എൽ.കെ. അനന്തകൃഷ്ണയ്യർനരവംശശാസ്ത്രത്തിനു സവിശേഷ സംഭാവനകൾ നൽകിയ കേരളീയപണ്ഡിതനായിരുന്നു എൽ. കെ അനന്തകൃഷ്ണയ്യർ. പാലക്കാട്ട് ലക്ഷ്മീനാരായണപുരം ഗ്രാമത്തിൽ 1861-ൽ കൃഷ്ണയ്യരുടെയും സുബ്ബലക്ഷ്മി അമ്മാളുടെയും പുത്രനായി ഇദ്ദേഹം ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ ചേർന്ന് ശാസ്ത്രവിഷയത്തിൽ ബി.എ. ബിരുദം സമ്പാദിച്ചു (1883). അവിടത്തെ പ്രിൻസിപ്പലായിരുന്ന ഡോ. വില്യം മില്ലർ അനന്തകൃഷ്ണയ്യരിൽ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. സഹപ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവരുമായി അടുത്തിടപഴകാനും തന്റെ അനുഭവജ്ഞാനം വികസിപ്പിക്കാനും ഇദ്ദേഹം പ്രത്യേകം താത്പര്യം പ്രദർശിപ്പിച്ചിരുന്നു. ഈ അനുഭവമാണ് പിൽക്കാലത്ത് നരവംശശാസ്ത്രഗവേഷണത്തിൽ ഇദ്ദേഹത്തിനുണ്ടായ താത്പര്യത്തിന്നടിസ്ഥാനം. വഹിച്ച പദവികൾഇന്ത്യയിൽ നരവംശശാസ്ത്രഗവേഷണത്തിന് ഔദ്യോഗികമായ അംഗീകാരം ലഭിച്ചത് സർ ഹെർബർട് റിസ്ലിയുടെ ശ്രമഫലമായാണ്. അങ്ങനെ 1902-ൽ റിസ്ലി തന്നെ ഇന്ത്യൻ എത്നോഗ്രാഫിക് സർവെ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നരവംശശാസ്ത്ര ഗവേഷണങ്ങൾ ആരംഭിച്ചു. അതോടുകൂടി കൊച്ചിസംസ്ഥാനത്തെ നരവംശശാസ്ത്രവകുപ്പിന്റെ സൂപ്രണ്ടായി അനന്തകൃഷ്ണയ്യർ നിയമിതനായി. ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങൾ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു (Cochin Tribes & Castes 1904-06). അവ ഇന്ത്യൻ നരവംശ ശാസ്ത്രത്തിലെ ക്ലാസ്സിക്കുകളായി കരുതപ്പെടുന്നു. തുടർന്ന് തൃശൂരിലെ കാഴ്ചബംഗ്ലാവിന്റെയും മൃഗശാലയുടെയും സൂപ്രണ്ടായി അനന്തകൃഷ്ണയ്യർ നിയമിക്കപ്പെട്ടു. 1921-ൽ ഇദ്ദേഹം കൊൽക്കത്ത സർവകലാശാലയുടെ നരവംശ ശാസ്ത്രവകുപ്പിൽ അധ്യാപകനായും തുടർന്ന് പ്രസ്തുത വകുപ്പിന്റെ തലവനായും ബോർഡ് ഒഫ് സ്റ്റഡീസിന്റെ ചെയർമാനായും സേവനം അനുഷ്ഠിച്ചു. 1924-ൽ മൈസൂറിലെ നരവംശശാസ്ത്ര സർവെയുടെ ചുമതല വഹിക്കുവാനും ഇദ്ദേഹം നിയോഗിക്കപ്പെട്ടു. മൈസൂർ സംസ്ഥാനത്തെ ആദിവാസികളെയും വിഭിന്നജാതികളെയും പറ്റി ഇദ്ദേഹം പ്രസിദ്ധീകരിച്ച നാലു വാല്യങ്ങളുള്ള ഗ്രന്ഥം (The Mysore Tribes and Castes) ഇന്ത്യൻ നരവംശശാസ്ത്രത്തിനു ലഭിച്ച മറ്റൊരു മുതൽക്കൂട്ടാണ് (1924-34). 1924-ൽ പ്രസിദ്ധീകൃതമായ സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ച നരവംശപഠനം (Anthropology of the Syrian Christians) ഇദ്ദേഹത്തിന്റെ ഈടുറ്റ മറ്റൊരു കൃതിയാണ്. പ്രശസ്തി പാശ്ചാത്യദേശങ്ങളിൽഅനന്തകൃഷ്ണയ്യരുടെ പ്രശസ്തി പാശ്ചാത്യദേശങ്ങളിൽ എത്തിച്ചേർന്നു. യൂറോപ്പിലെ അനേകം സർവകലാശാലകൾ ഇദ്ദേഹത്തെ പ്രഭാഷണം നടത്തുന്നതിനു ക്ഷണിച്ചു. ഫ്ലോറൻസ് സർവകലാശാല ഇദ്ദേഹത്തിന് യൂണിവേഴ്സിറ്റി മെഡൽ സമ്മാനിച്ചു. 1934-ൽ ലണ്ടനിൽ നടന്ന അന്താരാഷ്ട്ര-നരവംശശാസ്ത്രസമ്മേളനത്തിൽ നരവംശശാസ്ത്ര-സാമൂഹ്യശാസ്ത്രവിഭാഗത്തിന്റെ ഉപാധ്യക്ഷനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ചു പ്രസിഡന്റ് ഇദ്ദേഹത്തെ ഓഫീസർ ഡി അക്കാദമി സ്ഥാനം നൽകി ബഹുമാനിച്ചപ്പോൾ ഇന്ത്യാ ഗവൺമെന്റ് ഇദ്ദേഹത്തിന് ദിവാൻ ബഹദൂർ എന്ന ബിരുദം നൽകി. ബ്രസ്ലാ സർവകലാശാല ഇദ്ദേഹത്തിന് ഡോക്ടർ ബിരുദം സമ്മാനിച്ചു. 1937 ഫെബ്രുവരി 26-ന് ഇദ്ദേഹം അന്തരിച്ചു. അനന്തകൃഷ്ണയ്യരുടെ പുത്രനായ എൽ.എ. കൃഷ്ണയ്യരും പൌത്രനായ എൽ.കെ. ബാലരത്നവും നരവംശശാസ്ത്രപണ്ഡിതൻമാരാണ്. പുറംകണ്ണികൾ
|
Portal di Ensiklopedia Dunia