ആറു് സംസ്ഥാനങ്ങളും പത്തു് ഫെഡറൽ ടെറിട്ടറികളും ചേർന്നതാണ് ഓസ്ട്രേലിയ (ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയ). ആറിൽ അഞ്ചു് സംസ്ഥാനങ്ങളും മൂന്നു് ഫെഡറൽ ടെറിട്ടറികളും ഓസ്ട്രേലിയയുടെ പ്രധാന ഭൂവിഭാഗത്തിലാണുള്ളത്. പ്രധാന ഭൂവിഭാഗത്തിൽ നിന്ന് 200 കിലോ മീറ്റർ അകലെയുള്ള ഒരു ദ്വീപാണ് ടാസ്മേനിയ സംസ്ഥാനം. മറ്റു ഏഴു് ടെറിട്ടറികൾ ബാഹ്യ ടെറിട്ടറികളായാണ് കണക്കാക്കുന്നത്. ഓസ്ട്രേലിയ അവകാശമുന്നയിക്കുന്ന അന്റാർട്ടിക്കയിലെ ഭാഗമായ ഓസ്ട്രേലിയൻ അന്റാർട്ടിക് ടെറിട്ടറി കൂടി ഉൾപ്പെടുത്തിയാൽ, വിസ്തൃതിയുടെ കാര്യത്തിൽ ലോകത്തിലെ ആറാമത്തെ വലിയ രാജ്യമാണ് ഓസ്ട്രേലിയ.
എല്ലാ സംസ്ഥാനങ്ങളിലും, വലിപ്പമേറിയ രണ്ടു് ഇന്റേണൽ ടെറിട്ടറികളിലും ഫെഡൽ പാർലമെന്റുകളോടെ ഭാഗികമായ സ്വയംഭരണം നിലനിൽക്കുന്നു; മറ്റു ടെറിട്ടറികളിലെല്ലാം ഫെഡറൽ ഗവൺമെന്റാണ് ഭരണം നിർവഹിക്കുന്നത്. ബാഹ്യ ടെറിട്ടറികളിൽ മൂന്നെണ്ണത്തിലേ മനുഷ്യവാസമുള്ളൂ; സ്ഥിരതാമസക്കാരല്ലാത്ത ശാസ്ത്രജ്ഞരെ ഒഴിച്ചു നിർത്തിയാൽ, മറ്റു പ്രദേശങ്ങളിലൊന്നും മനുഷ്യവാസമില്ല.