1899ൽ സ്ഥാപിതമായ ഒരു സ്പാനിഷ് ഫുട്ബോൾ ക്ലബ്ബാണ് എഫ്.സി. ബാഴ്സലോണ. എഫ്.സി. ബാഴ്സലോണ, ബാഴ്സ എന്ന പേരിലും ബാഴ്സലോണ എന്നു മാത്രമായും അറിയപ്പെടുന്നു. സ്പെയിനിലെ കറ്റാലൻ പ്രദേശമായ ബാഴ്സലോണയാണ് എഫ്.സി. ബാഴ്സലോണയുടെ ആസ്ഥാനം. ജൊവാൻ കാമ്പർ എന്ന വ്യക്തിയാണ് 1899ൽ സ്വിസ്, ഇംഗ്ലിഷ്, കറ്റാലൻ ഫുട്ബോളർമായരുടെ ഒരു സംഘമായി എഫ്.സി. ബാഴ്സലോണ സ്ഥാപിച്ചത്. ഒരു ട്രെബിൾ നേടുന്ന ആദ്യത്തെ സ്പാനിഷ് ക്ലബ്ബും ഒരു സെക്സറ്റപ്പിൾ നേടുന്ന ലോകത്തിലെ ആദ്യ ക്ലബ്ബും ബാഴ്സലോണയാണ്. 1928ൽ സ്പെയിനിലെ ഒന്നാം ഡിവിഷൻ ലീഗായ ലാ ലിഗായിൽ കളിക്കുന്ന ബാഴ്സ ഇതുവരെയും ലാ ലിഗയിൽ പുറത്തായിട്ടില്ല. റയൽ മാഡ്രിഡ്, അത്ലെറ്റിക്കോ ബിൽബാവോ എന്നീ ക്ലബ്ബുകളും ലാ ലിഗയിൽ നിന്ന് ഇതുവരെ പുറത്തായിട്ടില്ല. ഫുട്ബോളിനോടൊപ്പം തന്നെ രാഷ്ട്രീയ പ്രാധാന്യവും ബാഴ്സലോണയുടെ ചരിത്രത്തിനുണ്ട്. ക്ലബ്ബ് സ്ഥാപിച്ചത് വിദേശികളാണെങ്കിലും പിന്നീട് ക്ലബ്ബ് കാറ്റലോണിയയുടെ പ്രതിനിധിയായി മാറി. സ്പെയിനിലെ ഏകാധിപതികളുടെ വാഴ്ചയും കാറ്റലോണിയ - കാസിലിയ വംശീയതയും ബാഴ്സലോണയുടെ ചരിത്രത്തിൽ നിരവധി സംഭവവികാസങ്ങൾക്ക് കാരണമായിട്ടുണ്ട്. കാറ്റലോണിയക്കാർ തങ്ങളുടെ വംശീയത പ്രകടിപ്പിക്കുന്നത് ബാഴ്സയോടുള്ള ആരാധന വഴിയാണ്. കാസിലിയയെ പ്രതിനിധീകരിക്കുന്ന റയൽ മാഡ്രിഡ് ബാഴ്സയുടെ ബദ്ധവൈരികൾ എന്നറിയപ്പെടുന്നു. ബാഴ്സ-റയൽ മാഡ്രിഡ് പോരാട്ടം എൽ ക്ലാസിക്കോ എന്ന പേരിൽ അറിയപ്പെടുന്നു. രാഷ്ട്രീയ മേഖലകളിൽ റയൽ - ബാഴ്സ പോരാട്ടം ഉണ്ടാക്കുന്ന പ്രത്യാഖാതങ്ങളും ക്ലബ്ബിനെ ബാധിച്ചിട്ടുണ്ട്. എഫ്.സി. ബാഴ്സലോണയുടെ തുടക്കം (1899–1922)
നവംബർ 29ന് ജൊവാൻ കാമ്പർ, ജിംനേഷ്യോ സോളിൽ ഒരു യോഗം വിളിച്ചുകൂട്ടി. പതിനൊന്ന് കളിക്കാരുമായി അന്ന് എഫ്.സി. ബാഴ്സലോണ പിറന്നു. വാൾട്ടർ വൈൽഡ്, ബാർട്ടമ്യോ ടൊറഡാസ്, ഓട്ടോ കൻസിൽ, ഓട്ടോ മേയർ, എൻറിക് ഡുകാൽ, പിയർ കാബോട്ട്, കാൾസ് പുയോൾ, ജോസപ് ഇലോബട്ട്, ജോൺ പാഴ്സൺസ്, വില്ല്യം പാഴ്സൺസ് എന്നിവരായിരുന്നു ആ പതിനൊന്ന് കളിക്കാർ.[1] നീലയും ചുവപ്പും നിറങ്ങളുള്ള നിലവിലെ ബാഴ്സയുടെ ജെഴ്സി ആദ്യമായി ബാഴ്സ ഉപയോഗിച്ചത് 1900ൽ ഹിസ്പാനിയക്കെതിരായ മത്സരത്തിലായിരുന്നു. ജൊവാൻ കാമ്പറാണ് ഈ നിറത്തിലുള്ള ജെഴ്സി തിരഞ്ഞെടുത്തതെന്ന് കരുതപ്പെടുന്നു. കാമ്പർ ഇത് തിരഞ്ഞെടുത്തതിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങളുണ്ടെങ്കിലും എഫ്.സി. ബേസലിന്റെ ജെഴ്സിയിൽ നിന്നാണ് കാമ്പർ ഈ നിറങ്ങൾ കണ്ടെത്തിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കാമ്പറുടെ സ്വന്തം നഗരമായിരുന്നു ബേസൽ.[2] പ്രാദേശിക ടൂർണ്ണമെന്റുകളായ കോപ ഡെൽ റേയിലും കറ്റാലൻ ദേശീയ ഫുട്ബോൾ ടൂർണമെന്റിലും വളരെപ്പെട്ടെന്ന് ബാഴ്സ അറിയപ്പെടുന്ന ക്ലബ്ബായി മാറി. 1902ൽ ബാഴ്സ അവരുടെ ആദ്യത്തെ കിരീടം - കോപ മക്കായ സ്വന്തമാക്കി. അതേ വർഷം തന്നെ ആദ്യത്തെ കോപ ഡെൽ റേയിൽ പങ്കെടുക്കുകയും ഫൈനലിൽ ബികസായയോട് (ഇപ്പോഴത്തെ അത്‌ലെറ്റിക്കോ ബിൽബോവോ) 1–2ന് പരാജയപ്പെടുകയും ചെയ്തു.[3] കടബാദ്ധ്യതയിൽ പെട്ട ക്ലബ്ബിനെ രക്ഷിക്കാൻ 1908ൽ ജൊവാൻ കാമ്പർ ബാഴ്സയുടെ ക്ലബ്ബ് പ്രസിഡന്റായി. 1905ലെ കാറ്റലോണിയൻ ചാമ്പ്യൻഷിപ്പിന് ശേഷം മറ്റു കിരീടങ്ങൾ നേടാത്തതായിരുന്നു ക്ലബ്ബിനെ സാമ്പത്തികമായി ബുദ്ധിമുട്ടിലാകകാൻ കാരണം. 1908നും 1925നും ഇടയിൽ അഞ്ച് തവണ ക്ലബ്ബ് പ്രസിഡന്റായ കാമ്പർ ഇരുപത്തഞ്ച് വർഷത്തോളം ബാഴ്സലോണയോടൊപ്പം ചെലവഴിച്ചു. ബാഴ്സക്ക് സ്വന്തം സ്റ്റേഡിയവും സ്ഥിരവരുമാനവും നേടിക്കൊടുത്തത് കാമ്പറുടെ നേട്ടങ്ങളിൽപ്പെടുന്നു.[4] 1909 മാർച്ച് 14ന്, 8,000ഓളം കാണികളെ വഹിക്കാനാവുന്ന മൈതാനമായ കാമ്പ് ഡി ലാ ഇന്റസ്ട്രിയയിലേക്ക് ബാഴ്സ ടീം നീങ്ങി. പുതിയ പരിസ്ഥിതിയിലേക്ക് എത്തിയത് ആഘോഷിക്കാൻ ക്ലബ്ബ് ഒരു ചിഹ്ന രൂപകൽപനാ മത്സരം ഏർപ്പെടുത്തി. കളിക്കാരനും സർജനുമായിരുന്ന കാൾസ് കൊമാമല ഈ മത്സരത്തിൽ വിജയിയായി. 2012 വരെയും ചെറിയ മാറ്റങ്ങളോടെ അദ്ദേഹത്തിന്റെ തന്നെ ചിഹ്നമാണ് ബാഴ്സ ഉപയോഗിക്കുന്നത്.[5] 1910 മുതൽ 1914 വരെ ബാഴ്സലോണ പൈറിനീസ് കപ്പിൽ പങ്കെടുത്തു. ലാങ്യുഡോക്, മിഡി, അക്യുറ്റെയിൻ (ദക്ഷിണ ഫ്രാൻസ്), ബാസ്ക്, കാറ്റലോണിയ എന്നീ പ്രദേശങ്ങളിലെ പ്രശസ്ത ടീമുകൾ പങ്കെടുത്തിരുന്ന ടൂർണമെന്റായിരുന്നു പൈറിനീസ്. ഈ പ്രദേശങ്ങളെല്ലാം പഴയ മാഴ്സ ഹിസ്പാനിക്കയുടെ ഭാഗമായിരുന്നു. അക്കാലത്തെ മികച്ച ടൂർണമെന്റുകളിലൊന്നായി ഇതിനെ പരിഗണിച്ചിരുന്നു.[6][7] ആരംഭവർഷമായ 1910 മുതൽ 1913 വരെ തുടർച്ചയായ നാല് വർഷവും ബാഴ്സ തന്നെയായിരുന്നു പൈറിനീസ് കപ്പ് വിജയികൾ. കാൾസ് കൊമാമല നാലു വർഷവും ക്ലബ്ബിനെ വിജയത്തിലേക്കിത്തെക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചു. അമേഷാസുറയും ജാക്ക് ഗ്രീൻവെല്ലുമായിരുന്നു ടീമിലെ മറ്റു പ്രമുഖർ. ഗ്രീൻവെൽ പിന്നീട് 1917ൽ ക്ലബ്ബിന്റെ ആദ്യ മുഴുവൻ സമയ കോച്ചായി മാറി.[8] 1914ലെ പൈറിനീസ് കപ്പ് ബാഴ്സലോണയിൽ വെച്ചാണ് നടന്നത്. ക്ലബ്ബിന്റെ പ്രാദേശിക വൈരികളായ എസ്പാൻയോളായിരുന്നു ആ തവണത്തെ വിജയികൾ.[9] ഇതേ സമയം തന്നെ ബാഴ്സ തങ്ങളുടെ ഔദ്യോഗിക ഭാഷ കാസിലിയൻ സ്പാനിഷിൽ നിന്നും കറ്റാലനിലേക്ക് മാറ്റുകയും കറ്റാലൻ ദേശീയതയുടെ പ്രതീകമായി അറിയപ്പെടുകയും ചെയ്തു. ഭൂരിഭാഗം ആരാധകർക്കും ബാഴ്സലോണ എഫ്. സി. എന്നത് ഫുട്ബോൾ ടീം എന്നതിനേക്കാൾ തങ്ങളുടെ വംശീയതയുടെ ചിഹ്നമായിരുന്നു.[10] 1917 ഫെബ്രുവരി നാലിന് ക്ലബ്ബ് തങ്ങളുടെ ആദ്യത്തെ ടെസ്റ്റിമോണിയൽ മത്സരം കളിച്ചു. 1913 മുതൽ 1928 വരെ ക്ലബ്ബിന്റെ ഭാഗമായിരുന്ന റാമൺ ടൊറാൽബയെ ആദരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ബാഴ്സ 6-2ന് ജയിച്ച മത്സരത്തിൽ പ്രാദേശിക ക്ലബ്ബായ ടെരേസയായിരുന്നു എതിരാളികൾ.[11] കാമ്പർ പിന്നീട് ക്ലബ്ബിലേക്ക് അംഗങ്ങളെ ചേർക്കാൻ തുടങ്ങി. 1922 ആയപ്പോഴേക്കും 20,000 അംഗങ്ങളുള്ള ക്ലബ്ബായി മാറുകയും പുതിയൊരു മൈതാനത്തിനുള്ള ധനശേഖരണം ആരംഭിക്കുകയും ചെയ്തു. അതേ വർഷം തന്നെ ക്യാമ്പ് ഡി ലേ കോർട്ടിലേക്ക് ക്ലബ്ബ് തങ്ങളുടെ മൈതാനം മാറ്റി.[12] തുടക്കത്തിൽ 22,000 പേരെ ഉൾക്കൊള്ളാനുള്ള കഴിവേ ലേ കോർട്ടിനുണ്ടായിരുന്നുള്ളൂ. പിന്നീടത് 60,000 ആയി വർദ്ധിപ്പിച്ചു.[13] ജാക്ക് ഗ്രീൻവെല്ലിനെ ക്ലബ്ബിന്റെ ആദ്യത്തെ മുഴുവൻ സമയ മാനേജറായി നിയമിക്കുകയും ക്ലബ്ബിന്റെ പ്രകടനം മെച്ചപ്പെടുകയും ചെയ്തു. കാമ്പറുടെ കാലഘട്ടത്തിൽ പതിനൊന്ന് തവണ കാറ്റലോണിയൻ ചാമ്പ്യൻഷിപ്പ്, ആറ് കോപ ഡെൽ റേ, നാല് പൈറിനീസ് കപ്പ് എന്നിവ നേടിയിരുന്നു. ഇത് ക്ലബ്ബിന്റെ ആദ്യത്തെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നു.[3][4] ഒന്നാം സ്പാനിഷ് ആഭ്യന്തര യുദ്ധം (1923–1957)![]() 1925 ജൂൺ 14ന് സ്റ്റേഡിയത്തിലെ കാണികൾ സ്പാനിഷ് ദേശീയ ഗാനമായ 'മാർഷ റിയലിനെ' പരിഹസിക്കുകയും 'ഗോഡ് സേവ് ദ കിംഗ്' എന്ന ഗാനത്തെ ഹർഷാരവങ്ങളോടെ എതിരേൽക്കുകയും ചെയ്തു. സ്പെയിൻ ഏകാധിപതിയാ മിഗ്വൽ പ്രിമോ ഡി റിവറെക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ഇത്. ഇതിന്റെ ഫലമായി സ്റ്റേഡിയം ആറ് മാസത്തേക്ക് അധികാരികൾ അടച്ചിട്ടു. കാമ്പർ ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനം രാജി വെക്കാൻ നിർബന്ധിതനായി.[14] ഇത് ക്ലബ്ബിനെ വാണിജ്യവൽക്കരിക്കുന്നതിന് കാരണമായി. 1926ന് ബാഴ്സലോണയെ വാണിജ്യക്ലബ്ബായി അതിന്റെ ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് പ്രഖ്യാപിച്ചു.[12] 1928ലെ സ്പാനിഷ് കപ്പ് വിജയം ബാഴ്സലോണ ആഘോഷിച്ചത് ഒഡ എ പ്ലാക്റ്റോ എന്ന ഗാനത്തോടൊപ്പമായിരുന്നു. ജെനറേഷൻ ഓഫ് 27 എന്ന സംഘത്തിലെ അംഗമായ കവി റാഫേൽ ആൽബെർട്ടിയാണ് ഈ ഗാനം രചിച്ചത്. ബാഴ്സലോണ ഗോൾകീപ്പറുടെ പ്രകടനത്തിൽ പ്രചോദിതനായിട്ടായിരുന്നു ഈ കവിതയെഴുതിയത്.[15] സാമ്പത്തിക , വ്യക്തിപരമായ പ്രശ്നങ്ങളാൽ വിഷാദരോഗത്തിന് അടിമയായിരുന്ന കാമ്പർ 1930 ജൂലൈ 30ന് ആത്മാഹുതി ചെയ്തു.[4] കായിക മേഖലയിൽ രാഷ്ട്രീയമായ പ്രശ്നങ്ങൾ ധാരാളമുണ്ടായെങ്കിലും ജോസപ് എസ്കോളയുടെ നേതൃത്വത്തിൽ കളിക്കാരുമായി ടീം മുന്നോട്ട് പോയി.[16] 1930, 1931, 1932, 1934, 1936, 1938 വർഷങ്ങളിൽ കാറ്റലോണിയൻ ചാമ്പ്യൻഷിപ്പ് നേടിയെങ്കിലും[3] ആ മികവ് ദേശീയ തലത്തിലും തുടർന്നതിനാൽ ക്ലബ്ബിനെ കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാതിരിക്കാൻ കാരണമായി. 1937ലെ മെഡിറ്ററേനിയൻ ലീഗ് കിരീട വിവാദം ഇതിനൊരപവാദമായിരുന്നു. 1936ൽസ്പാനിഷ് ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം ബാഴ്സലോണയിലെയും അത്‌ലെറ്റിക്കോ ബിൽബാവോയിലെയും വിവിധ കളിക്കാരെ പട്ടാളത്തിനെതിരെ പ്രവർത്തിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി.[17] ആഗസ്റ്റ് ആറിന് ക്ലബ്ബിന്റെ പ്രസിഡന്റും പ്രോ-ഇന്റിപെന്റൻസ് പാർട്ടിയുടെ പ്രതിനിധിയുമായ ജോസപ് സൺയോളിനെ ഗ്വാഡാറമക്കടുത്ത് ഫലാഞ്ചിസ്റ്റ് സൈനികൻ കൊലപ്പെടുത്തി.[18] ബാഴ്സലോണയുടെ രക്തസാക്ഷിത്വം ആയി പ്രഖ്യാപിക്കപ്പെട്ട ഈ സംഭവം എഫ്. സി. ബാഴ്സലോണയുടെ ചരിത്രത്തിലെ നിർണ്ണായക നിമിഷമായിരുന്നു.[19] 1937ൽ ക്ലബ്ബ് അമേരിക്ക, മെക്സിക്കോ പര്യടനത്തിലായിരുന്ന സമയത്താണ് സ്പെയിനിൽ രണ്ടാം റിപ്പബ്ലിക്ക് അരങ്ങേറുന്നത്. ഈ പര്യടനം ക്ലബ്ബിനെ സാമ്പത്തികമായി സഹായിച്ചു എന്നത് പോലെത്തന്നെ ടീം അംഗങ്ങളിൽ പകുതിയോളം പേർ അമേരിക്ക, മെക്സിക്കോ രാജ്യങ്ങളിൽ അഭയം തേടാനും കാരണമായി. 1938 മാർച്ച് പതിനാറിന് ബാഴ്സലോണയിൽ ബോംബാക്രമണം നടന്നു. മൂവായിരത്തോളം പേർ മരിച്ചു. ഒരു ബോംബ് ക്ലബ്ബിന്റെ ഓഫീസിലും പതിച്ചു.[20] ഏകദേശം ഒരു മാസത്തിന് ശേഷമാണ് കാറ്റലോണിയ സാധാരണ നിലയിലായത്. 3,486 അംഗങ്ങളിലേക്ക് ചുരുങ്ങിയ, കറ്റാലനിസത്തിന്റെ പ്രതീകമായ ബാഴ്സലോണാ ക്ലബ്ബിനുമേൽ ധാരാളം നിയന്ത്രണങ്ങൾ കൊണ്ടുവരപ്പെട്ടു.[21] ആഭ്യന്തര യുദ്ധത്തിന് ശേഷം കറ്റാലൻ പതാക നിരോധിക്കുകയും ഫുട്ബോൾ ക്ലബ്ബുകൾ സ്പാനിഷ്-ഇതര വാക്കുകൾ ഉപയോഗിക്കരുതെന്നും നിയമമിറക്കി. ഇത് ക്ലബ്ബിന്റെ പേര് ക്ലബ് ഡി ഫുട്ബോൾ ബാഴ്സലോണ എന്നാക്കാനും ക്ലബ്ബ് ഷീൽഡിലെ കറ്റാലൻ പതാക നീക്കാനും കാരണമായി.[13] ![]() |1943ലെ കോപ ഡെൽ ജെനറിലിസിമോ സെമിഫൈനലിൽ ബാഴ്സയുടെ എതിരാളികൾ റയൽ മാഡ്രിഡായിരുന്നു. സെമിഫൈനലിന്റെ ആദ്യപാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്സലോണ ജയിച്ചു. രണ്ടാം പാദ മത്സരത്തിന് മുമ്പ് ബാഴ്സലോണ ക്ലബ്ബ് ഡ്രസ്സിംഗ് റൂമിൽ ജെനറൽ ഫ്രാങ്കോ ഒരു ഹ്രസ്വസന്ദർശനം നടത്തി. 'ജെനറലിന്റെ ഔദാര്യം' കൊണ്ട് മാത്രമാണ് അവരിപ്പോഴും കളിക്കുന്നതെന്ന് ബാഴ്സലോണാ കളിക്കാരെ ഓർമ്മിപ്പിച്ചു. ഇതിന്റെ ഫലമായി രണ്ടാം പാദത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ പതിനൊന്ന് ഗോളുകൾക്ക് വിജയിച്ചു.[22] രാഷ്ട്രീയമായ പ്രശ്നങ്ങൾക്കിടയിലും 1940കളിലും 1950കളിലും ബാഴ്സ ധാരാളം വിജയങ്ങൾ നേടി. 1945ൽ ജോസപ് സാമിറ്റ്യർ മാനേജറും സെസാർ. റമാലെറ്റ്സ്, വെലാസ്കോ എന്നിവരുമടങ്ങുന്ന ടീം ആദ്യമായി ലാ ലിഗായിൽ കിരീടമുയർത്തി. 1948ലും 1949ലും അവർ ഈ നേട്ടം ആവർത്തിച്ചു. 1949ൽ തന്നെ കോപ ലാറ്റിനയും ബാഴ്സ നേടി. 1950 ജൂലൈയിൽ ക്ലബ്ബ് ലാദ്സ്ലാവോ കുബാലയുമായി കരാർ ഒപ്പുവെച്ചു. പിന്നീട് ക്ലബ്ബിന്റെ പ്രധാന കളിക്കാരിൽ ഒരാളായി കുബാല മാറി. 1951ൽ സാന്റഡോറിനെ 2–1ന് തോൽപ്പിച്ച ശേഷം ബാഴ്സലോണാ ആരാധകർ ലേ കോർട്ടിൽ നിന്ന് ട്രാമുകളൊന്നും ഉപയോഗിക്കാതെ നടന്ന് തിരികെപ്പോയി. ഇത് ഫ്രാങ്കോയുടെ അധികൃതരെ അത്ഭുതപ്പെടുത്തി. ബാഴ്സലോണാ ആരാധകരുടെ പിന്തുണയോടു കൂടി ആ സമയം ബാഴ്സലോണ നഗരത്തിൽ ട്രാം സമരം നടക്കുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ കാറ്റലോണിയയുടെ പ്രതിനിധികൾ എന്ന നിലയിൽ നിന്ന് അവകാശങ്ങൾക്കും സ്വാതന്ത്രത്തിനും വേണ്ടിയുള്ള ശബ്ദം കൂടിയായി ബാഴ്സലോണാ ക്ലബ്ബിനെ പരിഗണിക്കാൻ കാരണമായി.[23][24] മാനേജർ ഫെർഡിനാൻഡ് ഡോസിക്കും ലാസ്ലോ കബാലയും ക്ലബ്ബിനെ വിജയങ്ങളിലേക്ക് നയിച്ചു. 1952ൽ ലാ ലിഗാ, കോപ ഡെൽ ജെനറിലിസ്മോ (ഇപ്പോഴത്തെ കോപ ഡെൽ റേ), കോപ ലാറ്റിന, കോപ മാർട്ടിനി, കോപാ ഇവാ ഡ്വാർട്ടേ എന്നിങ്ങനെ അഞ്ച് കിരീടങ്ങളും നേടി. 1953ലും ലാ ലിഗാ, കോപ ഡെൽ ജെനറലിസിമോ കിരീടനേട്ടങ്ങൾ ആവർത്തിച്ചു.[13] ക്ലബ്ബ് ഡി ഫുട്ബോൾ ബാഴ്സലോണ (1957–1978)![]() 1959ൽ ദേശിയ തലത്തിലെ രണ്ട് കിരീടങ്ങളും 1960ൽ ലാ ലിഗാ, ഇന്റർ സിറ്റീസ് ഫെയേഴ്സ് കപ്പ് എന്നിവയും ബാഴ്സലോണ നേടി. അക്കാലത്ത് ഹെലനിയോ ഹെറാര ആയിരുന്നു ടീം മാനേജർ. 1960ലെ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ലൂയി സുവാരസ് മിറാമെന്റോസ്, കുബാലയുടെ നിർദ്ദേശപ്രകാരം ടീമിലെടുത്ത ഹംഗേറിയൻ കളിക്കാരായ സാന്റർ കോക്സിസ്, സോൾട്ടൻ ചിബോർ എന്നിവരായിരുന്നു ടീമിലെ പ്രമുഖ കളിക്കാർ. 1961ലെ യൂറോപ്യൻ കപ്പിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കുന്ന ആദ്യ ടീമായി ബാഴ്സലോണ മാറി. എങ്കിലും ഫൈനലിൽ ബെനഫിക്കയോട് തോറ്റു.[26][27][28] 1960ൽ ടീമിന് അത്ര നല്ല നേട്ടങ്ങളൊന്നും ഉണ്ടായില്ല. ലാ ലിഗ റയൽ മാഡ്രിഡ് നേടി. 1957ൽ ക്യാമ്പ് നൂവിന്റെ പണി പൂർത്തിയാക്കിയത് കാരണം പുതിയ കളിക്കാരെ വാങ്ങാനുള്ള പണം ക്ലബ്ബിന്റെ അടുക്കൽ ഉണ്ടായിരുന്നു.[28] അതേ ദശാബ്ദം തന്നെ ജോസപ് മരിയ ഫസ്റ്റേയുടെയും കാൾസ് റിക്സാക്കിന്റെയും മുന്നേറ്റങ്ങൾക്കും ക്ലബ്ബ് സാക്ഷ്യം വഹിച്ചു. 1963ൽ കോപ ഡെൽ ജെനറിലിസിമോയും 1966ൽ ഫെയേഴ്സ് കപ്പും ക്ലബ്ബ് നേടി. 1968ലെ കോപ ഡെൽ ജെനറിലിസിമോ ഫൈനലിൽ സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ബാഴ്സലോണ തങ്ങളുടെ പഴയകാല പ്രതാപം തിരിച്ചപിടിച്ചു. ജെനറൽ ഫ്രാങ്കോയുടെ മുന്നിൽ വെച്ചായിരുന്നു സ്പാനിഷ് രണ്ടാം റിപ്പബ്ലിക്കൻ നേതാവ് കൂടിയായ സാൽവദോർ ആർട്ടിഗസ് മാനേജറായിരുന്ന ക്ലബ്ബിന്റെ ഈ വിജയം. 1974ൽ ഫ്രാങ്കോയുടെ ഏകാധിപത്യം അവസാനിച്ചതോടെ ക്ലബ്ബ് ഔദ്യോഗിക നാമം വീണ്ടും ഫുട്ബോൾ ക്ലബ്ബ് ബാഴ്സലോണ എന്നാക്കുകയും കറ്റാലൻ ലിപി തന്നെ ഉപയോഗിക്കുകയും പഴയ ചിഹ്നങ്ങൾ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു.[29] 1973–74 സീസണിൽ റെക്കോഡ് തുകയായ £920,000ന് അയാക്സിൽ നിന്നും പ്രശസ്ത ഡച്ച് കളിക്കാരനായ യൊഹാൻ ക്രൈഫിനെ ബാഴ്സലോണ ടീമിലെത്തിച്ചു.[30] റയൽ മാഡ്രിഡിനുപരി ബാഴ്സലോണ തിരഞ്ഞെടുക്കാൻ കാരണം, താൻ ജെനറൽ ഫ്രാങ്കോയുമായി ബന്ധപ്പെട്ട ടീമുമായി കളിക്കാനാഗ്രഹിക്കുന്നില്ല എന്നതിനാലാണെന്ന് യൊഹാൻ ക്രൈഫ് വ്യക്തമാക്കി. ഇത് വളരെപ്പെട്ടെന്ന് ബാഴ്സാ ആരാധകർക്കിടയിൽ യൊഹാൻ ക്രൈഫ് പ്രിയ കളിക്കാരനായിത്തീരാൻ കാരണമായി. യൊഹാൻ ക്രൈഫ് പിന്നീട് തന്റെ മകന് കറ്റാലൻ വിശുദ്ധവ്യക്തിയായ യോർഡിയുടെ പേര് നൽകി.[31] യൊഹാൻ ക്രൈഫ്, യുവാൻ മാന്വൽ ആഴ്സ്നെസി, കാൾസ് റിക്സാച്ച്, ഹ്യൂഗോ സോട്ടിൽ എന്നിവരടങ്ങിയ ടീം, 1973–74 സീസണിൽ ക്ലബ്ബിന് ലാ ലിഗാ കിരീടം നേടിക്കൊടുത്തു. 1960ന് ശേഷമുള്ള ക്ലബ്ബിന്റെ ആദ്യത്തെ ലാ ലിഗാ കിരീടമായിരുന്നു ഇത്.[3] സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡിനെ 5–0ന് തോൽപ്പിച്ചായിരുന്നു ഈ കിരീടനേട്ടം.[32] 1973ൽ ക്രൈഫ് രണ്ടാമതും മികച്ച യൂറോപ്യൻ കളിക്കാരനുള്ള കിരീടം (ബാലൺ ഡി ഓർ) നേടി. 1971ൽ അയാക്സിനു വേണ്ടിയായിരുന്നു ആദ്യ കിരീടം. ബാഴ്സലോണയിലായിരിക്കുമ്പോൾ തന്നെ 1974ൽ യൊഹാൻ ക്രൈഫ് മൂന്നാമതും ബാലൺ ഡി ഓർ നേടി.[33] നൂൺസും സ്ഥിരതയുടെ വർഷങ്ങളും (1978–2000)1978ൽ ജോസെപ് ലൂയിസ് നൂൺസിനെ ബാഴ്സലോണാ ക്ലബ്ബ് പ്രസിഡന്റായി ക്ലബ്ബ് അംഗങ്ങൾ തിരഞ്ഞെടുത്തു. 1974ൽ സ്പെയിൻ ജനാധിപത്യത്തിന്റെ പാതയിലേക്ക് നീങ്ങിയതും ജെനറൽ ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണം അവസാനിച്ചതും നൂൺസിനെ പ്രസിഡന്റായി തിരഞ്ഞെടുക്കാൻ കാരണമായി. മൈതാനത്തിനകത്തും പുറത്തും ക്ലബ്ബിനെ ഒരു ലോകോത്തര നിലവാരമുള്ള ടീമാക്കി മാറ്റുക എന്നതായിരുന്നു നൂൺസിന്റെ ലക്ഷ്യം. ക്രൈഫിന്റെ നിർദ്ദേശപ്രകാരം നൂൺസ് 1979 ഒക്ടോബർ ഇരുപതിന് ബാഴ്സലോണയുടെ യുവ അക്കാദമിയായ ലാ മാഴ്സ ഉദ്ഘാടനം ചെയ്തു.[34] 22 വർഷത്തോളം ക്ലബ്ബിന്റെ പ്രസിഡന്റായിരുന്ന നൂൺസ് അച്ചടക്കത്തിലും ശമ്പളത്തിന്റെ കാര്യത്തിലും കർശന സ്വഭാവമുള്ള വ്യക്തിയായിരുന്നു. കളിക്കാരായ ഡീഗോ മറഡോണ, റൊമാരിയോ, റൊണാൾഡോ എന്നിവർക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചതും അദ്ദേഹത്തിന്റെ നടപടികളിൽപ്പെടുന്നു.[35][36] 1979 മെയ് 16ന് ക്ലബ്ബ് ചരിത്രത്തിലാദ്യമായി അവരുടെ യുവേഫ വിന്നേഴ്സ് കപ്പ് നേടി. ബേസൽ മൈതാനത്തിൽ നടന്ന മത്സരത്തിൽ 4–3ന് ഫോർച്യൂൻ ഡസൽഡോഫിനെ തോൽപ്പിച്ചു കൊണ്ട് നേടിയ ഈ കിരീട നേട്ടത്തിന് 30,000ഓളം ബാഴ്സാ ആരാധകർ സാക്ഷ്യം വഹിക്കുകയുണ്ടായി. 1982 ജൂണിൽ ബൊക്ക ജൂനിയേഴ്സിൽ നിന്ന് മറഡോണയെ അഞ്ച് ദശലക്ഷം പൗണ്ടിന് ക്ലബ്ബ് ഏറ്റെടുത്തു.[37] തുടർന്നുള്ള സീസണിൽ മാനേജർ മനോട്ടിയുടെ നേതൃത്വത്തിൽ ക്ലബ്ബ് ഫൈനലിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് കോപ ഡെൽ റേ നേടി. മറഡോണ ബാഴ്സയുമൊത്ത് കുറച്ച് കാലമേ കളിച്ചുള്ളൂ. അദ്ദേഹം പിന്നീട് നാപ്പോളിയിലേക്ക് ചേക്കേറി. 1984–85 സീസണിന്റെ ആരംഭത്തിൽ മാനേജറായി ടെറി വെനബിൾസ് ചുമതല ഏറ്റെടുത്തു. അത്തവണ ജെർമൻ മിഡ്ഫീൽഡറായ ബേൺഡ് ഷൂസ്റ്ററുടെ നേതൃത്വത്തിൽ ലാ ലിഗാ നേടി. അടുത്ത സീസണിൽ യൂറോപ്യൻ കപ്പിന്റെ ഫൈനലിലെത്തിയെങ്കിലും സ്റ്റിയോ ബുകുറെസ്റ്റിയോട് ഫൈനലിൽ പരാജയപ്പെട്ടു. സെവിയ്യയിൽ വെച്ച് നടന്ന അത്യന്തം നാടകീയമായ ഈ മത്സരത്തിൽ ഒരു പെനാൽട്ടിയാണ് വിധി നിർണ്ണയിച്ചത്.[35] 1986ലെ ഫിഫ ലോകകപ്പിനു ശേഷം ഇംഗ്ലീഷ് ടോപ്പ് സ്കോററായ ഗാരി ലിനേക്കറും ഗോൾ കീപ്പർ അൻഡോണി സുബിസാരെറ്റയും ടീമിലെത്തി. എങ്കിലും ഷൂസ്റ്റർ ടീമിനു പുറത്തായത് കാരണം ക്ലബ്ബിന് അധികം നേട്ടങ്ങളൊന്നും കൈവരിക്കാനായില്ല. ഇതു കാരണം വെനബിൾസ് വിമർശിക്കപ്പെടുകയും ലൂയിസ് അരഗോൺസ് പുതിയ മാനേജറായി ചുമതലയേൽക്കുകയും ചെയ്തു. 1987–88 കാലഘട്ടത്തിലായിരുന്നു ഇത്. പിന്നീട് കളിക്കാർ നൂൺസിനെതിരെ രംഗത്ത് വന്നു. ഈ സംഭവം ഹെസ്പാരിയ മൂചിനി എന്നറിയപ്പെടുന്നു. എങ്കിലും കോപ ഡെൽ റേ കപ്പ് വിജയത്തോടെയായിരുന്നു ആ സീസൺ അവസാനിച്ചത്. ഫൈനലിൽ റയൽ സോസീഡാഡിനെയായിരുന്നു എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ തോൽപ്പിച്ചത്.[35] ![]() 1988ൽ യൊഹാൻ ക്രൈഫ് ബാഴ്സലോണയുടെ മാനേജറായി തിരികെയെത്തി. അദ്ദേഹം ബാഴ്സലോണയുടെ ചരിത്രത്തിലെ സ്വപ്നസംഘത്തെ പടുത്തുയർത്തി. സ്പാനിഷ് കളിക്കാരായ പെപ് ഗ്വാർഡിയോള, ജോസ് മാറി ബെക്കറോ, സികി ബെഗിരിസ്റ്റെയിൻ എന്നിവരും അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാരായിരുന്ന റൊമാരിയോ, റൊണാൾഡ് കീമെൻ, മൈക്കൽ ലോഡ്രപ്പ്, റിസ്റ്റോ സ്റ്റോഷ്കോവ് എന്നിവർ ടീമുമായി കരാറിലെത്തി.[38] ക്രൈഫിന്റെ കീഴിൽ ബാഴ്സലോണ 1991 മുതൽ 1994 വരെ തുടർച്ചയായ നാല് ലാ ലിഗാ കിരീടങ്ങളും നേടി. 1989ലെ യുവേഫ വിന്നേഴ്സ് കപ്പ് ഫൈനലിലും 1992ലെ യൂറോപ്യൻ കപ്പ് ഫൈനലിലും ബാഴ്സലോണ പരാജയപ്പെടുത്തിയത് സാംഡോറിയയെ ആയിരുന്നു. 1990ലെ കോപ ഡെൽ റേ, 1992ലെ യൂറോപ്യൻ സൂപ്പർ കപ്പ്, മൂന്ന് സൂപ്പർ കോപ ഡി എസ്പാന എന്നിവയും ടീം അക്കാലത്ത് നേടി. എട്ടു വർഷത്തോളം നീണ്ടു നിന്ന തന്റെ കോച്ചിംഗിൽ ക്രൈഫ് പതിനൊന്ന് കിരീടങ്ങൾ ക്ലബ്ബിന് നേടിക്കൊടുത്തു.[39] [2011ൽ പെപ് ഗ്വാർഡിയോള ആ റെക്കോഡ് തകർക്കുന്നത് വരെ ബാഴ്സയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു അത്.[40] അവസാന രണ്ട് വർഷങ്ങളിൽ ഒരൊറ്റ കപ്പ് പോലും നേടാനാവത്തത് ക്രൈഫിന് ക്ലബ്ബിന്റെ പുറത്തേക്കുള്ള വഴിയൊരുക്കി.[35] ക്രൈഫിന് ശേഷം വന്ന ബോബി റോബ്സൺ 1996–97 സീസണിൽ മാത്രമേ ക്ലബ്ബിന്റെ മാനേജറായുള്ളൂ. അക്കൊല്ലം റൊണാൾഡോയുമായി കരാറൊപ്പിടുകയും ഒരു ട്രെബിൾ നേടുകയും ചെയ്തു. കോപ ഡെൽ റേ, യുവേഫ സൂപ്പർ കപ്പ്, സൂപ്പർ കോപ ഡി എസ്പാന എന്നിവയായിരുന്നു അക്കൊല്ലത്തെ നേട്ടങ്ങൾ. വിജയകരമായിരുന്നുവെങ്കിലും റോബ്സണുമായുള്ള കരാർ അധികകാലം നീണ്ടു പോയില്ല. ക്ലബ്ബ് അധികൃതർ പ്രതീക്ഷിച്ചിരുന്ന ലൂയിസ് വാൻ ഗാൾ കോച്ചാകാൻ സമ്മതം പ്രകടിപ്പിച്ചതായിരുന്നു ഇതിന് കാരണം.[41] 1998ൽ ക്ലബ്ബ് ബൊറുഷ്യ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി യുവേഫ സൂപ്പർ കപ്പും അത്തവണത്തെ കോപ ഡെൽ റേയും സ്വന്തമാക്കി. 1999ൽ ക്ലബ്ബ് തങ്ങളുടെ ശതാബ്ദി ആഘോഷിച്ചത് പ്രിമേറ ഡിവിഷൻ കിരീടത്തോടെയായിരുന്നു. യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ ബഹുമതി നേടുന്ന നാലാമത്തെ ബാഴ്സലോണാ കളിക്കാരാനായി റിവാൾഡോ മാറി. പ്രാദേശിക വിജയങ്ങൾ ചാമ്പ്യൻസ് ലീഗിലേക്ക് വ്യാപിപ്പിക്കാൻ കഴിയാത്തതിനാൽ ലൂയിസ് വാൻ ഗാളും നൂൺസും 2000ൽ വിരമിച്ചു.[41] ലാപോർട്ടാ കാലഘട്ടം (2000–2010)
നൂൺസിന്റേയും വാൻ ഗാളിന്റേയും അഭാവം നികത്തിയത് ലൂയിസ് ഫിഗോ ആയിരുന്നു. ക്ലബ്ബിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഫിഗോയെ ഓരോ കറ്റാലൻകാരനും തന്റെ സ്വന്തം എന്ന നിലയിലായിരുന്നു കണ്ടത്. എന്നാൽ തങ്ങളുടെ ബദ്ധവൈരികളായ റയൽ മാഡ്രിഡിൽ ഫിഗോ ചേക്കേറിയത് ബാഴ്സാ ആരാധകരെ പ്രകോപിപ്പിച്ചു. പിന്നീട് നൂ കാമ്പിലേക്കുള്ള ഫിഗോയുടെ ഓരോ വരവിലും കാണികൾ കയ്പേറിയ അനുഭവമാണ് ഫിഗോക്ക് സമ്മാനിച്ചത്. മാഡ്രഡിലെത്തിയ ശേഷം ആദ്യത്തെ തവണ നൂ കാമ്പിലെത്തിയപ്പോൾ പന്നിക്കുട്ടിയുടെ തലയും വിസ്കിക്കുപ്പിയും ഫിഗോക്ക് നേരെ എറിയപ്പെട്ടു.[42] നൂൺസിനു ശേഷം ബാഴ്സലോണയുടെ പുതിയ പ്രസിഡന്റായത് ജൊവാൻ ഗാസ്പാർട്ടായിരുന്നു. നിരവധി മാനേജർമാർ വന്നും പോയും ഇരുന്ന ഗാസ്പാർട്ട് കാലത്ത് വാൻ ഗാളിന് രണ്ടാം അവസരവും ലഭിച്ചു. 2003ൽ വാൻ ഗാളും ഗാസ്പാർട്ടും രാജി വെച്ചു.[43] ഗാസ്പാർട്ടിന്റെ നിരാശാജനകമായ കാലഘട്ടത്തിനു ശേഷം യുവാവായ ജൊവാൻ ലാപോർട്ട പ്രസിഡന്റായും മുൻ ഡച്ച് കളിക്കാരനായ ഫ്രാങ്ക് റൈക്കാർഡ് മാനേജറായും ചുമതലയേറ്റു. സ്പാനിഷ് കളിക്കാരും അന്തർദേശീയ കളിക്കാരുമടങ്ങുന്ന സംഘം വിജയങ്ങളിലേക്ക് തിരിച്ചെത്തി. 2004–05 സീസണിൽ ലാ ലിഗയും കോപാ ഡി എസ്പാനയും നേടി. മിഡ്ഫീൽഡറായിരുന്ന റൊണാൾഡീഞ്ഞോക്ക് ഫിഫ വേൾഡ് പ്ലയർ ഓഫ് ദ ഇയർ അവാർഡും ഈ സീസണിൽ ലഭിച്ചു.[44] 2005–06 സീസണിലും ബാഴ്സ ലീഗ്, സൂപ്പർകപ്പ് കിരീടനേട്ടങ്ങൾ ആവർത്തിച്ചു.[45] ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സനലിനെ 2–1ന് പരാജയപ്പെടുത്തി. 1–0ന് പിന്നിട്ടു നിന്ന ശേഷം അവസാന പതിനഞ്ച് മിനുട്ടിനുള്ളിൽ രണ്ട് ഗോളടിച്ചായിരുന്നു 2–1ന്റെ ഉജ്ജ്വല വിജയം ക്ലബ്ബ് സ്വന്തമാക്കിയത്. പതിനാല് വർഷങ്ങൾക്ക് ശേഷമുള്ള ക്ലബ്ബിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് വിജയമായിരുന്നു ഇത്.[46] എസ്പാനിയോളിനെ പരാജയപ്പെടുത്തി നേടിയ 2006ലെ സൂപ്പർ കോപ ഡി എസ്പാനക്ക് ശേഷം 2006–07ൽ ബാഴ്സലോണക്ക് മറ്റു കിരീടങ്ങളൊന്നും ലഭിച്ചില്ല. 2006ലെ ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ ഫൈനലിലെത്തിയെങ്കിലും അവസാന നിമിഷത്തിലെ ഗോൾ വഴി ബ്രസീലിയൻ ക്ലബ്ബായ ഇന്റർനാഷണലിനോട് ബാഴ്സലോണ തോറ്റു.[47] അതിനിടയിലുണ്ടായ അമേരിക്കൻ പര്യടനവും സാമുവൽ ഏറ്റൂ - റൈക്കാർഡ് വഴക്കും ഈ പരാജയങ്ങൾക്ക് കാരണമായി വിലയിരുത്തപ്പെട്ടു.[48][49] ലാ ലിഗയിൽ സീസണിലുടനീളം ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും ടീമിലെ സ്ഥിരതയില്ലായ്മ വർഷാദ്യം റയൽ മാഡ്രിഡിനെ മുന്നിലെത്തിക്കാൻ കാരണമായി. പോയിന്റ് നിലയിൽ തുല്യരായിരുന്നുവെങ്കിലും റയൽ-ബാഴ്സാ മത്സരങ്ങളിലെ വിജയക്കൂടുതൽ റയലിന് കിരീടം ലഭിക്കാൻ കാരണമായി. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എയിൽ എസ്.വി. വെർഡർ ബ്രെമനെ പരാജയപ്പെടുത്തി മുന്നേറിയെങ്കിലും പതിനാറാം റൗണ്ടിൽ അക്കൊല്ലത്തെ ചാമ്പ്യൻമാരായിത്തീർന്ന ലിവർപൂൾ എവേ ഗോളിന്റെ പിൻബലത്തിൽ ബാഴ്സയെ പുറത്താക്കി. 2007–08 സീസണിലും കിരീടങ്ങളൊന്നും ലഭിച്ചില്ല. ലാ ലിഗയിൽ മൂന്നാം സ്ഥാനത്തായി.ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. ഗ്വാർഡിയോളാ യുഗം (2008–2012)![]() എഫ്.സി. ബാഴ്സലോണ ബി ടീം മാനേജറായ പെപ് ഗ്വാർഡിയോള അടുത്ത സീസണിൽ റൈക്കാർഡിന്റെ പിൻഗാമിയായി ചുമതലയേറ്റെടുത്തു.[50] ബാഴ്സലോണ യുവ ടീമുകളിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന ടികി-ടാകാ രീതി അദ്ദേഹം ബാഴ്സലോണ എഫ്.സിയിലെത്തിച്ചു. മുന്നോട്ടുള്ള പോക്കിനിടയിൽ റൊണാൾഡീഞ്ഞോ, ഡീക്കോ എന്നീ കളിക്കാരെ ഗ്വാർഡിയോള വിറ്റു. പുതിയ ബാഴ്സയെ കെട്ടിപ്പടുക്കാൻ ലയണൽ മെസ്സി, സാവി, ഇനിയെസ്റ്റ എന്നിവരെ ടീമിലെത്തിച്ചു. 2009ലെ കോപ ഡെൽ റേ ഫൈനലിൽ അത്‌ലെറ്റിക്കോ ബിൽബാവോയെ 4–1ന് പരാജയപ്പെടുത്തി, ബാഴ്സ 25 കോപ ഡെൽ റേയെന്ന റെക്കോഡ് സ്വന്തമാക്കി. മൂന്ന് ദിവസത്തിന് ശേഷം 2–6ന് റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്സലോണ ലാ ലിഗാ കിരീടവും സ്വന്തമാക്കി. ആ സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു. സ്റ്റേഡിയോ ഒളിമ്പിക്കോയിൽ മുൻ സീസണിലെ ചാമ്പ്യന്മാരായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2–0നാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ഇതോടെ ആദ്യമായി ഒരു ട്രെബിൾ നേടുന്ന സ്പാനിഷ് ക്ലബ്ബായി ബാഴ്സലോണ എഫ്. സി. മാറി.[51][52][53] 2009ൽ അത്‌ലെറ്റിക്കോ ബിൽബാവോയെ പരാജയപ്പെടുത്തി കോപ ഡി എസ്പാനയും[54] ഷാക്റ്റർ ഡൊണട്സ്കിനെ പരാജയപ്പെടുത്തി യുവേഫാ സൂപ്പർ കപ്പും[55] ബാഴ്സ നേടി. 2009 ഡിസംബറിൽ ഫിഫ ക്ലബ്ബ് ലോകകപ്പും ബാഴ്സ നേടി.[56] ഇതോടെ ലോകത്തിൽ ആദ്യമായി ഒരു സെക്സറ്റപ്പിൾ തികക്കുന്ന ഫുട്ബോൾ ക്ലബ്ബായി ബാഴ്സലോണ മാറി.[57] 2010ൽ 99 പോയന്റോടെ ലാ ലിഗാ കിരീടം നേടിയതും സ്പാനിഷ് സൂപ്പർ കപ്പ് ഒമ്പതാം തവണ നേടിയതും മറ്റു രണ്ട് റെക്കോഡുകളായി മാറി.[58][59] ലാ പോർട്ടക്കും ശേഷം 2010 ജൂണിൽ സാൻഡ്രോ റോസൽ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 61.35% (57,088 വോട്ടുകൾ) എന്ന റെക്കോഡോടു കൂടിയാണ് റോസൽ തിരഞ്ഞെടുക്കപ്പെട്ടത്.[60] റോസൽ പിന്നീട് 40 ദശലക്ഷം യൂറോക്ക് വലൻസിയയിൽ നിന്ന് ഡേവിഡ് വിയ്യയെയും[61] ലിവർപൂളിൽ നിന്ന് 19 ദശലക്ഷം യൂറോക്ക് യാവിയർ മഷറാനോയെയും[62] ടീമിലെത്തിച്ചു. 2010 നവംബറിൽ ബാഴ്സ തങ്ങളുടെ ബദ്ധവൈരികളായ റയൽ മാഡ്രിഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന മത്സരത്തിൽ പരാജയപ്പെടുത്തി. 2010–11 സീസണിൽ തുടർച്ചയായി മൂന്നാം തവണയും ബാഴ്സ ലാ ലിഗാ കിരീടം നിലനിർത്തി. 96 പോയന്റായിരുന്നു ഇത്തവണ നേടിയത്.[63] 2011 ഏപ്രിലിൽ വലൻസിയയിലെ മെസ്റ്റല്ലയിൽ നടന്ന കോപ ഡെൽ റേ ഫൈനലിൽ ബാഴ്സ റയലിനോട് പരാജയപ്പെട്ടു.[64] 2011 ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് കിരീടമുയർത്തി. വെംബ്ലിയിൽ നടന്ന മത്സരം ഈ മത്സരം ബാഴ്സക്ക് നാലാമത്തെ യൂറോപ്യൻ കപ്പും സമ്മാനിച്ചു.[65] 2011 ആഗസ്റ്റിൽ ലാ മാസിയ ബിരുദധാരിയായ സെസ്ക് ഫാബ്രിഗാസിനെ ബാഴ്സ ആഴ്സനലിൽ നിന്ന് വാങ്ങി. പിന്നീട് റയലിനെതിരായ സൂപ്പർ കപ്പ് വിജയത്തിൽ ഫാബ്രിഗാസ് പ്രമുഖ പങ്ക് വഹിച്ചു. സൂപ്പർ കപ്പ് വിജയം ബാഴ്സക്ക് മൊത്തം 73 കിരീടങ്ങൾ സമ്മാനിച്ചു. ബാഴ്സ റയലിന്റെ കിരീടനേട്ടങ്ങളുടെ അടുത്തെത്തി.[66] ![]() അതേ മാസം തന്നെ പോർട്ടോയെ 2-0ന് തോൽപ്പിച്ച് ബാഴ്സ യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കി. ലയണൽ മെസ്സി, സെസ്ക് ഫാബ്രിഗാസ് എന്നിവരാണ് ബാഴ്സലോണക്ക് വേണ്ടി ഗോൾ നേടിയത്. ഇത് ബാഴ്സലോണക്ക് 74-ആമത്തെ ട്രോഫിയും സമ്മാനിച്ചു. ട്രോഫികളുടെ കാര്യത്തിൽ ബാഴ്സ റയലിനേക്കാൾ മുന്നിലായി.[68] യുവേഫാ സൂപ്പർ കപ്പ് ജോസപ് ഗ്വാർഡിയോളക്കും ഒരു റെക്കോഡ് സമ്മാനിച്ചു. മൂന്ന് വർഷത്തിനിടയിൽ 15 ലീഗുകളിൽ 12ഉം നേടി എന്നതായിരുന്നു ഈ റെക്കോഡ്. ബാഴ്സയുടെ കോച്ചുമാരിൽ ഏറ്റവും കൂടുതൽ കിരീടം നേടിയതും ഗ്വാർഡിയോള കോച്ചായിരിക്കുമ്പോഴാണ്.[69] ഇതേ വർഷം ഡിസംബറിൽ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് രണ്ട് തവണ സ്വന്തമാക്കുക എന്ന റെക്കോഡും ബാഴ്സ സ്വന്തമാക്കി. ഫൈനലിൽ 2011ലെ കോപ ലിബർട്ടഡോറസ് ചാമ്പ്യന്മാരായ ബ്രസീലിയൻ ക്ലബ്ബ് സാന്റോസിനെയാണ് എതിരില്ലാത്ത നാലു ഗോളുകൾക്ക് ബാഴ്സ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ മെസ്സി രണ്ട് ഗോൾ നേടിയപ്പോൾ സാവിയും ഫാബ്രിഗാസും ഓരോ ഗോൾ വീതം നേടി.[70] ഇത് നാല് വർഷത്തിനിടയിൽ 24 ചാമ്പ്യൻഷിപ്പുകളിലെ 13-ആമത്തെ കിരീടവും ബാഴ്സ സ്വന്തമാക്കി. സമീപ കാലത്തെ ഏറ്റവും നിലവാരമേറിയ പ്രകടനം കാഴ്ച വെച്ചായിരുന്നു ബാഴ്സ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.[71][72] 2011–12 സീസണിൽ ബാഴ്സക്ക് ലാ ലിഗാ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നിലനിർത്താനായില്ല. ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ചെൽസിയോടാണ് ബാഴ്സ പരാജയപ്പെട്ടത്. ആദ്യ പാദത്തിൽ ചെൽസി 1–0ന് ബാഴ്സയുടെ മുന്നിലെത്തി. രണ്ടാം പാദത്തിൽ 2-0ന് മുന്നിട്ട് നിന്നിരുന്നുവെങ്കിലും മെസ്സിക്ക് പെനാൽട്ടി കിക്ക് ഗോളാക്കാൻ കഴിയാത്തതും ചെൽസി പിന്നീട് രണ്ട് ഗോൾ തിരികെയെടിച്ചതും ബാഴ്സക്ക് തിരിച്ചടിയായി. രണ്ടാം പാദം സമനിലയിലായെങ്കിലും 3-2 എന്ന മൊത്തം ഗോൾ കണക്കിൽ ബാഴ്സ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ നിന്ന് പുറത്തായി. ഇതിനിടയിൽ റയലിനോട് നൂ കാമ്പിൽ 2-1 ന് പരാജയപ്പെട്ടത് ലാ ലിഗയും നഷ്ടമാവാൻ കാരണമായി.[73] നിരവധി നേട്ടങ്ങളുണ്ടായെങ്കിലും സമീപകാലത്തെ ടീമിന്റെ മോശം പ്രകടനവും ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകളും ഗ്വാർഡിയോളക്ക് വിനയായി.[74][75] ഇതെല്ലാം കാരണം ജൂൺ 30ന് ഗ്വാർഡിയോള രാജി വെക്കുകയും അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന ടിറ്റോ വിലാനോവ് കോച്ചായി ചുമതലയേൽക്കുകയും ചെയ്തു.[76][77] എങ്കിലും കോപ ഡെൽ റേ കിരീട വിജയം ഗ്വാർഡിയോളക്ക് മാന്യമായ യാത്രയപ്പ് നൽകാനും പതിനാല് കിരീടങ്ങൾ എന്ന റെക്കോഡ് സ്ഥാപിക്കാനും കാരണമായി. ഗ്വാർഡിയോളയുടെ വിജയകരമായ നാല് വർഷങ്ങൾ ബ്രിട്ടീഷ് ഡയറക്ടറായ പോൾ ഗ്രീൻഗ്രാസ്സിന് കറ്റാലൻ ക്ലബ്ബിനെ കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കാൻ പ്രേരണയായി. ബാഴ്സ എന്ന് പേരിട്ട ഈ സംരംഭം ബാഴ്സലോണയുടെ ചരിത്രം മുഴുവൻ വിശകലനം ചെയ്യുമെങ്കിലും ഗ്വാർഡിയോള പരിശീലകസ്ഥാനത്തിരുന്ന, പതിനാല് കിരീടങ്ങൾ നേടിയ നാല് വർഷങ്ങൾക്കാവും പ്രാധാന്യം നൽകുക. 2014 ലോകകപ്പിന്റെ മുന്നോടിയായാണ് ഈ ഡോക്യുമെന്ററി പ്രദർശനത്തിനെത്തുക. ബ്രസീലിലെ റിയോ ഡി ജെനീറോയിൽ ഒരാന്താരാഷ്ട്ര പരിപാടിയിൽ വെച്ചാകും ഇത് പുറത്തിറക്കുക.[78] അവലംബം
|
Portal di Ensiklopedia Dunia