തിയോഡോർ എഡ്ഗർ മക്കാരിക്ക് (ജനനം 1930): സഭാതല വിചാരണ നടക്കുന്നതുവരെ പ്രാർത്ഥനയും തപസ്സുമുള്ള ജീവിതരീതിയിലേക്ക് മാറുവാൻ ഫ്രാൻസിസ് മാർപാപ്പ 2018-ൽ ഉത്തരവിട്ടു.[1] സഭാതല അന്വേഷണത്തിനും വിചാരണയ്ക്കും ശേഷം മുതിർന്നവർക്കും പ്രായപൂർത്തിയാകാത്തവർക്കുമെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ, അധികാര ദുർവിനിയോഗം എന്നിവയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അദ്ദേഹത്തെ 2019 ഫെബ്രുവരിയിൽ പൗരോഹിത്യത്തിൽ നിന്ന് പുറത്താക്കി.[2] ആധുനിക കാലത്തെ ഏറ്റവും മുതിർന്ന സഭാ ഉദ്യോഗസ്ഥനാണ് മക്കറിക്ക്. ലൈംഗിക ദുരുപയോഗത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ കർദിനാൾ ഇയാളാണെന്ന് വിശ്വസിക്കപ്പെടുന്നു.ചിലിയിലെ പോണ്ടിഫിക്കൽ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽ (2018) ഫ്രാൻസിസ് മാർപ്പാപ്പ പ്രസംഗിക്കുന്നു. 2018-ൽ ചിലിയിലെ കത്തോലിക്കാ സഭയ്ക്ക് ഫെർണാണ്ടോ കാരാഡിമ കേസ് ഉൾപ്പെടെ ലോകമെമ്പാടുമുള്ള കത്തോലിക്കാ ലൈംഗിക പീഡനക്കേസുകളിൽ ഏറ്റവും മോശം അവസ്ഥ നേരിടേണ്ടി വന്നു. തൽഫലമായി നിരവധി ശിക്ഷകളും രാജിസംഭവങ്ങളും ഉണ്ടായി.
കത്തോലിക്കാപുരോഹിതന്മാർ, കന്യാസ്ത്രീകൾ, സന്യാസസമൂഹത്തിലെ അംഗങ്ങൾ തുടങ്ങിയവർ മറ്റുള്ളവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകളാണ് കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾ എന്നറിയപ്പെടുന്നത്. ഇരുപതും ഇരുപത്തൊന്നും ശതാബ്ദങ്ങളിലായുണ്ടായ കേസുകളിൽ നിരവധി ആരോപണങ്ങളും അന്വേഷണങ്ങളും അവയെ തുടർന്ന് വിചാരണകൾ, ശിക്ഷകൾ, വെളിപ്പെടുത്തലുകൾ എന്നിവയും ഉണ്ടായിട്ടുണ്ട്.[3] റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ മറച്ചുവെക്കാൻ സഭാ ഉദ്യോഗസ്ഥർ പതിറ്റാണ്ടുകളായി നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. ദുരുപയോഗം ചെയ്യപ്പെടുന്നവരിൽ ആൺകുട്ടികളാണ് കൂടുതലെങ്കിലും പെൺകുട്ടികളും ഉൾപ്പെടുന്നു. ചില കേസുകൾ മൂന്ന് വയസ്സിന് താഴെയുള്ളവരും ഉണ്ടെങ്കിലും 11 നും 14 നും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലായി പീഡിപ്പിക്കപ്പെട്ടത്.[4][5][6][7] മുതിർന്നവരെ ലൈംഗികമായി ഉപദ്രവിക്കുന്നതായി ക്രിമിനൽ കേസുകൾ കുറവാണ്. ദുരുപയോഗവും പീഡനങ്ങളും മറച്ചുവെക്കാൻ സഭ നടത്തുന്ന ശ്രമങ്ങളും 1980-കളുടെ അവസാനത്തിൽ പൊതുജനശ്രദ്ധ നേടാൻ തുടങ്ങി.[8] ഈ കേസുകളിൽ പലതിലും വർഷങ്ങൾ നീളുന്ന പീഡനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദുരുപയോഗം നടന്ന് വർഷങ്ങൾക്ക് ശേഷം മുതിർന്നവരായ ശേഷമാണ് പലപ്പോഴും ആരോപണങ്ങൾ ഉണ്ടാകുന്നത്. ലൈംഗിക പീഡന ആരോപണങ്ങൾ മറച്ചുവെക്കുകയും പീഡക പുരോഹിതരെ മറ്റ് ഇടവകകളിലേക്ക് മാറ്റുകയും ചെയ്ത് സംരക്ഷിക്കാൻ ശ്രമിച്ച കത്തോലിക്കാസഭയിലെ അംഗങ്ങൾക്കെതിരെയും കേസുകൾ നിലവിലുണ്ട്.[9][10]
1990-കളോടെ കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചിലി, ഓസ്‌ട്രേലിയ, അയർലൻഡ്, യൂറോപ്പിന്റെ ഭൂരിഭാഗവും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ കേസുകൾക്ക് കാര്യമായ മാധ്യമ-പൊതുജനശ്രദ്ധ ലഭിച്ചു.[11][12][13] അമേരിക്കൻ മാധ്യമമായ ദ ബോസ്റ്റൺ ഗ്ലോബ് 2002-ൽ നടത്തിയ ഒരു അന്വേഷണം അമേരിക്കയിൽ ഈ വിഷയം വ്യാപകമായി മാധ്യമങ്ങളിൽ എത്തിക്കുവാൻ കാരണമായി. യൂറോപ്പ്, ഓസ്‌ട്രേലിയ, ചിലി, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ വ്യാപകമായ ദുരുപയോഗം നടന്നിട്ടുണ്ട്. തന്മൂലം ലോകവ്യാപകമായ ഇത്തരം പീഡനങ്ങളും, അവക്കു നേരെയുള്ള സഭയുടെ കണ്ണടക്കലും വെളിച്ചത്തു വന്നു[14][12][13]
2001 മുതൽ 2010 വരെ മൂവായിരത്തോളം പുരോഹിതർ ഉൾപ്പെട്ട ലൈംഗിക പീഡന കേസുകൾ വത്തിക്കാൻ പരിശോധിച്ചു. അവയിൽ ചില കേസുകൾ അമ്പത് വർഷം വരെ പഴക്കമുള്ളവയായിരുന്നു.[15] പുരോഹിതന്മാർ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് പൊതുവെ ചർച്ച ചെയ്യപ്പെടുന്നില്ലാത്തതിനാൽ ഇതിന്റെ യഥാർത്ഥ വസ്തുത വിലയിരുത്താൻ പ്രയാസമാണെന്നാണ് റോമൻ കത്തോലിക്കാസഭയെക്കുറിച്ച് അറിവുള്ള രൂപത ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും പറയുന്നത്.[16] സഭാധികാരപരിധിയിലെ അംഗങ്ങൾ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അമിതവും അനുപാതരഹിതവുമാണെന്നും ഇത്തരം ദുരുപയോഗം മറ്റ് മതങ്ങളിലും സ്ഥാപനങ്ങളിലും നടക്കുന്നുണ്ടെന്നും വാദിച്ചു. ഇത് സഭയ്ക്കുള്ളിലെ പ്രശ്നം പരിഹരിക്കാതിരിക്കാനുള്ള ഒരു ഉപായമായി കണ്ട വിമർശകരെ നിരാശരാക്കി.[17]
2001-ലെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ക്ഷമാപണത്തിൽ സഭയ്ക്കുള്ളിലെ ലൈംഗിക പീഡനത്തെ യേശുക്രിസ്തുവിന്റെ ഉപദേശത്തിന്റെയും സാക്ഷ്യത്തിന്റെയും അഗാധമായ വൈരുദ്ധ്യമെന്ന് വിശേഷിപ്പിച്ചു.[18]ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ ക്ഷമാപണം നടത്തുകയും ഇരകളായവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ദുരുപയോഗം മൂലമുള്ള തിന്മയിൽ നിന്നും തനിക്കുണ്ടായ നാണക്കേടിനെക്കുറിച്ച് സംസാരിച്ചു. കുറ്റവാളികളെ നിയമത്തിന്റെ മുൻപിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. സഭാധികാരികൾ മോശമായി പെരുമാറിയതിനെ അപലപിച്ചു.[19][20]
ചിലിയിലെ ഒരു പ്രത്യേക കേസിനെ പരാമർശിച്ച് 2018-ൽ ഫ്രാൻസിസ് മാർപാപ്പ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു.[21] എന്നാൽ അതേ വർഷം ഏപ്രിൽ ആയപ്പോഴേക്കും തന്റെ പരിതാപകരമായ പിശകിന് അദ്ദേഹം ക്ഷമ ചോദിച്ചു.[22] ഓഗസ്റ്റിൽ അദ്ദേഹം തന്റെ ലജ്ജയും സങ്കടവും പ്രകടിപ്പിച്ചു.[23] കത്തോലിക്കാസഭയിലെ പുരോഹിതരുടെ ലൈംഗിക പീഡനം തടയുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 2019 ഫെബ്രുവരി 21 മുതൽ 24 വരെ വത്തിക്കാൻ സിറ്റിയിൽ നടന്ന ലോകത്തിലെ എല്ലാ എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെയും പ്രസിഡന്റുമാരുടെ പങ്കാളിത്തത്തോടെ അദ്ദേഹം നാല് ദിവസത്തെ ഉച്ചകോടി യോഗം ചേർന്നു.[24] 2019 ഡിസംബറിൽ ഫ്രാൻസിസ് മാർപാപ്പ സുതാര്യത അനുവദിക്കുന്ന വലിയ മാറ്റങ്ങൾ വരുത്തി.[25][26]
ഇന്ത്യയിൽ
ഇന്ത്യയിൽ കത്തോലിക്കാസഭയിലെ ലൈംഗിക പീഡനക്കേസുകളേക്കുറിച്ച് പൊതുവായി പരസ്യമായി സംസാരിക്കപ്പെടുന്നില്ലെന്ന് 2002-ൽ മാത്യു എൻ. ഷ്മാൾസ് അഭിപ്രായപ്പെട്ടു, "നിങ്ങൾക്ക് ഗോസിപ്പുകളും കിംവദന്തികളും ഉണ്ടായിരിക്കും, പക്ഷേ ഇത് ഒരിക്കലും ഔപചാരിക ആരോപണങ്ങളുടെയും വിവാദങ്ങളുടെയും തലത്തിലെത്തുന്നില്ല."[27]
ഒൻപതുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 2014-ൽ കേരളത്തിലെ തൃശ്ശൂരിലെ തൈക്കാട്ടുശ്ശേരിയിലെ സെന്റ് പോൾസ് പള്ളി വികാരി രാജു കൊക്കൻ അറസ്റ്റിലായിരുന്നു. ഏപ്രിൽ മാസത്തിൽ കൊക്കൻ പലതവണ കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് കേരള പോലീസ് പറഞ്ഞു. ലൈംഗിക പീഡനത്തിന് മുമ്പ് കുട്ടിയുടെ ആദ്യകുർബാന ചടങ്ങിനായി വിലകൂടിയ വസ്ത്രങ്ങൾ സമ്മാനിക്കുമെന്ന് കൊക്കൻ വാഗ്ദാനം ചെയ്തതായി പറയപ്പെടുന്നു. 2014 ഏപ്രിൽ 25-ന് കൊക്കൻ ബലാത്സംഗം ചെയ്തതായി പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്നാണ് പീഡനം പുറംലോകമറിഞ്ഞത്. പുരോഹിതൻ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നാഗർകോവിലിലേക്ക് പലായനം ചെയ്തു. മെയ് 5-ന് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനെത്തുടർന്ന് വികാരിയെ സഭയ്ക്കുള്ളിൽ നിന്ന് നീക്കിയതായി തൃശൂർ അതിരൂപത വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 2014 ഫെബ്രുവരി മുതൽ ഏപ്രിൽ വരെ കേരളത്തിൽ മറ്റ് മൂന്ന് കത്തോലിക്കാ പുരോഹിതരെ അറസ്റ്റ് ചെയ്തു.[28][29]
ഇരകളുടെ അവകാശങ്ങളും കുട്ടികളുടെ സുരക്ഷയും കണക്കിലെടുക്കാതെ ശിക്ഷിക്കപ്പെട്ടതും ജയിലിൽ കിടക്കുന്നതുമായ ഒരു പുരോഹിതനെ 2016-ൽ കത്തോലിക്കാ സഭ തമിഴ്‌നാട്ടിലെ ഊട്ടി രൂപതയിൽ വീണ്ടും നിയമിച്ചു.[30][31][32][33][34]
2017-ൽ കണ്ണൂരിലെ കൊട്ടിയൂരിലുള്ള സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ ഫാദർ റോബിൻ വടക്കുഞ്ചേരി 15 വയസുകാരിയെ തുടർച്ചയായി ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കൊച്ചിയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ഇര പിന്നീട് ഒരു കുട്ടിയെ പ്രസവിച്ചു.[35] അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ അനാഥാലയത്തിലേക്ക് കൊണ്ടുപോയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.[36] തലശ്ശേരി പോക്സോ കോടതി അദ്ദേഹത്തെ 20 വർഷം തടവിന് ശിക്ഷിച്ചു.[37]
ഫ്രാങ്കോ മുളയ്ക്കൽ എന്ന ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ഒരു കന്യാസ്ത്രീ 2018 ജൂൺ മാസത്തിൽ കേരളാ പോലീസിൽ പരാതി നൽകി.[38] 2014 മുതൽ 2016 വരെയുള്ള കാലത്ത് കോട്ടയം ജില്ലയിലെ മഠത്തിലേക്കുള്ള സന്ദർശന വേളകളിൽ തന്നെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് അവർ നൽകിയ പരാതി.[39][40][41][42][43][44][45] 2018-ൽ പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സെപ്റ്റംബർ 21-ന് കേരള പോലീസ് അറസ്റ്റ് ചെയ്തു. തന്റെ സഭാഉത്തരവാദിത്തങ്ങളിൽ നിന്ന് വത്തിക്കാൻ അദ്ദേഹത്തെ 'താൽക്കാലികമായി' ഒഴിവാക്കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതിപ്പെട്ട കന്യാസ്ത്രീ 2014-നും 2016-നും ഇടയിൽ പലതവണ അവരുമായി അസ്വാഭാവിക ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി പോലീസിനോട് പറഞ്ഞിരുന്നു.[46]
↑Bush R. & Wardell H.S. 1900, Stoke Industrial School, Nelson (Report of Royal Commission On, Together With Correspondence, Evidence and Appendix) Government Printer; Wellington, 8.
↑Ulrich L. Lehner, Mönche und Nonnen im Klosterkerker: ein verdrängtes Kapitel Kirchengeschichte. Kevelaer: Verl.-Gemeinschaft Topos Plus, 2015. Shorter English version under the title: Monastic Prisons and Torture Chambers (Eugene, OR: Wipf and Stock 2014)
↑MOORE, Chris, Betrayal of Trust: The Father Brendan Smyth Affair and the Catholic Church; Marino 1995, ISBN1-86023-027-X; the producer's book about the programme's content
↑MOORE, Chris, Betrayal of Trust: The Father Brendan Smyth Affair and the Catholic Church; Marino 1995, ISBN1-86023-027-X; the producer's book about the programme's content