1996 മുതൽ 2001 വരെ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന പാലക്കാട് ജില്ലയിൽ നിന്നുള്ള മുതിർന്ന സി.പി.ഐ നേതാവാണ് കെ.ഇ. ഇസ്മായിൽ.(ജനനം: 10 ഓഗസ്റ്റ് 1941) 2006 മുതൽ 2012 വരെ രാജ്യസഭാംഗം, 1995 മുതൽ 2018 വരെ സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി, മൂന്ന് തവണ(1996, 1991, 1982) നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.[1][2][3][4][5]
ജീവിതരേഖ
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ കിഴക്കാഞ്ചേരിയിൽ കെ.സി.ഇബ്രാഹിമിൻ്റെ മകനായി 1941 ഓഗസ്റ്റ് 10ന് ജനനം. എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത.
1956-ൽ സി.പി.ഐയുടെ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫ് വഴിയാണ് രാഷ്ട്രീയത്തിലെത്തിയത്.
1962 മുതൽ 1964 വരെ ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. കമ്മ്യൂണിസ്റ്റ് അനുഭാവിയായതിനാൽ സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടു.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ ഇസ്മായിൽ 1968-ൽ സി.പി.ഐ സംസ്ഥാന കൗൺസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1971-ൽ സി.പി.ഐ സംസ്ഥാന നിർവാഹക സമിതി അംഗമായി.
1982 മുതൽ 2022 വരെ സി.പി.ഐ ദേശീയ കൗൺസിലിലും ദേശീയ നിർവാഹക സമിതിയിലും അംഗമായിരുന്നു.
1995-ൽ പി.കെ.വാസുദേവൻ നായർ സെക്രട്ടറിയായപ്പോൾ ഇസ്മായിൽ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയായി. വെളിയം ഭാർഗവൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ സെക്രട്ടറിയായ കാലയളവിൽ അസിസ്റ്റൻ്റ് സെക്രട്ടറിയായി തുടർന്നു.
1995 മുതൽ 2018 വരെ സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന ഇസ്മായിൽ 2018-ലെ കോട്ടയം സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി പദത്തിലേയ്ക്ക് മത്സരിക്കാൻ താത്പര്യപ്പെട്ടു എങ്കിലും പാർട്ടിയിലെ ഐക്യത്തെ തുടർന്ന് പിൻമാറുകയായിരുന്നു.
സി.പി.ഐയുടെ കർഷക സംഘടനയായ ബി.എം.കെ.യുവിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2007 മുതൽ 2022 വരെ കെ.പി.എ.സി
നാടക സമിതിയുടെ സംസ്ഥാന പ്രസിഡൻറായിരുന്നു.[6]
1982-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1987-ൽ പട്ടാമ്പിയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ ലീല ദാമോദരനോട് പരാജയപ്പെട്ടു.
1991-ലും 1996-ലും വീണ്ടും പട്ടാമ്പിയിൽ നിന്ന് നിയമസഭയിലെത്തിയ ഇസ്മായിൽ 1996 മുതൽ 2001 വരെ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
2001-ലും 2006-ലും പട്ടാമ്പിയിൽ നിന്ന് വീണ്ടും നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും കോൺഗ്രസിലെ സി.പി.മുഹമ്മദിനോട് പരാജയപ്പെട്ടു.
2006 മുതൽ 2012 വരെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.[7]
2022-ൽ തിരുവനന്തപുരത്ത് വച്ച് നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ 75 വയസ് എന്ന പ്രായപരിധിയുടെ പേരിൽ സംസ്ഥാന കൗൺസിലിൽ നിന്നും വിജയവാഡയിൽ വച്ച് നടന്ന 24-മത് പാർട്ടി കോൺഗ്രസിൽ ദേശീയ കൗൺസിലിൽ നിന്നും ഒഴിവാക്കപ്പെട്ടു.[8][9][10]
ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇസ്മായിൽ അടക്കമുള്ള മുതിർന്ന നേതാക്കൾ ഇനി ജില്ലാ ഘടകങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണ് 2022 നവംബർ 30ന് ചേർന്ന സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയുടെ തീരുമാനം. ഇതനുസരിച്ച് പാലക്കാട് ജില്ലയാണ് ഇനി മുതൽ ഇസ്മായിലിൻ്റെ പ്രവർത്തന കേന്ദ്രം.[11]