കിഴക്കൻ നുസ ടെങ്കാര
കിഴക്കൻ നുസ ടെങ്കാര (ഇന്തോനേഷ്യൻ: നുസ ടെങ്കാര തിമൂർ - NTT) ഇന്തോനേഷ്യയുടെ ഏറ്റവും തെക്കുപടിഞ്ഞാറുള്ള പ്രവിശ്യയാണ്. ഇത് ലെസ്സർ സുന്ദ ദ്വീപുകളുടെ കിഴക്കൻ ഭാഗത്തെ ഉൾക്കൊള്ളുന്നതൊടൊപ്പം തെക്കു ഭാഗത്ത് ഇന്ത്യൻ മഹാസമുദ്രത്തേയും വടക്കുഭാഗത്ത് ഫ്ലോർസ് കടലിനേയും അഭിമുഖീകരിച്ചു നിലനിൽക്കുന്നു. അതിൽ 500-ലധികം ദ്വീപുകളാണുള്ളത്. ഇവയിൽ വലിപ്പം കൂടിയവ സുമ്പ, ഫ്ലൊറസ്, കിഴക്കൻ ടിമോറുമായി കര അതിർത്തി പങ്കിടുന്ന ടിമോറിൻറെ പടിഞ്ഞാറൻ ഭാഗം എന്നിവയാണ്. ഈ പ്രവിശ്യ 21 റീജൻസികളായി ഉപവിഭജനം നടത്തിയിരിക്കുന്നതോടൊപ്പം റീജൻസി തലത്തിലുള്ള നഗരമായ കുപ്പാങ് പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ഒരു ക്രൈസ്തവ ഭൂരിഭാഗം പ്രദേശമായ കിഴക്കൻ നുസ തെങ്കാര മാത്രമാണ് ഇന്തോനേഷ്യൻ പ്രവിശ്യകളിൽ റോമൻ കത്തോലിക്കാ മതത്തിനു ഭൂരിപക്ഷമുള്ളത്. ഈ പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം 47,245.82 ചതുരശ്ര കിലോമീറ്റർ ആണ്. 2010 ലെ സെൻസസ് പ്രകാരമുള്ള പ്രവിശ്യയിലെ ആകെ ജനസംഖ്യ 4,683,827 ആയിരുന്നു. 2014 ജനുവരിയിലെ പുതുക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 5,070,746 ആയിരുന്നു ജനസംഖ്യ. സാമ്പത്തികമായി ഇപ്പോഴും ഇന്തോനേഷ്യയിലെ ഏറ്റവും വികസനം കുറഞ്ഞ പ്രവിശ്യകളിലൊന്നായി കിഴക്കൻ നുസ തെങ്കാര നിലനിൽക്കുന്നു. ലബ്വാൻ ബാജോ, കൊമോഡോ ദേശീയോദ്യാനം, മൗണ്ട് കെളിമുതു എന്നീ അറിയപ്പെടുന്ന ആകർഷണീയതകളോടെ പ്രവിശ്യയിലെ വിനോദ സഞ്ചാര മേഖലയെ വിപുലീകരിക്കുന്നതിലാണ് പ്രവശ്യ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1945-ലെ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനുശേഷം, ഇന്തോനേഷ്യയുടെ കിഴക്കൻ ഭാഗം കിഴക്കൻ ഇന്തോനേഷ്യ സംസ്ഥാനമായി. 1949 ൽ ഡച്ചുകാരുടെ പരമാധികാരം ഇന്തോനേഷ്യയ്ക്ക് കൈമാറിയ ഉടമ്പടിയുടെ ഭാഗമായി ഈ സംസ്ഥാനം വീണ്ടും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്തോനേഷ്യയിൽ ഉൾപ്പെടുത്തപ്പെട്ടു. 1950-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്തോനേഷ്യ ഒരു ഏകീകൃത സംസ്ഥാനത്തിലേയ്ക്കു ലയിക്കുകയും അതിന്റെ ഘടകഭാഗങ്ങൾ പ്രവിശ്യകളായി വിഭജിക്കപ്പെടുകയും ചെയ്തു. 1958-ൽ ഇന്തോനേഷ്യൻ നിയമം (അൺഡങ്-ഉണ്ടങ്) നമ്പർ 64/1958 അനുസരിച്ച് ലെസ്സർ സുന്ദ ദ്വീപുകളിൽ ബാലി, പടിഞ്ഞാറൻ നസ ടെങ്കാര, കിഴക്കൻ നുസ ടെങ്കാര എന്നിങ്ങനെ മൂന്ന് പ്രവിശ്യകൾ നിലവിൽ വന്നു. കിഴക്കൻ നുസ ടെങ്കാര പ്രവിശ്യയിൽ തിമോർ ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗം, ഫ്ലോർസ്, സുംബ എന്നിങ്ങനെ മേഖലയിലെ നിരവധി മറ്റു ചെറിയ ദ്വീപുകളും ഉൾപ്പെട്ടിരുന്നു. പ്രവിശ്യയെ വീണ്ടും 12 റീജൻസികളായും റീജൻസി-തല പദവിയുള്ള കുപ്പാങ് നഗരമായും വേർതിരിച്ചിരിക്കുന്നു. 1998 ലെ സുഹാർത്തോ ഭരണകൂടത്തിന്റെ വീഴ്ചയും പുതിയ ഒരു പ്രാദേശിക സ്വയംഭരണ നിയമം നടപ്പിലാക്കിയതും ഇന്തോനേഷ്യയിലുടനീളം പ്രവിശ്യാതലത്തിലും റീജൻസി തലത്തിലും പ്രാദേശിക സർക്കാറുകളുടെ നാടകീയമായ വർദ്ധനവുണ്ടായി (പെമെക്കാരൺ എന്നറിയപ്പെടുന്നു). കിഴക്കൻ നുസാ ടെങ്കാരയിലെ നിലവിലുള്ള റീജൻസികളെ വിഭജിച്ച് നിരവധി പുതിയ റീജൻസികൾ സൃഷ്ടിക്കപ്പെട്ടു. അവലംബം
|
Portal di Ensiklopedia Dunia