കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം![]() ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മെഗാലിത്തിക്ക്, നിയോലിത്തിക്ക്, സിന്ധു നദീതടസംസ്കാരകാലഘട്ടം, വെങ്കലയുഗം, ഇരുമ്പുയുഗം, എന്നീ കാലഘട്ടങ്ങളിൽ കാണപ്പെടുന്ന മൺപാത്രങ്ങളെ ബന്ധപ്പെടുത്തി വിശേഷിപ്പിക്കുന്ന പേരാണ് കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം.[1] ഇതിനെ പ്രത്യേക പുരാവസ്തുസംസ്കാരമായി കരുതിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും സമയങ്ങളിലും വ്യാപിച്ചു കിടക്കുന്നതും ശൈലിയിലും നിർമ്മാണത്തിലുമുള്ള വ്യത്യാസങ്ങൾ മൂലവും ഇവ വ്യത്യസ്തസംസ്കാരങ്ങളാൽ നിർമ്മിച്ചതായിരിക്കണമെന്നു കരുതപ്പെടുന്നു.[2] പശ്ചിമഗംഗാ സമതലത്തിൽ (പടിഞ്ഞാറൻ ഉത്തർപ്രദേശ്) കറുപ്പും ചുവപ്പും മൺപാത്രങ്ങൾ 1450–1200 ബി.സി.ഇ കാലഘട്ടത്തിലേതാണ്, അവിടെ ഇതിനെ ചാരനിറപ്പാത്ര സംസ്കാരം പിൻതുടർന്നു. അതേസമയം, മധ്യ, കിഴക്കൻ ഗംഗാ സമതലങ്ങളിലും (കിഴക്കൻ ഉത്തർപ്രദേശ്, ബീഹാർ, ബംഗാൾ) മധ്യേന്ത്യയിലും (മധ്യപ്രദേശ്) കറുപ്പും ചുവപ്പും മൺപാത്രങ്ങൾ ഇതേ കാലയളവിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും കൂടുതലും അവ 700-500 ബി.സി.ഇ കാലഘട്ടത്തിലാണ് കാണപ്പെടുന്നത്. [3]ഋഗ്വേദത്തിനു ശേഷമുള്ള വേദസംസ്കാരവുമായി ആണ് ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്. ചില ഖനനസ്ഥലങ്ങളിൽ, കറുപ്പും ചുവപ്പും മൺപാത്രങ്ങൾ പിൽക്കാല ഹാരപ്പൻ മൺപാത്രങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ത്രിഭുവൻ എൻ. റോയ് തുടങ്ങിയ ചില പണ്ഡിതർ അഭിപ്രായമനുസരിച്ച് കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം നിറംപിടിപ്പിച്ച ചാരപ്പാത്ര സംസ്കാരത്തെയും വടക്കൻ കറുത്ത മിനുസപ്പെടുത്തിയ സംസ്കാരത്തെയും നേരിട്ട് സ്വാധീനിച്ചുകാണണം.[4] സിന്ധൂ നദീതടത്തിനു പടിഞ്ഞാറ് കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരത്തിനു തെളിവുകൾ ഇല്ല. [5] ഉത്തർപ്രദേശിലെ മുകൾ ഗംഗാ സമതലം മുതൽ വിന്ധ്യ പർവ്വതനിരകൾക്ക് കിഴക്കു വരെയും പശ്ചിമബംഗാൾ വരെയും ഈ സംസ്കാരം വ്യാപിച്ചിരുന്നു. ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ചൂണ്ടിക്കാട്ടുന്നത് കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം ബംഗാളിൽ ക്രി.മു. 1500-ഓടു കൂടി പുഷ്കലമാവുകയും വീണ്ടും പരിണമിച്ച് ചാൽകോലിഥിക് കാലഘട്ടവും കടന്ന്, ക്രി.മു. 3-ആം നൂറ്റാണ്ടിലെ ചരിത്ര കാലഘട്ടം വരെ നീണ്ടുനിൽക്കുകയും ചെയ്തു എന്നാണ്. ഇരുമ്പിന്റെ ആദ്യകാല ഉപയോഗം, തുടക്കത്തിൽ വിരളമായിരുന്നെങ്കിലും, താരതമ്യേന നേരത്തേയാണ്. അനത്തോളിയയിലെ (ഹിറ്റൈറ്റുകൾ) ഇരുമ്പു യുഗത്തിന്റെ തുടക്കത്തിന് രണ്ടോ മൂന്നോ നൂറ്റാണ്ട് കഴിഞ്ഞാണ് ഇത്, അതേ സമയം യൂറോപ്യൻ (സെൽറ്റ്) ഇരുമ്പ് യുഗത്തെക്കാൾ ഇതിന് ഇരുന്നൂറോ മുന്നൂറോ വർഷം പഴക്കം കൂടുതൽ ഉണ്ടെന്ന് കരുതപ്പെടുന്നു. വടക്കേ ഇന്ത്യയിലെ അടുത്തകാലത്തെ ഖനന ഭലങ്ങൾ കാണിക്കുന്നത് ഇരുമ്പ് ഉപയോഗത്തിന് ക്രി.മു. 1800 വരെ പഴക്കമുണ്ട് എന്നാണ്. ഷാഫറിന്റെ അഭിപ്രായമനുസരിച്ച്, "കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരത്തിൽ ഉണ്ടായിരുന്ന ഇരുമ്പ് വസ്തുക്കളുടെ രൂപവും ഉപയോഗവും തെക്കുപടിഞ്ഞാറേ ഏഷ്യയിൽ ഉപയോഗിച്ചിരുന്ന ആദ്യകാല ഇരുമ്പ് വസ്തുക്കളിൽ നിന്നും വളരെ വിഭിന്നമാണ്."[6] ഇതിനെ ചാരനിറപ്പാത്ര സംസ്കാരം പിന്തുടർന്നു. അവലംബം
ഇതും കാണുകപുറത്തുനിന്നുള്ള കണ്ണികൾ |
Portal di Ensiklopedia Dunia