മരണമടഞ്ഞ സാഹചര്യം, അനുബന്ധസംഭവങ്ങൾ തുടങ്ങിയവ, കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് മാറിക്കൊണ്ടിരിക്കാം. ഇതിൽ പ്രതിപാദിക്കുന്ന വ്യക്തിയുടെ മരണശേഷം ഈ ലേഖനത്തിൽ നശീകരണപ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ദയവായി കാര്യനിർവാഹകരെ അറിയിക്കുക.
കോഴിക്കോട് സർവ്വകലാശാലയിലെ എമെരിറ്റസ് പ്രൊഫസറും പ്രഗല്ഭനായ ഒരു സസ്യശാസ്ത്രജ്ഞനും ജൈവവർഗ്ഗീകരണശാസ്ത്രപണ്ഡിതനുമാണു് പ്രൊഫസർ കെ.എസ്. മണിലാൽ (കാട്ടുങ്ങൽ സുബ്രഹ്മണ്യം മണിലാൽ എന്നാണ് പൂർണ്ണനാമം). ലത്തീനിൽ രചിക്കപ്പെട്ടിരുന്ന സുപ്രസിദ്ധ സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കൂസ് മണിലാൽ ആദ്യം ഇംഗ്ലീഷിലേക്കും തുടർന്നു് മലയാളത്തിലേക്കും വിശദമായ ടിപ്പണി സഹിതം വിവർത്തനം ചെയ്തു. തന്റെ ജീവിതകാലത്തെ സുപ്രധാനമായ 35 വർഷങ്ങൾ ഉഴിഞ്ഞുവെച്ചുകൊണ്ടാണു് അദ്ദേഹം ഈ തപസ്യ പൂർത്തിയാക്കിയതു്. സസ്യശാസ്ത്രത്തിനും മലബാറിന്റെ ചരിത്രത്തിനും ഒട്ടൊക്കെ അപ്രാപ്യമായിക്കിടന്നിരുന്ന ഹോർത്തുസ് മലബാറിക്കസിന്റെ അതിപ്രയോജനകരമായ ഉള്ളടക്കം മുന്നൂറിലധികം വർഷത്തിനു ശേഷം വെളിച്ചം കാണുവാൻ അദ്ദേഹത്തിന്റെ ഐതിഹാസികമായ ഈ പ്രയത്നം കളമൊരുക്കി.
ഹോർത്തൂസ്_മലബാറിക്കൂസിന്റെ പുനർനിർമ്മാണം സസ്യശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ പല രീതിയിലുമുള്ള മികവുകളിൽ ഒന്നുമാത്രമാണെങ്കിലും, ആ ഒരൊറ്റ ഘടകം മാത്രമായിട്ടുതന്നെ സസ്യശാസ്ത്രത്തേയും മലബാറിന്റെ സാമൂഹ്യ, ഭാഷാ, രാഷ്ട്രീയ ചരിത്രപഠനത്തേയും ബാധിക്കുന്ന സുപ്രധാനമായ ഒരു നേട്ടമാണു്.
Manilal എന്നാണ് സസ്യശാസ്ത്രസംബന്ധിയായ കാര്യങ്ങളിൽ ഇദ്ദേഹത്തെ പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ചുരുക്കെഴുത്ത്.[2]