കെ.എസ്. കൃഷ്ണൻ
സി.വി. രാമന് നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്‌ട് എന്ന കണ്ടുപിടിത്തത്തിന്റെ മുഖ്യസഹായിയും 1928 മാർച്ച് ലക്കം 'നേച്ചറിൽ' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ആയിരുന്നു കരിമാണിക്കം ശ്രീനിവാസയ്യങ്കാർ കൃഷ്‌ണൻ എന്ന കെ.എസ്. കൃഷ്‌ണൻ. ഭാരതത്തിലെ ശാസ്‌ത്ര സാങ്കേതിക രംഗത്ത് പല മികച്ച സ്ഥാപനങ്ങളുടെയും വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയ കെ.എസ്. കൃഷ്‌ണൻ ശാസ്‌ത്രത്തിന് പുറമേ ശാസ്‌ത്രസാഹിത്യത്തിലും സ്‌പോർട്‌സിലും രാഷ്‌ട്രീയത്തിലും ഒക്കെ താത്‌പര്യമുള്ള ബഹുമുഖ പ്രതിഭയായിരുന്നു. അറ്റോമിക് എനർജി കമ്മീഷൻ, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച്ച് (CSIR), യു.ജി.സി എന്നീ സ്ഥാപനങ്ങളുടെ വളർച്ചയിൽ സഹകരിച്ചിരുന്നു. മികച്ച അദ്ധ്യാപകൻ, ഗവേഷണാചാര്യൻ, ശാസ്‌ത്രജ്ഞൻ എന്നീ നിലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. ജീവിതരേഖതമിഴ്നാട്ടിലെ രാംനാട് ജില്ലയിലെ വാർട്രാപ്പിൽ 1898 ഡിസംബർ 4-ന് ഒരു സ്‌കൂൾ അദ്ധ്യാപകന്റെ മകനായി ജനിച്ചു. സ്വന്തം ഗ്രാമത്തിൽ തന്നെയുള്ള സ്‌കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം ശ്രീവില്ലി പുത്തൂരിലെ ഹിന്ദു സ്‌ക്കൂളിൽ ചേർന്നു. മധുരയിലെ അമേരിക്കൻ കോളജിലും ചെന്നൈ ക്രിസ്‌ത്യൻ കോളജിലുമായി കോളജ് വിദ്യാഭ്യാസം നടത്തി. രസതന്ത്രമായിരുന്നു ബിരുദപഠനത്തിന് തിരഞ്ഞെടുത്തത്. കൃഷ്‌ണൻ അഭിപ്രായപ്പെടുന്നത് തന്നെ ഒൻപതാം ക്ലാസിൽ പഠിപ്പിച്ച ഒരു അദ്ധ്യാപകന്റെ പ്രേരണയും ക്ലാസുമാണ് ശാസ്‌ത്രത്തിൽ താത്‌പര്യം ജനിപ്പിച്ചതെന്നാണ്. രസതന്ത്ര വിഭാഗത്തിൽ ഡെമൺസ്‌ട്രേറ്റർ ആയാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഈ സമയത്തു തന്നെ ഒഴിവു സമയങ്ങളിൽ ഭൗതികശാസ്‌ത്രം, രസതന്ത്രം, ഗണിതശാസ്‌ത്രം എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തിയിരുന്നു. ഈ പ്രഭാഷണം കേൾക്കാൻ മറ്റ് കോളജുകളിൽ നിന്നുവരെ സഹൃദയർ എത്തിയിരുന്നു.[അവലംബം ആവശ്യമാണ്] 1920 ൽ കൽക്കത്തയിലെത്തി ഇന്ത്യൻ അസോസിയേഷൻ ഓഫ് കൾട്ടിവേഷൻ ഓഫ് സയൻസിൽ ചേർന്നു. ഇവിടെ വച്ച് സി.വി. രാമനെന്ന അതുല്യ പ്രതിഭാശാലിയുടെ കീഴിൽ ഭൗതികശാസ്‌ത്രത്തിൽ ഗവേഷണം ആരംഭിച്ചു. കൽക്കട്ട സർവകലാശാലയിൽ വച്ച് ഭൗതികശാസ്‌ത്രത്തിലെ പല വിഷയങ്ങളെക്കുറിച്ചും ആഴത്തിൽ അറിവ് നേടിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്. സി.വി. രാമനോടൊത്തുള്ള അഞ്ചു വർഷക്കാലം തന്റെ ശാസ്‌ത്ര ജീവിതത്തിലെ ഉത്സവകാലം എന്നാണ് കെ.എസ്. കൃഷ്‌ണൻ തന്നെ എടുത്തു പറയുന്നത്. ശാസ്‌ത്ര ഗവേഷണത്തിലുപരിയായി സാഹിത്യം, മതം, തത്ത്വശാസ്‌ത്രം എന്നീ വിഷയങ്ങളിലും ഇദ്ദേഹം താത്‌പര്യം കാട്ടിയിരുന്നു. സ്‌പോർട്‌സിൽ പ്രത്യേകിച്ച് ഫുട്‌ബോളിൽ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. ഈഡൻ ഗാർഡനിലെ ഫുട്‌ബാൾ മത്സരങ്ങൾ പതിവായി കണ്ടിരുന്നു. എന്നാൽ ശാസ്‌ത്രേതര വിഷയങ്ങളിലെ ശ്രദ്ധ മുഖ്യമേഖലയായ ഗവേഷണത്തെ ഒട്ടും ബാധിച്ചിരുന്നില്ല. പിന്നീട് ആന്ധ്രാ സർവകലാശാലയിലെ പ്രൊഫസർ പദവിയിലേക്ക് കൃഷ്‌ണനെ നാമനിർദ്ദേശം ചെയ്‌തപ്പോഴും രാമൻ ഇഫക്‌ടിലെ കൃഷ്‌ണന്റെ സംഭാവന സി വി രാമൻ എടുത്തു പറഞ്ഞിട്ടുണ്ട്.[അവലംബം ആവശ്യമാണ്] 1928-ൽ ധാക്കാ സർവകലാശാല ഭൗതിക ശാസ്‌ത്ര വകുപ്പിൽ റീഡർ തസ്‌തികയിൽ ജോലിക്ക് ചേർന്ന് ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കി. അവിടെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ സത്യേന്ദ്രനാഥ് ബോസ് ആയിരുന്നു വകുപ്പ് മേധാവിയെന്നതും കെ.എസ്. കൃഷ്‌ണന്റെ ശാസ്‌ത്ര മുന്നേറ്റങ്ങൾക്ക് സഹായകമായി. ക്രിസ്റ്റൽ മാഗ്നറ്റിസത്തിലും മാഗ്നറ്റോ കെമിസ്‌ട്രിയിലും ആ സമയത്ത് ഗവേഷണങ്ങൾ നടത്തി. 1933 ൽ കൽക്കത്തയിൽ തിരിച്ചെത്തി ഐ.എ.സി.എസിൽ പ്രൊഫസറായി ചേർന്നു. കാന്തിക സ്വഭാവത്തെക്കുറിച്ചുള്ള പഠനം ഇവിടെയും തുടർന്നു. 1937 ൽ കാവൻഡിഷ് ലബോറട്ടറിയിലും, റോയൽ ഇൻസ്റ്റിറ്റിയൂഷൻ ലണ്ടനിലും പ്രഭാഷണത്തിനായി ക്ഷണിച്ചു. 1942 ൽ അലഹബാദ് സർവകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗം മേധാവിയായി നിയമിക്കപ്പെട്ടു. 1948 ൽ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ ഡയറക്‌ടറായി. വളരെ സജീവമായ ശാസ്‌ത്രസാങ്കേതിക ജീവിതത്തിനുടമയായിരുന്നു കെ.എസ്. കൃഷ്‌ണൻ. 1961 ജൂൺ 13-ആം തീയതി അന്തരിച്ചു. അംഗീകാരങ്ങൾറോയൽ സൊസൈറ്റി അംഗത്വം(1940), സർ ബഹുമതി(1946), പത്മഭൂഷൺ (1954), ദേശീയ പ്രൊഫസർ സ്ഥാനം (1960), ശാന്തി സ്വരൂപ് ഭട്‌നഗർ പുരസ്‌കാരം (1961), ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിന്റെ ഉപാധ്യക്ഷൻ, നാഷണൽ അക്കാദമി ഓഫ് സയൻസ് അധ്യക്ഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം. |
Portal di Ensiklopedia Dunia