കേരളത്തിലെ ഇടതുപക്ഷതൊഴിലാളിപ്രസ്ഥാനങ്ങളുടെ ചരിത്രംകേരളത്തിലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം 1928 ഓടുകൂടിയാണ് തുടങ്ങുന്നത്. 1928 ൽ നടന്ന ദക്ഷിണേന്ത്യൻ റയിൽവേ തൊഴിലാളി പണിമുടക്കോടുകൂടിയാണ് കേരളത്തിലെ തൊഴിലാളി പ്രസ്ഥാനം വളരാനും അവകാശങ്ങൾക്കു വേണ്ടി പോരാടാനും തുടങ്ങിയത്. ഭാരതസേവാസംഘം നേതാക്കളായിരുന്ന വി.ആർ.നായനാരും, സൂര്യനാരായണ റാവുവും ആണ് മലബാറിലെ തൊഴിലാളി പ്രസ്ഥാനത്തിനു തുടക്കമിടുന്നത്. തൊഴിലാളികളുടെ നേരെ നടക്കുന്ന അതിക്രമത്തിനും, അന്യായമായി പിരിച്ചുവിടലിനുമെതിരേയായിരുന്നു ഈ പ്രസ്ഥാനം നിലകൊണ്ടിരുന്നു, അതല്ലാതെ അതിനു വേറൊരു ലക്ഷ്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.[1] 1930-33 കാലഘട്ടത്തിൽ കേരളത്തിലങ്ങിങ്ങായി ഒറ്റപ്പെട്ട് തൊഴിലാളി മുന്നേറ്റങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അതൊരു മഹാപ്രസ്ഥാനത്തിലേക്കൊന്നും വളർന്നില്ലായിരുന്നു. ഒന്നുകിൽ മുതലാളിമാരാൽ അടിച്ചമർത്തപ്പെട്ടു, അല്ലെങ്കിൽ അവരോട് സന്ധിയായോ കീഴടങ്ങിയോ അവസാനിപ്പിക്കപ്പെട്ടു.[2] കേരളത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ വളർച്ച കൈവരിച്ചതിന് അക്കാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. [3] കാലിക്കറ്റ് ലേബർ യൂണിയൻബ്രിട്ടീഷ് സർക്കാരിനെതിരായ സമരങ്ങൾ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടു വരണമെന്ന ആശയം ആദ്യം ഉണ്ടായത് കമ്മ്യൂണിസ്റ്റ് നേതാവായ പി. കൃഷ്ണപിള്ളക്കാണ്. ജയിലിലായിരുന്ന സമയത്ത് ഇതിനെക്കുറിച്ച് മികച്ച ഒരു സംഘാടകനായ കൃഷ്ണപിള്ളക്ക് വ്യക്തമായ ഒരു പദ്ധതിയുണ്ടായിരുന്നു. 1934 ൽ അദ്ദേഹം ജയിലിൽ നിന്നും പുറത്തു വന്ന സമയത്ത് പതിനേഴോളം പേരെ സംഘടിപ്പിച്ച് കാലിക്കറ്റ് ലേബർ യൂണിയൻ സ്ഥാപിച്ചു.[4] തുടക്കത്തിൽ ഈ സംഘടനയിൽ ചേരാൻ ആളുകൾ തയ്യാറായിരുന്നില്ലെന്നു മാത്രമല്ല കൃഷ്ണപിള്ളയെ പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം തിരിച്ചടികളിലൊന്നും തളരാത്ത കൃഷ്ണപിള്ള ലേബർ യൂണിയൻ സംഘടിപ്പിക്കുക തന്നെ ചെയ്തു. [5] സംഘടനയുടെ തുടക്കത്തിൽ എല്ലാ വ്യവസായങ്ങളിലുമുള്ള ആളുകളെ അംഗങ്ങളായി ചേർത്തിരുന്നുവെങ്കിലും, പിന്നീട് ഓരോ പ്രത്യേക വ്യവസായത്തിനും അവരുടേതായ സംഘടന കെട്ടിപ്പടുക്കാൻ തുടങ്ങി. കോട്ടൺമിൽ വർക്കേഴ്സ് യൂണിയൻതിരുവണ്ണൂരിലെ കോട്ടൺ മിൽ തൊഴിലാളികളെ ഒരു സംഘടിത ശക്തിയാക്കിമാറ്റിയത് കൃഷ്ണപിള്ളയും, എ.കെ. ഗോപാലനും ചെയ്ത കഠിന പരിശ്രമമാണ്. തുടക്കത്തിൽ തൊഴിലാളികൾ ഇവരോട് ശത്രുക്കളോടെന്ന പോലെ പെരുമാറിയിരുന്നു. [6] എന്നാൽ ഇത്തരം കാര്യങ്ങളിലൊന്നും നിരാശരാവാതെ അവർ ഫാക്ടറി മുതലാളിമാർ തൊഴിലാളികളോട് ചെയ്യുന്ന ക്രൂരതയെ വസ്തുതകൾ സഹിതം വിശദീകരിച്ചു.[7] കോട്ടൺ മിൽ വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ സംഘടന തുടങ്ങുകയും ഏതാണ്ട് എഴുപത്തഞ്ചു ശതമാനത്തോളം ആളുകൾ അതിൽ ചേരുകയും ചെയ്തു.
ഫറോക്ക് ഓട്ടു കമ്പനി തൊഴിലാളി യൂണിയൻ1935 ജനുവരി 4ന് കെ.കേളപ്പന്റെ നേതൃത്വത്തിൽ ഫാറോക്കിലെ ഓട്ടു കമ്പനി തൊഴിലാളികളുടെ ഒരു സംഘടന രൂപീകരിക്കുകയുണ്ടായി.ഏതാണ്ട് ഒന്നരക്കൊല്ലക്കാലത്തോളമുള്ള പ്രയത്നത്തിന്റെ ഫലമായാണ് ഈ സംഘടന രൂപംകൊണ്ടത്. സംഘടന ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ ഏതാണ്ട് നാനൂറോളം ആളുകൾ സംഘടനയിൽ അംഗങ്ങളായി ചേർന്നു. [10]എല്ലായിടത്തുമെന്നപോലെ ഇവിടേയും സംഘാടകർക്ക് കടുത്ത എതിർപ്പു തൊഴിലാളികളിൽ നിന്നു തന്നെ നേരിടേണ്ടി വന്നു. ആളുകളെ ഉപദ്രവിക്കാൻ നടക്കുന്നവരെന്നായിരുന്നു ആദ്യം തൊഴിലാളികൾ തന്നെ യൂണിയൻ സംഘാടകരായ കൃഷ്ണപിള്ളയേയും, എ.കെ.ഗോപാലനേയും കുറിച്ചു പറഞ്ഞിരുന്നത്. തിരുവണ്ണൂരിലെ സമരത്തിലൂടെ നേടിയെടുത്ത അവകാശം ഫറോക്കിലും ആവർത്തിക്കണം എന്നതായിരുന്നു നേതാക്കളുടെ ആഗ്രഹം. ദിനംപ്രതി ഒമ്പതു മണിക്കൂർ വെച്ച്, ആഴ്ചയിൽ 54 മണിക്കൂർ എന്നതായിരുന്നു തൊഴിലാളികളുടെ ആവശ്യം. തിരുവണ്ണൂരിൽ നിന്നും വ്യത്യസ്തമായി ഇവിടെ മുതലാളിമാർ തൊഴിലാളികളെ ഉപദ്രവിക്കാൻ തുടങ്ങി, കൂടാതെ കാരണമില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാനും തുടങ്ങി.[11] തൊഴിലാളികൾക്ക് സമ്മേളനം നടത്തുവാനുള്ള എല്ലാ സാഹചര്യങ്ങളും മുതലാളിമാർ പോലീസിനെകൊണ്ട് ഇല്ലാതാക്കി. മാത്രവുമല്ല, നേതൃത്വം വഹിച്ചിരുന്ന കൃഷ്ണപിള്ളക്ക് ഫറോക്കിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചു. ഇതുകൊണ്ടൊന്നും തൊഴിലാളികളുടെ വിപ്ലവവീര്യത്തെ തളർത്താൻ കഴിഞ്ഞില്ല. ഫറോക്കിലെ ഓട്ടു കമ്പനിതൊഴിലാളികൾ മാർച്ച് നാലാം തീയതി മുതൽ പണിമുടക്കാരംഭിക്കുകയാണെന്ന് അവിടെ കൂടിയ തൊഴിലാളികളുടെ യോഗത്തിൽ കൃഷ്ണപിള്ള പ്രഖ്യാപിച്ചു.[12] ഫാറോക്കിലെ സമരം നേതൃത്വം വിചാരിച്ചപോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല. സമരം ഒത്തുതീപ്പാക്കുന്നതിനു വേണ്ടി മുതലാളിമാർ പലതവണ ശ്രമിച്ചുവെങ്കിലും ആത്മാഭിമാനമുള്ള തൊഴിലാളികൾ അനുരഞ്ജനത്തിനു തയ്യാറായിരുന്നില്ല. പണിമുടക്കു നീണ്ടുപോയി, ചുരുക്കം ചില തൊഴിലാളികൾ പണിമുടക്കവസാനിപ്പിച്ച് ജോലിക്കു കയറി, എന്നാൽ ഭൂരിഭാഗം തൊഴിലാളികളും ജോലിക്കു ചെല്ലാൻ കൂട്ടാക്കാതെ മറ്റു തൊഴിലുകൾ അന്വേഷിച്ചു പോയി. കുറേയധികം തൊഴിലാളികൾ ദാരിദ്ര്യത്തിലായി. കൂടുതൽ ആളുകളും വർഗ്ഗബോധമോ സംഘടനാ ചിന്തയോ ഇല്ലാത്തവരായിരുന്നു. പണിമുടക്ക് പരാജയത്തിലേക്കെത്തിച്ചേർന്നു.[13]ഫറോക്ക് ഓട്ടുകമ്പനി സമരത്തിൽ തൊഴിലാളികളെ സംഘടിപ്പിക്കാൻ പി കൃഷ്ണപിള്ള മലബാറിൽ ചുമതലപെടുത്തിയത് സഖാവ് പുതിയേടത്ത് അച്യുതമേനോക്കിയെ ആയിരുന്നു.
അഖില കേരള തൊഴിലാളി സമ്മേളനംമലബാറിലും, തിരുവിതാംകൂറിലും തൊഴിലാളി പ്രസ്ഥാനങ്ങൾ ജീവൻ വെച്ചു വരുന്ന കാലഘട്ടത്തിൽ ഇവരെയെല്ലാം ഒരുമിച്ചു ചേർത്ത് ഒരു തൊഴിലാളി സമ്മേളനം സംഘടിപ്പിക്കാം എന്ന ആശയം കൃഷ്ണപിള്ളയുടേതായിരുന്നു. 1935 മെയ് 26 ന് കോഴിക്കോടു വെച്ച് ആദ്യത്തെ അഖില കേരള തൊഴിലാളി സമ്മേളനം നടന്നു.[14] തൊഴിലാളിസമുദായത്തിൽ നിലവിലിരുക്കുന്ന അസമത്വത്തിനെതിരേ ഒരുമിച്ചു ചേർന്നു നിന്നു പോരാടാൻ സമ്മേളനം തൊഴിലാളികളോട് ആഹ്വാനം ചെയ്തു.[15] തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായുള്ള പതിനഞ്ച് പ്രമേയങ്ങൾ യാതൊരു എതിർപ്പുമില്ലാതെ സമ്മേളനം പാസ്സാക്കുകയുണ്ടായി.[16] സമ്മേളനത്തിനവസാനം പി. കൃഷ്ണപിള്ള സെക്രട്ടറിയായി ഒരു കേരളസംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുക്കുകയുണ്ടായി. തലശ്ശേരി ബീഡി തൊഴിലാളി യൂണിയൻവളരെയധികം കഷ്ടതകളും, ദുരിതങ്ങളും അനുഭവിക്കുന്ന ഒരു വിഭാഗം തൊഴിലാളികളായിരുന്നു കണ്ണൂരിലേയും, തലശ്ശേരിയിലേയും ബീഡി തൊഴിലാളികൾ. ആഴ്ചയിൽ ഒരു ദിവസം പോലും അവധിയില്ലാതെ രാവിലെ മുതൽ രാത്രി പത്തു മണി വരെ ജോലി ചെയ്യണം. ആയിരം ബീഡിക്ക് നാലുമുതൽ ആറണ[൧] വരെയായിരുന്നു കൂലി. ഇതു തന്നെ പലപ്പോഴും മുഴുവനായും നൽകിയിരുന്നുമില്ല. ഇത്തരം ചൂഷണങ്ങൾക്കെതിരേ ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും അതൊരു സംഘടനയുടെ കെട്ടുറപ്പിന്റെ പിൻബലത്തിലായിരുന്നില്ല.[17] 1934 ൽ തലശ്ശേരിയിൽ രൂപീകരിക്കപ്പെട്ട ഒരു ശ്രീനാരായണ ബീഡിതൊഴിലാളി സംഘം എന്നൊരു സംഘടന നിലവിലുണ്ടായിരുന്നു, പിന്നീട് ഇത് അഖില കേരള ബീഡി തൊഴിലാളി സംഘം എന്നായി മാറി.[18] പ്രവർത്തനമില്ലാതെ കിടന്നിരുന്ന ഈ സംഘടനയെ പുനരുജ്ജീവിപ്പിച്ച്, അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സുമായി ബന്ധിപ്പിക്കാൻ പി.കൃഷ്ണപിള്ളയെപ്പോലുള്ള നേതാക്കൾ പരിശ്രമിച്ചു. 1937 അഖില കേരള ബീഡി തൊഴിലാളി സംഘത്തിന്റെ പ്രസിഡന്റായി പി. കൃഷ്ണപിള്ള തിരഞ്ഞെടുക്കപ്പെട്ടു, പിന്നീട് എ.കെ. ഗോപാലൻ ഇതിന്റെ പ്രസിഡന്റായിരിക്കുന്ന സമയത്ത് സംഘടനയുടെ പേര് തലശ്ശേരി ബീഡി തൊഴിലാളി യൂണിയൻ എന്നാക്കി മാറ്റി.[19][20] പ്രസ്സ് തൊഴിലാളി യൂണിയൻകോഴിക്കോട്ട് ഒരു പ്രസ്സ് തൊഴിലാളി യൂണിയൻ നിലവിലുണ്ടായിരുന്നു. 1937 മാർച്ച് 7ന് നടന്ന യൂണിയന്റെ സമ്മേളനത്തിൽ നിലവിലുണ്ടായിരുന്ന പ്രസിഡന്റിന്റെ നീക്കം ചെയ്യുകയും, കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന പി.കൃഷ്ണപിള്ളയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹം യൂണിയന്റെ അമരത്തു വന്നതോടുകൂടി, സംഘടനക്ക് പുതിയൊരു ഉണർവ്വ് പ്രകടമായി. കൂടുതൽ തൊഴിലാളികൾ സംഘടനയിൽ അംഗമായി ചേർന്നു.[21] 1937 ജൂൺ 14 ന് കോഴിക്കോടു വെച്ച് സംഘടനയുടെ ഒരു വാർഷികയോഗം സംഘടിപ്പിക്കുകയുണ്ടായി. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ തൊഴിലാളികൾ സംഘടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പി.കൃഷ്ണപിള്ള അവരെ പറഞ്ഞു മനസ്സിലാക്കി. പ്രാദേശികമായി മാത്രം നിലനിന്നിരുന്ന ഈ സംഘടനയെ അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സുമായി ബന്ധിപ്പിക്കാൻ ഈ സമ്മേളനം തീരുമാനമെടുത്തു.[22][23] കോഴിക്കോട് നെയ്ത്തു തൊഴിലാളി യൂണിയൻകോഴിക്കോടുള്ള നെയ്ത്തു തൊഴിലാളികളെ സംഘടിപ്പിച്ച് നിർജ്ജീവമായികിടന്നിരുന്ന തൊഴിലാളിയൂണിയനെ ശക്തമായ ഒരു സംഘടനയാക്കിമാറ്റിയത് പി.കൃഷ്ണപള്ളയെപ്പോലുള്ള നേതാക്കളുടെ കഴിവാണ്. 1937 ൽ കോഴിക്കോടു നെയ്ത്തു തൊഴിലാളി യൂണിയന്റെ ഒരു സമ്മേളനം കൂടുകയും , തൊഴിലാളികളുടെ കൂലി അരയണവീതം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു.[24] അവകാശ പ്രഖ്യാപന ദിനം1937 സെപ്തംബർ 19 തൊഴിലാളികൾ അവകാശ പ്രഖ്യാപന ദിനമായി ആഘോഷിക്കുകയുണ്ടായി. മലബാറിൽ നിരവധി തൊഴിലാളി സംഘടനകൾ പങ്കെടുത്ത പ്രകടനങ്ങൾ നടക്കുകയുണ്ടായി. മോട്ടോർ തൊഴിലാളി യൂണിയൻ, നെയ്ത്തു തൊഴിലാളി യൂണിയൻ, ചെത്തുതൊഴിലാളികൾ, മത്സ്യതൊഴിലാളികൾ, സോപ്പു നിർമ്മാണ തൊഴിലാളികൾ എന്നിങ്ങനെ നിരവധി സംഘടനയിലുള്ള അംഗങ്ങൾ അന്നു നടന്ന ജാഥയിൽ പങ്കെടുത്തു. വർഷത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ അവധി, ആഴ്ചയിൽ ഒരു ദിവസം അവധി, ഇൻഷുറൻസ്, ബോണസ് തുടങ്ങിയ അവകാശങ്ങൾ നേടിയെടുക്കാൻ മുതലാളിമാരോട് ആവശ്യപ്പെടുന്ന നിരവധി പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി.[25] കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന ഇ.എം.എസ്സ്. നമ്പൂതിരിപ്പാടായിരുന്നു യോഗ അദ്ധ്യക്ഷൻ.[26] വടകര ഐക്യ തൊഴിലാളി യൂണിയൻകോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായ കെ. കേളുവിന്റെ നേതൃത്വത്തിലാണ് ചുരുട്ടു കമ്പനികളിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഇവരുടെ പ്രവർത്തനത്തിന്റെ ഫലമായി 1938 ൽ ഐക്യ തൊഴിലാളി യൂണിയൻ രൂപംകൊണ്ടു. തുടക്കത്തിൽ എല്ലാ മേഖലയിലുമുള്ള തൊഴിലാളികളും ഈ സംഘടനയിൽ ഉണ്ടായിരുന്നു. പിന്നീട് ഈ സംഘടന വടക ബീഡി ആന്റ് സിഗാർ വർക്കേഴ്സ് യൂണിയനായി മാറി. രൂപീകരണ സമയത്ത കെ.കേളു പ്രസിഡന്റും, പി.പി.ശങ്കരൻ സെക്രട്ടറിയുമായിരുന്നു.[27] കേരള കർഷക സംഘംഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തിൽ കർഷകതൊഴിലാളികളുടെ ജീവിതം വളരെ ദുസ്സഹമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൻ കീഴിലാണെങ്കിലും, പ്രാദേശിക ജന്മികൾ ക്രൂരന്മാരായിരുന്നു. ജന്മികളുടെ ഉപദ്രവം കൂടാതെ അനാചാരങ്ങളിലും, അന്ധവിശ്വാസങ്ങളിലും ആണ്ടു കിടക്കുകയായിരുന്നു ഈ സമൂഹം. ഇവരെ സംഘടിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടു വരുക എന്നത് തികച്ചും ദുഷ്കരമായിരുന്നു. ഇതൊന്നും പോരാതെയായിരുന്നു സർക്കാർ കൊണ്ടു വന്നിരുന്ന വർഷാവർഷം വർദ്ധിച്ചു വരുന്ന നികുതിഭാരവും. [28]ഇതിനെതിരേ സംഘടിതമായി ഒരു ചെറുത്തു നിൽപ്പും ഉണ്ടായിരുന്നില്ല. എന്നാൽ 1933 നവംബർ 5 ന് കേരള കർഷക സംഘം എന്നൊരു സംഘടന രൂപീകരിച്ചിരുന്നു.[29] 1933 ഡിസംബർ 3 നികുതി ദിനമായി ആചരിക്കാൻ കേരള കർഷക സംഘത്തിന്റെ യോഗം തീരുമാനിച്ചു. മുമ്പുള്ളതിനേക്കാൾ നികുതി നാലിലൊന്നായി ഇളവു ചെയ്തു തരാൻ സർക്കാരിനോടാവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.[30] ഈ കാര്യത്തെക്കുറിച്ച് വീണ്ടും ചർച്ചചെയ്യുന്നതിനായി ഇ.എം.എസ്സന്റെ നേതൃത്വത്തിൽ ഒരു സമ്മേളനം പട്ടാമ്പിയിൽ വെച്ചു കൂടുകയുണ്ടായി, ഏതാണ്ട് 200 ഓളം കർഷകർ പങ്കെടുത്ത ഒരു യോഗമായിരുന്നു അത്. അഖില മലബാർ കർഷക സംഘംകേരള കർഷക സംഘവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിലും അതിന്റെ പ്രവർത്തനത്തോട് പി.കൃഷ്ണപിള്ളയെപ്പോലുള്ള നേതാക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. ഈ സംഘടന കർഷകരിൽതന്നെ മേലേക്കിടയിലെ ആളുകളുടെ താൽപര്യങ്ങൾമാത്രമാണ് സംരക്ഷിച്ചിരുന്നത്. യഥാർത്ഥ കർഷകതൊഴിലാളിയുടേയോ കീഴ്കുടിയാന്മാരുടേയോ പ്രശ്നങ്ങളിൽ വേണ്ടത്ര ഇടപെട്ടിരുന്നില്ല എന്നതായിരുന്നു കാരണം. അതുകൊണ്ടു തന്നെ കർഷകരെ പുതിയ ഒരു സംഘടനക്കു കീഴിൽ അണിനിരത്തുന്നതിനെക്കുറിച്ചായിരുന്നു നേതാക്കളുടെ ചിന്ത മുഴുവൻ. ഇതിന്റെ ഭാഗമായി, 1934 മെയ് ആറാം തീയതി ഏറനാടു താലൂക്കിലെ കർഷകരുടെ ഒരു യോഗം പരപ്പനങ്ങാടിയിൽ വെച്ചു കൂടുകയുണ്ടായി. നികുതി കുറക്കുന്നതിനു വേണ്ടി സർക്കാരിനോടാവശ്യപ്പെടുന്ന ഒരു പ്രമേയം യോഗം പാസ്സാക്കി. കർഷകരെ സംഘടിപ്പിക്കാൻ കേരളത്തിലെ മുതിർന്ന നേതാക്കളോട് ആവശ്യപ്പെട്ടത് പി. കൃഷ്ണപിള്ളയായിരുന്നു എന്ന് ഇ.എം.എസ്സ് തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [31]
അധ്യാപക യൂണിയൻമലബാറിലെ ആദ്യകാലത്തെ അധ്യാപകരുടെ ജീവിതം തികച്ചും കഷ്ടകരമായിരുന്നു. ഒരു അസംഘടിത വർഗ്ഗമായിരുന്നു ഇവർ. അക്കാലത്ത് ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും എയ്ഡഡ് ആയിരുന്നു. സ്കൂൾ അധികാരികൾക്ക് അവരുടെ ഇഷ്ടം പോലെ അധ്യാപകരെ നിയമിക്കാനും പിരിച്ചുവിടാനും അധികാരം ഉണ്ടായിരുന്നു. സർക്കാർ ശമ്പളത്തിനു പകരം ഗ്രാന്റ് എന്ന പേരിലാണ് തുക അനുവദിച്ചിരുന്നത്. ഇതു തന്നെ കൃത്യമായി അധ്യാപകരുടെ കൈയ്യിൽ കിട്ടിയിരുന്നില്ല.[35] അസംഘടിതരായ ഈ വർഗ്ഗത്തന്റെ ക്ഷേമത്തിനായി കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാക്കളിൽ ഒരാളായ കൃഷ്ണപിള്ള രംഗത്തിറങ്ങി. അദ്ദേഹത്തിന്റെ ശ്രമഫലമായി 1934 ൽ അഖില മലബാർ എയിഡഡ് എലിമെന്ററി ടീച്ചേഴ്സ് യൂണിയൻ എന്നൊരു സംഘടന നിലവിൽ വരികയുണ്ടായി. എന്നാൽ ഇതിനു മുമ്പു തന്നെ മലബാറിലെ ചില താലൂക്കുകളിൽ പ്രാദേശികമായി ചില സംഘടനകൾ അധ്യാപകരുടെ ക്ഷേമത്തിനായി നിലവിൽ വരികയുണ്ടായെങ്കിലും അവയൊന്നും മുഖ്യധാരയിലേക്കു വന്നു പ്രവർത്തിക്കാനുള്ള ആർജ്ജവം കാണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇവരെയെല്ലാം ചേർത്താണ് അഖില മലബാർ എയിഡഡ് എലിമെന്ററി ടീച്ചേഴ്സ് യൂണിയൻ എന്ന സംഘടന രൂപീകരിച്ചത്.[36] അധ്യാപകർ സംഘടിക്കാൻ തുടങ്ങിയതോടെ പ്രതികാര നടപടികളുമായി ഉടമകൾ രംഗത്തെത്തി. സർക്കാർ അംഗീകാരമില്ലാത്ത സംഘടനകളിൽ ചേരരുത് അതുപോലെ തന്നെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കു പാർട്ടികളിൽ അംഗങ്ങളായി ചേരാൻ പാടില്ല എന്നിങ്ങനെയുള്ള നിയമങ്ങൾ നിലവിൽ വന്നു. ഇതിനെതിരേ അധ്യാപകർ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ ഒരുങ്ങി. ഈ പ്രക്ഷോത്തെ മുന്നിൽ നിന്നും നയിക്കാതെ ഒരു നിഴൽപോലെ കൂടെ നിന്ന നേതാക്കളായിരുന്നു കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഇ.എം.എസ്സ് നമ്പൂതിരിപ്പാടും, പി.കൃഷ്ണപിള്ളയും.[37] ഇതും കാണുകകുറിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia