കോൺസ്റ്റന്റീന്റെ ദാനം![]() പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ അവകാശം മാർപ്പാപ്പായ്ക്ക് നൽകിക്കൊണ്ട് കോൺസ്റ്റന്റീൻ ഒന്നാമൻ ചക്രവർത്തി നൽകിയ ലിഖിതത്തിന്റെ രൂപത്തിൽ ചമക്കപ്പെട്ട വ്യാജരേഖയാണ് കോൺസ്റ്റന്റീന്റെ ദാനം അഥവാ ഡൊണേഷ്യോ കോൺസ്റ്റന്റീനി എന്നറിയപ്പെടുന്നത്. എട്ടാം നൂറ്റാണ്ടിലോ മറ്റോ സൃഷ്ടിക്കപ്പെട്ടിരിക്കാവുന്ന ഈ കൃത്രിമരേഖ, പിൽക്കാലങ്ങളിൽ, പ്രത്യേകിച്ച് പതിമൂന്നാം നൂറ്റാണ്ടിൽ, മാർപ്പാപ്പാമാരുടെ രാഷ്ട്രീയാധികാരത്തെ പിന്തുണക്കാൻ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.[1] പൊതുവർഷം 1001 മുതൽ ഈ രേഖയുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും[1] ഭാഷാശാസ്ത്രസംബന്ധിയായ വാദങ്ങളും മറ്റും ഉന്നയിച്ച് 1439-40-ൽ അതിന്റെ വ്യാജസ്വഭാവം ഖണ്ഡിതമായി സ്ഥാപിച്ചത് ഇറ്റലിയിലെ കത്തോലിക്കാ പുരോഹിതനും നവോത്ഥാനകാല മാനവതാവാദിയും ആയിരുന്ന ലോറൻസോ വല്ല ആണ്.[2] ഏറ്റവും പുരാതനമായ പ്രതികളിൽ ഈ രേഖ അറിയപ്പെടുന്നത് കോൺസ്റ്റിട്യൂട്ടം ദോമിനി കോൺസ്റ്റന്റീനി ഇമ്പരേറ്റോറിസ് എന്ന പേരിലാണ്.[3] ഉള്ളടക്കംകോൺസ്റ്റന്റീൻ ഒന്നാമന്റെ തന്റെ കോൺസുലർ പദവിയുടെ നാലാമൂഴത്തിൽ ഗാല്ലിക്കനസ് കൂടി കോൺസുലർ ആയിരിക്കെ മാർച്ച് 30-ന് പുറപ്പെടുവിച്ച പ്രഖ്യാപനമെന്ന മട്ടിൽ ചമക്കപ്പെട്ടിരിക്കുന്ന ഈ രേഖയിൽ ക്രിസ്തീയവിശ്വാസത്തിന്റെ വിശദമായ ഏറ്റുപറച്ചിലും, കുഷ്ഠരോഗത്തിൽ നിന്നു മുക്തികിട്ടാൻ ആഗ്രഹിച്ച ചക്രവർത്തിയെ സിൽവെസ്റ്റർ ഒന്നാമൻ മാർപ്പാപ്പ മാനസാന്തരപ്പെടുത്തി ജ്ഞാനസ്നാനം നൽകിയതിന്റെ കഥയും കാണാം. കൃതജ്ഞതാഭരിതനായ ചക്രവർത്തി, പത്രോസിന്റെ സിംഹാസനത്തെ, അധികാരവും, ബഹുമതിയും, മഹത്ത്വവും, ഉശിരും, സാമ്രാജ്യത്വവും, അലക്സാണ്ട്രിയ, അന്ത്യോഖ്യ, യെരുശലേം, കോൺസ്റ്റാന്റിനോപ്പിൾ എന്നീ മുഖ്യസിംഹാസനങ്ങൾക്കും ലോകമൊട്ടാകെയുള്ള ദൈവത്തിന്റെ സഭകൾക്കും മേൽ പ്രാമുഖ്യവും ഭരമേല്പിക്കാൻ തീരുമാനിച്ചതായും പറയുന്നു. പത്രോസിന്റേയും പൗലോസിന്റേയും ദേവാലയങ്ങളുടെ പരിപാലനത്തിനായി യൂദയായിലും, ഗ്രീസിലും, ഏഷ്യയിലും, ത്രേസിലും, ആഫ്രിക്കയിലും, ഇറ്റലിയിലും വിവിധദ്വീപുകളിലും ഭൂസ്വത്ത് ദാനം ചെയ്ത ചക്രവർത്തി, സാമ്രാജ്യാധികാരമുദ്രയും, മകുടമണിയും, റോമാനഗരിയും, ഇറ്റലിയിലും പശ്ചിമദേശങ്ങളിലുമുള്ള പ്രവിശ്യകളും, നഗരങ്ങളും സിൽവെസ്റ്റർ മാർപ്പാപ്പാക്കും അനന്തരഗാമികൾക്കുമായി നൽകിയെന്നും രേഖയിൽ പറയുന്നു.[4][5] മദ്ധ്യയുഗങ്ങളിൽപൊതുവർഷം 778-ൽ ഹാഡ്രിയൻ ഒന്നാമൻ മാർപ്പാപ്പ, കാറൽമാൻ ചക്രവർത്തിക്കെഴുതിയ ഒരു കത്തിലാണ് "കോൻസ്റ്റന്റീന്റെ ദാനത്തിന്റെ" ആദ്യത്തെ സൂചന കാണുന്നത്. റോമൻ സഭയ്ക്ക് സ്വത്തു ദാനം ചെയ്യുന്നതിൽ കൊൺസ്റ്റന്റീന്റെ മാതൃക പിന്തുടരാൻ ആ കത്തിൽ മാർപ്പാപ്പ ചക്രവർത്തിയെ ഉപദേശിച്ചു. ഈ രേഖയെ വ്യക്തമായി പരാമർശിച്ച ആദ്യത്തെ മാർപ്പാപ്പ ലിയോ ഒൻപതാമൻ ആയിരുന്നു. 1054-ൽ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് ഒന്നാം മൈക്കേൽ സെറുലാറിയസിനെഴുതിയ ഒരു കത്തിലായിരുന്നു ആ പരാമർശം.[6] ഈ രേഖയുടെ വാസ്തവികമായി കണക്കാക്കിയ അദ്ദേഹം, അതിനെ ദീർഘമായി ഉദ്ധരിക്കുന്നുമുണ്ട്.[7][8] പൗരസ്ത്യ-പാശ്ചാത്യക്രിസ്തീയതകൾക്കിടയിലുള്ള പിളർപ്പിൽ ചെന്നെത്തിയ സംവാദത്തിന്റെ ഭാഗമായിരുന്നു ഈ കത്ത്. 11-12 നൂറ്റാണ്ടുകളിൽ, മെത്രാന്മാരുടെ നിയമനത്തിലുള്ള അധികാരത്തെ സംബന്ധിച്ച് സിവിൽ ഭരണാധികാരികളുമായുള്ള തർക്കത്തിൽ മാർപ്പാപ്പ-പക്ഷം ഈ രേഖ പതിവായി എടുത്തുകാട്ടി.[6] വിഖ്യാത ഇറ്റാലിയൻ കവി ദാന്തെ ഈ രേഖയുടെ ആധികാരികതയിൽ വിശ്വസിച്ചിരുന്നെങ്കിലും അതിനെ തിന്മയുടെ സ്രോതസ്സായി കണ്ടു. തന്റെ പ്രസിദ്ധരചന ഡിവൈൻ കോമഡിയുടെ, നരകഖണ്ഡത്തിൽ [9]ദാന്തെ ഇങ്ങനെ എഴുതി:
അന്വേഷണംമദ്ധ്യയുഗങ്ങളിൽ 'വിശുദ്ധറോമാസാമ്രാട്ട്' ഓട്ടോ മൂന്നാമനെപ്പോലുള്ളവർ കോൺസ്റ്റന്റീൻ സ്വർണ്ണലിപികളിൽ എഴുതിക്കൊടുത്തതായി കരുതപ്പെട്ട ഈ രേഖയെ സംശയിച്ചെങ്കിലും പൊതുവേ അത് ആധികാരികമായി കണക്കാക്കപ്പെട്ടു.[10] പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ക്ലാസിക്കൽ വിജ്ഞാനത്തിന്റെ പുർജ്ജന്മത്തേയും പാഠവിമർശനസമ്പ്രദായത്തിന്റെ വികാസത്തേയും തുടർന്ന് മാനവതാവാദികളും സഭയിലെ തന്നെ ഉദ്യോഗസ്ഥവൃന്ദവും ഈ രേഖയുടെ കൃത്രിമത്വം തിരിച്ചറിയാൻ തുടങ്ങി. കൂസായിലെ നിക്കോളാസ് കർദ്ദിനാൽ അതിനെ വ്യാജരേഖയെന്നു വിളിക്കുകയും[11][12] അതിന്റെ കർതൃത്വം അജ്ഞാതമാണെന്നു പറയുകയും ചെയ്തു. പിന്നീട് കത്തോലിക്കാ പുരോഹിതനായ ലോറൻസോ വല്ല അതിന്റെ വ്യാജസ്വഭാവം അസന്ദിഗ്ധമായി തെളിയിച്ചു.[13] ചിക്കെസ്റ്ററിയിലെ മെത്രാൻ റെജിനാൽഡ് പെക്കോക്കും സ്വന്തം നിലയിൽ ഇതേ നിഗമനത്തിൽ എത്തിച്ചേർന്നു. ഈ രേഖയിലെ ഭാഷയും അതിൽ പ്രയോഗിച്ചിരിക്കുന്ന സാമ്രാജ്യയുഗസൂത്രവാക്യങ്ങളിൽ പലതിന്റേയും പൊരുത്തക്കേടും അതിനെ തുറന്നുകാട്ടി. ഈ രേഖയുടേതായി അതിൽ തന്നെ സൂചിപ്പിച്ചിരുന്ന രചനാവർഷവും അതിനെ അവിശ്വസനീയമാക്കി. കോൺസ്റ്റന്റീന്റെ കോൺസൽ പദവിയുടെ നാലാമൂഴവും ഗാലിക്കസിന്റെ കോൺസൽ പദവിയും ഒരേവർഷമാണെന്ന അതിലെ സങ്കല്പം തെറ്റായിരുന്നു. അധികാരത്തിലെത്തുന്നതിന് അഞ്ചുവർഷം മുൻപ് 1453-ൽ എഴുതിയ ഒരു നിബന്ധത്തിൽ, കോൺസ്റ്റന്റീന്റെ ദാനം വ്യാജമാണെന്നു സമ്മതിച്ച പീയൂസ് രണ്ടാമൻ മാർപ്പാപ്പ, സഭയ്ക്ക് ഭൗതികാധികാരം കാറൽമാൻ ചക്രവർത്തിയിൽ നിന്നും "സ്വർഗ്ഗത്തിന്റെ താക്കോൽ" പത്രോസിന്റെ പ്രാഥമികത വഴിയും കിട്ടിയതാണെന്ന വിശദീകരണം മുന്നോട്ടു വച്ചു. എങ്കിലും ആ രചന അദ്ദേഹം പ്രസിദ്ധപ്പെടുത്തിയില്ല.[14] പിൽക്കാലങ്ങളിൽ, നവലോകത്തെ പോർച്ചുഗലിലും സ്പെയിനിനും ഇടയിൽ വിഭജിച്ചു നൽകിയപ്പോൾ പോലും മാർപ്പാപ്പാമാർ കോൺസ്റ്റന്റീന്റെ ദാനത്തെ പരാമർശിച്ചില്ല. എങ്കിലും അതിനെ തുറന്നു കാട്ടുന്ന വില്ലയുടെ രചന 16-ആം നൂറ്റാണ്ടു വരെ നിരോധിതഗ്രന്ഥങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു. 'ദാനത്തിന്റെ' കഥ പിന്നെയും കുറേക്കാലം കൂടി വിശ്വസിക്കപ്പെട്ടു പോന്നു. 1588-നും 1607-നുമിടയിൽ പ്രസിദ്ധീകരിച്ച സീസർ ബറോണിയസിന്റെ സഭാചരിത്രം അതു വ്യാജമാണെന്നു സമ്മതിച്ചതോടെ അത് പൊതുവേ വിശ്വസിക്കപ്പെടാതെയായെങ്കിലും[6], പിന്നെയും ഒരു നൂറ്റാണ്ടു കാലത്തോളം അത് ആധികാരികമാണെന്നു വാദിക്കുന്നവർ ഉണ്ടായിരുന്നു.[15] പതിനേഴാം നൂറ്റാണ്ടിൽ റഷ്യൻ ഓർത്തഡോക്സ് സഭാനേതൃത്വവും ചക്രവർത്തിയുമായി മേൽക്കോയ്മയെ സംബന്ധിച്ചു നടന്ന തർക്കത്തിൽ, പാത്രിയർക്കീസ് നിഖോൻ (Nikhon 1652-8), തന്റെ ഭാഗം വാദിക്കാൻ "പാശ്ചാത്യസഭയിലെ ബഹുമാന്യമായ ഈ കൃത്രിമരേഖയെ" (that venerable western forgery) ആശ്രയിച്ചതായി ഡയർമെയ്ഡ് മക്കല്ലക് ചൂണ്ടിക്കാണിക്കുന്നു.[16] അവലംബം
|
Portal di Ensiklopedia Dunia