കുറുവാലൻ പൂത്താലി
നിലത്തന്മാർ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു സൂചിത്തുമ്പിയാണ് കുറുവാലൻ പൂത്താലി. ഇന്ത്യ, ചൈന, ഇന്തോനേഷ്യ , മലേഷ്യ, മ്യാന്മാർ, സിംഗപ്പൂർ, തായ്‌ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടു വരുന്നത്. Pseudagrion australasiae എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.[5][3][4] ശരീരഘടനആൺതുമ്പിഇടത്തരം വലിപ്പമുള്ള നീല നിറത്തിലുള്ള ഒരു സൂചിത്തുമ്പിയാണ് കുറുവാലൻ പൂത്താലി. ഇതിന്റെ ശിരസ്സിന് അല്പം വിളറിയ പച്ച കലർന്ന നീല നിറമാണ്. ശിരസ്സിന്റെ പിൻഭാഗത്ത് നേരിയ കറുപ്പ് നിറം കാണാം. കണ്ണുകൾക്ക് നീല നിറമാണ്. നല്ല തിളങ്ങുന്ന നീല നിറത്തിലുള്ള ഉരസ്സിൽ മധ്യ ഭാഗത്തായി ഒരു കറുത്ത പാടും അതിന് മുകളിലായി നേർത്ത കറുപ്പ് വരകളും കാണാം. വിളറിയ നീല നിറത്തിലുള്ള കാലിന്റെ പിൻഭാഗം കറുത്തിട്ടാണ്. ചിറകുകൾ സുതാര്യമാണ്. ചിറകിലെ പൊട്ട് മങ്ങിയ മഞ്ഞ നിറത്തിലോ തവിട്ട് നിറത്തിലോ കാണപ്പെടുന്നു. ഉദരത്തിന്റെ വശങ്ങൾ പൊതുവെ നീല നിറത്തിലും മുകൾ ഭാഗം കറുപ്പ് നിറത്തിലും കാണപെടുന്നു. ഉദരത്തിന്റെ 8 , 9 ഖണ്ഡങ്ങൾ മുഴുവനായും നീല നിറത്തിലാണുള്ളത്. ഉദരത്തിന്റെ പത്താം ഖണ്ഡത്തിൽ X ആകൃതിയിലുള്ള ഒരു കറുത്ത പാട് കാണാം. ഉദരത്തിന്റെ പത്താം ഖണ്ഡത്തിന്റെ നേർപകുതി വലിപ്പത്തിലുള്ള കുറുവാലുകൾക്ക് കറുത്ത നിറമാണ്. മുകളിലെ ജോഡി കുറുവാലുകളുടെ അറ്റം കൊളുത്ത് പോലെ അല്പം അകത്തേക്ക് വളഞ്ഞ് കാണപ്പെടുന്നു. കൂടാതെ ഇവയുടെ ആഗ്രഭാഗം വിഭജിച്ച് ഒരു ശിഖരം പോലെ കാണാം. ആൺതുമ്പിയുടെ ഉദരത്തിന് 30 - 32.5 മില്ലീമീറ്റർ വരെ വലിപ്പമുണ്ടായിരിക്കും.[6] പെൺതുമ്പിപെൺതുമ്പിക്ക് ആൺതുമ്പിയെ അപേക്ഷിച്ച് അല്പം വലിപ്പം കുറവാണ്. പെൺതുമ്പിയുടെ ഉദരത്തിന് 29 മില്ലീമീറ്റർ വരെയാണ് വലിപ്പം. പെൺതുമ്പിയുടെ ശരീരത്തിലെ പാടുകളും വരകളും ആൺതുമ്പിയുടേതിന് സമാനമാണെങ്കിലും ശരീരത്തിന്റെ നിറത്തിൽ വ്യത്യാസമുണ്ട്. കണ്ണുകൾക്കും ഉരസ്സിനും നീല കലർന്ന പച്ച നിറമാണ്. ഉദരം വിളറിയ നീല നിറത്തിലാണ് കാണപ്പെടുന്നത്.[6] സാധാരണയായി കാണപ്പെടുന്ന ഒരു തുമ്പിയാണെങ്കിലും മറ്റ് പൂത്താലി തുമ്പികളോടുള്ള രൂപ സാദൃശ്യം കാരണം കുറുവാലൻ പൂത്താലി വളരെ അപൂർവ്വമായി മാത്രമേ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളൂ. നാട്ടുപൂത്താലി, കാട്ടുപൂത്താലി എന്നീ തുമ്പികളുമായി വളരെ സാദൃശ്യമുണ്ടെങ്കിലും കുറുവാലുകളുടെ വലിപ്പക്കുറവ് കുറുവാലൻ പൂത്താലിയെ കാഴ്ച്ചയിൽ വ്യത്യസ്തമാക്കുന്നു. കൂടാതെ മുകളിലെ ജോഡി കുറുവാലുകളുടെ അഗ്രഭാഗത്തുള്ള സവിശേഷാകൃതി നാട്ടുപൂത്താലിയിൽ നിന്നും കുറുവാലൻ പൂത്താലിയെ എളുപ്പത്തിൽ വേർതിരിച്ചറിയാൻ സഹായിക്കുന്നു. ആവാസവ്യവസ്ഥകുളങ്ങൾ, തടാകങ്ങൾ, നെൽപ്പാടങ്ങൾ, ചതുപ്പ് നിലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് കുറുവാലൻ പൂത്താലി മുട്ടയിട്ടു വളരുന്നത്[6] ചിത്രശാല
ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia