കൃഷ്ണകുമാർ കുന്നത്ത്
![]() ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണിഗായകനാണ് കെ.കെ എന്ന പേരിൽ അറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്ത് (ജനനം: ഓഗസ്റ്റ് 23, 1968, ന്യൂ ഡെൽഹി).[1] കെകെ എന്ന പേരിൽ പ്രശസ്തനായ കൃഷ്ണകുമാർ കുന്നത്ത് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിലെ പ്രശസ്തനായ ഗായകനായിരുന്നു.[2] പൃഥ്വിരാജ് നായകനായ പുതിയ മുഖം എന്ന ചിത്രത്തിലെ "രഹസ്യമായ്" എന്നുതുടങ്ങുന്ന ഗാനമാണ് അദ്ദേഹം ആലപിച്ച ഏക മലയാള ഗാനം. മലയാളി ദമ്പതികളായ സി. എസ്. മേനോൻ, കനകവല്ലി എന്നിവരുടെ മകനായി ന്യൂ ഡൽഹിയിൽ ജനിച്ച കൃഷ്ണകുമാർ കുന്നത്ത്, വളർന്നതും ന്യൂഡൽഹിയിലാണ്.[3][4] ഏകദേശം 3500-ഓളം ജിംഗിളുകൾ പാടിയ ശേഷമാണ് കെകെ ബോളിവുഡിൽ എത്തിയത്.[5] ഡൽഹിയിലെ മൗണ്ട് സെന്റ് മേരീസ് സ്കൂളിലാണ് കെകെ പഠിച്ചത്.[6] 1999 ക്രിക്കറ്റ് വേൾഡ് കപ്പിന് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചുകൊണ്ട് ഇറങ്ങിയ “ജോഷ് ഓഫ് ഇന്ത്യ” എന്ന ഗാനം പാടിയത് അദ്ദേഹമാണ്.[7] കരിയർപരസ്യ ജിംഗിൾസിന് വേണ്ടി പാടിക്കൊണ്ടാണ് കെകെ തന്റെ സംഗീത ജീവിതം ആരംഭിച്ചത്. കെകെയുടെ ആദ്യ ആൽബമായ ‘പൽ’ ഇറങ്ങിയത് 1999 ഏപ്രിലിലാണ്. ഈ ആൽബത്തിന് സ്ക്രീൻ ഇന്ത്യയിൽനിന്നും മികച്ച സോളോ അൽബത്തിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് ലഭിച്ചു.[8] പൽ ആൽബത്തിലെ "പൽ", "യാരോൻ" എന്നീ ഗാനങ്ങൾ വളരെ ജനപ്രിയമായിരുന്നു. ഹം ദിൽ ദേ ചുകേ സനം (1999) എന്ന ചിത്രത്തിലെ തടപ്, തടപ്, തമിഴ് ഗാനം "അപഡി പോഡ്", ദേവദാസ് എന്ന ചിത്രത്തിലെ "ഡോലാ രേ ഡോല" (2002), വോ ലംഹേയിലെ (2006) "ക്യാ മുജെ പ്യാർ ഹേ", ഓം ശാന്തി ഓമിലെ (2007) "ആങ്കോൻ മേ തേരി", ബച്ച്‌ന ഏ ഹസീനോയിലെ "ഖുദാ ജെയ്ൻ" (2008), ആഷിഖി 2 ലെ "പിയാ ആയേ നാ" (2013), മർഡർ 3 (2013) ൽ നിന്നുള്ള "മത് ആസ്മ രേ" ഹാപ്പി ന്യൂ ഇയർ (2014) എന്ന ചിത്രത്തിലെ "ഇന്ത്യ വാലെ", ബജ്രംഗി ഭായിജാൻ (2015) എന്നതിൽ നിന്നുള്ള "തു ജോ മില" തുടങ്ങിയവ അദ്ദേഹത്തിന്റെ ജനപ്രിയ ഗാനങ്ങളിൽ ഉൾപ്പെടുന്നു.[9] ആറ് ഫിലിംഫെയർ അവാർഡ് നോമിനേഷനുകളും ഒരു ഫിലിംഫെയർ അവാർഡ് സൗത്ത് നോമിനേഷനുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സ്വകാര്യജീവിതംതൃശൂർ തിരുവമ്പാടി സ്വദേശിയായ സി.എസ്. മേനോൻ, പൂങ്കുന്നം സ്വദേശി കനകവല്ലി[10] എന്നിവരുടെ പുത്രനായി 1968 ൽ ഡൽഹിയിലാണ് കെകെയുടെ ജനനം.[11] ഡൽഹിയിൽ വളർന്ന അദ്ദേഹം മൌണ്ട് സെയിൻറ് മേരീസ് സ്കൂളിൽ പഠനം പൂർത്തിയാക്കി. പിന്നീട് കിരോരി മാൽ കോളജിൽ ബിരുദ പഠനം പൂർത്തിയാക്കി. തൻറെ ബാല്യകാല സഖിയായിരുന്നു ജ്യോതി കൃഷ്ണയെ 1992-ൽ കെകെ വിവാഹം ചെയ്തു.[12] അദ്ദേഹത്തിൻറെ മകനായ നകുൽ കൃഷ്ണ കെകെയുടെ പുതിയ ആൽബമായ ‘ഹംസഫറി’ലെ ഗാനമായ ‘മസ്തി’യിൽ കെകെയുടെ കൂടെ പാടിയിട്ടുണ്ട്.[13] തൻറെ മകളായ താമരയ്ക്ക് പിയാനോ വായിക്കാൻ ഇഷ്ടമാണ് എന്നാണു കെകെ പറയുന്നത്. തൻറെ കുടുംബമാണ് തൻറെ ഊർജ സ്രോതസ്സ് എന്നും കെകെ പറയുന്നു. ഗായകനായിരുന്ന കിഷോർ കുമാർ, സംഗീത സംവിധായകൻ ആർ. ഡി. ബർമ്മൻ എന്നിവർ വലിയ രീതിയിൽ കെകെയെ സ്വാധീനിച്ചിട്ടുണ്ട്. മൈക്കിൽ ജാക്സൻ, ബില്ലി ജോൾ, ബ്രയാൻ ആഡംസ് എന്നീ ഹോളിവുഡ് ഗായകരാണ് കെകെയുടെ ഇഷ്ടപ്പെട്ട ഗായകർ. മരണം2022 മെയ് 31-ന് കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച് ഓഡിറ്റോറിയത്തിൽ സർ ഗുരുദാസ് മഹാവിദ്യാലയ ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഗാനമേള അവതരിപ്പിച്ചതിനുശേഷം ഹോട്ടലിലേക്ക് മടങ്ങുന്ന വഴിയിൽ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തിന് തുടർന്ന് ഹൃദയസ്തംഭനമുണ്ടായി.[14][15][16] ഹോട്ടലിൽ അദ്ദേഹത്തെ ജീവതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. തുടർന്ന് കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി സ്ഥിരീകരിക്കപ്പെട്ടു.[17][18] മരണസമയത്ത് അദ്ദേഹത്തിന് 53 വയസ്സായിരുന്നു പ്രായം.[19] 2022 ജൂൺ 1 ന്, ഗായകൻ കെകെയുടെ വിയോഗത്തിൽ കൊൽക്കത്ത പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.[20] അവലംബം
|
Portal di Ensiklopedia Dunia