കൊല്ലം ജില്ലയിലെ ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജാണ് ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കൊല്ലം. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇ.എസ്.ഐ കോർപ്പറേഷനാണ് ഈ മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. ഇ.എസ്.ഐ. മെഡിക്കൽ കോളേജ് എന്നായിരുന്നു പേര്. പിന്നീട് കേരള സർക്കാർ ഈ സ്ഥാപനം ഏറ്റെടുക്കുകയും കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് എന്ന് പേര് നൽകുകയും ചെയ്തു. 2022ഇൽ ഇവിടെ ഒരു നഴ്സിംഗ് കോളേജ് കൂടി ആരംഭിച്ചിട്ടുണ്ട്. അതോടെ 4 വർഷത്തെ ബി.എസ്.സി നഴ്സിംഗ് ബിരുദ കോഴ്സ് കുറഞ്ഞ ചിലവിൽ മികച്ച രീതിയിൽ പഠിക്കാനുള്ള സാഹചര്യവും ഇവിടെ ഉണ്ടായി.
ചരിത്രം
ഇ.എസ്.ഐ കോർപ്പറേഷനാണ് ഈ മെഡിക്കൽ കോളേജ് നിർമിച്ചത്.[1][2] ഇ.എസ്.ഐ കോർപ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ മെഡിക്കൽ കോളേജ് പദ്ധതിയായിരുന്നു ഇത്.[3] 480 കോടി രൂപയാണ് ആകെ നിർമ്മാണച്ചെലവ്. അന്നത്തെ കേന്ദ്ര തൊഴിൽ സഹമന്ത്രി കൊടിക്കുന്നിൽ സുരേഷ് ആയിരുന്നു ഈ പദ്ധതി പ്രഖ്യാപിച്ചത്.[4] 2013 ഡിസംബറിലാണ് മെഡിക്കൽ കോളേജിന്റെ നിർമ്മാണം പൂർത്തിയായത്. 2013 ഡിസംബർ 21ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു. 500 ബെഡുകളാണ് നിലവിലുള്ളത്. [5][6][7]
കെട്ടിടങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജാണ് കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് (33 ബ്ലോക്കുകൾ).[8] എന്നാൽ 2014ൽ മെഡിക്കൽ കോളേജിന്റെ ചെലവ് ഇ.എസ്.ഐ കോർപ്പറേഷന്റെ ഫണ്ടിനേക്കാൾ അധികമാണെന്ന സബ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പദ്ധതി ഉപേക്ഷിച്ചു. [9] 2016ൽ കേരള സർക്കാർ ഇ.എസ്.ഐ മെഡിക്കൽ കോളേജ് ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും നിയമിക്കാൻ കഴിഞ്ഞില്ല.[10][11]
2016 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ കേരള സർക്കാർ മെഡിക്കൽ കോളേജിലേക്ക് നിയമനങ്ങൾ നടത്താനുള്ള നടപടികളെടുത്തു.[12] 2016 ഓഗസ്റ്റ് 14ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു. [13]
സ്ഥാനം
പാരിപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് പരവൂർ ടൗണിന് അടുത്തായാണുള്ളത്. [14]
സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ: പരവൂർ റെയിൽവേ സ്റ്റേഷൻ (9.7 km)
സമീപത്തുള്ള ബസ് സ്റ്റേഷനുകൾ: പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് (10 km) & കൊല്ലം ബസ് സ്റ്റേഷൻ (26.9 km)
കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളുടെ ക്ലാസുകൾ 2017 ഓഗസ്റ്റ് 23ന് ആരംഭിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. [17]