കോൺസ്റ്റന്റൈൻ ഒന്നാമൻ
ഒരു റോമൻ ചക്രവർത്തിയായിരുന്നു ഫ്ലേവിയസ് വലേറിയസ് ഔറീലിയസ് കോൺസ്റ്റാന്റിനസ് അഥവാ കോൺസ്റ്റന്റൈൻ ഒന്നാമൻ. മഹാനായ കോൺസ്റ്റന്റൈൻ, വിശുദ്ധ കോൺസ്റ്റന്റൈൻ (പൗരസ്ത്യ ഓർത്തഡോക്സ്കാരുടെയും ഓറിയന്റൽ ഓർത്തഡോക്സുകാരുടെയും ബൈസാന്റിയൻ കത്തോലിക്കരുടെയും ഇടയിൽ) എന്നീ പേരുകളിലും അറിയപ്പെടുന്നു. ക്രിസ്ത്യാനിയായ ആദ്യ റോമൻ ചക്രവർത്തി എന്നനിലയിലാണ് ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. എഡി 306 മുതൽ 324ൽ മരണം വരെ ഇദ്ദേഹം റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു. ഇദ്ദേഹത്തിന്റെ മുൻഗാമിയായ ഡയക്ലിഷ്യൻ ക്രിസ്ത്യാനികൾക്കെതിരെ നടത്തിവന്നിരുന്ന പീഡനങ്ങൾ നിർത്തലാക്കി. കോൺസ്റ്റന്റൈനും സഹ ചക്രവർത്തിയായ ലൈസിനിയസും ചേർന്ന് 313ൽ റോമാ സാമ്രാജ്യത്തിൽ മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള മിലാൻ വിളംബരം (Edict of Milan ) പുറപ്പെടുവിച്ചു. പൗരസ്ത്യ ഓർത്തഡോക്സ് സഭയും ബൈസാന്റിയൻ ക്രമത്തിലുള്ള പൗരസ്ത്യ കത്തോലിക്ക സഭകളും ഉപയോഗിച്ച്‌വരുന്ന ബൈസന്റൈൻ സഭാ കലണ്ടർ അനുസരിച്ച് കോൺസ്റ്റന്റൈനും അദ്ദേഹത്തിന്റെ മാതാവ് ഹെലേനയും വിശുദ്ധരാണ്. എന്നാൽ മറ്റ് പല കോൺസ്റ്റന്റൈന്മാരേയും ഉൾപ്പെടുത്തിയിട്ടുള്ള ലത്തീൻ സഭകളുടെ വിശുദ്ധന്മാരുടെ പട്ടികയിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടില്ല. ക്രിസ്തുമതത്തിന് ഇദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് "മഹാൻ" എന്ന പദവിയാണ് ലത്തീൻ സഭക്കാർ ഇദ്ദേഹത്തിന് നൽകിയിരിക്കുന്നത്. 324ൽ കോൺസ്റ്റന്റൈൻ ബൈസാന്റിയത്തിന്റെ പേര് നോവ റോമ(പുതിയ റോം) എന്നാക്കിമാറ്റി. 330 മെയ് 11ന് കോൺസ്റ്റന്റൈൻ ആ നഗരത്തെ റോമാ സാമ്രാജ്യത്തിന്റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചു. പിന്നീട്, കോൺസ്റ്റാന്റിനോപ്പിൾ എന്ന പുതിയ പേരിൽ ആ നഗരം ആയിരത്തിലധികം വർഷക്കാലത്തേക്ക് ബൈസന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി നിലനിന്നു. അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾWikimedia Commons has media related to Constantine I.
|
Portal di Ensiklopedia Dunia