കടവുംഭാഗം പള്ളി

കൊച്ചി മട്ടാഞ്ചേരിയിൽ മരക്കടവിലായിരുന്നു കറുത്ത ജൂതരുടെ പള്ളി (കടവുംഭാഗം പള്ളി ) എന്ന ജൂതസിനഗോഗ് സ്ഥിതി ചെയ്തിരുന്നത്. 2019 ൽ ഇതിന്റെ ഒരു ഭാഗം തകർന്നു വീണു. മട്ടാഞ്ചേരിയിൽ സിനഗോഗിന് കുറച്ച് തെക്കുഭാഗത്തായാണ് ‘കറുത്ത ജൂതരുടെ ദേവാലയം’ എന്നറിയപ്പെടുന്ന ഈ സിനഗോഗ്.[1]

ഘടന

രണ്ട് നിലകളിലായാണ് സിനഗോഗ് സ്ഥിതി ചെയ്തിരുന്നത്. ഗേറ്റ്ഹൗസ്, പ്രാർഥനാമുറി, ഹീബ്രു സ്‌കൂൾ, ഇടനാഴികൾ തുടങ്ങിയവയുണ്ടായിരുന്നു. കൊച്ചിയിൽ ജീവിച്ചിരുന്ന റൂബി ഡാനിയൽ തന്റെ ഓർമ്മക്കുറിപ്പുകളിൽ ജൂതരുടെ പഴയ ഒരു നാടോടി പാട്ടിനെക്കുറിച്ച് പറയുന്നതിൽ സിനഗോഗിന്റെ വലിപ്പത്തെക്കുറിച്ച് പരാമർശമുണ്ട്. 800 ആളുകൾക്ക് ഒന്നിച്ച് പ്രാർഥനയ്ക്കായി ഇരിക്കാം എന്ന സവിശേഷത കടവുംഭാഗം സിനഗോഗിനുള്ളതായി റൂബി ഡാനിയേൽ പറയുന്നു. റൂബി ഡാനിയേലിന്റെ ഓർമ്മകളിൽ സിനഗോഗിന് എതിർവശം ഒരു മാർക്കറ്റും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സിനഗോഗിൽ നിലനിൽക്കുന്നത് പ്രാർഥനാ മുറി മാത്രമാണ്. ഇടനാഴികളും ഗേറ്റ് ഹൗസുമെല്ലാം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

ചരിത്രം

ചരിത്രസ്മാരകമായി സൂക്ഷിക്കുന്ന മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിനും മുമ്പ് നിർമ്മിച്ച സിനഗോഗിന് ഏകദേശം 450 വർഷത്തെ പഴക്കമുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കൊച്ചിയിൽ രണ്ടു വിഭാഗം ജൂതന്മാരാണ് ഉണ്ടായിരുന്നത്. വെളുത്ത ജൂതരും (പരദേശി ജൂതർ), കറുത്ത ജൂതരും (മലബാറി ജൂതർ). മട്ടാഞ്ചേരി ജ്യു ടൗണിലെ സിനഗോഗിൽ കറുത്ത ജൂതർക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് അവർ മരക്കടവിൽ നിർമിച്ചതാണ്​ ഈ പള്ളി. പള്ളിയുടെ മുകൾ നിലയിൽ അക്കാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നു. കൊച്ചി രാജാവ് പള്ളിയുടെ മുന്നിലെ കടവിനടുത്ത് എത്തുമ്പോൾ, ജൂതർ പള്ളിയിലെ ഹെയ്ഖാൽ (തോറ സൂക്ഷിക്കുന്ന അൾത്താര) തുറന്ന് വച്ച് രാജാവിന് ദർശനം സാധ്യമാക്കുമായിരുന്നു.(റൂബി ഡാനിയലിന്റെ പുസ്തകത്തിൽ)

1948ൽ ഇസ്രായേൽ രൂപവത്​കരണത്തോടെ കൊച്ചിയിലെ ജൂതരിൽ ഭൂരിഭാഗവും അങ്ങോട്ടുപോയി. കറുത്ത ജൂതന്മാർ പൂർണമായും പോയതോടെ ജൂതപ്പള്ളിയിലെ പ്രാർഥന നിലച്ചു. പള്ളിയുടെ അകത്തുണ്ടായിരുന്ന സീലിങ്ങുകളും തൂണുകളും അൾത്താരയും കോണിപ്പടികളുമടങ്ങുന്ന സജ്ജീകരണങ്ങളൊക്കെ അഴിച്ചെടുത്ത് 1991-ൽ ജറുസലേമിലേക്ക് കൊണ്ടുപോയി. ‘ഫ്രെഡ് വേംസ്’ എന്ന ഇംഗ്ലീഷ് ജൂതനാണ് ഇവയൊക്കെ വിലയ്ക്കുവാങ്ങി കൊണ്ടുപോയത്. ജറുസലേം മേയറായിരുന്ന ടെഡി കേലെക്കിന്റെ ആഗ്രഹപ്രകാരമായിരുന്നു ഇത്. 40 അടി നീളമുള്ള കണ്ടെയ്‌നറിൽ ഏഴ് ടൺ ഭാരമുള്ള ‘കടവുംഭാഗം പള്ളി’ അദ്ദേഹം ഇസ്രയേലിലേക്ക് കൊണ്ടുപോയി. പീന്നീട് അത് ഇസ്രായേൽ നാഷണൽ മ്യൂസിയത്തിന് കൈമാറി. ഇസ്രായേൽ മ്യൂസിയത്തിൽ കടവുംഭാഗം സിനഗോഗ് മാതൃകയിൽ ഒരു സിനഗോഗ് പുനർനിർമ്മിക്കപ്പെട്ടു.[2]

കൊച്ചി മുസിരിസ് ബിനാലെ 2018

കൊച്ചി മുസ്‌രിസ് ബിനാലെയുടെ ഭാഗമായി ജൂതത്തെരുവിലെ മതിലുകളിൽ ചിത്രങ്ങളും ജൂതരുടെ പാട്ടുകളും എഴുതുകയും വരയ്ക്കുകയും ചെയ്തിരുന്നു. പരദേശി സിനഗോഗിൽ നിന്ന് തുടങ്ങിയ എഴുത്തും വരയും അവസാനിച്ചത് കടവുംഭാഗം ജൂത സിനഗോഗിന്റെ വലിയ ചുമരുകളിലായിരുന്നു. അന്ന് കൊച്ചിയിലെ ജൂത സ്ത്രീകളെയും ഗോൾഡ് ലീഫ് കൊണ്ടുള്ള തീനാളവും ഇസ്രായേലി ആർട്ടിസ്റ്റ് ആയ മെയ്ദ്ദാദ് ഏലിയഹു ജൂതപ്പള്ളിയുടെ ചുമരുകളിൽ വരച്ചു. ‘തട്ടുമേ കേറാനൊരു ഏണിവച്ചു, തലങ്കമാർ ചെന്നിരിപ്പാൻ, എന്നേക്കും തന്നെ ഒരിമ ചെയ്യാൻ, നസ്‌കാരം കാൺമാനായി വാതിൽ മൂന്ന’ എന്ന കടവും ഭാഗം പള്ളിയെക്കുറിച്ചുള്ള പാട്ടിലെ വരികൾ മലയാളത്തിലും ഹീബ്രുവിലും കാലീഗ്രഫീ ആർട്ടിസ്റ്റായ തൗഫീക്ക് സക്കരിയ വലിയ അക്ഷരങ്ങളിൽ എഴുതി. [3][4]

ജൂത പാട്ടുകളിലെ പരാമർശം

നിരവധി ജൂത പാട്ടുകളിൽ ഈ പള്ളിയെക്കുറിച്ച് പരാമർശമുണ്ട്.

കടവുംഭാഗം സിനഗോഗിനെക്കുറിച്ചുള്ള പാട്ടുകളൊന്നിന്റെ തുടക്കം ഇങ്ങനെയാണ്.

അവലംബം

  1. https://www.madhyamam.com/kerala/heavy-rain-mattancheri-black-juws-synagogue-partially-collapsed-kerala-news/635858
  2. https://www.azhimukham.com/offbeat-history-of-black-jews-kochi-kadavumbhagam-synagogue-dilapidated-condition-report-by-kr-dhanya/
  3. https://www.thehindu.com/news/national/kerala/stitching-together-a-lost-cultural-heritage/article25691768.ece
  4. https://streetartnyc.org/blog/2019/02/24/jerusalem-based-artist-meydad-eliyahu-on-red-crown-green-parrot-a-public-art-project-in-collaboration-with-thoufeek-zakriya-in-kochi-india/

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya