കിങ് ഫഹദ് വിമാനത്താവളം
ലോകത്തെ ഏറ്റവും വലിപ്പമുള്ള വിമാനത്താവളമാണ് സൗദി അറേബ്യയിലെ ദമാമിനടുത്തുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം. 780 ച.കി.മീ. വിസ്തൃതിയുള്ള ഈ വിമാനത്താവളം അയൽരാജ്യമായ ബഹ്റൈനെക്കാൾ വലുതാണ്. 1999 ൽ പൂർത്തിയാക്കിയ 'കിങ് ഫഹദ്' തിരക്കിന്റെ കാര്യത്തിൽ സൗദിയിൽ മൂന്നാം സ്ഥാനത്താണ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ആദ്യസ്ഥാനങ്ങളിൽ. കിങ് ഫഹദിലെ കാർ പാർക്കിങ് മേഖലയുടെ വിസ്തൃതി 19,02,543 ചതുരശ്ര അടിയാണ്. മൂന്നു നിലയായാണ് ഈ പാർക്കിങ് മേഖല നിർമ്മിച്ചിട്ടുള്ളത്. ഇതിനു പുറമേ തുറന്ന കാർ പാർക്കിങ് മേഖലകളുമുണ്ട്. 3,27,000 ചതുരശ്ര അടിയാണ് പാസഞ്ചർ ടെർമിനലിന്റെ വിസ്തൃതി. സൗദി രാജാവിന് ഉപയോഗിക്കാൻവേണ്ടി പ്രത്യേക റോയൽ ടെർമിനലുമുണ്ട്. വിദേശ രാഷ്ട്രത്തലവന്മാരെയും മറ്റും സ്വീകരിക്കുന്നത് ഇവിടെയാണ്. സൗദിയിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ആദ്യമായി ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ ഏർപ്പെടുത്തിയത് കിങ് ഫഹദിലാണ്. വിമാനത്താവളത്തിലെ മുസ്ലിം പള്ളി നിർമ്മിച്ചിരിക്കുന്നത് കാർ പാർക്കിങ് കെട്ടിടത്തിന്റെ മുകളിലായാണ്. 4,000 മീറ്റർ നീളമുള്ള രണ്ട് സമാന്തര റൺവേകൾ വിമാനത്താവളത്തിലുണ്ട്. രണ്ടു റൺവേകൾക്കുമിടയിലെ അകലം 2,146 മീറ്ററാണ്. അവലംബം
|
Portal di Ensiklopedia Dunia