എൻ.ആർ. നാരായണമൂർത്തി
ഒരു ഇന്ത്യൻ വ്യവസായിയും, സോഫ്റ്റ്‌വെയർ എഞ്ചിനീയറും, ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോസിസ് ടെക്‌നോളജീസിന്റെ ഏഴ് സ്ഥാപകരിൽ ഒരാളുമാണ് എൻ.ആർ. നാരായണമൂർത്തി എന്നറിയപ്പെടുന്ന നാഗ്‌വാര രാമറാവു നാരായണമൂർത്തി. 1981 മുതൽ 2002 വരെ ഇൻഫോസിസിന്റെ സി.ഇ.ഒ. ആയിരുന്നു ഇദ്ദേഹം. 2002 മുതൽ 2006 വരെ ഇൻഫോസിസിന്റെ എക്സിക്യുട്ടീവ് ചെയർമാനായിരുന്ന മൂർത്തി 2006 മുതൽ 2011 വരെ നോൺ-എക്സിക്യുട്ടീവ് ചെയർമാൻ, ചീഫ് മെന്റർ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. 2011-ൽ തന്റെ അറുപത്തിയഞ്ചാം വയസ്സിൽ മൂർത്തി ഇൻഫോസിസിൽ നിന്നും വിരമിച്ചു. 2013 ജൂണിൽ വീണ്ടും ഇൻഫോസിസിന്റെ ഡയറക്ടറും എക്സിക്യുട്ടീവ് ചെയർമാനുമായി നിയമിതനായി. ഏഴു വർഷത്തേക്കാണ് മൂർത്തിയുടെ രണ്ടാമത്തെ നിയമനം. മൂർത്തിയുടെ കോർപ്പറേറ്റ് സാമൂഹ്യ കാഴ്ചപ്പാടുകൾ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി ആയ പത്മ വിഭൂഷൺ അടക്കം നിരവധി പുരസ്കാരങ്ങൾ മൂർത്തിയെ തേടിയെത്തിയിട്ടുണ്ട്. ജീവിതരേഖകർണാടകയിലെ മൈസൂരിൽ 1946 ഓഗസ്റ്റ് 20-ന് ജനിച്ചു. മൈസൂർ സർവകലാശാലയുടെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഞ്ചിനീയറിങ്ങിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും, ഐ.ഐ.ടി. കാൺപൂരിൽ നിന്നും മാസ്റ്റർ ബിരുദവും നേടി. ഐ.ഐ.എം അഹമ്മദാബാദിലെ ചീഫ് സിസ്റ്റം പ്രോഗ്രാമർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച നാരായണ മൂർത്തി അവിടെ വച്ച് ബേസിക് പ്രോഗ്രാമിങ് ഭാഷയ്ക്കുള്ള ഇന്റർപ്രെട്ടർ നിർമിച്ച് ശ്രദ്ധേയനായി. പിന്നീട് പൂണെയിലുള്ള 'പട്നി കംപ്യൂട്ടർ സിസ്റ്റം' എന്ന കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്തു. ഇക്കാലത്താണ് സുധാമൂർത്തിയെ വിവാഹം കഴിച്ചത്. 1981-ൽ മറ്റ് ആറു സോഫ്റ്റ്‌വേർ എഞ്ചിനീയർമാരുമായി ചേർന്ന് ഇൻഫോസിസ് കമ്പനി സ്ഥാപിച്ചു. സഹസംരംഭകരിൽ ഒരാളായ രാഘവന്റെ ബോംബെയിലുള്ള വീടായിരുന്നു ആദ്യത്തെ ഓഫീസ്. 21 വർഷം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തിരുന്ന നാരായണമൂർത്തിയുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും മികച്ച സോഫ്റ്റ്‌വേർ/ഐ.ടി. സേവന കമ്പനികളിൽ ഒന്നായി ഇൻഫോസിസ് ഉയർന്നു. ഒന്നര ലക്ഷത്തോളം ജീവനക്കാരുള്ള കമ്പനിയുടെ 2013 മാർച്ച് 31-ലെ മൊത്തം ആസ്തി 46,351 കോടി രൂപയാണ്. നിരവധി ദേശീയ, അന്തർദേശീയ പദവികൾ ഇന്നിദ്ദേഹം വഹിക്കുന്നു. ബാംഗ്ളൂരിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജിയുടെയും ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിന്റെയും ചെയർമാൻ സ്ഥാനം വഹിച്ച ഇദ്ദേഹം, സിംഗപ്പൂരിലെ ഏറ്റവും വലിയ സർക്കാർ ബാങ്കായ ഡി.ബി.എസ്. ബാങ്കിന്റെയും പ്രസിദ്ധമായ 'യൂണിലിവർ' കമ്പനിയുടെയും സ്വതന്ത്ര ചെയർമാൻ പദവികളും വഹിച്ചിരുന്ന ഇദ്ദേഹം പ്രശസ്തമായ നിരവധി വിദേശ സർവകലാശാലകളുടെ ഉപദേശകസമിതി അംഗമാണ്. പല ഏഷ്യൻ രാജ്യങ്ങളുടെയും ഐ.ടി. ഉപദേശനായി സേവനം ചെയ്യുന്ന നാരായണ മൂർത്തി, റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെകേന്ദ്ര ബോർഡിന്റെ ഡയറക്ടർ പദവിയും വഹിക്കുന്നു.ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാണിജ്യ വ്യവസായ കൗൺസിൽ അംഗമാണ്. രാജ്യത്തിനകത്തും പുറത്തും നിരവധി പുരസ്കാരങ്ങളും ബഹുമതികളും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. പദ്മശ്രീ പുരസ്കാരം (2000), പദ്മവിഭൂഷൺ (2008) എന്നിവ നല്കി ഭാരത സർക്കാർ മൂർത്തിയെ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ചു സർക്കാരിന്റെ ഏറ്റവും വലിയ സിവിലിയൻ അവാർഡായ 'ലിജിയൻ ദെ ഹോണർ' (Le'gion d'honneur) 2008-ൽ നേടി. ഇൻഡോ-ഫ്രഞ്ചു ഫോറം മെഡൽ (2003), ഫ്യൂച്ചർ മാഗസിന്റെ ഏഷ്യാസ് ബിസിനസ്സ് മാൻ ഒഫ് ദി ഇയർ (2003), മാക്സ് ഷിമെണ്ടിന്റെ സർലാന്റിലെ ഡെനി ലിബർട്ടി പ്രൈസ് (2001), ജെ.ആർ.ഡി. ടാറ്റ കോർപ്പറേറ്റ് ലീഡർഷിപ്പ് അവാർഡ് (1996) എന്നിവ ഇദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളിൽ ചിലതാണ്. സാങ്കേതികവിദ്യയുടെ ഭാവിരൂപപ്പെടുത്തുന്ന ലോകത്തെ പത്ത് പ്രമുഖരിൽ ഒരാളായും (2004), 60 വർഷത്തിനിടെ ഏഷ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടത്തിയ പ്രമുഖരിൽ ഒരാളായും (2006) ടൈം മാഗസിൻ ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. പുരസ്കാരങ്ങൾഅവലംബംN. R. Narayana Murthy എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia