കൊററ്റ സ്കോട്ട് കിങ്
ഒരു അമേരിക്കൻ എഴുത്തുകാരിയും, പൗരാവകാശ പ്രവർത്തകയുമായിരുന്നു കൊററ്റ സ്കോട്ട് കിങ് (Coretta Scott King). (ജനനം - 27 ഏപ്രിൽ 1927 – മരണം - 30 ജനുവരി 2006). അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ആയിരുന്നു കൊററ്റയുടെ ഭർത്താവ്. 1960 കളിൽ നടന്ന ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ മുന്നേറ്റത്തിന്റെ നേതൃനിരയിൽ കൊററ്റ ഉണ്ടായിരുന്നു. കോളേജ് പഠനകാലത്തായിരുന്നു കൊററ്റ മാർട്ടിൻ ലൂഥർ കിങിനെ പരിചയപ്പെടുന്നതു, അവിടെ നിന്നും ഇരുവരും, പൗരാവകാശ മുന്നേറ്റത്തിന്റെ കേന്ദ്രനേതൃത്വത്തിലെത്തി. അറിയപ്പെടുന്ന ഒരു ഗായിക കൂടിയായിരുന്നു കൊററ്റ. 1968 ൽ മാർട്ടിൻ ലൂഥർ കിങ് വധിക്കപ്പെട്ടതിനുശേഷം, സംഘടനയുടെ നേതൃത്വം കൊററ്റ ഏറ്റെടുക്കുകയായിരുന്നു. ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയും, വനിതാ വിമോചനത്തിനായും അവർ പോരാടി. ആഫ്രിക്കയിലെ വർണ്ണവിവേചനത്തിരെ അമേരിക്കയിൽ നിന്നും അവർ പിന്തുണ നൽകി. 2005 ൽ പക്ഷാഘാതത്തെത്തുടർന്ന് ഒരു വശം തളർന്നു കിടപ്പിലായിരുന്നു. അഞ്ചുമാസത്തിനുശേഷം, അണ്ഡാശയത്തിൽ ബാധിച്ച അർബുദത്തേത്തുടർന്ന് കൊററ്റ അന്തരിച്ചു. ബാല്യംഒബാദിയ സ്കോട്ടിന്റേയും, ബെർണീസ് മക്മറി സ്കോട്ടിന്റേയും നാലു മക്കളിൽ മൂന്നാമത്തെ ആളായിരുന്നു കൊററ്റ. വർണ്ണവിവേചനം രൂക്ഷമായിരുന്ന ഒരു പ്രദേശമായിരുന്നു അത്. തന്റെ പത്താമത്തെ വയസ്സു മുതൽ കുടുംബത്തിന്റെ വരുമാനം വർദ്ധിപ്പിക്കുവാൻ വേണ്ടി കൊറെറ്റ ജോലിക്കു പോകാൻ തുടങ്ങി.[1] സ്വന്തമായി കൃഷിയിടം ഒക്കെ ഉള്ള കുടുംബമായിരുന്നിട്ടും, സാമ്പത്തികമായി അത്ര ഉയർന്നവരല്ലായിരുന്നു. 1930 കളിലുണ്ടായ സാമ്പത്തിക മാന്ദ്യ സമയത്തു, കുടുംബം പുലർത്തുവാൻ വേണ്ടി പരുത്തി നൂലു കൊണ്ടുള്ള ചെറിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുമായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ ലിങ്കൺ സ്കൂളിൽ ഏഴാം ഗ്രേഡിലായാണു വിദ്യാഭ്യാസം ആരംഭിച്ചത്. ആൺകുട്ടികളെ പോലെ വളരാണു സ്കോട്ട് ആഗ്രഹിച്ചത്. മരംകയറാനും, ആൺകുട്ടികളുമായി ഗുസ്തിപിടിക്കുന്നതിലും കൊറെറ്റ രസം കണ്ടെത്തി. ഇത്തരം പ്രവർത്തികൾ കൊണ്ട് സ്ഥിരമായി അമ്മയിൽ നിന്നും കൊറെറ്റക്കു വഴക്കു കേൾക്കുമായിരുന്നു. കൊറെറ്റ ചെയ്യുന്നതെന്തിലും അവൾ മിടുക്കിയായിരുന്നുവെന്നു സഹോദരൻ സാക്ഷ്യപ്പെടുത്തുന്നു.[2] 1945 ൽ ലിങ്കൺ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. ഒഹിയോയിലെ ആന്റിയോക്ക് കോളേജിലാണു ഉന്നതപഠനത്തിനായി കൊറെറ്റ ചേർന്നത്. വാൾട്ടർ ആൻഡേഴ്സന്റെ കീഴിൽ കൊറെറ്റ് സംഗീതം അഭ്യസിക്കാൻ തുടങ്ങി. വെള്ളക്കാരുടെ കോളേജിൽ, വെള്ളക്കാരനല്ലാത്ത ഒരു അദ്ധ്യാപകനായിരുന്നു വാൾട്ടർ. പഠനത്തോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിലും കൊറെറ്റ സജീവമായിരുന്നു. നാഷണൽ അസ്സോസ്സിയേഷൻ ഫോർ ദ അഡ്വാൻസ്മെന്റ് ഓഫ് കളേഡ് പീപ്പിൾ എന്ന സംഘടയുടെ ആന്റിയോക്ക് കോളേജ് വിഭാഗത്തിൽ കൊറെറ്റ സജീവമായിരുന്നു. - വിവാഹംബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് കോൺസർവേറ്ററി ഓഫ് മ്യൂസിക്കിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചപ്പോൾ, കൊററ്റ ആന്റിയോക്കിലെ പഠനം അവസാനിപ്പിച്ചു. ഇവിടെ വെച്ചാണ് കൊറെറ്റ മാർട്ടിൻ ലൂഥർ കിങ്ങിനെ പരിചയപ്പെടുന്നത്.[3] ഏറെക്കാലത്തെ പരിചയത്തിനുശേഷം, 1953 ജൂൺ 18 നു മാർട്ടിൻ ലൂഥർ കിങും, കൊറെറ്റയും വിവാഹിതരായി.[4] 1954 ൽ ബിരുദം പൂർത്തിയാക്കിയശേഷം, കൊറെറ്റ ഭർത്താവിനോടൊപ്പം അലബാമയിലേക്കു താമസം മാറി. പൗരാവകാശപ്രവർത്തനം1954സെപ്തംബർ ഒന്നിനു മാർട്ടിൻ ലൂഥർ കിങ് അവിടുത്തെ പള്ളിയിലെ മുഴുവൻ സമയ പുരോഹിതൻ ആയി സ്ഥാനമേറ്റെടുത്തു.[5][6] ഒരു ഗായിക ആയി മാറാനുള്ള കൊറെറ്റയുടെ മോഹങ്ങളെ തല്ലിക്കെടുത്തിയ ഒന്നായിരുന്നു മാർട്ടിന്റെ പുതിയ നിയോഗം. അധികം വൈകാതെ പുരോഹിതന്മാർക്കുള്ള വസതിയിലേക്കു ഇരുവരും താമസം മാറി. പള്ളി ക്വയർ സംഘടിപ്പിച്ചും, സൺഡേ ക്ലാസ്സുകളെടുത്തും കൊറെറ്റ സാമൂഹ്യ ജീവിതത്തിൽ സജീവമായിരുന്നു. 1955 നവംബർ 17 ഇരുവർക്കും യോലൻഡ എന്ന പെൺകുഞ്ഞു പിറന്നു. മോണ്ട്ഗോമറി ബസ് ബഹിഷ്കരണ സംഭവത്തിൽ മാർട്ടിൻ സജീവമായി പങ്കെടുത്തിരുന്നു.[7] ഇതിനെതുടർന്ന് മാർട്ടിനെ അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ധാരാളം ഫോൺ സന്ദേശങ്ങൾ കൊറെറ്റക്കു ലഭിച്ചിരുന്നു. 1968 ഏപ്രിൽ നാലിനു മാർട്ടിൻ ലൂഥർ കിങ് വെടിയേറ്റു മരിച്ചു. നേരത്തേയെത്തിയ വൈധവ്യത്തിൽ നിന്നും മോചിതയാവാൻ സമയമെടുത്തെങ്കിലും, കൊറെറ്റ സാവധാനം സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തി. അവർ സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമാവാൻ തുടങ്ങി. വനിതാവാകാശപ്രവർത്തനങ്ങളിലും, ലൈംഗികന്യൂനപക്ഷങ്ങൾക്കുവേണ്ടിയുള്ള അവകാശങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കാൻ തുടങ്ങി. ഭർത്താവിന്റെ മരണശേഷം നേതൃത്വം നഷ്ടപ്പെട്ട പൗരാവകാശമുന്നേറ്റത്തിനെ മുന്നിൽ നിന്നും നയിക്കാൻ ആഫ്രിക്കൻ-അമേരിക്കൻ നേതാവായിരുന്ന ജോസഫൈൻ ബേക്കറെ കൊറെറ്റ ക്ഷണിച്ചിരുന്നു.[8] എന്നാൽ ജോസഫൈൻ ഈ ക്ഷണം നിരസിക്കുകയായിരുന്നു. വംശീയത, ദാരിദ്ര്യം,യുദ്ധം എന്നിവക്കെതിരേ മുന്നിട്ടിറങ്ങാൻ കൊറെറ്റ വനിതകളോടു ആഹ്വാനം ചെയ്തു. 1969 ൽ കൊറെറ്റ തന്റെ ആത്മകഥയായ മൈ ലൈഫ് വിത്ത് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ പ്രസിദ്ധീകരിച്ചു. 1968 മുതൽ 1972 വരേയുള്ള കാലഘട്ടത്തിൽ കൊറെറ്റയുടെ പ്രവർത്തനങ്ങളെ അമേരിക്കൻ പോലീസ് ഏജൻസിയായ എഫ്.ബി.ഐ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരുന്നു. കൊറെറ്റയുടെ പൗരാവകാശപ്രവർത്തനങ്ങൾ, അക്കാലത്ത് വിയറ്റ്നാം യുദ്ധത്തിനെതിരേ അമേരിക്കയിൽ രൂപം കൊണ്ട മുന്നേറ്റവുമായി ബന്ധപ്പെട്ടേക്കാമെന്ന് സർക്കാർ സംശയിച്ചിരുന്നു.[9] ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനംദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന രൂക്ഷമായ വർണ്ണവിവേചനത്തിനെതിരേ കൊറെറ്റ അമേരിക്കയിൽ ശക്തമായ നിലപാടെടുത്തിരുന്നു. വാഷിങ്ടണിൽ അവർ നിരവധി സമരപരിപാടികളിൽ പങ്കുകൊണ്ടു. വർണ്ണവിവേചനത്തിനെതിരേ കൊറെറ്റ നടത്തിയ സമരപരിപാടികൾ ലോകശ്രദ്ധയാകർഷിച്ചു. 1986 സെപ്തംബറിൽ കൊറെറ്റ ദക്ഷിണാഫ്രിക്കയിലേക്കു പത്തുദിവസത്തെ സന്ദർശനം നടത്തി.[10] ഈ സന്ദർശവേളയിൽ അവർ വിന്നി മണ്ടേലയുമായി കൂടികാഴ്ച നടത്തിയിരുന്നു.[11] ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന ബോത്തയെ സന്ദർശിക്കാൻ കൊറെറ്റ തയ്യാറായില്ല.[12] ജയിലിലായിരുന്ന നെൽസൺ മണ്ടേലയെ സന്ദർശിക്കാൻ കൊറെറ്റക്കു സാധിച്ചില്ല. അമേരിക്കയിൽ തിരിച്ചെത്തിയ ഉടൻ, ദക്ഷിണാഫ്രിക്കക്കുള്ള സാമ്പത്തിക സഹായങ്ങൾ പുനരാരംഭിക്കാൻ അവർ പ്രസിഡന്റ് റീഗനോടു അപേക്ഷിച്ചു. [13][14] ലൈംഗികന്യൂനപക്ഷ തുല്യതലൈംഗിക ന്യൂനപക്ഷങ്ങളുടെ തുല്യതക്കു വേണ്ടി തുടക്കം മുതലേ, കൊറെറ്റ രംഗത്തുണ്ടായിരുന്നു. അമേരിക്കൻ പൗരാവകാശ നിയമത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളേയും ഒരു സംരക്ഷിത വർഗ്ഗമായി പരിഗണിക്കണമെന്നു 1983 ൽ അവർ സർക്കാരിനോടു ആവശ്യപ്പെട്ടു.[15] 1987 സെപ്തംബർ 27 ന് ന്യൂയോർക്കിൽ വച്ചു നടന്ന ഗംഭീരമായ സമ്മേളനത്തിൽ ലൈംഗികന്യൂനപക്ഷത്തോടുള്ള തന്റെ ഐക്യദാർഢ്യം കൊറെറ്റ ഉറക്കെ പ്രഖ്യാപിച്ചു.[16] കിങ് സെന്റർമാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ആശയങ്ങളും, സ്വപ്നങ്ങളും യാഥാർത്ഥ്യമാക്കാൻ കൊറെറ്റയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഒരു സംഘടനയാണ് ദ കിങ് സെന്റർ.[17] ഭർത്താവിന്റെ ശവസംസ്കാരചടങ്ങുകൾക്കുടനെ തന്നെ ഈ സംഘടനക്കായി ഏകദേശം 15 ദശലക്ഷം അമേരിക്കൻ ഡോളർ സ്വരൂപിക്കാൻ അവർ പദ്ധതി തയ്യാറാക്കി. തുടക്കത്തിൽ സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്ന കൊറെറ്റ പിന്നീട് നേതൃത്വം മക്കളിലേക്കു കൈമാറി. മരണം2005 ഓടെ കൊറെറ്റ രോഗങ്ങൾകൊണ്ടു അവശതയായിരുന്നു. 78 ആമത്തെ ജന്മദിനത്തിനു, അവരെ ആശുപത്രയിൽ നിന്നും വിടുതൽ ചെയ്തുവെങ്കിലും, തുടരേയുള്ള അസുഖം മൂലം കൊറെറ്റ കിടപ്പിലായിരുന്നു. ഓഗസ്റ്റ് 16 ആം തീയതി ഹൃദയാഘാതം മൂലം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇത്തവണ അവരുടെ വലതു ഭാഗം പൂർണ്ണമായും തളർന്നു പോയി. 2005 സെപ്തംബർ 22 നു ആശുപത്രിയിൽ നിന്നും വീട്ടിലേക്കു പോന്നുവെങ്കിലും, മറ്റു ജോലികളൊന്നും ചെയ്യാൻ പ്രാപ്തിയില്ലായിരുന്നു. 2006 ജനുവരി 30 ആം തീയതി , കൊറെറ്റ സ്കോട്ട് കിങ് മരണമടഞ്ഞു.[18] അണ്ഡാശയത്തിലുണ്ടായ അർബുദമായിരുന്നു പെട്ടെന്നുള്ള മരണത്തിനു കാരണം. 2006 ഫെബ്രുവരി ഏഴാം തീയതി നടന്ന ശവസംസ്കാര ചടങ്ങിൽ ജോർജ്ജ് ബുഷ്, ബിൽ ക്ലിന്റൺ തുടങ്ങിയവർ കുടുംബസമേതം പങ്കെടുത്തു. അവലംബം
പുറംകണ്ണികൾ
![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Honoring the Life and Accomplishments of Coretta Scott King എന്ന താളിലുണ്ട്.
Coretta Scott King എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia