കുടുംബാസൂത്രണം![]() ആരോഗ്യകരമായ രീതിയിൽ എപ്പോൾ ഗർഭധാരണം നടത്തണമെന്നും[1] , അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുവാനും, മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ചു ജനിക്കുന്ന സന്താനങ്ങളുടെ എണ്ണം നിയന്ത്രിക്കുവാനും, [2][3] അവരെ നന്നായി പോറ്റിവളർത്തുവാനും, ജനപ്പെരുപ്പം നിയന്ത്രിക്കുവാനും, കുടുംബം മെച്ചപ്പെടുത്താനും ഉള്ള ക്രമീകരണങ്ങളെയാണ് കുടുംബാസൂത്രണം അഥവാ കുടുംബക്ഷേമം എന്നു പറയുന്നത്. ഇംഗ്ലീഷിൽ ഫാമിലി പ്ലാനിങ് (Family planning). "നാമൊന്ന് നമുക്കൊന്ന്" എന്നതാണ് കുടുംബാസൂത്രണ വാക്യം. കുട്ടികളുടെയും സ്ത്രീകളുടെയും ചുരുക്കത്തിൽ കുടുംബത്തിന്റെ ക്ഷേമം തന്നെയാണ് ഇതിന്റെ അടിസ്ഥാനം എന്ന് പറയാം. ഗർഭനിരോധന രീതികൾ അഥവാ കോൺട്രാസെപ്ഷൻ (Contraception) ഇതിന്റെ ഒരു പ്രധാന ഭാഗമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ കുറഞ്ഞത് പതിനെട്ടു മുതൽ ഇരുപത്തിനാല് മാസങ്ങളുടെ ഇടവേള വേണമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഗർഭനിരോധന മാർഗങ്ങൾക്കു പുറമേ ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം[3][4], സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനം തടയൽ [3], ഗർഭധാരണത്തിനു മുൻപുള്ള ഉപദേശങ്ങൾ,[3] വന്ധ്യതാ നിവാരണം[2] തുടങ്ങിയവയും കുടുംബാസൂത്രണത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി സെപ്റ്റംബർ 26 ലോക കുടുംബാസൂത്രണ ദിനം അഥവാ ഗർഭനിരോധനദിനമായി ആചരിച്ചു വരുന്നു. ലോകമെമ്പാടും വിവിധ ഗർഭനിരോധന മാർഗങ്ങളെ പറ്റിയും സുരക്ഷിതമായ ലൈംഗികതയെ പറ്റിയുമുള്ള ബോധവൽക്കരണം ഇതുമായി ബന്ധപെട്ടു നടത്തി വരുന്നു. ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തിന്റെ ഭാഗമാണിത്. ശാസ്ത്രീയമായ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ വഷളാകാൻ പ്രധാന കാരണം. സാധാരണയായി ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗത്തെയാണ് കുടുംബാസൂത്രണം കൊണ്ടുദ്ദേശിക്കാറുള്ളതെങ്കിലും ഇതിനുപുറമേയുള്ള പല മുറകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വന്ധ്യംകരണവും ഗർഭഛിദ്രവും കുടുംബാസൂത്രണത്തിന്റെ പരിധിയിൽ പെട്ടതാണ്. [5] ദേശീയ തലത്തിൽ ഒരു കുടുംബാസൂത്രണ പരിപാടിയുള്ള രാജ്യമാണ് ഇന്ത്യ. ഇഷ്ടമുള്ള കുടുംബാസൂത്രണ മാർഗം തിരഞ്ഞെടുക്കാനുള്ള അവകാശവും ഇന്ത്യയിൽ സ്ത്രീകൾക്കുണ്ട്. ഇത് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ ആശുപത്രികൾ എന്നിവ വഴി രാജ്യത്ത് ഉടനീളം സൗജന്യമായി ലഭ്യമാണ്. ഉദാഹരണത്തിന് കോണ്ടം, കോപ്പർ ടി, ഗർഭനിരോധന ഗുളികകൾ തുടങ്ങിയ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായി ലഭ്യമാണ്. കേരളത്തിൽ പബ്ലിക് ഹെൽത്ത് നഴ്സുമാർ ഇത്തരം സേവനം നൽകുന്നതിൽ വിദഗ്ദരാണ്. ആശാ പ്രവർത്തകർ വഴി ഇതേപ്പറ്റിയുള്ള വിവരങ്ങൾ സ്ത്രീകൾക്ക് എളുപ്പത്തിൽ ലഭ്യമാണ്. പലപ്പോഴും വെറും വിശ്വാസത്തിന്റെ പേരിൽ യാതൊരുവിധ നിരോധന മാര്ഗങ്ങളൊന്നുമില്ലാതെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ആഗ്രഹിക്കാത്ത ഗര്ഭധാരണത്തിലേക്കും ചിലപ്പോൾ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളിലേക്കും നയിക്കുന്നു. കുടുംബാസൂത്രണം മൂലം കുട്ടികളുടെ എണ്ണം കുറക്കുവാനും, മാതാപിതാക്കൾക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു കുട്ടികളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വളർത്തുവാനും സാധിക്കുന്നു. കുടുംബത്തിലും സമൂഹത്തിലുമുള്ള ദാരിദ്ര്യം, ദുരിതങ്ങൾ എന്നിവ ഒരുപരിധിവരെ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. അതുവഴി കുട്ടിയുടെ ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, സംരക്ഷണം, കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ തുടങ്ങിയവ ഉറപ്പുവരുത്തുവാനും സാധിക്കുന്നു. കുട്ടികളെ വളർത്താൻ ശേഷിയില്ലാത്ത ഒരു കുടുംബത്തിൽ ധാരാളം കുട്ടികൾ ജനിച്ചാൽ അവരുടെ ആഹാരം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം മുതൽ ആരോഗ്യ കാര്യങ്ങളിൽവരെ മാതാപിതാക്കൾക്ക് വളരെയധികം ബുദ്ധിമുട്ടേണ്ടി വരുന്നു. ഇത് പലപ്പോഴും കാര്യമായ വരുമാനമില്ലാത്ത മാതാപിതാക്കൾക്ക് താങ്ങാൻ സാധിക്കണമെന്നില്ല. കുടുംബാസൂത്രണം പ്രചാരത്തിൽ ആകുന്നതിന് മുൻപ് മിക്ക ദമ്പതികൾക്കും ഒരുപാട് കുട്ടികൾ ഉണ്ടായിരിക്കുകയും എന്നാൽ അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വളരെയേറെ ബുദ്ധിമുട്ടേണ്ടി വരുന്ന കാഴ്ച ഏറെ സാധാരണമായിരുന്നു എന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ഇത് പലപ്പോഴും മാതാപിതാക്കളെ അമിതമായ സമ്മർദത്തിലേക്കും സാമ്പത്തിക പ്രശ്നങ്ങളിലേക്കും തള്ളി വിടാറുള്ള ഒരു കാര്യമായി വിലയിരുത്തപ്പെടുന്നു. ചിലർക്ക് തങ്ങളുടെ കുട്ടികളെ മറ്റ് വഴികളില്ലാതെ അനാഥാലയങ്ങളിലേക്ക് മാറ്റേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. പലയിടത്തും കുട്ടികളെ നിയമ വിരുദ്ധമായി ഭിക്ഷ യാചിക്കാനും ബാലവേല ചെയ്യിപ്പിക്കാനും ഉപയോഗിച്ച് വന്നിരുന്നു. ഇത് ബാലപീഡനം, ചൂഷണം എന്നിവയിലേക്ക് നയിക്കുന്നു. പൊതുവേ സാമൂഹികപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ജനിക്കുന്നതായി കാണപ്പെടുന്നു. ദരിദ്ര്യ അവികസിത രാജ്യങ്ങളിൽ കൂടുതൽ കുട്ടികൾ ജനിക്കുന്നതായി കാണാം. പല കുട്ടികളും പോഷകാഹാരക്കുറവ്, രോഗങ്ങൾ, സ്കൂളിൽ പോകാനുള്ള സാഹചര്യക്കുറവ് എന്നിവ മൂലം ദുരിതം അനുഭവിക്കുന്നു. എന്നാൽ വികസിതമായ അല്ലെങ്കിൽ മുന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ കുടുംബാസൂത്രണത്തിന് ഏറെ സ്വീകാര്യതയുള്ളതായി കാണാം. അത്തരം സമൂഹങ്ങളിൽ ഒന്നോ രണ്ടോ കുട്ടികൾ ജനിച്ചു കഴിഞ്ഞാൽ സ്ഥിരമായ ഗർഭനിരോധന രീതികൾ സ്വീകരിക്കാറുണ്ട്. ഇന്ത്യയിൽ ധാരാളം ദമ്പതികൾ രണ്ട് കുട്ടികൾ എന്ന നയം സ്വീകരിച്ചിട്ടുണ്ട്. ഇത് കുടുംബാസൂത്രണത്തിന്റെ ഫലമാണ്. ഒരു കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും ആപത്തോ ആരോഗ്യ പ്രശ്നമോ ഉണ്ടായാലും മറ്റൊരു കുട്ടി കൂടിയുണ്ട് എന്നതാണ് ദമ്പതികളെ രണ്ട് കുട്ടികൾ എന്ന നയം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. മറ്റൊന്ന് സ്വന്തം കുട്ടിക്ക് ഒരു കൂട്ടിന് മറ്റൊരു കുഞ്ഞിനെ കൂടി അവർ കണക്കാക്കുന്നു എന്നതാണ്. എന്നാൽ ഇന്ന് പല ദമ്പതികളും ഒറ്റക്കുട്ടി നയം സ്വീകരിക്കുന്നു. കേരളം പോലെയുള്ള സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഏറെ മുൻപിലാണ്. ഇന്ന് ചൈനയിൽ ഒരു ദമ്പതികൾക്ക് പരമാവധി രണ്ട് കുട്ടികൾ എന്ന് നിയമം മൂലം പരിമിതപ്പെടുത്തിയിരിക്കുന്നതായി കാണപ്പെടുന്നു. നേരത്തെ ജനസംഖ്യാ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ചൈന ഒറ്റക്കുട്ടി നയം ഔദ്യോഗികമായി സ്വീകരിച്ചിരുന്നു. ഒരു സ്ത്രീയ്ക്ക് രണ്ടിലധികം കുട്ടികൾ ഉണ്ടാകുന്നത് ഒരു രാജ്യത്തിന്റെ ജനസംഖ്യ വർധിക്കാൻ ഇടയാക്കും എന്ന് വിലയിരുത്തപ്പെടുന്നു. കുടുംബാസൂത്രണം കുടുംബത്തിലെ സമത്വവുമായി ബന്ധപെട്ടു കിടക്കുന്നു. പലപ്പോഴും പുരുഷാധിപത്യമുള്ള പരമ്പരാഗത സമൂഹങ്ങളിൽ കുട്ടികളെ വളർത്തുന്നതിന്റെയും വീട്ടുജോലിയുടെയും ചുമതല സ്ത്രീയുടെ അല്ലെങ്കിൽ അമ്മയുടെ മാത്രം ചുമലിൽ മാത്രം വരുന്നതും മറ്റൊരു പ്രശ്നമാണ്. വലിയൊരു കുടുംബത്തിനുള്ള സാമ്പത്തികം കണ്ടത്തേണ്ടത്തിന്റെ ഉത്തരവാദിത്തം പുരുഷന്റെ അല്ലെങ്കിൽ പിതാവിന്റെ മാത്രം ഭാരമായി മാറുന്നത് പല പുരുഷന്മാർക്കും ബുദ്ധിമുട്ടാണ്. കുടുംബ പ്രശ്നങ്ങൾ വർധിക്കുമ്പോൾ കലഹം, വിഷാദം, ആത്മഹത്യ പ്രവണത എന്നിവ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. എന്നാൽ കുട്ടികളെ വളർത്തുന്നതിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്വം ഭാര്യാഭർത്താക്കന്മാർ തുല്യമായി പങ്കിട്ടാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകുന്നു. അതിനാൽ ലിംഗ സമത്വം, സ്ത്രീ ശാക്തീകരണം തുടങ്ങിയവ കുടുംബാസൂത്രണത്തിന്റെ വിശാലമായ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഇന്ന് പല സ്ത്രീകളും അവരുടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി, തൊഴിൽ അഥവാ സാമ്പത്തിക സുരക്ഷിതത്വം എന്നിവ നേടിയിട്ടു മാത്രം വിവാഹം, കുട്ടികൾ എന്നിവ മതി എന്ന തീരുമാനം കൈക്കൊള്ളാറുണ്ട്. അതിന്റെ ഭാഗമായി നവ ദമ്പതികൾ കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കുന്നു. പലരും വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷമാവും കുട്ടികൾക്ക് വേണ്ടി ശ്രമിക്കാറുള്ളത്. ഇത് സ്ത്രീകൾക്കും കുടുംബത്തിനും സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷിതത്വവും നൽകുന്നു. മറ്റൊന്ന്, പ്രസവവുമായി ബന്ധപ്പെട്ടതാണ്. ആദ്യത്തെ പ്രസവം സ്ത്രീയുടെ 23 വയസിനും 30 വയസിനും ഇടയിലാകുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്നത് കൊണ്ട് നേരത്തെ വിവാഹിതരാകുന്ന (18-21 വയസിൽ വിവാഹം കഴിക്കുന്ന) പല സ്ത്രീകളും ഗർഭധാരണം നീട്ടി വെക്കാറുണ്ട്. ഇതവരുടെ ഉന്നത വിദ്യാഭ്യാസത്തിനും ഗുണം ചെയ്യുന്നു. നേരത്തെ പ്രസവിക്കുന്ന പല പെൺകുട്ടികൾക്കും കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നതിനാൽ അവരുടെ വിദ്യാഭ്യാസം തടസപ്പെട്ടു പോകുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇത് സ്ത്രീകളുടെ സാമൂഹിക തുല്യത, സ്വാശ്രയത്വം, വ്യക്തി സ്വാതന്ത്ര്യം, തൊഴിൽ, അതിജീവനം എന്നിവയെ ബാധിക്കുന്ന ഒരു ഘടകമായി വിലയിരുത്തപ്പെടുന്നു. പലപ്പോഴും പ്രസവത്തിന്റെ സങ്കീർണ്ണതകൾ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. ഉദാഹരണത്തിന് ഇത്തരം സങ്കീർണ്ണതകളിൽ തടസ്സപ്പെടുന്ന പ്രസവ പ്രക്രിയ, പോസ്റ്റ്‌പാർട്ടം ബ്ലീഡിംഗ്, എക്ലാംപ്സിയ, പോസ്റ്റ്‌പാർട്ടം അണുബാധ, പ്രായമേറിയവരുടെ പ്രസവം എന്നിവ ഉൾപ്പെടുന്നു. അമ്മയുടെയും കുഞ്ഞിന്റെയും മരണം ഗുരുതരമായ മറ്റൊരു പ്രശ്നമാണ്. പ്രസവാനന്തര രക്തസ്രാവം, അംനിയോട്ടിക് ഫ്ലൂയിഡ് എമ്പോളിസം എന്നിവ മാതാവിനെ ബാധിക്കുന്ന ഗുരുതരമായ രോഗവസ്ഥകളാണ്. ഇത് മരണത്തിലേക്ക് നയിച്ചേക്കാം. മേൽപ്പറഞ്ഞ പല പ്രശ്നങ്ങളും പ്രസവം വളരെ സങ്കീർണ്ണമായ, ചിലപ്പോൾ ജീവൻ പോലും നഷ്ടപ്പെടുന്ന ഒന്നായി മാറ്റാറുണ്ട്. അതുകൊണ്ട് തന്നെ പലരും ഒന്നോ രണ്ടോ കുട്ടികളുടെ ജനനത്തിന് ശേഷം സ്ഥിരമായ ഗർഭനിരോധന രീതികൾ സ്വീകരിക്കുന്നു. ജനപ്പെരുപ്പവും വികസനക്കുറവുമാണ് ദാരിദ്ര്യത്തിന്റെ മുഖ്യ കാരണത്തിൽ പ്രധാനം. ജനപെരുപ്പം മൂലം വീർപ്പുമുട്ടുന്ന രാജ്യങ്ങളിൽ കുടുംബാസൂത്രണ മാർഗങ്ങളിലൂടെ ജനസംഖ്യാവർദ്ധനവ് നിയന്ത്രിക്കുവാനും അതുവഴി മലിനീകരണം, ദാരിദ്ര്യം, തൊഴിൽ ഇല്ലായ്മ, പോഷകാഹാരക്കുറവ്, രോഗങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു. അതിനാൽ ഇത് രാഷ്ട്രത്തിന്റെ ക്ഷേമത്തിനായുള്ള ഒരു മികച്ച പ്രവർത്തനം കൂടി ആണ്. ഇന്ത്യയിൽ പലർക്കും ഇന്നും കുടുംബാസൂത്രണത്തെ പറ്റിയോ ഗർഭനിരോധന രീതികളെപ്പറ്റിയോ ശരിയായ അറിവില്ല എന്നതാണ് വാസ്തവം. വികസിത രാജ്യങ്ങൾ ഇക്കാര്യത്തിൽ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. അവിടെ ജനങ്ങൾക്ക് ഇതേപറ്റി കൃത്യമായ ബോധ്യം ഉണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വികസിത രാജ്യങ്ങളിൽ ഹൈസ്കൂൾ ക്ലാസുകളിൽ തന്നെ ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം, റിലേഷൻഷിപ്പ് എഡ്യൂക്കേഷൻ, കുടുംബാസൂത്രണം, ഗർഭനിരോധന മാർഗങ്ങൾ, പ്രത്യുത്പാദന ആരോഗ്യം എന്നിവ പഠിപ്പിക്കുന്നതായി കാണാം. സിലബസിൽ ഇവ ഉൾപ്പെടുത്തിയിരിക്കുന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഇന്ത്യയിലെ ഹൈസ്കൂൾ സിലബസ് കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെയും അദ്ധ്യാപകർക്ക് ആവശ്യമായ പരിശീലനം നൽകേണ്ടതിന്റെയും ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. മതപരമായ വിലക്കുകൾ കൊണ്ടും തെറ്റായ അറിവുകൾ കൊണ്ടും ഇവ ഉപയോഗിക്കാൻ മടിക്കുന്ന ആളുകളുമുണ്ട്. ഇതേപ്പറ്റി സമൂഹത്തിൽ ബോധവൽക്കരണം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. പുരുഷന്മാരിൽ വാസക്ടമിയും സ്ത്രീകളിൽ ട്യൂബക്ടമിയും സ്ഥിരമായ വന്ധ്യംകരണ മാർഗങ്ങൾ ആണ്. ഇതിൽ വാസക്ടമി അതീവ ലളിതമായ വന്ധ്യംകരണ മാർഗ്ഗമാകുന്നു. കോണ്ടം, കോപ്പർ ടി തുടങ്ങിയവ ഏറ്റവും എളുപ്പമുള്ള ഒരു കുടുംബാസൂത്രണ മാർഗ്ഗമാണ്, മാത്രമല്ല കോണ്ടം സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന എയ്ഡ്‌സ് ഉൾപ്പടെയുള്ള രോഗങ്ങളുടെ വ്യാപനത്തെ ചെറുക്കുകയും ചെയ്യുന്നു. ഇത് ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണിത്. ഗർഭനിരോധന മാർഗങ്ങൾഗർഭധാരണം തടയുന്നതിന് ധാരാളം രീതികൾ ഉണ്ട്. ഇവ ഗർഭനിരോധന രീതികൾ എന്നറിയപ്പെടുന്നു. ഇംഗ്ലീഷിൽ കോൺട്രാസെപ്ഷൻ (Contraception) എന്ന പേരിൽ അറിയപ്പെടുന്നു. കുടുംബാസൂത്രണം അഥവാ ഫാമിലി പ്ലാനിങ് എന്ന ആവശ്യത്തിന് വേണ്ടി ഇവ ഉപയോഗപ്പെടുത്തുന്നു. ഇതിന് ധാരാളം താൽക്കാലികമാർഗങ്ങളും സ്‌ഥിരമാർഗങ്ങളുമുണ്ട്. ഗർഭനിരോധന ഉപാധികൾ അഥവാ കോൺട്രാസെപ്റ്റീവ്സ് (Contraceptives) അതിന് വേണ്ടി ഉപയോഗപ്പെടുത്തുന്നു. ഇവയിൽ പലതും സർക്കാർ ആശുപത്രികൾ വഴിയും സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ വഴിയും സൗജന്യമായി ലഭ്യമാണ്. എന്നിരുന്നാലും അനാവശ്യമായ ലജ്ജയോ അറിവില്ലായ്മയോ കാരണം ഇത്തരം സേവനങ്ങൾ തേടാൻ മടിക്കുന്നവർ അനേകമുണ്ട്. ഗര്ഭനിരോധനത്തിന് ഏത് മാർഗമാണ് തങ്ങൾക്ക് അനുയോജ്യം എന്നറിയാത്തവരും ധാരാളമുണ്ട്. ഇക്കാര്യത്തിൽ ശരിയായ ബോധവൽക്കരണം ഇന്നും നടക്കുന്നില്ല. പങ്കാളിയുടെ നിർബന്ധത്തിന് വഴങ്ങി സുരക്ഷാ മാർഗങ്ങൾ ഒന്നും ഉപയോഗിക്കാതെയുള്ള ലൈംഗികബന്ധം പലപ്പോഴും ആഗ്രഹിക്കാത്ത ഗർഭധാരണത്തിനോ രോഗങ്ങൾക്കോ കാരണമാകാറുണ്ട്[6].
ഭാവിയിൽ ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനമെടുത്തവർക്ക് സ്ഥിരമായ ഗർഭനിരോധനമാർഗ്ഗങ്ങൾ ഉപയോഗിക്കാം. ഇതിനായി സ്‌ത്രീകളിൽ അണ്‌ഢവാഹിനിക്കുഴലിൽ മാറ്റങ്ങൾ വരുത്തുന്ന ട്യൂബക്‌ടമി ശസ്ത്രക്രിയയും പുരുഷൻമാരിൽ ബീജം ശുക്ലവുമായി കലരുന്നത് തടയുന്ന വാസക്‌ടമിയുമാണ് നിലവിലുള്ളത്. വാസക്‌ടമി ഒരു തരത്തിലും ഉദ്ധാരണശേഷിയേയോ സ്കലനത്തെയോ ലൈംഗിക ശേഷിയെയോ ബാധിക്കില്ല. സിസേറിയൻ ശസ്ത്രക്രിയ ആണെങ്കിൽ കൂടെത്തന്നെ പ്രസവം നിർത്താം എന്ന കാരണത്താൽ പലരും ട്യൂബക്‌ടമി ചെയ്യാറുണ്ട്. ഇതൊഴിച്ചാൽ അത്യന്തം ലളിതമായി പുരുഷൻമാരിൽ ചെയ്യാവുന്ന വാസക്‌ടമി തന്നെയാണ് സ്‌ഥിര ഗർഭനിരോധനത്തിന് ഏറ്റവും എളുപ്പമാർഗ്ഗം എന്ന് പറയാം. ഇതിന് ആശുപത്രിവാസം ആവശ്യമില്ല. രണ്ട് രീതിയായാലും 'റീകനാലൈസേഷൻ' എന്ന വഴിയിലൂടെ ഒരുപരിധി വരെ ഗർഭധാരണശേഷി തിരിച്ച് കിട്ടാൻ സാധ്യതയുണ്ടെങ്കിലും ഇത് എല്ലായ്പോഴും വിജയിക്കണമെന്നില്ല. ഇന്ന് താക്കോൽ ദ്വാര ശസ്ത്രക്രിയ വഴിയും ട്യൂബക്‌ടമി ലഭ്യമാണ്. അതിന് ആശുപത്രിവാസം അധികം ആവശ്യമില്ല.
ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഏറ്റവും ലളിതമായ ഗർഭനിരോധനമാർഗ്ഗമാണ് ഗർഭനിരോധന ഉറ അഥവാ കോണ്ടം. ലൈംഗികബന്ധ സമയത്ത് ശുക്ലം, സ്നേഹദ്രവം എന്നിവ പങ്കാളിയുടെ ഉള്ളിൽ പ്രേവേശിക്കുന്നത് ഒരു സുരക്ഷാ കവചം പോലെ ഉറ തടയുന്നു. നിരോധ് എന്ന പേരിൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി ഉറകൾ സൗജന്യമായി ലഭ്യമാണ്. ‘പ്രൊട്ടക്ഷൻ’ എന്ന ഇംഗ്ലീഷ് വാക്ക് പലപ്പോഴും ഇതിനെ സൂചിപ്പിക്കാൻ ഉപയോഗപ്പെടുത്താറുണ്ട്. ഇവ വിൽക്കുവാനോ വാങ്ങുവാനോ സൂക്ഷിക്കുവാനോ പ്രത്യേക ലൈസൻസോ അനുമതിയോ ആവശ്യമില്ല. പുരുഷൻമാർക്ക് ഉപയോഗിക്കാവുന്ന ഉറകളും സ്‌ത്രീകൾക്ക് ഉപയോഗിക്കാവുന്നവയുമുണ്ട്. മാത്രമല്ല, സ്ത്രീക്കും പുരുഷനും ഒരുപോലെ ഉപയോഗിക്കാവുന്ന യൂണിസെക്സ് ഉറകളും ഇന്ന് ലഭ്യമാണ്. പുരുഷന്മാർക്ക് ഉദ്ധരിച്ച ലിംഗത്തിലേക്ക് ഉറ ധരിക്കാം. സ്ത്രീകൾക്ക് ഇവ യോനീ നാളത്തിലേക്ക് തിരുകി വയ്ക്കാവുന്ന രീതിയിൽ ഉള്ളതാണ്. ഇവ വാങ്ങാനും ഉപയോഗിക്കാനും എളുപ്പമാണെന്നതു കൊണ്ട്തന്നെ ഏറെ പ്രചാരമുള്ളതാണ് ഈ മാർഗം. ഫാർമസികൾ, സൂപ്പർ മാർക്കറ്റുകൾ, ചെറിയ കടകൾ കൂടാതെ ഓൺലൈൻ വഴിയും ഇവ ലഭ്യമാണ്. എന്നിരുന്നാലും ഗ്രാമ പ്രദേശങ്ങളിലെ പല കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഇന്നും ഇവ ലഭ്യമായി തുടങ്ങിയിട്ടില്ല എന്നത് ഒരു പ്രശ്നമാണ്. സുരക്ഷയും ബോധവൽക്കരണവും ലക്ഷ്യമിട്ടു ഫെബ്രുവരി 13 അന്താരാഷ്ട്ര കോണ്ടം ദിനമായി ലോക രാജ്യങ്ങൾ ആചരിച്ചു വരുന്നു. സാധാരണയായി റബ്ബർ ഉത്പന്നമായ ലാറ്റക്സ് കൊണ്ടാണ് ഉറകൾ നിർമ്മിക്കാറുള്ളത്. ലാറ്റക്സ് അലർജി ഉള്ളവർക്ക് പോളിയൂറിത്തീൻ (Polyurethane), പോളിഐസോപ്രീൻ, ഹൈഡ്രോജെൽ തുടങ്ങിയവ കൊണ്ട് നിർമിച്ച ഉറകൾ ലഭ്യമാണ്. എണ്ണ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ജലാംശമുള്ളതൊ/ സിലിക്കൺ അടിസ്ഥാനമാക്കിയ ലൂബ്രിക്കന്റുകൾക്ക് (Water based Lubricants) ഈ ദോഷമില്ല. പല തരത്തിൽ ഉള്ള ഉറകൾ ഇന്ന് ലഭ്യമാണ്. നേർത്തതും, കട്ടിയുള്ളതും, ഡോട്ടുകൾ നിറഞ്ഞതും; ബീജത്തെയും രോഗാണുക്കളെയും ചെറുക്കുന്നതും ലൂബ്രിക്കന്റ് അടങ്ങിയതുമെല്ലാം അവയിൽ ചിലതാണ്. യോനീ വരൾച്ച ഉള്ളവർക്ക് വഴുവഴുപ്പ് ലഭിക്കുന്ന ലൂബ്രിക്കന്റ് അടങ്ങിയ കോണ്ടം അനുയോജ്യമാണ്. ആവശ്യമെങ്കിൽ മാർക്കറ്റിൽ ലഭിക്കുന്ന മികച്ച ജലാധിഷ്ഠിത ലൂബ്രിക്കന്റുകൾ പുറമേ ഉപയോഗിക്കാവുന്നതാണ്. (ഉദാ: കേവൈ ജെല്ലി). വാനിലാ, ചോക്ലേറ്റ്, ബനാനാ തുടങ്ങിയ പല ഭക്ഷ്യസാധനങ്ങളുടെ രുചിയും മണവുമുള്ള ഉറകൾ ലാടെക്ക്സിന്റെ ഗന്ധം ഒഴിവാക്കുവാനും, അതുപോലെതന്നെ വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതുമാണ്. തീരെ നേർത്ത ഉറകൾ (ഉദാ: എക്സ്ട്രാതിൻ, സ്കിൻ ഫിറ്റ്) ലൈംഗിക അനുഭൂതി ഒട്ടും കുറക്കുന്നില്ല. അതിനാൽ ഉപഭോക്താക്കൾക്കിടയിൽ ഇവക്ക് സ്വീകാര്യത കൂടുതലാണ് എന്ന് കമ്പനികൾ അവകാശപ്പെടുന്നു. ശീഘ്രസ്കലനം ഉള്ള പുരുഷന്മാർക്ക് കൂടുതൽ സമയം ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഉറകളും ഇന്ന് ലഭ്യമാണ്. ഇവയിൽ അടങ്ങിയ പ്രത്യേകതരം ലൂബ്രിക്കന്റ് ആണ് ഈ പ്രവർത്തനത്തിന് കാരണം. സ്ത്രീക്ക് രതിമൂർച്ഛ ലഭ്യമാക്കാൻ കുത്തുകൾ (ഡോട്ടഡ്), തടിപ്പുകൾ (ribbed) എന്നിവ ഉള്ള ഉറകൾ സഹായിക്കുന്നു. അതിനാൽ ലൈംഗിക ആസ്വാദനം മെച്ചപ്പെടുത്താനും ഇവ ഉപയോഗിക്കുന്നു. ഇവ പലതും ചേർന്നു വരുന്ന രീതിയിൽ ഉള്ള ഉറകളും ധാരാളം. ഇത് ഒരേസമയം പുരുഷന് സമയദൈര്ഖ്യം നൽകുകയും സ്ത്രീക്ക് രതിമൂർച്ഛ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. മ്യുച്ചൽ ക്ലൈമാക്സ് തുടങ്ങിയ പേരിൽ ലഭിക്കുന്ന ഉറകൾ ഇതിന് ഉദാഹരണമാണ്. വദനസുരതം ഇഷ്ടപ്പെടുന്നവർക്ക് വായയിൽ ധരിക്കാൻ ദന്തമൂടികൾ അഥവാ ഡെന്റൽ ഡാംസ് ലഭ്യമാണ്. വികസിത രാജ്യങ്ങളിൽ ഹോട്ടലുകൾ, പബ്ലിക് ടോയ്‌ലെറ്റുകൾ, സർക്കാർ ഓഫീസുകൾ, ബാറുകൾ തുടങ്ങിയ ഇടങ്ങളിൽ കോണ്ടം ലഭിക്കുന്ന അത്യാധുനിക യന്ത്രം ഘടിപ്പിച്ചിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എയ്ഡ്‌സ് ഉൾപ്പെടെയുള്ള രോഗങ്ങൾ തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം[7].
ലൈംഗികമായി ബന്ധപ്പെടുമ്പോൾ സ്ത്രീകൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഗർഭനിരോധന ഉറയാണ് ആന്തരിക കോണ്ടം. ‘ഫെമിഡോം അല്ലെങ്കിൽ പെൺ കോണ്ടം’ എന്നും ഇവ അറിയപ്പെടുന്നു. ഗർഭധാരണത്തിന്റെ സാധ്യതയോ, ലൈംഗികമായി പകരുന്ന രോഗാണുബാധയോ (എസ്ടിഐ) കുറയ്ക്കുന്നതിനുള്ള ഒരു സുരക്ഷാ മാർഗ്ഗമായി ലൈംഗികബന്ധത്തിൽ സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഒരു സുരക്ഷാ ഉപകരണമാണ് ഇത്. പുരുഷന് കോണ്ടം ഉപയോഗിക്കാൻ താല്പര്യം ഇല്ലെങ്കിൽ പോലും സ്ത്രീ പങ്കാളിക്ക് ഒരു ലളിതമായ സുരക്ഷാ മാർഗമെന്ന നിലയിൽ ഇവ ഉപയോഗിക്കാവുന്നതാണ്. ലൈംഗിക ബന്ധത്തിന് മുൻപ് യോനിയുടെ ഉള്ളിലേക്ക് തിരുകി വയ്ക്കാവുന്നതാണ്. ലൈംഗികബന്ധത്തിന് ശേഷം ഇത് എടുത്തു മാറ്റാം. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പെൺ കോണ്ടം 95% ഫലപ്രദമാണ്. എന്നാൽ പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന ഉറകൾ 98% ഫലപ്രദമാണ്. ഫാർമസികളും സൂപ്പർ മാർക്കറ്റുകളിലും ഓൺലൈൻ മാർഗത്തിലും ഇവ ലഭ്യമാണ്. ഗുദഭോഗം അഥവാ ഗുദ ലൈംഗികബന്ധത്തിൽ പങ്കാളിക്ക് ഇത്തരം ആന്തരിക കോണ്ടം ഉപയോഗിക്കാം. ഇത് എച്ച് ഐ വി അഥവാ എയ്ഡ്‌സ് ഉൾപ്പടെയുള്ള രോഗങ്ങളുടെ സാധ്യത നല്ല രീതിയിൽ കുറയ്ക്കുന്നു. അടഞ്ഞ അറ്റത്ത് വഴക്കമുള്ള മോതിരം/ഫ്രെയിം അല്ലെങ്കിൽ മോതിരം/ഫോം ഡിസ്‌കോടുകൂടിയ നേർത്തതും മൃദുവും അയഞ്ഞതുമായ ഉറയാണ് പെൺ കോണ്ടം. അവ സാധാരണയായി വിവിധ വലുപ്പങ്ങളിൽ വരുന്നു. മിക്ക യോനികൾക്കും, മിതമായ വലിപ്പമുള്ള കോണ്ടം മതിയാകും; അടുത്തിടെ പ്രസവിച്ച സ്ത്രീകൾ ആദ്യം വലിയ വലിപ്പം പരീക്ഷിക്കണം. ഉറയുടെ അടഞ്ഞ അറ്റത്തുള്ള അകത്തെ മോതിരം അല്ലെങ്കിൽ ഫോം ഡിസ്‌ക് യോനിക്കുള്ളിൽ കോണ്ടം തിരുകാനും പിടിക്കാനും ഉപയോഗിക്കുന്നു. ഉറയുടെ തുറന്ന അറ്റത്ത് ഉരുട്ടിയ പുറം വളയം അല്ലെങ്കിൽ പോളി ഫ്രെയിം യോനിക്ക് പുറത്ത് നിലകൊള്ളുകയും ബാഹ്യ ജനനേന്ദ്രിയത്തിന്റെ ഒരു ഭാഗം മൂടുകയും ചെയ്യുന്നു. ആവശ്യമെങ്കിൽ ഇവ വഴുവഴുപ്പ് ലഭ്യമാക്കുന്ന ജലാധിഷ്ഠിത ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിക്കാവുന്നതാണ്. ചില പുരുഷന്മാർ കോണ്ടം ഉപയോഗിക്കാൻ വിസമ്മതിച്ചതും, രണ്ടാമതായി കോണ്ടം ഉപയോഗിച്ചില്ലെങ്കിൽ പുരുഷന് എസ്‌ടിഐ പകരും എന്നതിന്റെ സൂചനയുമാണ് ഇത് സൃഷ്ടിക്കുന്നതിനുള്ള പ്രധാന കാരണം.
ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഒരു ശതമാനത്തിൽ താഴെ മാത്രം പരാജയസാധ്യത ഉള്ളതാണ് ഹോർമോൺ അടങ്ങിയ ഗുളികകൾ. മറ്റ് ചില ഗുളികകളോടൊപ്പം കഴിക്കുമ്പോൾ ഇവയുടെ ഫലപ്രാപ്‌തി കുറയാം. മാത്രമല്ല, ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക് കഴിക്കാൻ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ഇവ കഴിക്കാൻ പാടുള്ളൂ. ഗുളിക നിർത്തിക്കഴിഞ്ഞാൽ വൈകാതെ ഗർഭധാരണശേഷി തിരിച്ച് കിട്ടും. ആഴ്ചയിൽ ഒരിക്കൽ മാത്രം കഴിക്കാവുന്ന സഹേലി പോലെയുള്ള ഗുളികകളും അക്കൂട്ടത്തിൽപ്പെടും. ഇവയിൽ ചിലത് സ്ത്രീകളിൽ കാണപ്പെടുന്ന സ്തനാർബുദത്തെ പ്രതിരോധിക്കുന്നതും പാർശ്വഫലങ്ങൾ തീരെ കുറഞ്ഞതുമാണ്.
ഇടയ്ക്കിടെ ഗുളിക കഴിക്കാൻ മറക്കുന്നവർക്ക് വേണ്ടിയാണ് പാച്ചുകൾ. ഇവ ശരീരത്തിൽ ധരിക്കാവുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ മാറ്റി ധരിക്കേണ്ടതാണ്. ഗുളികകളെ പോലെ ഹോർമോൺ ഉപയോഗിച്ചാണ് ഇവ ഗർഭധാരണം തടയുന്നത്. ഗുളികകളുടെ അത്രതന്നെ ഫലപ്രദവുമാണ്.
കോപ്പർ ടിയിലെ ചെമ്പ് ബീജങ്ങളെ നശിപ്പിക്കുന്നത് വഴി ഗർഭധാരണം തടയുന്നു. ഇത്തരം ലൂപ്പുകൾ 7 വർഷം വരെ തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കാറുണ്ട്. അതിനാൽ ഉടനേ കുട്ടി വേണ്ട എന്നുള്ളവർക്ക് ഇത് ഏറെ ഉപയുക്തമാണ്. എന്നാൽ കോപ്പർ ടിയുടെ സ്ഥാനം കൃത്യമാണോ എന്നുറപ്പ് വരുത്തേണ്ടത് ഇതിന്റെ ഫലപ്രാപ്തിക്ക് അനിവാര്യമാണ്. ഹോർമോൺ അടങ്ങിയ ലൂപ്പുകൾ അമിതമായ ആർത്തവ രക്തസ്രാവം കുറയ്ക്കുവാനും ഉപയോഗിക്കാം. ഇതിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നുമില്ല. ഇവിടെ T ആകൃതിയിലുള്ള ഒരുപകരണം ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതിന് ശസ്ത്രക്രിയ ആവശ്യമില്ല. പിന്നീട് ഗർഭം ധരിക്കണമെന്ന ആവശ്യം വരുമ്പോൾ ഇത് എടുത്ത് മാറ്റുന്നത് കൊണ്ട് ഗർഭധാരണ ശേഷി തിരിച്ചുകിട്ടുന്നു. പ്രസവങ്ങൾ തമ്മിലുള്ള ഇടവേള കുറക്കുവാനും ഇത് ഉപയോഗിക്കാം. സർക്കാർ ആശുപത്രികൾ വഴിയും സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ വഴിയും കോപ്പർ ടി സൗജന്യമായി ലഭ്യമാണ്. ആധുനിക ഐയുഡികൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അണുബാധയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാകുന്നില്ല. ലൈംഗികബന്ധത്തിന് ശേഷം അഞ്ചു ദിവസത്തിനുള്ളിൽ നിക്ഷേപിച്ചാലും കോപ്പർ ടി ഫലം നൽകാറുണ്ട്.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ കഴിക്കുന്ന അടിയന്തര ഗർഭനിരോധന ഗുളികകളും ലഭ്യമാണ്. എന്നാൽ അഞ്ച് ദിവസത്തിനുള്ളിൽ ഉപയോഗിച്ചാലും ഫലം കാണാറുണ്ട്. എമർജ്ജൻസി പിൽ എന്ന പേരിലറിയപ്പെടുന്ന ഇവ പാർശ്വഫലങ്ങൾ കണക്കിലെടുത്തു വല്ലപ്പോഴും മാത്രം അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഒന്നാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടന്ന് അഞ്ച് ദിവസത്തിനുള്ളിൽ സ്ത്രീ കോപ്പർ ടി ഇടുന്നതും ഗർഭധാരണം തടയും.
പുരുഷബീജത്തെ നശിപ്പിക്കുന്ന ബീജനാശിനികൾ(സ്‌പേർമിസൈഡ്) ഗർഭനിരോധനത്തിനായി തെരഞ്ഞെടുക്കുന്ന രീതിയാണിത്. ലേപനം, ലൂബ്രിക്കന്റ് ജെല്ലി രൂപങ്ങളിലുള്ള ഇവ സ്ത്രീകളുടെ യോനിയിലാണ് പുരട്ടേണ്ടത്. ബന്ധപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് പുരട്ടേണ്ട ലേപനങ്ങളും ഉണ്ട്. അടിക്കടിയുള്ള ഉപയോഗം ചിലരിൽ അലർജിക്ക് ഇടയാക്കിയേക്കും. ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും 73% വിജയസാധ്യതയാണ് ഈ മാർഗത്തിനുള്ളത്.
ഗർഭാശയമുഖത്ത് ധരിക്കുന്ന ഒന്നാണ് ഡയഫ്രം. ഇതിൽ ബീജനാശിനികൾ പുരട്ടുന്നത് കൂടുതൽ ഫലം നൽകും. ലൈംഗികരോഗങ്ങളെ തടുക്കാൻ ഇവയ്ക്ക് ശേഷിയില്ല. ആർത്തവസമയത്ത് ഇവ ഉപയോഗിക്കാൻ പാടുള്ളതല്ല. 85% വിജയസാധ്യതയാണ് ഈ മാർഗത്തിനുള്ളത്. ഡയഫ്രത്തിന് സമാനമായി സെർവിക്കൽ ക്യാപ്പുകൾ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. ബീജങ്ങൾ ഗർഭപാത്രത്തിലേക്ക് കടക്കാതെ ഇവ സംരക്ഷിക്കുന്നു. ഇതുവരെ ഗർഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതൽ ഫലപ്രദം. 48 മണിക്കൂർ വരെ സെർവിക്കൽ ക്യാപുകൾ ഉപയോഗിക്കാം. ഇവ ഡോക്ടറുടെ സഹായത്തോടെ വേണം സ്ഥാപിക്കാൻ.
ടുഡെ സ്‌പോഞ്ച് എന്നും അറിയപ്പെടുന്ന ഗർഭനിരോധന സ്‌പോഞ്ച് ബീജനാശിനികൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഗർഭാശയമുഖത്താണ് ഇത് സ്ഥാപിക്കുക. ഇതുവരെ ഗർഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതൽ ഫലപ്രദം. ഡയഫ്രത്തെയും സെർവിക്കൽ ക്യാപിനെയും അപേക്ഷിച്ച് ഡോക്ടറുടെ സഹായം ആവശ്യമില്ലെങ്കിലും ഇവ ഗർഭാശയമുഖത്ത് സ്ഥാപിക്കുന്നത് സൂഷ്മതയോടെ ചെയ്യേണ്ടതാണ്. ലൈംഗികരോഗ പ്രതിരോധശേഷിയില്ല. മാസമുറ സമയത്ത് ഉപയോഗിക്കരുത്.
യോനിയിൽ ധരിക്കാവുന്ന പ്ലാസ്റ്റിക് റിംഗുകളാണിവ. ഗുളികയെയും പാച്ചുകളെയും പോലെ ഹോർമോൺ ഉപയോഗിച്ചുള്ള ഗർഭനിരോധമാർഗമാണിത്. മാസത്തിൽ ഒരു തവണയേ മാറ്റേണ്ടതുള്ളു. യോനിയിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നതിനും പാർശ്വഫലങ്ങൾക്കും സാധ്യതയുണ്ട്.
ഹോർമോൺ കുത്തിവെപ്പുകൾ മൂന്നുമാസം വരെ ഗർഭധാരണം തടയും. 97% വിജയസാധ്യതയാണ് ഈ മാർഗത്തിനുള്ളത്. വർഷത്തിൽ നാല് തവണ മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളു.
സുരക്ഷ ഏറ്റവും കുറഞ്ഞ ഗർഭനിരോധനമാർഗമാണ് 'സുരക്ഷിതകാലം നോക്കലും ശുക്ലം സ്ഖലിക്കുന്നതിന് തൊട്ട് മുൻപ് ലിംഗം പുറത്തെടുക്കലും.' രണ്ടിലും വലിയ പരാജയ സാധ്യതയുണ്ട്. വളരെ കൃത്യമായ ആർത്തവചക്രമുള്ളവർക്ക് മാത്രമേ സുരക്ഷിതകാലം നോക്കുന്നത് ഒരു പരിധി വരെയെങ്കിലും ഫലപ്രദമാകൂ. ആർത്തവചക്രത്തിന്റെ ഏകദേശം മധ്യത്തിൽ അതായത് പതിനാലാം ദിവസം വരുന്ന അണ്ഡവിസർജനകാലം (Ovulation), സുരക്ഷിതകാലം എന്നിവ നിർണ്ണയിക്കുന്നതിൽ പലർക്കും തെറ്റ് പറ്റാൻ സാധ്യതയുണ്ട്. ആർത്തവം തുടങ്ങിയ ദിവസം ഒന്ന് എന്ന് കണക്കാക്കിയാൽ ഒന്പതാം ദിവസത്തിനും പതിനെട്ടാം ദിവസത്തിനും ഇടയിലാകും ഓവുലേഷൻ സാധ്യത കൂടുതൽ. ഈ സമയത്ത് വളർച്ചയെത്തിയ അണ്ഡം ബീജസംയോഗത്തിന് തയ്യാറായിരിക്കും. ഗർഭധാരണ സാധ്യത ഏറ്റവും കൂടിയ ദിവസങ്ങളാണ് ഇത്. അതിനാൽ ഈ സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത്. അണ്ഡവിസർജന അവബോധം, പ്രകൃതി സഹജ കുടുംബാസൂത്രണം എന്ന് ഈ രീതിയെ വിളിക്കാം. സ്ത്രീക്ക് പ്രത്യുൽപാദനശേഷി കൂടുന്ന ദിനങ്ങളിൽ സംഭോഗം ഒഴിവാക്കുക. ശരീരതാപനില വർധിക്കുന്നതും യോനീദ്രവത്തിലുണ്ടാകുന്ന വർധനവും നോക്കി അണ്ഡവിസർജന സമയം മനസിലാക്കാം. ഒരു ഡോക്ടറെ കണ്ടും ഈ രീതിയെ പറ്റി കൂടുതൽ മനസിലാക്കാം. 75% വിജയസാധ്യതയാണ് ഈ രീതിക്കുള്ളത്. മറ്റൊരു വഴിയും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഈ രീതിയും ഉപയോഗിക്കാവുന്നതാണ്.
സ്ഖലനം നടക്കുന്നതിന് മുമ്പായി യോനിയിൽ നിന്നും പുരുഷലിംഗം പിൻവലിക്കുന്ന രീതി പണ്ടുമുതലേ സ്വീകരിച്ചു വരുന്നതാണ്. പുരുഷന്മാരിൽ സ്‌ഖലനത്തിന് മുൻപ് വരുന്ന ലൂബ്രിക്കന്റ് ദ്രാവകത്തിലും ബീജങ്ങൾ അടങ്ങിയിരിക്കാം എന്നിരിക്കേ സ്ഖലനത്തിന് തൊട്ട് മുൻപ് ലിംഗം യോനിയിൽ നിന്ന് പുറത്തെടുത്താലും ഗർഭം ധരിക്കാൻ സാധ്യത ഉണ്ട്. മാത്രമല്ല, ഇവയൊന്നും തന്നെ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന പലതരം രോഗാണുബാധകൾ തടയുന്നുമില്ല. എന്നാൽ മറ്റൊരു മാർഗവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഒരു ഗർഭനിരോധന മാർഗമെന്ന നിലയിൽ പിൻവലിക്കൽ രീതിയും ഉപയോഗിക്കാവുന്നതാണ്. ഇത്തരം രീതികൾ തിരഞ്ഞെടുക്കുന്നവർ കോണ്ടം പോലെയുള്ള മറ്റേതെങ്കിലും നിരോധന മാർഗങ്ങൾ കൂടി ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ഏതൊരു രീതി ഉപയോഗിച്ചാലും 100% ഫലപ്രാപ്തി ഉറപ്പ് തരുന്നില്ല എന്നതും ശ്രദ്ധേയമാണ്.[8][9][10]. പ്രകൃതിദത്ത ഗർഭനിരോധന മാർഗങ്ങൾപപ്പായ പണ്ടുമുതലേ ഉപയോഗിച്ച് വരുന്ന ഒരു ഗർഭനിരോധന മാർഗ്ഗമാണ്. ഇത് പ്രൊജസ്‌ട്രോൺ ഹോർമോണിന്റെ പ്രവർത്തനത്തെ ഇല്ലാതാക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള പ്രോസ്റ്റാഗ്ലാന്റിൻസ്, ഓക്‌സിടോസിൻ എന്നിവ ഗർഭപാത്രത്തെ വികസിക്കാൻ അനുവദിക്കില്ല. ഇതുകൊണ്ട് തന്നെയാണ് ഗർഭാവസ്ഥയിൽ ഒരിക്കലും പപ്പായ കഴിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. കൈതച്ചക്കയും ഗർഭഛിദ്രത്തിന് കാരണമാകുന്ന ഒന്നാണ്. ഇതിലുള്ള പ്രോട്ട്യോലിറ്റിക് എൻസൈം അഥവാ ബ്രോമെലാനിൻ സെർവിക്‌സിനെ സോഫ്റ്റ് ആക്കുന്നു. ഇത് പ്രകൃതിദത്തമായ ഗർഭമലസലിലേക്ക് നയിക്കുന്നു. കറുവപ്പട്ട പെട്ടെന്ന് തന്നെ ഗർഭപാത്രത്തെ ഉത്തേജിപ്പിക്കുകയും ഇത് വഴി പ്രസവം പെട്ടെന്ന് നടക്കാൻ കാരണമാകുകയും ചെയ്യുന്നു. കൂടുതൽ കഴിക്കുന്നത് ഗര്ഭമലസലിന് കാരണമാകുന്നു. കൂടുതൽ അളവിൽ എള്ള്, ഗ്രീൻടീ എന്നിവ കഴിച്ചാൽ അത് ഗര്ഭച്ഛിദ്രത്തിലേക്ക് നയിക്കുന്നു. ഇതും കാണുകലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia