കിഴക്കിന്റെ കാതോലിക്കോസ്
റോമാ സാമ്രാജ്യത്തിനു് പുറത്തു് എദേസ്സ, മെസപ്പൊട്ടാമിയ, പേർഷ്യ, അറേബ്യ, ഇന്ത്യ, ചൈന, മംഗോളിയ, എന്നീ കിഴക്കൻ ഭൂപ്രദേശങ്ങളിൽ വളർന്ന് വികസിച്ച ക്രൈസ്തവസഭയായ കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസുമാർ ആണ് പൗരസ്ത്യ കാതോലിക്കോസ് അഥവാ കിഴക്കിന്റെ കാതോലിക്കാ (ഇംഗ്ലീഷ്: Catholicos of the East) എന്ന് അറിയപ്പെട്ടിരുന്നത്. ഇവർ കിഴക്കിന്റെ കാതോലിക്കോസ്-പാത്രിയാർക്കീസ്, സെലൂക്യാ-ക്ടെസിഫോണിന്റെ കാതോലിക്കോസ്, ബാബിലോണിന്റെ പാത്രിയർക്കീസ്, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത എന്നൊക്കെയുള്ള സ്ഥാനിക നാമങ്ങളിൽ അറിയപ്പെട്ടിരുന്നു. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിലെ മാർത്തോമാശ്ലീഹായുടേയും അദ്ദേഹത്തിൻറെ ശിഷ്യന്മാരായ മാർ അദ്ദായി, മാർ മാറി എന്നിവരുടെയും പ്രവർത്തനഫലമായാണ് ഈ സഭ രൂപപ്പെട്ടത്. നാലാം നൂറ്റാണ്ടിൽ ഈ സഭയുടെ ആസ്ഥാനം സസാനിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സെലൂക്യാ-ടെസിഫോൺ ഇരട്ട നഗരങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചതോടെ ഈ സ്ഥാനത്തിന് സെലൂക്യാ-ടെസിഫോണിന്റെ കാതോലിക്കോസ്-പാത്രിയാർക്കീസ് എന്ന പേരും കൈകവന്നു.[1][2] എദേസ്സൻ സഭാപാരമ്പര്യം പിന്തുടർന്ന ഈ സഭ റോമാ സാമ്രാജ്യത്തിൽ വളർന്ന സഭകളിൽനിന്ന് വളരെ വ്യത്യസ്തമായ ചരിത്രപശ്ചാത്തലവും ആരാധനാക്രമവും ദൈവശാസ്ത്രവീക്ഷണവും ശിക്ഷണക്രമവും ഉള്ള സഭയായിരുന്നു. ഈ അധികാരസ്ഥാനം ഒന്നാം നൂറ്റാണ്ടിലെ എദേസ്സയിൽ പിറവിയെടുത്തതാണ്. പിന്നീട് സസാനിയൻ സാമ്രാജ്യത്തിനുള്ളിലെ ക്രിസ്തുമതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ വികാസം പ്രാപിച്ചു.[1] കിഴക്കിന്റെ സഭയിലെ പിളർപ്പുകളും വിവിധ ശാഖകളുംപതിനഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും ഈ സഭ പശ്ചിമേഷ്യ, ഇന്ത്യ എന്നീ പ്രദേശങ്ങളിലേക്ക് പരിമിതപ്പെട്ടു. പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും ഉത്തരമെസപ്പൊട്ടാമിയായിലും ഇന്ത്യയിലും ഈ സഭ പലതരം പിളർപ്പുകൾ അനുഭവിച്ചു, അതിന്റെ ഫലമായി മത്സരിക്കുന്ന സഭാധ്യക്ഷന്മാരും സഭകളും രൂപപ്പെട്ടു. ഇന്ന്, ആ പിളർപ്പുകളിൽ നിന്ന് ഉയർന്നുവന്ന മൂന്ന് പ്രധാന സഭകൾ ഇറാഖ് കേന്ദ്രമായി പ്രവർത്തിക്കുന്നു. അവ അംഗബലം അനുസരിച്ച് കൽദായ കത്തോലിക്കാ സഭ, അസ്സീറിയൻ പൗരസ്ത്യ സഭ, പുരാതന പൗരസ്ത്യ സഭ എന്നിവയാണ്. ഇതിൽ ഒരോരോ സഭയ്ക്കും അവരവരുടേതായ പാത്രിയർക്കീസുമാരും സൂനഹദോസുകളും ഉണ്ട്. ഇതിൽ കൽദായ കത്തോലിക്കാ സഭാധ്യക്ഷൻ ബാബിലോണിന്റെ പാത്രിയർക്കീസെന്നും, പൗരസ്ത്യ അസ്സീറിയൻ സഭാധ്യക്ഷനും പുരാതന പൗരസ്ത്യ സഭാധ്യക്ഷനും സെലൂക്യാ-ടെസിഫോൺ കാതോലിക്കോസ്-പാത്രിയർക്കീസുമാർ എന്നും അറിയപ്പെട്ടുവരുന്നു.[3][4] ഇതും കാണുകകിഴക്കിന്റെ കാതോലിക്കാ പാത്രിയർക്കീസുമാരുടെ പട്ടിക അവലംബം
|
Portal di Ensiklopedia Dunia