ഗിസയിലെ ബൃഹത് സ്ഫിങ്ക്സ്
ഈജിപ്തിലെ ഗിസയിൽ സ്ഥിതിചെയ്യുന്ന, മനുഷ്യന്റെ ശിരസ്സും സിംഹത്തിന്റെ ഉടലുമുള്ള സ്ഫിങ്ക്സിന്റെ ചുണ്ണാമ്പ് കല്ലിൽ നിർമ്മിച്ച ഒരു വലിയ ശില്പമാണ് ഗിസയിലെ സ്പിങ്ക്സ് അഥവാ ഗിസയിലെ ബൃഹത് സ്ഫിങ്ക്സ് (ഇംഗ്ലീഷ്: Great Sphinx of Giza Arabic: أبو الهول Abū al-Haul.)[1]. സ്ഫിങ്ക്സ് പ്രതിമകൾ ലോകത്ത് അനേകം ഉണ്ടെങ്കിലും പൊതുവെ സ്ഫിങ്ക്സ് എന്ന പദത്താൽ ഗിസയിലെ സ്ഫിങ്ക്സിന്റെയാണ് വിവക്ഷിക്കപ്പെടുന്നത്. നൈലിന്റെ പടിഞ്ഞാറെക്കരയിൽ കിഴക്ക് ദർശനമായാണ് ഈ ശില്പം പണിതിരിക്കുന്നത്. ശില്പത്തിന്റെ മുഖം ഖഫ്രെ ഫറവോയെ പതിനിധികരിക്കുന്നതാണ് എന്ന് കരുതപ്പെടുന്നു.[2] പാദം മുതൽ വാൽ വരെ 238 അടിയും(73 മീ.), കീഴ്ഭാഗം മുതൽ ശിരസ്സ് വരെ 66.3 അടിയുമാണ് (20.21 മീ.) ഈ ശില്പത്തിന്റെ വലിപ്പം. ഈജിപ്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന പുരാതന ശില്പങ്ങളിൽ ഒന്നാണ് സ്ഫിങ്ക്സ്. പുരാതന സാമ്രാജ്യത്തിൽ ഫറവോആയിരുന്ന ഖഫ്രെയുടെ (c. 2558–2532 BC) ഭരണകാലത്താണ് ഇത് പണികഴിപ്പിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു.[3] നിർമ്മിതി![]() ഗിസ പീഠഭൂമിയിലെ ഒരു പാറയിൽ കൊത്തിയുണ്ടാക്കിയ ഒറ്റക്കൽ ശില്പമാണ് സ്ഫിങ്ക്സ്. ഇതേ ക്വാറിയിൽനിന്നുതന്നെയാണ് പിരമിഡുകൾ ഉൾപ്പെടെയുള്ള ഗിസയിലെ മറ്റു പല നിർമ്മിതികൾക്കും ആവശ്യമായ ശിലകൾ ഖനനം ചെയ്തതും.[4] സ്ഫിങ്ക്സിന്റെ പാദം ഉൾപ്പെടെയുള്ള കീഴ്ഭാഗം കട്ടിയേറിയ കൽപാളിയിലാണ് പെടുന്നത്.[1] കഴുത്ത് വരെയുള്ള ഭാഗം താരതമ്യേന മൃദുലമായ കൽ പാളിയിൽ വരുന്നതിനാൽ സാരമായ ശിഥലീകരണത്തിന് സ്ഫിങ്ക്സിന്റെ ഈ ഭാഗം വിധേയമായിട്ടുണ്ട്. പക്ഷെ ശിരസ്സ് കൊത്തിയിരിക്കുന്ന കല്ല് കൂടുതൽ ഉറപ്പുള്ളതാണ്.[5] പുനഃരുദ്ധാരണം![]() ![]() ഒരുകാലത്ത് ഗിസ് നെക്രോപോളിസ് തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു. വളരെ നാളുകൾ മണൽ മൂടികിടന്ന സ്ഫിങ്ക്സ് പ്രതിമയെ ഉദ്ഖനനം ചെയ്ത് വീണ്ടെടുത്തത് ഈജിപ്തിലെ യുവ-ഫറവോ ആയിരുന്ന തുത്മോസ് നാലാമനാണ് (1401–1391 അല്ലെങ്കിൽ 1397–1388 BC). ബി.സി 1400ലായിരുന്നു ഇത്. ഒരിക്കൽ ഗിസ പീഠഭൂമിയിൽ വിശ്രമിക്കുകയായിരുന്ന തുത്മോസിന് ഈജിപ്ഷ്യൻ ദേവനായിരുന്ന റായുടെ സ്വപ്നദർശനം ലഭിച്ചുവെന്നും, സ്വപ്നത്തിൽ സ്ഫിങ്ക്സിനെ മണ്ണിനടിയിൽനിന്നും വീണ്ടെടുക്കാൻ ആവശ്യപ്പെട്ടു എന്നുമാണ് ഐതിഹ്യം. സ്ഫിങ്കിസിന്റെ മുൻ കാലുകൾക്കിടയിലായി തുത്മോസ് സ്ഥാപിച്ച സ്വപ്ന ശിലയിൽ ഈ സംഭവത്തെ കുറിച്ച് ഹൈറോഗ്ലിഫിൿസ് ലിപിയിൽ വിവരിച്ചിട്ടുണ്ട്.[6] പിന്നീട് റംസ്സെസ് രണ്ടാമൻ ഫറവോ രണ്ടാംഘട്ട ഉദ്ഖനനം ഏറ്റെടുത്തിരിക്കണം എന്നും കരുതുന്നു. ആധുനിക കാലഘട്ടത്തിൽ പുരാവസ്തു ഉദ്ഖനനം നടക്കുന്നത് എ.ഡി 1817ലാണ്. ഇറ്റാലിയൻ പുരാവസ്തുശാസ്ത്രജ്ഞനായ ഗിയോവാനി ബാറ്റിസ്റ്റ കാവിഗ്ലിയയുടെ നേതൃത്വത്തിൽ സ്ഫിങ്ക്സിന്റെ മാറ് വരെയുള്ള ഭാഗം മണ്ണിൽനിന്നും വീണ്ടെടുത്തു. 1925 നും 1936നും ഇടയിലാണ് സ്ഫിങ്ക്സിന്റെ മൊത്തമായും വീണ്ടെടുക്കുന്നത്. എമിലി ബറൈസ് എന്ന ഈജിപ്റ്റോളജിസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു അത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾGreat Sphinx of Giza എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia