കശ്മീരി ഗേറ്റ്
പുരാനി ദില്ലി അഥവാ ഓൾഡ് ഡെൽഹിയുടെ വടക്കുവശത്തുള്ള ഇരട്ടക്കമാനാകൃതിയിലുള്ള കവാടമാണ് കശ്മീരി ഗേറ്റ്. ഈ കവാടമിരിക്കുന്ന പ്രദേശവും ഇതേപേരിൽത്തന്നെ ഇന്ന് അറിയപ്പെടുന്നു. പുരാനി ദില്ലി അഥവാ ഷാജഹാനാബാദ് നഗരത്തിന്റെ കശ്മീരിനോട് അഭിമുഖമായുള്ള കവാടമായതിനാലാണ് ഈ പേര്. കവാടത്തിനുപുറമേ, മുഗൾകാലത്തെയും ബ്രിട്ടീഷ് ഭരണകാലത്തെയും പല ചരിത്രസ്മാരകങ്ങളും ഈ പ്രദേശത്തുണ്ട്. ഡെൽഹിയിലെ പ്രധാനപ്പെട്ട ഒരു അന്തർസംസ്ഥാന ബസ് ടെർമിനലും (ഐ.എസ്.ബി.ടി.), ഡെൽഹി മെട്രോയുടെ പ്രധാനപ്പെട്ട ഇന്റർചേഞ്ച് സ്റ്റേഷനും ഇവിടെ സ്ഥിതിചെയ്യുന്നു. ആഭ്യന്തര ബസ് ടെർമിനലായ മോറി ഗേറ്റ് ടെർമിനലും ഇവിടെയുണ്ട്. പുരാനി ദില്ലിയുടെ നഗരഭിത്തി, കശ്മീരി ഗേറ്റിൽ നിന്നാരംഭിച്ച് മോറി ഗേറ്റ് ഭാഗത്തേക്ക് ഏതാണ്ട് ഒരു കിലോമീറ്ററോളം ദൈർഘ്യത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ദാരാ ഷിക്കോ ഗ്രന്ഥാലയം (ഒക്റ്റർലോണി റെസിഡെൻസി എന്ന പേരിലും അറിയപ്പെടുന്ന ഇത് ബ്രിട്ടീഷ് റെസിഡന്റിന്റെ കാര്യാലയവുമായിരുന്നു), ദില്ലിയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളിയായ സെയിന്റ് ജെയിംസ് പള്ളി, ലോതിയൻ സെമിത്തേരി, നിക്കോൾസൺ സെമിത്തേരി, ബ്രിട്ടീഷ് മാഗസിൻ എന്നിവ കശ്മീരി ഗേറ്റിനു പരിസരത്തുള്ള ചരിത്രസ്മാരകങ്ങളാണ്. 1857-ലെ ലഹളയുടെ അന്ത്യത്തിലെ ദില്ലി പിടിച്ചടക്കലിൽ പ്രധാന യുദ്ധക്കളമായിരുന്നു കശ്മീരി ഗേറ്റ്.[1] കശ്മീരി ഗേറ്റിനു കിഴക്കുവശത്ത് യമുനാനദിയും വടക്കുപടിഞ്ഞാറായി ഗ്രീൻ റിഡ്ജും സ്ഥിതിചെയ്യുന്നു. കശ്മീരി ഗേറ്റിന് വടക്കുവശത്താണ് ബ്രിട്ടീഷുകാർ മുൻപ് വസിച്ചിരുന്ന സിവിൽ ലൈൻസ്. തെക്കുവശത്ത് ഓൾഡ് ഡെൽഹി റെയിൽവേ സ്റ്റേഷനാണ്. ചിത്രങ്ങൾKashmere Gate, Delhi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
|
Portal di Ensiklopedia Dunia