കാൻ ഗിയോ ജൈവ വൈവിദ്ധ്യമണ്ഡലം
![]() കാൻ ഗിയോ ജൈവ വൈവിദ്ധ്യമണ്ഡലം വിയറ്റ്നാമിലെ ഏറ്റവും വലിയ വ്യാവസായിക നഗരമായ ഹോ ചി മിൻ പട്ടണത്തിൽ നിന്ന് 40 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു കണ്ടൽക്കാടാണ്. ഈ വനത്തെ യുനെസ്കോ ജൈവ വൈവിദ്ധ്യമണ്ഡലം ആയി 2000ത്തിൽ പ്രഖ്യാപിച്ചു. വിയറ്റ്നാമിലെ ഒരു പ്രധാന വന്യജീവി സങ്കേതമാണ് കാൻ ഗിയോ ജൈവ വൈവിദ്ധ്യമണ്ഡലം. അപൂർവ ജീവിവർഗങ്ങളും കാൻ ഗിയോ കണ്ടൽ വനങ്ങളിൽ കണ്ടുവരുന്നു. ഹോ ചി മിൻ പട്ടണത്തിന്റെ ഹരിത ശ്വാസകോശങ്ങൾ എന്ന് കാൻ ഗിയോ കണ്ടൽ വനങ്ങൾ വിളിക്കപ്പെടുന്നു. 75,740 ഹെക്ടർ വിസ്തൃതിയുള്ള ഈ വനമേഖലയിൽ നൂറ്റമ്പതിലധികം വൃക്ഷവർഗ്ഗങ്ങളും കണ്ടുവരുന്നു. 4721 ഹെക്ടർ ഈ ജൈവ വൈവിദ്ധ്യമണ്ഡലത്തിന്റെ കോർ മേഖലയും, 41,139 ഹെക്ടർ ബഫർ മേഖലയും, 29,880 ഹെക്ടർ പരിവർത്തന മേഖലയുമായി തിരിച്ചിരിക്കുന്നു. സൈഗോൺ, ഡോങ് നയ് നദികളാണ് ഈ വനമേഖലയുടെ രൂപപ്പെടലിന് പിന്നിൽ. ഓരുജല ജന്യമായ കണ്ടൽ വനങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. ശക്തമായ ഒഴുക്കും നദികളുടെ ഇടകലരലും മൂലം ഫലഭൂയിഷ്ടമായ പശിമരാശി മണ്ണ് നിക്ഷേപിക്കപ്പെട്ടതും ഈ മേഖല വളരാൻ കാരണമായി[1] ജൈവവൈവിദ്ധ്യംകാൻ ഗിയോയിൽ കണ്ടൽ വനങ്ങൾ, തണ്ണീർ തടങ്ങൾ, ഉപ്പുജല ചതുപ്പുകൾ, ചെളി പ്രതലങ്ങൾ, കടൽ പുല്ലുമേടുകൾ എന്നീ പരിസ്ഥിതികൾ കാണുന്നു. കാൻ ഗിയോയിലെ പ്രധാന പരിസ്ഥിതി നട്ടുപിടിപ്പിച്ച കണ്ടൽവനങ്ങളാണ്. 20000 ഹെക്ടർ ആണ് അതിന്റെ വിസ്തൃതി. പ്രകൃതിദത്തമായ കണ്ടൽവനങ്ങൾ 7000 ഹെക്ടർ സ്ഥലത്ത് നിലനിൽക്കുന്നു. Rhizophora apiculate, Thespesia populnea, Acanthus ebracteatus എന്നീ കണ്ടൽ ചെടികളാണ് പ്രധാനമായും ഇവിടത്തെ കണ്ടൽ വനങ്ങളിൽ കാണുന്നത്. വലിയ ജൈവ വൈവിദ്ധ്യം കാണുന്ന ഇവിടെ 18 ഇനം മൊളസ്ക, 27 ഇനം ക്രസ്റ്റേഷ്യൻ, 45 ഇനം മത്സ്യങ്ങൾ, 3 ഇനം ഉഭയജീവികൾ എന്നിവയെ കണ്ടെത്തിയിട്ടുണ്ട്. ആദ്യ കാലത്ത് പരക്കെ കണ്ടു വന്നിരുന്ന കായൽ മുതലകൾ ഇവിടെ സംരക്ഷിത മേഖലയിൽ വസിക്കുന്നു. രാജവെമ്പാല, പുള്ളിക്കൊക്കുള്ള പെലിക്കൻ (Pelecanus philippensis), മീൻപിടിക്കുന്ന പൂച്ച (Felis viverrina) എന്നിവയും ഇവിടം വാസസ്ഥാനമാക്കിയവരാണ്.[1] കൂടാതെ ചില ഋതുക്കളിൽ കടൽ പുൽമേടുകളിൽ കടൽപ്പശുക്കളെയും ഇവിടെ കണ്ടതായി സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇവിടത്തെ മണൽത്തിട്ടകളും ചെളിപ്രതലങ്ങളൂം ദേശാടനപ്പക്ഷികളുടെ പ്രധാന പാർപ്പിടമാണ്.[2] സാമൂഹിക-സാംസ്കാരിക ചുറ്റുപാട്കാൻ ഗിയോയുടെ കോർ മേഖലയിലും ബഫർ മേഖലയിലും ജനവാസം തീരെ കുറവാണ്. വനപാലകരും പരമ്പരാഗത ചെമ്മീൻ കെണികൾ ഉപയോഗിക്കുന്ന ഏതാനും മീൻപിടുത്തക്കാരും മാത്രമാണ് അവിടെ താമസിക്കുന്നത്. എന്നാൽ കാൻ ഗിയോയുടെ പരിവർത്തന മേഖലയിൽ 70,000 ത്തോളം വരുന്ന ജനങ്ങൾ അധിവസിക്കുന്നുണ്ട്. വിയറ്റ്നാം ജനതയാണ് ഭൂരിപക്ഷം. ന്യൂനപക്ഷമായി ചൈനീസ്, ഖെമർ സമുദായങ്ങളും പരിവർത്തന മേഖലയിലെ വിവിധ ഭാഗങ്ങളിലായി വസിച്ചു വരുന്നു.[1] ഇവിടത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗങ്ങൾ കൃഷി, മത്സ്യക്കൃഷി, മത്സ്യബന്ധനം, ഉപ്പളങ്ങൾ, വ്യാപാരം, വിനോദ സഞ്ചാരം എന്നിവയാണ്. പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിൽ വിപ്ലവ സേനകളുടെ ഒളിത്താവളമായിരുന്നു കാൻ ഗിയോ കണ്ടൽ വനങ്ങൾ.[1] മറ്റ് ഉപകാരങ്ങൾകാൻ ഗിയോയിലെ കണ്ടൽവനങ്ങൾ പല മൂല്യമേറിയ പാരിസ്ഥിതിക പ്രവൃത്തികൾ ചെയ്യുന്നു. തീരദേശ സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, എണ്ണ മലിനീകരണത്തിൽ നിന്നുള്ള സംരക്ഷണം, പ്രകൃതിക്ഷോഭത്തിൽ നിന്നുള്ള സംരക്ഷണം എന്നിവയാണ് അതിൽ പ്രധാനം. ഇന്ധനമായി ഉപയോഗിക്കുന്നതിനും കെട്ടിടനിർമ്മാണത്തിനും തടികളും കണ്ടൽവനങ്ങൾ നൽകുന്നുണ്ട്.[3] വിവാദങ്ങൾകാൻ ഗിയോ ജൈവ വൈവിദ്ധ്യമണ്ഡലത്തിനകത്ത് കുരങ്ങുകളെ ഉപയോഗിച്ചുള്ള സർക്കസ് നടന്നു വന്നിരുന്നു. മക്കാക്ക് കുരങ്ങുകളെ വസ്ത്രം ധരിപ്പിച്ച് ഞാണിന്മേൽ കളി, സൈക്കിൾ ചവിട്ട്, തീ വളയത്തിൽ കൂടിയുള്ള ചാട്ടം മുതലായ അഭ്യാസപ്രകടനങ്ങൾ സന്ദർശകരെ ലക്ഷ്യമാക്കി നടത്തിയിരുന്നു. ആനിമൽസ് ഏഷ്യ എന്ന ഹോങ്കോങ്ങ് കേന്ദ്രമായ സംഘടന ഇതിനെതിരെ 2017-ൽ പ്രതിഷേധങ്ങൾ തുടങ്ങി. യുനെസ്കോ വിയറ്റ്നാം ഘടകം 2018 മാർച്ച് മാസത്തിൽ ഈ സർക്കസ് നിർത്തലാക്കി. സർക്കസ് നടന്നിരുന്ന ആംഫിതിയേറ്റർ ഒരു വിദ്യാഭ്യാസകേന്ദ്രമാക്കാനാണ് യുനെസ്കോയുടെ പദ്ധതി.[4] അവലംബം
|
Portal di Ensiklopedia Dunia