ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ആണവ അന്തർവാഹിനിയാണ് ഐ.എൻ.എസ്. അരിഹന്ത്. 2009 ജൂലൈ 26ന് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണ് ഇത് പുറത്തിറക്കിയത്. തന്ത്രപ്രദാനമായ ആക്രമണശേഷിയുള്ള ആണവ അന്തർവാഹിനിയാണിത്. അഡ്വാൻസ്ഡ് ടെക്നോളജി വെസ്സൽ (എ.ടി.വി.) വിഭാഗത്തിൽപ്പെടുന്ന ഐ.എൻ.എസ്. അരിഹന്തിന് 112 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. ഇതിന്റെ ഭാരശേഷി 6000 ടൺ ആണ്. 12മിസൈലുകളും 100 ഓളം സേനാംഗങ്ങളെയും
വഹിക്കുന്നതിനുള്ള കഴിവ് ഇതിനുണ്ട്. ആണവവാഹക ശേഷിയുള്ള സാഗരിക (കെ-15) മിസൈലാണ് ഇതിൽ പ്രധാനമായും സജ്ജീകരിച്ചിട്ടുള്ളത്. 750 കിലോമീറ്ററാണ് ഈ മിസൈലിന്റെ പ്രഹരശേഷി 7 ടൺ ഭാരവും 10 മീറ്റർ നീളവും ഇതിനുണ്ട് . ഡീസലിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികളിൽ നിന്ന് ഭിന്നമായി ആണവോർജം ഉപയോഗിച്ചാണിത് പ്രവർത്തിക്കുന്നത്.[2]
അരിഹന്ത് എന്ന വാക്കിന്റെ ഹിന്ദി ഭാഷയിലുള്ള അർത്ഥം ശത്രുവിന്റെ അന്തകൻ എന്നാണ്. 1984ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ പദ്ധതി ആരംഭിച്ചത്[2].
2013 ആഗസ്റ്റ് 9നു അരിഹന്ത് അന്തർവാഹിനിയിലെ ആണവറിയാക്ടർ പ്രവർത്തനക്ഷമമായി.[3] ഇതോടെ ആണവ അന്തർവാഹിനികൾ സ്വന്തമായി രൂപകല്പന ചെയ്ത് നിർമിച്ച്, പ്രവർത്തിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ആറു രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ.
ഇതിനു മുൻപ് അമേരിക്ക, റഷ്യ, ഫ്രാൻസ്, ബ്രിട്ടൺ, ചൈന എന്നീ രാജ്യങ്ങളാണ് ഈ സാങ്കേതികവിദ്യ സ്വന്തമാക്കിയത് [1][2]. അരിഹന്തിൽ വിന്യസിക്കുന്നതിന് ബിഒ-5 എന്ന മധ്യദൂര ആണവമിസൈലും പ്രതിരോധഗവേഷണ വികസനകേന്ദ്രം തയ്യാറാക്കി.[3]
ന്യൂക്ലിയർ ട്രയഡ്
കര വ്യോമ നാവിക മാർഗങ്ങളിൽ ആണവ മിസൈൽ വിക്ഷേപിക്കാൻ കരുത്തുള്ള സൈനിക ശേഷിയെയാണ് ന്യൂക്ലിയർ ട്രയഡ് എന്ന് പറയുന്നത് . ഇന്ത്യ, അമേരിക്ക, റഷ്യ, ഫ്രാൻസ്, ബ്രിട്ടൺ, ചൈന എന്നി രാജ്യങ്ങൾക്ക് നിലവിൽ ന്യൂക്ലിയർ ട്രയഡ് ശേഷിയുണ്ട്. 2018 ൽ അതിജീവന ശേഷിയുള്ള ആണവത്രയം സ്ഥാപിച്ചു കൊണ്ട് അരിഹാന്ത് ആദ്യ ആക്രമണ പ്രതിരോധ പട്രോൾ പൂർത്തിയാക്കി.[4]