കേരള കോൺഗ്രസ് (ജോസഫ്)
കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം. കെ.സി(ജെ) എന്ന ചുരുക്കപ്പേരിലായിരുന്നു ഈ കക്ഷി സാധാരണഗതിയിൽ അറിയപ്പെട്ടിരുന്നത്. 1979 മുതൽ 2010 വരെ പി.ജെ. ജോസഫ് ആയിരുന്നു ഈ കക്ഷിയുടെ നേതാവ്. ഇദ്ദേഹം കേരള സർക്കാരിൽ 2010 മേയ് 1 വരെ പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരുന്നു.[1] പല മന്ത്രിസഭകളിലും ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. കേരള കോൺഗ്രസ് (ജോസഫ്) എന്ന പേര് മാതൃസംഘടനയെ മറ്റു ഘടകങ്ങളിൽ നിന്ന് വേർതിരിച്ചറിയാനായി ഉപയോഗിച്ചിരുന്നുവെങ്കിലും പാർട്ടിയുടെ ഔദ്യോഗിക നാമം കേരള കോൺഗ്രസ് എന്നായിരുന്നു. ഈ കക്ഷി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരുന്നുവെങ്കിലും 2010-ൽ മുന്നണി വിട്ട് കേരള കോൺഗ്രസ് (എം.) എന്ന കക്ഷിയുമായി ലയിക്കുകയും അതോടെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാവുകയും ചെയ്തു. നേരത്തേ പി.സി. തോമസിന്റെ ഇന്ത്യൻ ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടി എന്ന കക്ഷി ഈ പാർട്ടിയിൽ ലയിക്കുകയുണ്ടായി. മാണി വിഭാഗവുമായി ലയിക്കാനുള്ള തീരുമാനം പി.ജെ. ജോസഫ് എടുത്തതോടെ പി.സി. തോമസ് വിഭാഗം പാർട്ടിയിൽ നിന്ന് പിരിഞ്ഞുപോയി. 2011-ലെ അസംബ്ലി തിരഞ്ഞെടുപ്പിനു മുൻപായി പി.ജെ. ജോസഫും പി.സി. തോമസും തങ്ങളാണ് യഥാർത്ഥ പാർട്ടിയുടെ തുടർച്ച എന്നവകാശപ്പെട്ടുവെങ്കിലും ഇലക്ഷൻ കമ്മീഷൻ ഈ അവകാശവാദങ്ങൾ മരവിപ്പിക്കുകയും ജോസഫിന്റെ വിഭാഗത്തോട് കേരള കോൺഗ്രസ് (എം) എന്ന കക്ഷിയിൽ ലയിക്കാനാവശ്യപ്പെടുകയും ചെയ്തു. തോമസിന്റെ വിഭാഗത്തിനോട് കേരള കോൺഗ്രസ് (ലയന വിരുദ്ധ ഗ്രൂപ്പ്) എന്ന പേരിൽ മത്സരിക്കാനും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചു. അവലംബം
|
Portal di Ensiklopedia Dunia