ഗോദവർമ്മ രാജ
കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജ (ഒക്ടോബർ 13, 1908 - ഏപ്രിൽ 30, 1971).[1] കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാനവ്യക്തിത്വമായ അദ്ദേഹം കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും കണക്കാക്കപ്പെടുന്നു.[2] ഇദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13, കേരളസർക്കാർ 'സംസ്ഥാന കായിക ദിനം' ആയി ആചരിക്കുന്നു. ബാല്യം, യൗവനം1908 ഒക്ടോബർ 13-ന് കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ, കാഞ്ഞിരമറ്റം കൊട്ടാരത്തിൽ കാർത്തിക തിരുനാൾ അംബാലിക തമ്പുരാട്ടിയുടെയും പുതുശ്ശേരി മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെയും മകനായി ജനിച്ചു. അദ്ദേഹം പഠിച്ചത് പൂഞ്ഞാർ രാജകുടുംബത്തിന്റെ തന്നെ കീഴിൽ 1913-ൽ സ്ഥാപിച്ച എസ്സ്. എം. വി. (S. M .V) ഹൈസ്കൂളിൽ ആണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മെഡിസിനിൽ ബിരുദപഠനം നടത്തിയത് മദ്രാസിലായിരുന്നു.[3] 1934 ജനുവരി 24-ന് 26കാരനായ ജി. വി. രാജ 17കാരിയായ കാർത്തിക തിരുനാൾ ലക്ഷ്മിഭായിയെ വിവാഹം കഴിച്ചു. കാർത്തിക തിരുനാൾ തിരുവിതാംകൂറിന്റെ അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ഏക സഹോദരി ആയിരുന്നു. കാർത്തിക തിരുനാളുമായിട്ടുള്ള വിവാഹ ശേഷമാണു ജി. വി. രാജ തിരുവനന്തപുരത്ത് എത്തുന്നത്. [4] മദ്രാസ് മെഡിക്കൽ കോളേജിൽ മെഡിസിനു പഠിക്കുമ്പോൾ ആയിരുന്നു തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നും വിവാഹാലോചന ലഭിച്ചത്. വിവാഹത്തിന് സമ്മതം നൽകിയ അദ്ദേഹം അപ്പോൾ തന്നെ ബിരുദ പഠനം ഉപേക്ഷിച്ചു. 1933 ൽ തന്നെ വിവാഹ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. കോട്ടയ്ക്കകത്ത് സുന്ദരവിലാസം കൊട്ടാരം മുതൽ പടിഞ്ഞാറേക്കോട്ട വരെ വിസ്തൃതമായ സ്ഥലങ്ങളിലെല്ലാം വിവാഹത്തോടനുബന്ധിച്ച് പന്തലും മറ്റ് വേദികളും ഉയർന്നിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും കേരളത്തിലേയും തെക്കേ ഇന്ത്യയിലേയും രാജകുടുംബാംഗങ്ങളും പള്ളിക്കെട്ടിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹത്തിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൽ ഒരാഴ്ചയോളം നീണ്ടു നിന്നു. വിവാഹശേഷം അന്നത്തെ മരുമക്കത്തായ വ്യവസ്ഥിതി പ്രകാരം ജി. വി. രാജ കാർത്തിക തിരുനാളിനോപ്പം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. വിവാഹ ശേഷം ഇരുവരും കുറച്ചു കാലം മധുവിധു ആഘോഷിക്കാൻ കോവളത്തായിരുന്നു താമസം. ഈ സമയത്താണ് കോവളത്തിന്റെ പ്രകൃതി ഭംഗി മനസ്സിലാക്കിയ ഗോദവർമ്മ രാജ, അവിടം ഒരു വിനോദസഞ്ചാര മേഖലയാക്കി വികസിപ്പിക്കാൻ തീരുമാനിച്ചത്. കാർത്തിക തിരുനാളുമായുള്ള വിവാഹ ശേഷം ഗോദവർമ്മ രാജ തിരുവിതാംകൂർ സൈന്യത്തിൽ ക്യാപ്റ്റൻ ആയി സൈനിക സേവനത്തിൽ പ്രവേശിച്ചു; ലെഫ്റെനെന്റ്റ് കേണൽ ആയി അദേഹം 1950 ൽ വിരമിച്ചു.[5] അവിട്ടം തിരുനാൾ രാമവർമ്മ (1944-ൽ ആറാമത്തെ വയസ്സിൽ ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് മരിച്ചു), പൂയം തിരുനാൾ ഗൌരി പാർവതി ഭായി, കേരളത്തിലെ പ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യകാരി അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി, മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ എന്നിവർ മഹാറാണി കാർത്തിക തിരുനാൾ-കേണൽ ഗോദവർമ്മ രാജാ ദമ്പതികളുടെ മക്കളാണ്. ഔദ്യോഗിക ജീവിതംസംസ്ഥാനത്ത് ടെന്നീസ് പ്രചരിപ്പിക്കുന്നതിനായി വിംബിൾഡൺ ജേതാവ് ബിൽ ടിൽഡണെ ഒരു പ്രദർശന മത്സരത്തിനായി ക്ഷണിച്ചു.[6] ഇതിനെത്തുടർന്ന് 1938 ഫെബ്രുവരി 1-ന് തിരുവനന്തപുരം ശാസ്തമംഗലത്ത് ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സ്ഥാപിച്ചു.[7] 1950 മുതൽ 1953 വരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.[8] ബി.സി.സി.ഐ യുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ബി.സി.സി.ഐ സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെ. 1954-ൽ രൂപവത്കരിക്കപ്പെട്ട ട്രാവൻകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപകപ്രസിഡന്റായിരുന്നു. 11 കായികസംഘടനകളുടെ യോഗത്തിന്റെ ഫലമായാണ് ഈ സംഘടന രൂപവത്കരിക്കപ്പെട്ടത്. കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തോടെ ട്രാവൻകൂർ സ്പോർട്സ് കൗൺസിൽ കേരള സ്പോർട്സ് കൗൺസിലായി മാറി. മരണം വരെ അദ്ദേഹം കൗൺസിലിന്റെ പ്രസിഡന്റായി തുടർന്നു. ട്രിവാൻഡ്രം ഗോൾഫ് ക്ലബ് കമ്മിറ്റി,[9] വേളി ബോട്ട് ക്ലബ്, ട്രിവാൻഡ്രം ഫ്ലയിങ്ങ് ക്ലബ് എന്നിവയും അദ്ദേഹം സ്ഥാപിച്ചതാണ്. തിരുവിതാംകൂർ സർവകലാശാലയുടെ ലേബർ കോറിന്റെ കമാൻഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സർവകലാശാലയുടെ ആദ്യത്തെ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്റ്ററുമായിരുന്നു. കോവളത്തെ വിനോദസഞ്ചാരമേഖലയാക്കി വളർത്തിയെടുക്കുന്നതിൽ രാജ പ്രധാന പങ്ക് വഹിച്ചു. KTDC-യുടെ ആദ്യത്തെ[10] ചെയർമാനും അദ്ദേഹമായിരുന്നു.[11] തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനും വേണ്ടി യത്നിചതും അദ്ദേഹമായിരുന്നു. മരണം1971-ൽ ഇന്ത്യ സ്പോർട്സ് കൌൺസിലിന്റെ മീറ്റിംഗിൽ പങ്കെടുക്കാനായി പട്യാലയിലേക്ക് പോയ അദേഹം ഏപ്രിൽ 30-ന് കുളു താഴ്വരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ അന്തരിച്ചു. വിമാനം പറന്നുയർന്ന ഉടനെ തന്നെ യന്ത്രതതകരാറ് കാരണം നിലംപതിച്ചു. ഉടനെ തന്നെ ഫയർഫോര്സ് എത്തി തീ കെടുത്തിയെങ്ങിലും അപകടം നടന്ന ക്ഷണം തന്നെ അദ്ദേഹത്തിന്റെ ജീവൻ പോയിരുന്നു. അദേഹത്തിന്റെ മൃതശരീരം ഡെൽഹി വഴി തിരുവനന്തപുരത്തെതിച്ചു, പൊതു ദർശനത്തിനു വച്ച ശേഷം ജന്മനാടായ പൂഞാരിലേക്ക് കൊണ്ടുപോയി. അദേഹത്തിന്റെ തറവാടായ കാഞ്ഞിരമറ്റം കൊട്ടാരത്തിൽ വച്ച് ദഹിപ്പിച്ചു. ജി വി രാജയുടെ മരണസമയത്ത് തിരുവനന്തപുരം വിമാന താവളത്തിന്റെ വികസന പ്രക്രിയകൾ നടക്കുകയായിരിന്നു. തിരുവനന്തപുരത്ത് ഒരു വിസ്കൌന്ട്ട് ഫ്ലൈറ്റ് ഇറങ്ങി കാണണം എന്നുള്ളത് അദേഹത്തിന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. പക്ഷെ വിധിവിഹിതമെന്നു എന്ന് പറയട്ടെ അവിടെ ആദ്യം ഇറങ്ങിയ വലിയ വിമാനം ജി. വി. രാജയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ളതായിരുന്നു. മരിക്കുമ്പോൾ അദേഹത്തിന് 62 വയസ്സായിരുന്നു പ്രായം.[12] മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പൂഞ്ഞാർ കൊട്ടാരം വളപ്പിലെ കുടുംബശ്മശാനത്തിൽ സംസ്കരിച്ചു. ബഹുമതികൾതിരുവനന്തപുരത്തെ കായികവിദ്യാലയം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ജി.വി. രാജ സ്പോർട്സ് സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. കായികരംഗത്തെ സംഭാവനകൾക്ക് കേരള സ്പോർട്സ് കൗൺസിൽ ജി.വി. രാജ പുരസ്കാരം നൽകിവരുന്നു.[13] വിനോദസഞ്ചാരമേഖലയ്ക്കുള്ള ആജീവനാന്തസംഭാവനകൾക്ക് കേരള വിനോദസഞ്ചാരവകുപ്പ് നൽകിവരുന്ന പുരസ്കാരവും അദ്ദേഹത്തിന്റെ പേരിലാണ്.[14] രാജയുടെ ജന്മദിനമായ ഒക്ടോബർ 13 കേരള കായികദിനമായി ആചരിക്കുന്നു.[15] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia