കൂരമാൻ
ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാവനങ്ങളിൽ കണ്ടുവരുന്ന മാൻ വർഗത്തിലെ ഒരു ചെറിയ ജീവിയാണ് കൂരമാൻ[2] (Indian Spotted Chevrotain - Moschiola indica). കേരളത്തിൽ ദേശഭേദമനുസരിച്ച് കൂരൻപന്നി,[2] കൂരൻ പന്നിമാൻ ഈ ചെറിയ ജീവി അറിയപ്പെടുന്നു. രൂപ വിവരണംമാൻ വർഗ്ഗത്തിൽ പെട്ട ജീവികളിൽ ഏറ്റവും വലിപ്പം കുറഞ്ഞ ഇവയുടെ ചെറിയ തേറ്റകളാണ് പന്നിമാൻ എന്ന പേരിൽ അറിയപ്പെടാൻ കാരണമായിരിക്കുന്നത്. മൗസ് ഡീർ എന്ന ആംഗലേയ നാമത്തെ അന്വർത്ഥമാക്കുന്ന തരത്തിൽ ഇവയുടെ മൂക്കിന് എലിയുടെ മൂക്കുമായി സാദൃശ്യമുണ്ട്. അൽപ്പം നീണ്ട മൂക്കുള്ള ഇവ ഒരു സുന്ദരവംശമാണ്. ആൺ മൃഗങ്ങളുടെ തേറ്റകൾ അവയെ തിരിച്ചറിയാൻ സഹായിക്കുന്നു. ഏതാണ്ട് 25 സെന്റീമീറ്റർ ഉയരവും 6 പൗണ്ട് ഭാരവുമുള്ള ഈ ചെറിയ മാൻ എലിയെപ്പോലെയാണ് നീങ്ങുന്നത്. ഈ മാനിന് കൊമ്പുകളില്ല. പുറമാകെ ഇരുണ്ട തവിട്ടു നിറത്തിൽ വളരെ നേർത്ത മഞ്ഞപ്പൊട്ടുകളോ, പാടുകളോ കാണാം. ഇവ ചിലപ്പോൾ നേർത്തവരകളായോ നിരനിരയായ കുറികളായോ തോന്നിക്കുന്നു. കുറുകെ ചില അവ്യക്ത മഞ്ഞവരകളും കാണാറുണ്ട്. അടിഭാഗം നല്ല വെളുത്തിട്ടാണ്. തൊണ്ടയിൽ അണ്ണാറാക്കണ്ണന്റെ പോലെയുള്ള മൂന്നു വരകൾ കാണാം. പ്രകൃതിയുമായി അലിഞ്ഞു ചേരുന്ന വർണ്ണങ്ങൾ കൂരമാനെ പോലുള്ള ഒരു ദുർബലമൃഗത്തിന് അത്യന്താപേക്ഷിതമാണ്. ആവാസവ്യവസ്ഥവനാന്തരങ്ങളിലെ ഇരുണ്ടപ്രദേശങ്ങളിൽ മാത്രമേ കൂരമാനെ പൊതുവേ കാണാറുള്ളു. ഇന്ത്യയിൽ ഡെക്കാൻ പ്രദേശത്ത് സാധാരണ കാണപ്പെടുന്നെങ്കിലും വേട്ടക്കാരുടേയും സഞ്ചാരികളുടേയും കണ്ണില്പ്പെടാറില്ല[3]. പുൽമേടുകളിലെ പാറക്കൂട്ടങ്ങളിലും, മലഞ്ചെരുവുകളിലും, പാറകൾ നിറഞ്ഞ ഇടതിങ്ങിയ വനാന്തരങ്ങളിലും കൂരമാനെ കാണാം. പാറക്കൂട്ടങ്ങളിലെ വിടവുകൾ ആയിരിക്കും മിക്കവാറും ഇവയുടെ ഒളിസങ്കേതങ്ങൾ. ഇങ്ങനെ ഒളിഞ്ഞുജീവിക്കുന്ന കൂരമാൻ മഞ്ഞുപൊഴിയുന്ന പ്രഭാതങ്ങളിലും, സായംകാലങ്ങളിലുമാണ് ആഹാരസമ്പാദനത്തിനിറങ്ങുന്നത്. മഴമേഘങ്ങൾ മൂടിക്കിടക്കുന്ന പകലുകളിലും ഇവയെ കാണാം. സ്വഭാവംമേഞ്ഞു നടക്കുമ്പോൾ കുറിയ വാൽ മെല്ലെ മെല്ലെ ഇളക്കാറുണ്ട്. അതിന്റെ വർണ്ണങ്ങളും നാണം കുണുങ്ങിയതുപോലുള്ള പെരുമാറ്റവും കൂരമാനെ സ്ഥിരമായി വനത്തിൽ ചരിക്കുന്നവർക്കു പോലും പെട്ടെന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. എങ്ങാനും ആരുടെയെങ്കിലും കണ്ണിൽ പെട്ടുപോയാൽ മിന്നൽ പിണർപോലെ പ്രകൃതിയിൽ അപ്രത്യക്ഷനാകുവാനുള്ള കഴിവ് കൂരന്റെ പ്രത്യേകതയാണ്. കൂരമാൻ മിക്കപ്പോഴും ഏകനായാണ് സഞ്ചരിക്കുന്നത്. അപായസൂചന ലഭിക്കുമ്പോൾ ഇവ ചില ചെറുശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്. പ്രജനനംഇണചേരുന്ന കാലത്ത് ആണിനേയും പെണ്ണിനേയും ഒരുമിച്ചു കാണാം. അക്കാലത്ത് ചില്ലറ നിർഭയത്വമൊക്കെ ഇവ കാട്ടാറുണ്ട്, ചില അനുനയ പ്രകടങ്ങളും, ആൺമൃഗങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളും കാണാം. പൊതുവേ നിശ്ശബ്ദരായ ഇവർ ഇണചേരൽ കാലത്ത് ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. പാറക്കൂട്ടങ്ങളിലെ ഒളിസങ്കേതങ്ങളിൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. മഴക്കാലത്തിന്റെ അവസാനത്തിലോ മഞ്ഞുകാലത്തിന്റെ ആരംഭത്തിലോ ആണ് കുഞ്ഞു കൂരമാനുകളെ കാണാറുള്ളത്. വളരെ അപൂർവ്വം കുഞ്ഞുങ്ങൾ മാത്രമേ പൂർണ്ണവളർച്ച എത്താറുള്ളു. പരിപാലനസ്ഥിതിഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം സ്ഥിതി ഒട്ടും ആശങ്കാജനകമല്ലാത്ത ജീവികളുടെ പട്ടികയിൽ ആണ് ഇവ ഉള്ളത് എങ്കിലും ഇവയുടെ ആവാസ വ്യവസ്ഥയെ പറ്റിയോ , ഇവയുടെ എണ്ണത്തെ പറ്റിയോ ഉള്ള കണക്ക് ഇത് വരെ എടുത്തിട്ടില്ല , നിർലോഭമായ വേട്ടയാടലിന് വിധേയമായിടുള്ള ഈ ജീവി മിക്കവാറും ഇന്ന് വംശനാശഭീഷണിയുടെ വക്കിൽ ആക്കാൻ ആണ് സാധ്യത. ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾMoschiola indica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Moschiola indica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia