ക്രെയ്ഗ് മെല്ലോ
2006-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാവായ അമേരിക്കൻ ശാസ്ത്രജ്ഞനാണ് ക്രെയ്ഗ് കാമറൂൺ മെല്ലോ (ജനനം: ഒക്ടോബർ 18, 1960). ശരീരത്തിൽ രോഗകാരണമാകുന്ന ജീനുകളെ നിശ്ശബ്ദമാക്കാമെന്ന കണ്ടെത്തിലാണ് സഹഗവേഷകനായ ആൻഡ്രൂ ഫയറിനൊപ്പം മെല്ലോയെ നോബൽ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. യൂണെവേർസിറ്റി ഒഫ് മസാച്യുസെറ്റ്സ് മെഡിക്കൽ സ്കൂളിലെ സൂക്ഷ്മാണു ഗവേഷണവിഭാഗത്തിൽ പ്രഫസറാണ് ക്രെയ്ഗ് മെല്ലോ. ഒരു കൊച്ചുകുട്ടിയായിരിക്കേ തന്റെ പാലിയന്തോളജിസ്റ്റായ അച്ഛനുമൊത്ത് ദിനോസർ ഫോസിലുകൾക്കുവേണ്ടി തിരഞ്ഞുനടന്നതായിരുന്നു ക്രെയ്ഗ് മെലോയെ ജീവശാസ്ത്രത്തിലേക്ക് ആകർഷിച്ചത്. സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പാലിയന്തോളജിസ്റ്റായ അച്ഛൻ അദ്ദേഹത്തെ തന്റെ യാത്രകളിൽ കൂടെ കൂട്ടുമായിരുന്നു. പിൽക്കാലത്ത് വിദ്യാർത്ഥിയായിരുന്ന മെലോയുടെ താല്പര്യം ജനിതകശാസ്ത്രത്തിലേക്ക് തിരിഞ്ഞു. ശാസ്ത്രജ്ഞന്മാർ കൃത്രിമമായി ഇൻസുലിൻ നിർമിച്ചത് 1970-കളിലെ ഒരു വലിയ കണ്ടുപിടിത്തമായിരുന്നു. ഗവേഷണത്തിന് മനുഷ്യന്റെ ജീവിതത്തിൽ ഒരു വലിയ സംഭാവന ചെലുത്താൻ കഴിയുമെന്ന് ഈ കണ്ടുപിടിത്തം മെലോയ്ക്കു കാണിച്ചുകൊടുത്തു. പിൽക്കാലത്ത് ഗവേഷണത്തിന്റെ വഴി തിരഞ്ഞെടുക്കുവാൻ ഇത് അദ്ദേഹത്തെ പ്രേരിപ്പിച്ചു. |
Portal di Ensiklopedia Dunia