ക്ലോദ് ലെവി-സ്ട്രോസ്
ഫ്രഞ്ച് ഘടനാവാദചിന്തകരിൽപ്രമുഖൻ , നരവംശശാസ്ത്രജ്ഞൻ. വംശപഠിതാവ് എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു ക്ലോദ് ലെവി-സ്ടോസ് (നവംബർ 28 1908 – ഒക്ടോബർ 30 2009) [1][2][3]. ഘടനാവാദ രീതിശാസ്ത്രം ഉപയോഗിച്ച് മിത്തുകൾ, അനുഷ്ഠാനങ്ങൾ, വാമൊഴി വഴക്കങ്ങൾ, കുടുംബ- ബന്ധുത്വ വ്യവസ്ഥ, പ്രതീകത്മകമായ പ്രതിനിധീകരണ രീതികൾ എന്നിവയെപ്പറ്റി പഠിച്ച പണ്ഡിതനും ഗവേഷകനുമായിരുന്നു അദ്ദേഹം[4]. ജീവിത രേഖ1908-ൽ ബെൽജിയത്തിലെ ബ്രസ്സൽസിൽ ഒരു യഹൂദ കുടുംബാംഗമായി ജനിച്ചു. നിയമത്തിലും തത്ത്വചിന്തയിലും ബുരുദം നേടി.പാരീസ് സർവകലാശാലയിൽ (1927-32)ഫിലോസഫിയും , സാവോപോളോ സർവകലാശാലയിൽ(1934-37)സോഷ്യോളജിയും പഠിപ്പിച്ചു.ആമസോൺ പ്രദേശങ്ങളിലും മദ്ധ്യബ്രസ്സീലിലും വ്യാപകമായ യാത്രകൾ ചെയ്തു. ബ്രസീലിലെ ഇന്ത്യക്കാരെപ്പറ്റിയും ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ ആദിവാസികളെപ്പറ്റിയും ഗവേഷണം നടത്തി.പിന്നീട് അമേരിക്കയിൽ പ്രവർത്തിച്ചുവരവേ ന്യൂയോർക്ക് സിറ്റിയിലെ ന്യൂ സ്കൂൾ ഫോർ സോഷ്യൽ റിസേർച്ചിൽ വെച്ച് (1941-45)റോമൻ യാക്കോബ്സൺ എന്ന റഷ്യൻ(പ്രാഗ്) ഭാഷാശാസ്ത്രജ്ഞന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായി. 1950 മുതൽ 70 വരെ എക്കോൾ പ്രാറ്റിക് ദെസ് ഹോട്ടെസ് എറ്റിയൂഡ്സിന്റെ പഠനവിഭാഗം ഡയറക്ടറായിരുന്നു.1959-ൽ കോളേജ് ഡി ഫ്രാൻസിലെ ഫാക്കൽട്ടി അംഗമായി.[5] .2009 ഒക്ടോബർ 31ന് നൂറ്റൊന്ന് വയസ് തികയാൻ ഒരു മാസം മാത്രമുള്ളപ്പോൾ അന്തരിച്ചു[6] പ്രധാനകൃതികൾ
സ്വാധീനിച്ച പ്രധാന ആശയങ്ങൾറോമൻ യാക്കോബ്സൺ എന്ന റഷ്യൻ(പ്രാഗ്) ഭാഷാശാസ്ത്രജ്ഞന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായതിനെത്തുടർന്ന് ഭാഷാശാസ്ത്രപര ആശയങ്ങൾ ശ്രദ്ധാപൂർവം പഠിക്കുക്കയും അവയിലെ ഘടനാവാദപരമായ ആശയങ്ങൾ ഉപയ്യോഗിച്ച് നരവംശശാസ്ത്രപഠനത്തിന് ഒരു പുതിയ രീതിശാസ്ത്രം നിർമ്മിച്ചു കൊടുത്തു. ഘടനാത്മക നരവംശശാസ്ത്രം എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു. ഇത് ഫ്രഞ്ച് ഘടനാവാദത്തിന്തുടക്കമിട്ടു. ലെവിസ് ട്രോസിന്റെ ആശയപരമായ സ്വാധീനത്തെത്തുടർന്നാണ്ബാർത്ത് മുതലായവർ ഘടനാവാദത്തിലേക്ക് എത്തിച്ചേർന്നത്. ജാക്കോബ്സന്റെ സ്വനിമസിദ്ധാന്തവും സൊസ്സൂറിന്റെ ചിഹ്നശാസ്ത്ര സങ്കല്പങ്ങളും ലെവിസ് ട്രോസിനെ സ്വാധീനിച്ചു.[7] തന്റെ പഠനത്തിനായി അദ്ദേഹം ഈ ചിന്തകന്മാർ വികസിപ്പിച്ചെടുത്ത ദ്വന്ദ്വപ്രതിയോഗങ്ങളെ അഥവാ ബൈനറി ഓപ്പോസിഷനുകളെ ഫലപ്രദമായി രൂപാന്തരപ്പെടുത്തി ഉപയോഗിച്ചു. മറിച്ച് ലെവിസ് ട്രോസിന്റെ സ്വാധീനം സ്ട്രക്ചറലിസത്തിന്റെ ഒരു ഭാഗമായി ആഖ്യാനശാസ്ത്രത്തെ അഥവാ നരേറ്റോളജിയെ വികസിപ്പിക്കുന്നതിനും സഹായകരമായിത്തീർന്നു.[8] ഘടനാവാദംപ്രധാനലേഖനംഘടനാവാദം നോക്കുക ഘടനാവാദ ദർശനത്തെ പീറ്റർബാരി ഏറ്റവും ലളിതമായി രേഖപ്പെടുത്തിയിട്ടൂള്ളത് ഇങ്ങനെയാണ്.ഘടനാവാദത്തിന്റെ വിശ്വാസം സംഗതികളെ തികച്ചും ഒറ്റതിരിച്ച് മനസ്സിലാക്കാനാകില്ല എന്നാണ്. ഓരോ വസ്തുവും/സംഗതിയും അത് ഭാഗഭാക്കായിരിക്കുന്ന മറ്റൊരു ഘടനാവ്യൂഹത്തിന്റെ സന്ദർഭത്തിനുള്ളിലാണ് അർത്ഥവത്താകുന്നത്. അതു കൊണ്ടാണ് ഘടനാവാദത്തിന് ആ പേര് കൈവന്നത്,[9] പ്രധാന ആശയങ്ങൾസാംസ്കാരികമായ സവിശേഷതകൾ മൂലം വിശേഷമായ അർത്ഥവും മൂല്യവും ലഭിച്ച ബഹുവിധങ്ങളായ മിത്തുകളുടെ ഉപരിതലത്തിലല്ല ആഴത്തിലാണ് സ്ട്രോസ് ശ്രദ്ധവെച്ചത്. മിത്തുകളുടെ ഒരു ഗഹന വ്യാകരണം കണ്ടെത്തുകയാണ് ലെവിസ്ട്രോസ് ചെയ്തത്. അതുകൊണ്ട് പ്രത്യേക പ്രത്യേക സംഗതികളെ വ്യാഖ്യനിക്കുകയായിരുന്നില്ല അദ്ദേഹത്തിന്റെ രീതി. അവയ്ക്കടിയിൽ വൈരുദ്ധ്യങ്ങളെ ഏകോപിപ്പിക്കുന്നതായ അടിസ്ഥാന ഘടനയെ വെളിയിൽ കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം.സ്ഥലകാലാതീതമായി മനുഷ്യമനസ്സിലും ചിന്താരീതിയിലും അന്തർലീനമായിരിക്കുന്ന ഘടനാപരമായ സാമാന്യതയെ കണ്ടെത്താൻ ഇതു സഹായിക്കും. അങ്ങനെ വരുമ്പോൾ ഗ്രീക്കുകാരുടേയും അമേരിക്കക്കാരുടേയും എസ്കിമോകളുടേയും മിത്തുകൾ തമ്മിൽ ഉപരിതലത്തിൽ പലതരത്തിലുള്ള വ്യത്യസ്തതകൾ ഉണ്ടെങ്കിലും അവയ്ക്കടിയിൽ അവയെ ഏകോപിപ്പിക്കുന്നതായ ഒരു പൊതു ഘടകമുണ്ട്. ആ പൊതു ഘടകം അവയെ ഉല്പാദിപ്പിക്കുന്ന പ്രജനകമൂശ (generative matrix )യാണ്.ഒരേ പ്രജനകമൂശയിൽ നിന്നാണ് എല്ലാ മിത്തുകളുടേയും ഘടനകൾ ഉരുത്തിരിഞ്ഞിട്ടുള്ളത് [4].ഈ ആന്തരികഘടനകളെപ്പറ്റിയുള്ള അന്വേഷണമാണ് സ്ട്രോസിന്റെ ചിന്താലോകം നരവംശശാസ്ത്രത്തെ ചിഹ്നശാസ്ത്രത്തിന്റെ ഒരു ശാഖയായിക്കാണുവാൻ അദ്ദേഹം താല്പര്യപ്പെട്ടു. സകല സാംസ്കാരികപ്രതിഭാസങ്ങളുംഭാഷ പോലെ വ്യവസ്ഥാപിതമാണെന്നും ഭാഷയുടെ സ്വനിമപരമായ ഘടന രൂപപ്പെടുന്നതു പോലെ ഘടകങ്ങൾ തമ്മിൽ ദ്വന്ദ്വപ്രതിയോഗങ്ങളായി (binary oppositions) സംയോജിച്ചാണ് സംസ്കാരം രൂപപ്പെടുന്നതെന്നും സ്ട്രോസ് കരുതി.[10] നരവംശ സംസ്കാരത്തിന്റെ ആന്തരികഘടന വിശദീകരിക്കുന്നതിനുവേണ്ടി അദ്ദേഹം കുടുംബബന്ധം, കുലചിഹ്നങ്ങൾ, മിത്തുകൾ, പാചകം, അനുഷ്ഠാനങ്ങൾ എന്നിവയൊക്കെ വിശകലനം ചെയ്തു. കുടുംബബന്ധം, കുലചിഹ്നങ്ങൾ, മിത്തുകൾ, പാചകം, അനുഷ്ഠാനങ്ങൾ എന്നിവയെയൊക്കെ ആശയവിനിമയം നിർവഹിക്കുന്ന ചിഹ്നവ്യവസ്ഥകളായി സ്ട്രോസ് പരിഗണിച്ചു. സ്വന-സ്വനിമ വ്യവസ്ഥയുടെ (അഥവാ പരോളിന്റെ) ഒരു ഭാഗം മാത്രമാണ് ഭാഷണം എന്നതുപോലെ ഒരാന്തരികവ്യവസ്ഥയുടെ ഭാഗം മാത്രമാണ് സംസ്കാരം. സംസ്കാരം ഒരു ചിഹ്ന വ്യവസ്ഥയാണെന്നാണ് സ്ട്രോസ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. സംസ്കാരം എന്ന ചിഹ്ന വ്യവസ്ഥപ്രത്യക്ഷവസ്തുക്കൾക്ക് പകരം അവയെ സാദ്ധ്യമാക്കുന്ന വ്യവസ്ഥക്ക് ഊന്നൽ നൽകുകയാണ് ഘടനാവാദ രീതിശാസ്ത്രം.ഒരു പ്രത്യേക വ്യവസ്ഥക്കുള്ളിൽ മാത്രമാണ് പ്രത്യക്ഷവസ്തുക്കൾക്ക് ഒരു പ്രത്യേകമായ അർത്ഥം കിട്ടുന്നത്. ആയതിനാൽ അർത്ഥത്തിനല്ല അർത്ഥോല്പാദനത്തെ സാദ്ധ്യമാക്കുന്ന വ്യവസ്ഥക്കാണ് പ്രാധാന്യം ലഭിക്കുക. ഈ വ്യവസ്ഥയെ നിർണ്ണയിക്കുന്നതിനായി വിവിധ പ്രതീകങ്ങളെ സ്ട്രോസ് വിശകലനം ചെയ്യുന്നു. സംസ്കാരത്തെ സാദ്ധ്യമാക്കുന്ന വ്യവസ്ഥയെ കണ്ടെത്തുകയെന്നതായിരുന്നു അദ്ദേഹത്തെ സബന്ധിച്ചിടത്തോളം നരവംശശാസ്ത്രത്തിന്റെലക്ഷ്യം.മനുഷ്യൻ സൃഷ്ടിച്ച സംസ്കാരരൂപങ്ങളുടെ ഘടനയെ നിർദ്ധാരണം ചെയ്യുന്നതിലൂടെ മനുഷ്യമനസ്സിന്റെ സാർവലൗകിക സ്വഭാവത്തിലേക്ക് എത്തിച്ചേരാനാകുമെന്നാണ് ലെവിസ്ട്രോസ് കരുതുന്നത്. ഈ ലക്ഷ്യപൂർത്തിക്കു വേണ്ടിയുള്ള ഒരു പദ്ധതി എന്ന നിലയിലാണ് അദ്ദേഹം ഘടനാവിശകലനരീതിയെ വികസിപ്പിച്ചെടുത്തത്. മനുഷ്യൻ തന്റെ ചുറ്റുപാടുകളോട് പ്രതികരിക്കുകയും അതിനെ ഉൾകൊള്ളുകയും ചെയ്യുന്ന രീതിയെ സിദ്ധാന്തരൂപത്തിലാക്കുന്ന ഒരു തത്ത്വശാസ്ത്ര നിലപാടായിട്ടാണ് സ്ട്രോസ് ഘടനാവാദ രീതിയെ നാം കാണേണ്ടത്[11]. പ്രകൃതി/സംസ്കാരംമനുഷ്യൻ പ്രകൃതിക്കെതിരേ സംസ്കൃതിയെ രൂപപ്പെടുത്തുന്നത് തന്നെത്തന്നെ മെരുക്കിയെടുത്തു കൊണ്ടാണ്. മൃഗങ്ങളെ ഇണക്കി വളർത്തുന്നതു പോലെ മനുഷ്യർ തങ്ങൾത്തന്നെസ്വയം ഇണക്കിയെടുക്കുന്ന വ്യവസ്ഥയാണ് സംസ്കാരം എന്നത്. എന്നാൽ ആ പ്രക്രിയയെപ്പറ്റി മനുഷ്യൻ അത്രയധികം ബോധവാനല്ല എന്നു മാത്രം[12]. അങ്ങനെ പ്രകൃതിക്കെതിരെ സംസ്കൃതിയെ പ്രതിഷ്ഠിച്ചു കൊണ്ടാണ് മനുഷ്യൻ ലോകത്തെ മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും ആരംഭിച്ചത്. ദ്വന്ദ്വപ്രതിയോഗംഭാഷാശാസ്ത്രപഠനത്തിന് ഘടനാവാദം നൽകിയ ഒരു പരികല്പനയാണ് ദ്വന്ദ്വപ്രതിയോഗം അഥവാ ബൈനറി ഓപ്പോസിഷൻ. ഒരു സംഗതിയുടെ വ്യത്യയം വിവൃതമാകുന്നത് ആ സംഗതി അതിനു തികച്ചും വിപരീതമായ ഒന്നിനോട് ബന്ധപ്പെടുത്തപ്പെടുമ്പോഴാണ്.ഉദാഹരണമായി കറുപ്പിനെ വെളുപ്പിനെതിരായി കാണുമ്പോൾ മാത്രമാണ് കറുപ്പിന് കറുപ്പും വെളുപ്പിന് വെളുപ്പും എന്ന വ്യത്യസ്തങ്ങളായ സവിശേഷതകൾ വെളിപ്പെട്ടു കിട്ടുക.മനുഷ്യർ ലോകത്തെ മനസ്സിലാക്കുന്നതോ തിരിച്ചറിയുന്നതോ നിർമ്മിക്കുന്നതോ ഇത്തരത്തിൽ സംഗതികളെ ദ്വന്ദ്വപ്രതിയോഗികങ്ങളായിട്ടാണെന്നതിനാൽ ഘടനാവാദ ദർശനത്തിലെ ഏറ്റവും അടിസ്ഥാനപരമായ പരികല്പനയാണിത്. പൊതുവിൽ ആധുനിക ശാസ്ത്രങ്ങളിൽ വിശേഷിച്ച് മാനവികശാസ്ത്രവിഷയങ്ങളിൽ ഈ ദ്വന്ദ്വപരികല്പന കൂടെക്കൂടെ കടന്നുവരാറുണ്ട്. സംസ്കാരത്തിന്റെ മഴവിൽച്ചിത്രംപരിണാമ സ്വഭാവമുള്ളതും അനുസ്യൂതിയുള്ളതുമായ പ്രപഞ്ചത്തെ മനുഷ്യമനസ്സ് ഉൾക്കൊള്ളുന്നത് അതിനെ നിശ്ചലവും വിശ്ഛിന്നവുമായ ഘടനയാക്കി മാറ്റിക്കൊണ്ടാണ്. വർണ്ണരാജിയുടെ കാര്യം നല്ല ഉദാഹരണമാണ്. വർണ്ണരാജി വർണ്ണങ്ങളുടെ അനുസ്യൂതിയാണ്. എന്നാൽ നാമതിനെ ഏഴ് വർണ്ണങ്ങളുടെ ഒരു ഘടനയായിട്ടാണ് മനസ്സിലാക്കുന്നത്. അടുത്തടുത്ത വർണ്ണങ്ങൾ തമ്മിൽ ലയിച്ചു ചേർന്നിട്ടുള്ള മേഖലകളെ നാം പൂർണ്ണമായി അവഗണിക്കുകയാണ് ചെയ്യുന്നത്. അത് സംഗതികളെ ഘടനാവൽക്കരിക്കുന്നതിലൂടെ മാത്രമേ മനുഷ്യന് ഉൾക്കൊള്ളാനാകൂ എന്നതിനാലാണ്. ഏഴു വർണ്ണങ്ങളിൽ ഓരോ വർണ്ണത്തേയും മറ്റുവർണ്ണങ്ങളിൽ നിന്ന് വ്യതിരിക്തമാക്കുന്ന സവിശേഷതയാണ് അതിന്റെ സ്വഭാവം എന്നുകാണാം. കറുപ്പിനെ വെളുപ്പിനെതിരേയും പച്ചയെ ചുവപ്പിനെതിരേയും തിരിച്ചറിയുകയാണിവിടെ.സസ്കാരനിർമ്മാണ പ്രക്രിയയുടെ ആദ്യപടിയാണിത്. ഇങ്ങനെ ദ്വന്ദ്വങ്ങളായി വരുന്ന സംഗതികൾക്കിടയിലേക്ക് മറ്റൊരു സമന്വയന ഘടകം കടന്നു വരുന്നതോടെ അത് അനുസ്യൂതിക്ക് വഴിമാറുന്നു. കറുപ്പിനും വെളുപ്പിനുമിടയിൽ മഞ്ഞ കടന്നുവരുമ്പോൾ സമന്വയനം സംഭവിക്കുന്നുണ്ട്. ട്രാഫിക് സിഗ്നൽ നോക്കുക. അവിടെ ഈ മൂന്നു വർണ്ണങ്ങൾക്കും വ്യത്യസ്തങ്ങളായ അർത്ഥങ്ങളാണുള്ളത്.മഴവില്ലിൽ ഏറ്റവും അടുത്തടുത്ത് ക്രമത്തിൽ കാണുന്ന വർണ്ണങ്ങളാണ് പച്ചയും മഞ്ഞയും ചുവപ്പും. കറുപ്പുമുതൽ വെളപ്പ് വരെ നാമെത്തുമ്പോൾ വർണ്ണങ്ങളുടെ അനുസ്യൂതിയാണ് നമുക്കു കാണാൻ കഴിയുക.എന്നാൽ ഓരോ വർണ്ണവും വേറിട്ടു നിൽക്കുന്നതായും ദ്വന്ദ്വപ്രതിയോഗം വഴി വ്യത്യസ്തത പുലർത്തുന്നതായും കാണാം.സംസ്കാരവും ഇതുപോലെയാണ്.സംസ്കാരം ഒരനുസ്യൂതിയാണെന്ന് നമുക്കു തോന്നുമെങ്കിലും അപഗ്രഥനത്തിൽ അവയ്ക്കടിയിൽ അവയെ രൂപപ്പെടുത്തിയിട്ടുള്ള വൈരുദ്ധ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് നമുക്കു കാണാം. സംസ്കാരം ചില അടിസ്ഥാന പടവുകളിൽ നിന്ന് അഥവാ വൈരുദ്ധ്യങ്ങളിൽ നിന്ന് രൂപപ്പെടുന്നതാണ്. പിന്നീട് ഈ അടിസ്ഥാന വൈരുദ്ധ്യങ്ങളിൽ നടക്കുന്ന പലതത്തിലുള്ള മാധ്യമീകരണം മൂലവും രൂപാന്തരണങ്ങൾ മൂലവും സംസ്കാരം തികച്ചും വൈവിദ്ധ്യപൂർണ്ണവും സങ്കീർണ്ണവുമായ ഒന്നായി മാറുന്നു.പ്രത്യക്ഷതലത്തിലുള്ള ഈ വൈരുദ്ധ്യങ്ങളെ വകഞ്ഞുമാറ്റിയാൽ അടിസ്ഥാന വൈരുദ്ധ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സാംസ്കാരികരൂപങ്ങളെ ശരിയായി മനസ്സിലാക്കാം[13]. കുടുംബം എന്ന വ്യവസ്ഥകുടുംബ വ്യവസ്ഥയുടെ കേന്ദ്രവിഷയം സ്ത്രീകളുടെ കൈമാറ്റമാണ്, വിനിമയത്തിന്റെ കാര്യത്തിൽ ഇത് ഭാഷയോട് സമമായ വ്യവസ്ഥയാണ് എന്നിങ്ങനെയുള്ള ഘടനാവാദപരമായ നിലപാടിൽ ഊന്നി നിന്നു കൊണ്ടുള്ള സ്ട്രോസിന്റെ കുടുംബ വ്യവസ്ഥാ വിശകലങ്ങൾ വിവാദജനകങ്ങളായിരുന്നു.[14]. വിവാഹനിയമങ്ങളേയും കുടുംബ വ്യവസ്ഥകളേയും ഒരുതരം ഭാഷയായിട്ടാണ് അദ്ദേഹം കരുതിയിരുന്നത്. വ്യവസ്ഥ എന്ന നിലയിൽ ഭാഷയിൽ പദങ്ങളും അർത്ഥങ്ങളും വിനിമയം ചെയ്യപ്പെടുകയാണ്. (സാമൂഹ്യമായ പൊതു വിനിമയവ്യവസ്ഥയുടെ ഭാഗം മാത്രമാണ് ആശയവിനിമയ വ്യവസ്ഥ എന്നും അതിന്റേയും ഒരു ഭാഗം മാത്രമാണ് ഭാഷയും ഭാഷാഘടനയും എന്ന യാക്കോബ്സന്റെ ആശയ സ്വാധീനം ഇവിടെ കാണാം.) സമൂഹമെന്ന വ്യവസ്ഥയിൽ കുടുംബങ്ങൾ, വംശങ്ങൾ, ഗോത്രങ്ങൾ എന്നിവർക്കിടയിൽ ആശയവിനിമയത്തിന്റേതായ ഉപാധി എന്ന നിലയിലാണ് സ്ത്രീകളുടെ വിനിമയം നടക്കുന്നത്. പരസ്പരവിനിമയത്തിനും കൂട്ടായ്മയുടെ ഉദ്ഗ്രഥനത്തിനുമുള്ള ഉപാധിയായി ഇവിടെ സ്ത്രീ ഗണിക്കപ്പെടുന്നു. സ്ത്രീകളെ വിവാഹ ബന്ധത്തിലൂടെ പരസ്പരം വെച്ചു മാറിക്കൊണ്ടാണ് ഓരോ സമൂഹവും ഈ വിനിമയം നിർവ്വഹിക്കുന്നത്. കുടുംബ വ്യവസ്ഥ വിവാഹനിയമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് രൂപപ്പെടുന്നത്. വിവാഹനിയമങ്ങളാകട്ടെ വിലക്കുകളും സമ്മിതികളും നിർദ്ദേശാത്മക നിയമങ്ങളും അടങ്ങിയവയാണ്. അച്ഛൻ-അമ്മ, സഹോദരൻ-സഹോദരി,ഭാര്യ-ഭർത്താവ്,അച്ഛൻ-മകൻ, അമ്മ-മകൾ, സഹോദരബന്ധം-ബാന്ധവ ബന്ധം എന്നിങ്ങനെയുള്ള ദ്വന്ദ്വ പ്രതിയോഗങ്ങളുടെ നിർമ്മിതിയിലൂടെയാണ് കുടുംബ വ്യവസ്ഥയുടെ ചട്ടക്കൂട് രൂപപ്പെട്ടിട്ടുള്ളത്. കുടുംബ വ്യവസ്ഥയിലെ ബന്ധങ്ങളെക്കുറിക്കുന്ന സംജ്ഞകൾ ആ വ്യവസ്ഥയിലെ സൂചകങ്ങളാണ്. കുടുംബം എന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ടു നിൽക്കുമ്പോൾ മാത്രമേ ബന്ധങ്ങളെക്കുറിക്കുന്ന സംജ്ഞകൾക്ക് സ്വന്തമായി അർത്ഥവും നിലനിൽപ്പുമുള്ളു.അതുകൊണ്ട് അവ അർത്ഥത്തിന്റെ കാര്യത്തിൽ ഭാഷാചിഹ്നങ്ങളെപ്പോലെ സ്വേച്ഛാപരമാണെന്ന്(arbitrary)പറയാം.വ്യവസ്ഥക്കു പുറത്തു നിന്ന് നോക്കിയാൽ വിലക്കുകളിലും സമ്മിതികളിലും മറ്റുമധിഷ്ഠിതമായി രൂപപ്പെടുത്തപ്പെട്ടിട്ടുള്ള ഈ ബന്ധസംജ്ഞകൾക്ക് ഒരർത്ഥവുമുണ്ടാകണമെന്നില്ല.ദ്വന്ദ്വങ്ങളിലധിഷ്ഠിതമായി മനുഷ്യ മനസ്സ് ലോകത്തെ മനസ്സിലാക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്നതിന്റെ ഉദാഹരണമാണ് സ്ട്രോസിന് കുടുംബബന്ധങ്ങൾ. കുലചിഹ്നങ്ങൾഒരു കൂട്ടം പ്രതീകങ്ങളാണ് കുലചിഹ്നങ്ങൾ(totem). കുലചിഹ്നങ്ങളെ മനുഷ്യന്റെ വർഗ്ഗീകരണ പ്രവണമായ മനസ്സിന്റെ സങ്കീർണ്ണമായ പ്രകാശനമായിട്ടാണ് സ്ട്രോസ് കണക്കാക്കുന്നത്. ഗോത്രസമൂഹം ജന്തു-സസ്യജാതികളെ ഒരു വ്യത്യയ വ്യവസ്തയായിട്ടാണ് കാണുന്നത്. മനുഷ്യരുടെ വ്യത്യസ്ത ഗോത്രങ്ങൾ ഒരു ഭാഗത്തും ജന്തു-സസ്യജാലങ്ങൾ മറുവശത്തുമായുള്ള ഒരു ദ്വന്ദ്വപ്രതിയോഗമായിട്ടു വേണം ആ വ്യവസ്ഥയെ കാണാൻ. അങ്ങനെ വരുമ്പോൾ ഓരോ ഗോത്രത്തെയും ഓരോ സസ്യ-ജന്തു വിഭാഗങ്ങളുമായി ഒരു കൂടം ബന്ധങ്ങളിൽ ഏർപ്പെടുന്ന ഒരു വ്യവസ്ഥയുടെ ഭാഗമായി കാണേണ്ടി വരും. ഈ ബന്ധങ്ങളുടെ തിരിച്ചറിയാനുള്ള അടയാളമായി കുലചിഹ്നങ്ങളെ കാണാം. മനുഷ്യഗണങ്ങൾ തമ്മിലുള്ള ലഘുവായ വ്യത്യാസങ്ങളെ സസ്യ-ജന്തു ജാതികളിലെ ചില്ലറ വ്യത്യാസങ്ങളുമായി ബന്ധപ്പെടുത്തി ചിഹ്നവത്കരിക്കുകയാണിവിടെ ചെയ്യുന്നത്[15]. ശബ്ദങ്ങൾ തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങളെ ഉപയോഗപ്പെടുത്തി അവയെ ആശയവിനിമയത്തിനുവേണ്ടിയുള്ള ശാബ്ദികചിഹ്നങ്ങളാക്കി പരിവർത്തിപ്പിച്ച് ഭാഷാവ്യവസ്ഥക്കു രൂപം കൊടുത്തതിന് സമാനമായ ഒരു പ്രക്രിയയാണിത്. ആദിമമനുഷ്യൻ ലോകത്തെ ചിട്ടപ്പെടുത്തിയതിന്റെ തെളിവാണ് കുലചിഹ്നവ്യവസ്ഥ. ഭക്ഷണവ്യസ്ഥയും സംസ്കാരവുംഭക്ഷണ പദാർഥങ്ങളുടെ പാചകം ഉപയോഗം എന്നിവയിലെല്ലാം വ്യവസ്ഥാപരമായ ചിഹ്നനപ്രക്രിയ അന്തർഭവിച്ചിരിക്കുന്നു. ഭക്ഷിക്കാവുന്നത്/ ഭക്ഷിക്കാൻ കൊള്ളാത്തത് എന്നീ ദ്വന്ദ്വ കല്പനകളിൽത്തന്നെ ആരോപിതവും സ്വേച്ഛാപരവുമായ ഒരു മൂല്യകല്പന അന്തർഭവിച്ചിട്ടുണ്ട്. ഭക്ഷണം ഒരു ഭൗതികമായ ആവശ്യമാണ്.എന്നാൽ അതു തികച്ചും ഭൗതികം മാത്രമല്ല. ഭക്ഷണ വ്യവസ്ഥ ഒരു സാംസ്കാരിക രൂപാന്തരീകരണമാണ്. സ്ട്രോസ് ഇതിനെ അപഗ്രഥിക്കുന്നതിനായി സ്വാഭാവികം/ പരിവർത്തിതം, പ്രകൃതി/സംസ്കൃതി എന്നീ ദ്വന്ദ്വപ്രതിയോഗങ്ങളെ ഉപയോഗിക്കുന്നു. പാചകം ചെയ്ത ഭക്ഷണത്തെ ഒരു ത്രികോണരീതിയിൽ വിന്യസിച്ച് വർഗ്ഗീകരിച്ചിട്ടുള്ള സ്ട്രോസിന്റെ അപഗ്രഥനരീതി ശ്രദ്ധേയമാണ്. പ്രകൃതിയിൽ നിന്ന് നേരിട്ട് കിട്ടുന്ന ഭക്ഷണസാധനങ്ങളെ അദ്ദേഹം പച്ച, പുളിച്ചത് , പഴുത്തത് എന്നിങ്ങനെ സാമാന്യമായി വർഗ്ഗീകരിച്ചതിനു ശേഷം മനുഷ്യൻ സംസ്കാരത്തിലേക്ക് പ്രവേശിക്കുന്നതോടെ ,പ്രകൃതിയിൽ നിന്ന് നേരിട്ട് കിട്ടുന്ന ഭക്ഷണത്തെ പാചകം ചെയ്ത് ഉപയോഗിക്കുന്നതിൽ വന്നു ചേർന്ന വ്യതിയാനങ്ങളെ വിശകലനം ചെയ്യുന്നു. സംസ്കാരത്തിന്റെ ശീലങ്ങളിലേക്കുള്ള ആദ്യത്തെ പ്രവേശനം ഭക്ഷണ സാധനം ചുട്ട് തിന്നുക എന്നതായിരുന്നു. പിന്നീടത് പുഴുങ്ങിത്തിന്നുക എന്ന സംസ്കാരത്തിലേക്ക് വികസിച്ചു. അവിടെ നിന്നും വറുത്ത് തിന്നുക എന്നതിലേക്കും മാറി. ചുടുക, പുഴുങ്ങുക, വറുക്കുക അഥവാ ബേക്ക് ചെയ്യുക എന്നിങ്ങനെയുള്ള പാചകരീതികളും അനുബന്ധമായി രൂപപ്പെട്ട ഭോജനമര്യാദകളും(table manners) സസ്കാര രൂപാന്തരീകരണങ്ങളുടെ മാത്രമല്ല സാങ്കേതിക പുരോഗതിയുടേയും ഭാഗമാണ്. പുഴുങ്ങിത്തിന്നുക എന്നതിന് ചുട്ട് തിന്നുക എന്നതിനെ അപേക്ഷിച്ച് ഉയർന്ന സാംസ്കാരിക മൂല്യംസമൂഹം കല്പിക്കുന്നു.വറുക്കുക അഥവാ ബേക്ക് ചെയ്യുക എന്നതിന് പുഴുങ്ങിത്തിന്നുക എന്നതിനേക്കാൾ ഉയർന്ന സാംസ്കാരിക മൂല്യവും ആരോപിക്കപ്പെടൂന്നുണ്ട്. ഇവിടെ പച്ച, പുളിച്ചത് ,പഴുത്തത്, എന്നീ പ്രകൃതിഭക്ഷണത്തിനെതിരായി ചുടുക, പുഴുങ്ങുക, വറുക്കുക എന്നീ സംസ്കരിക്കപ്പെട്ട ഭക്ഷണങ്ങൾ അപരങ്ങളായി സാംസ്കാരിക വികാസത്തിന്റെ ചിഹ്നങ്ങളായി വരുന്നു. ഉയർന്ന , മുന്തിയ വിരുന്നുവേളകളുടെ ഭക്ഷണമായി വറുത്ത ഭക്ഷണം കരുതപ്പെടുന്നു. ചുട്ടു തിന്നുന്നവർ പ്രാകൃതരും വറുത്തു ഭക്ഷിക്കുന്നവർ പരിഷ്കൃതരുമാണെന്ന് ആധുനികതയുടെ യുക്തി വിചാരം പഠിപ്പിക്കുന്നുണ്ട്. അവലംബം
|
Portal di Ensiklopedia Dunia