ഏണസ്റ്റ് ഹെമിങ്‌വേ
നോബൽ സമ്മാനജേതാവായ ഒരു അമേരിക്കൻ കഥാകൃത്താണ് ഏണസ്റ്റ് ഹെമിങ്‌വേ (ജൂലൈ 21, 1899 - ജൂലൈ 2, 1961). ഹെമിംഗ്‌വേ, ജോൺ സ്റ്റെയിൻബെക്ക്, വില്യം ഫോക്നർ എന്നിവർ അമേരിക്കയിലെ നോവലിസ്റ്റ് ത്രയം എന്നറിയപ്പെടുന്നു. ജനനം, ബാല്യംഅമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ഓക് പാർക്ക് എന്ന കൊച്ചു പട്ടണത്തിൽ ഹെമിങ്‌വേ ജനിച്ചു. യാഥാസ്ഥിതികമായ കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂൾ മാസികയിൽ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിൽ സൈനികനാകുവാൻ ആഗ്രഹിച്ചുവെങ്കിലും കാഴ്ച മോശമായതിനാൽ അതിനു കഴിഞ്ഞില്ല. എന്നാൽ റെഡ് ക്രോസ്-ൽ ചേർന്ന് ആംബുലൻസ് ഡ്രൈവറായി അദ്ദേഹം ഇറ്റലിയിൽ യുദ്ധമുഖത്തെത്തി. ജർമ്മൻ മുന്നണിയിലും പിന്നീട് ഇറ്റാലിയൻ മേഖലയിലും എത്തിയ യുവാവായ ഹെമിങ്‌വേക്ക് ഓസ്ട്രിയൻ ആക്രമണങ്ങളിൽ മാരകമായ പരിക്കേറ്റു. മുന്നണിയിൽ സേവനം ചെയ്യുവാൻ കഴിയാതെ അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവർത്തനരംഗത്തേക്ക് തിരിഞ്ഞു. 1936-37 കാലഘട്ടത്തിൽ സ്പെയിനിലെത്തി അവിടുത്തെ റിപ്പോർട്ടറായി പ്രവർത്തിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തും അദ്ദേഹം യുദ്ധകാര്യലേഖകനായി പ്രവർത്തിച്ചു. സാഹിത്യ ജീവിതംലോകമഹായുദ്ധങ്ങളും സ്പാനിഷ് ആഭ്യന്തരസമരവും അദ്ദേഹത്തിന്റെ വീക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. പിന്നീട് അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്. തുടർന്ന് വിശ്വപ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. പുലിസ്റ്റർ സമ്മാനവും, നോബൽ സമ്മാനവും(1954) അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് ദ് ഓൾഡ് മാൻ ആന്റ് ദ് സീ (The Oldman and the Sea). ഈ കൃതിയാണ് അദ്ദേഹത്തെ പുലിസ്റ്റർ സമ്മാനത്തിന് 1953-ൽ അർഹനാക്കിയത്. ദ് സൺ ഓൾസോ റൈസസ് (The Sun Also Rises), എ ഫേർവെൽ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പിന്നീട് ഹെമിങ്‌വേ ശൈലി എന്നറിയപ്പെട്ടു. യുദ്ധത്തിൽ മുട്ടിനു പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ‘ഫെയർവെൽ റ്റു ആർമ്സ്’ (ആയുധങ്ങളോട് വിട) എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. (ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തിൽ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരർത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം 1927-ലാണ് എഴുതിയത്). അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി പാരീസ്, കാനഡ, ഇറ്റലി, സ്പെയിൻ എന്നീ സ്ഥലങ്ങളിൽ താമസിച്ചു. സ്പെയിനിലെ തന്റെ ജീവിതത്തിനെയും കാളപ്പോരിനെയും കുറിച്ച് എഴുതിയ ‘സൂര്യൻ ഉദിക്കുന്നു‘ (ഫിയെസ്റ്റ/ദ് സൺ ആൾസോ റൈസസ്) എന്ന പുസ്തകവും മരണത്തോടുള്ള അഭിനിവേശം പ്രകാശിപ്പിക്കുന്നുണ്ട്. മൂന്നു തവണ വിവാഹം കഴിച്ച ഹെമിങ്‌വേ തന്റെ ജീവിതത്തിൽ ഏകാകിയായിരിക്കുവാൻ ഇഷ്ടപ്പെട്ടു. ‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു. സ്പെയിനിലെ കാളപ്പോരിനെക്കുറിച്ച് ‘അപരാഹ്നത്തിലെ മരണം’ (ഡെത്ത് ഇൻ ദ് ആഫ്റ്റർനൂൺ) എന്ന പുസ്തകം എഴുതി. 1927-ൽ അദ്ദേഹം ഒരു യുദ്ധവിരുദ്ധ പത്രപ്രവർത്തകനായി സ്പെയിനിലേക്കു പോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ ഒരുപക്ഷേ സ്പെയിനിലെ ജനറൽ ഫ്രാങ്കോയുടെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണിമുഴങ്ങുന്നത് ആർക്കുവേണ്ടി’ (ഫോർ ഹൂം ദ് ബെൽ ടോൾസ്) എന്ന നോവലായിരിക്കും. ആദർശങ്ങൾക്കുവേണ്ടി ജീവിക്കുന്ന അമേരിക്കക്കാരനായ കേന്ദ്ര കഥാപാത്രം (റോബർട്ട് ജോർഡാൻ) ജനറൽ ഫ്രാങ്കോയ്ക്കെതിരെ ഒളിയുദ്ധം ചെയ്യുന്നതും മരിയ എന്ന യുവതിയുമായി പ്രണയത്തിലാവുന്നതും ഒടുവിൽ മരിക്കുന്നതുമാണ് കഥാതന്തു. ഇതിലെ കഥാപാത്രങ്ങൾ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുനു. എങ്കിലും ഹെമിങ്‌വേ ഒടുവിൽ ആത്മഹത്യചെയ്തു എന്നത് വൈരുദ്ധ്യമാണ്. അന്ത്യംരണ്ടു മാസം കൊണ്ട് എഴുതിയ ‘കിഴവനും കടലും’ (ഓൾഡ് മാൻ ആന്റ് ദ് സീ) എന്ന നീണ്ട കഥ അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർത്തി. മരണം അടുത്തെത്തിയതു പോലെയായിരുന്നു അവസാന കാലത്തെ പെരുമാറ്റം. ഭാര്യയുമായി നായാട്ടിനുപോയ ഹെമിങ്‌വേയ്ക്കു പരുക്കേറ്റെങ്കിലും അതിനെ വകവെച്ചില്ല. വാർദ്ധക്യത്തിൽ പാപ-പുണ്യ ചിന്തകൾ അലട്ടുകയും വല്ലാതെ ഉൾവലിഞ്ഞ് വിഷാദരോഗിയാവുകയും ചെയ്തു. 61 വയസ്സുള്ളപ്പോൾ 1961 - ജൂലൈ രണ്ടാം തീയതി അമേരിക്കയിലെ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്തുവച്ച് സ്വയം വെടിവെച്ചു മരിച്ചു. ആയുസ്സിന്റെ പകുതിഭാഗവും ഇദ്ദേഹം ചെലവഴിച്ചത് ക്യൂബയിലാണ്. ഹെമിംഗ്‌വ്വേയുടെ പേരിൽ ക്യൂബയിൽ വർഷംതോറും മീൻപിടുത്തമത്സരം നടത്തിവരുന്നു. ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീർഘകാലം ‘ടോറന്റോ സ്റ്റാർ‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു. 1953-ൽ 'കിഴവനും കടലും' (The Old Man and the Sea) എന്ന കൃതിക്ക് പുലിറ്റ്സർ സമ്മാനം ലഭിച്ചു. 1954-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും ലഭിക്കുകയുണ്ടായി. ഹെമിങ്‌വേയുടെ കൃതികൾ
കണ്ണികൾ
|
Portal di Ensiklopedia Dunia