കൺസൊലേഷ്യോ ഫിലോസോഫിയേ![]() പൊതുവർഷം 524-നടുത്ത് ബോത്തിയസ് എഴുതിയ വിഖ്യാതമായ ദാർശനികരചനയാണ് കൺസൊലോഷ്യോ ഫിലോസോഫിയേ അല്ലെങ്കിൽ തത്ത്വചിന്തയുടെ സാന്ത്വനം. പാശ്ചാത്യക്രിസ്തീയതയെ, മദ്ധ്യയുഗങ്ങളിലും നവോത്ഥാനകാലത്തിന്റെ തുടക്കത്തിലും ഏറ്റവുമേറെ സ്വാധീനിച്ച ദാർശനികരചനയെന്നും പാശ്ചാത്യലോകത്തുത്ഭവിച്ച ക്ലാസിക്കൽ രചനകളിൽ അവസാനത്തേതെന്നും ഇതു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1] പശ്ചാത്തലംഓസ്ട്രോഗോത്ത് രാജാവായ തിയൊഡോറിക്കിന്റെ കീഴിൽ റോമിൽ ഉന്നതസ്ഥാനം വഹിച്ചിരുന്ന ബോത്തിയസ്, അധികാരഭ്രഷ്ടനായ ശേഷം, വധശിക്ഷ കാത്ത് ജെയിലിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ എഴുതിയതാണിത്.[2] അധികാരത്തിന്റെ ഔന്നത്ത്യത്തിൽ കഴിഞ്ഞ അദ്ദേഹത്തിന്റെ പതനത്തിനു പിന്നിൽ, രാജപരിജനങ്ങളുടെ ഉപജാപവും വഞ്ചനയും ആയിരുന്നു. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ബോത്തിയസ്, ദൈവത്തിന്റേയും മനുഷ്യാനന്ദത്തിന്റേയും അന്തിമസ്വഭാവം, സർവനന്മയായ ദൈവത്തിന്റെ പരിപാലനക്കു കീഴിൽ തിന്മയുടെ തഴപ്പ്, ചഞ്ചലമായ ഭാഗധേയങ്ങൾക്കിടെ സന്തുഷ്ടി പ്രാപിക്കാനുള്ള വഴി എന്നീ വിഷയങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് ഈ രചന പിറന്നത്. ഉള്ളടക്കം![]() തന്റെ പതനവും കാരാഗൃഹവാസവും മൂലം തുടക്കത്തിൽ കലുഷിതനും നിരാശനുമായിരുന്ന ബോത്തിയസും ജ്ഞാനിയും ദയാമയിയുമായ ഒരു വനിതയുമായി പ്രത്യക്ഷപ്പെടുന്ന തത്ത്വചിന്തയും തമ്മിലുള്ള സംവാദത്തിന്റെ രൂപത്തിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത്. ഗദ്യവും പദ്യവും ഇടകലർത്തി എഴുതിയിരിക്കുന്ന "സമാശ്വാസം" കഷ്ടപ്പാടുകളെ ദാർശനികമായ നിർമ്മമതയോടെ സ്വീകരിക്കാൻ പഠിപ്പിക്കുന്നു. 'തത്ത്വചിന്താദേവി'(Lady Philosophy) ബോത്തിയസിനെ ചോദ്യം ചെയ്യുകയും തിരിച്ചടികളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ വിമർശിക്കുകയും ചെയ്യുന്നതിനാൽ ഗ്രന്ഥത്തിന്റെ പലഭാഗങ്ങളും പ്ലേറ്റോയുടെ തൂലിക രേഖപ്പെടുത്തിയിട്ടുള്ള സോക്രട്ടീസിന്റെ സംവാദങ്ങളെ അനുസ്മരിപ്പിക്കും. ദേവി ഗ്രന്ഥകർത്താവിനെ, യശ്ശസിന്റേയും സമ്പത്തിന്റേയും ചഞ്ചലസ്വഭാവം വിശദീകരിച്ചു കൊടുത്ത് ആശ്വസിപ്പിക്കുന്നു. "വിധിയുടെ പിടിയിൽ നിന്നു രക്ഷപെടുവോളം ആരും സുരക്ഷിതരായി സ്വയം കരുതരുത്" എന്നാണ് ഉപദേശം. യഥാർത്ഥ സമ്പത്ത് മാനസികമായ ഗുണങ്ങളാണ്. യഥാർത്ഥ സന്തുഷ്ടി ഉള്ളിൽ നിന്നു വരുന്നതും ബാഹ്യസാഹചര്യങ്ങളുടെ ചാഞ്ചല്യം ബാധിക്കാത്തതുമാണ്. മനുഷ്യഭാഗധേയങ്ങളുടെ ദൈവികമായ മുൻനിശ്ചയം, മനുഷ്യസ്വാതന്ത്ര്യം, ദുഷ്ടരുടെ അഭിവൃദ്ധിയും സൽക്കർമ്മികളുടെ അധോഗതിയും, മനുഷ്യസ്വഭാവം, നന്മ, നീതി എന്നീ വിഷയങ്ങൾ ബോത്തിയസ് ഇതിൽ ചർച്ച ചെയ്യുന്നു. ദൈവം എല്ലാം മുന്നേ അറിയുകയും കാണുകയും ചെയ്യുന്നുവെന്നിരിക്കെ, മനുഷ്യന് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ഉണ്ടോ എന്നന്വേഷിക്കുന്ന ബോത്തിയസ്, ദൈവനിശ്ചത്തേയും മനുഷ്യസ്വാതന്ത്ര്യത്തേയും സംബന്ധിച്ച തത്ത്വചിന്തയിലെ പുരാതനസമസ്യകൾ പരിഗണിക്കുന്നു. ഇവിടെ ദൈവത്തിന്റെ പങ്കിനെ സംബന്ധിച്ച ബോത്തിയസിന്റെ വീക്ഷണത്തെ വി.ഇ. വാറ്റ്സ് ഇങ്ങനെ വിശദീകരിക്കുന്നു: "രഥയോട്ട മത്സരത്തിലെ കാഴ്ചക്കാരന്റെ നിലയാണ് ദൈവത്തിന്റേത്; മത്സരിക്കുന്നവരുടെ പ്രവൃത്തികൾ കാണുന്നെങ്കിലും ദൈവമല്ല അവയുടെ കാരണഭൂതൻ."[3] മനുഷ്യസ്വഭാവത്തെക്കുറിച്ച് ബോത്തിയസിന്റെ വീക്ഷണം "മനുഷ്യർ അടിസ്ഥാനപരമായി നല്ലവരാണെന്നും തിന്മക്കു വഴങ്ങുമ്പോൾ മാത്രം അവർ മൃഗസ്വഭാവികളാകുന്നു" എന്നുമാണ്. അതിനാൽ, കുറ്റവാളികളെ നിയമപാലകർ, രോഗികളെ വൈദ്യന്മാർ എന്ന പോലെ ദയാപൂർവം കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. വിലയിരുത്തൽവ്യക്തിപരമായ മരണാനന്തരജീവിതത്തേയോ മറ്റു ക്രിസ്തീയ സിദ്ധാന്തങ്ങളേയോ ഈ കൃതി പരാമർശിക്കുന്നില്ല. ഗ്രെക്കോറോമൻ പാരമ്പര്യത്തിലെ ചിന്തകന്മാരായ സീനോയ്ക്കോ, എപ്പീക്ടീറ്റസിനോ, ഔറേലിയസിനോ എഴുതാമായിരുന്നതല്ലാത്ത ഒരു വരിയും ഇതിലില്ലെന്നും പേഗൻ ദർശനപാരമ്പര്യത്തിന്റെ ഈ അന്തിമസൃഷ്ടി, മരണമുഹൂർത്തത്തിൽ ഗാഗുൽത്താക്കു പകരം ഏഥൻസിനെ ഓർത്ത ഒരു ക്രിസ്ത്യാനി എഴുതിയതാണെന്നും വിൽ ഡുറാന്റ് നിരീക്ഷിക്കുന്നു.[4] ദൈവം ഈ കൃതിയിൽ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും ഇതിനെ സങ്കുചിതാർത്ഥത്തിൽ, മതപരമായ രചന എന്നു വിളിക്കുക വയ്യ. ഇതിലെ ദൈവം നിത്യനും സർവജ്ഞാനിയും എല്ലാ നന്മകളുടേയും സ്രോതസ്സുമായ ശക്തിയാണ്. യേശുക്രിസ്തുവിനേയോ ക്രിസ്തുമതത്തോയോ മറ്റു മതങ്ങളേയോ കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങളും ഇതിലില്ല. 'കൺസൊലേഷ്യോ'-യിൽ ബോത്തിയസ് മതപരമായ സമസ്യകൾ ചർച്ച ചെയ്യുന്നത് ക്രിസ്തുമതത്തെ പരാമർശിക്കാതെ, സ്വാഭാവികദർശനത്തേയും യവനചിന്താപാരമ്പര്യത്തേയും ആശ്രയിച്ചാണ്. വിശ്വാസവും യുക്തിയും തമ്മിലുള്ള സന്തുലനത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നു. ക്രിസ്തീയതയിലും തത്ത്വചിന്തയിലും സത്യം ഭിന്നരൂപത്തിൽ കാണപ്പെടുന്നില്ലെന്ന് അദ്ദേഹം കരുതി.[5] റോമാസാമ്രാജ്യത്തിന്റെ ക്ഷതിപതനങ്ങളുടെ ചരിത്രത്തിൽ 'കൺസൊലേഷ്യോ'-യുടെ കർത്താവിനെ, "അവസാനത്തെ റോമാക്കാരൻ", എന്നു വിളിക്കുന്ന എഡ്‌വേഡ് ഗിബ്ബൺ ഈ കൃതിയെ, "പ്ലേറ്റോയുടേയും സിസറോയുടേയും വിശ്രമവേളകൾക്ക് ഉപകരിക്കുന്ന സുവർണ്ണരചന" എന്നു വിശേഷിപ്പിച്ചു.[6] ബെർട്രാൻഡ് റസ്സൽ ഈ കൃതിയെ "പുരാതന ലോകത്തിൽ നിന്നുള്ള അവസാനത്തെ സംശുദ്ധപൈതൃകം"[൧] എന്നു വിശേഷിപ്പിക്കുന്നു.[2] ഗ്രന്ഥകർത്താവിനെ ദാന്തെ തന്റെ ഡിവൈൻ കോമഡിയിലെ പറുദീസയിൽ, വേദപാരംഗതന്മാർക്കൊപ്പം ഇടം നൽകി ബഹുമാനിച്ചു.[7] കുറിപ്പുകൾ൧ ^ "....the last purified legacy of the ancient world." അവലംബം
|
Portal di Ensiklopedia Dunia