ഗോപാൽ ഗോഡ്സെ

ഗോപാൽ ഗോഡ്സെ
ജനനം1919
മരണംനവംബർ 26, 2005 (വയസ്സ് 85–86)
അറിയപ്പെടുന്നത്മഹാത്മാ ഗാന്ധിയുടെ വധത്തിനായി ഗൂഢാലോചന നടത്തിയവരിൽ ഒരാൾ

ഗോപാൽ വിനായക് ഗോഡ്സെ (മറാഠി: गोपाळ विनायक गोडसे) (1919 ജൂൺ 12 – 2005 നവംബർ 26) നാഥുറാം ഗോഡ്സെയുടെ സഹോദരനും 1948 ജനുവരി 30-ന് നടന്ന മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ ഗൂഢാലോചനക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആളുമായിരുന്നു. പൂനെയിലാണ് ഇദ്ദേഹം തന്റെ അവസാന കാലം കഴിച്ചുകൂട്ടിയത്.

ജീവിതരേഖ

ഗോപാൽ പൂനെ ജില്ലയിലെ രാജ്ഗുരുനഗരിലാണ് ജനിച്ചത്‌ (അന്ന് ഖേദ് എന്നായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്). വിനായക് ഗോഡ്സെ-ലക്ഷ്മി ദമ്പതികളുടെ മൂന്നാമത്തെ മകനായിരുന്നു ഗോപാൽ. മൂത്ത ജ്യേഷ്ഠനായിരുന്ന നാഥുറാമിനെക്കൂടാതെ ദത്താത്രേയ എന്ന ഇളയ ജ്യേഷ്ഠനും ഗോവിന്ദ് എന്ന അനുജനും ഇദ്ദേഹത്തിനുണ്ടായിരുന്നു. റായ്ഗഡ് ജില്ലയിലെ കർജാത് എന്ന സ്ഥലത്തായിരുന്നു ഇദ്ദേഹത്തിന്റെ പ്രാധമികവിദ്യാഭ്യാസം ആരംഭിച്ചത്. അത് രത്നഗിരിയിൽ തുടർന്നു. ഇദ്ദേഹ‌ത്തിന്റെ അച്ഛൻ ജോലിയിൽ നിന്ന് വിരമിച്ചശേഹം കുടുംബം മഹാരാഷ്ട്രയിലെത്തന്നെ സാംഗ്ലി എന്ന സ്ഥലത്ത് താമസമുറപ്പിച്ചു. ഇവിടെയാണ് ഇദ്ദേഹം മെട്രിക്കുലേഷൻ പരീക്ഷ പാസായത്.

രാഷ്ട്രീയ സ്വയംസേവക് സംഘിൽ ഒരു സന്നദ്ധപ്രവർത്തകനായും അതേ സമയം തന്നെ ഹിന്ദു മഹാസഭയിലും ഇദ്ദേഹം ജോലി ചെയ്തിരുന്നു. പക്ഷേ രണ്ടിലും അംഗത്വമെടുത്തിരുന്നില്ല.

രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ഇദ്ദേഹം സൈന്യത്തിലെ ഓഡിനൻസ് കോറിൽ സ്റ്റോർ സൂക്ഷിപ്പുകാരനായി ജോലിയിൽ പ്രവേശിച്ചു. ഏപ്രിൽ 1944 വരെ ഇദ്ദേഹം ഇറാനിലും ഇറാക്കിലും ജോലി ചെയ്തിരുന്നു.

യുദ്ധശേഷം ഇദ്ദേഹത്തിന്റെ പോസ്റ്റിംഗ് ഘാട്കി എന്ന സ്ഥലത്തായിരുന്നു. ഈ സമയത്ത് ഇദ്ദേഹത്തിന്റെ വിവാഹവും നടന്നു. സിന്ധു എന്നായിരുന്നു ഭാര്യയുടെ പേര്. ഇവർക്ക് വിദ്യുല്ലത എന്നും അസിലത എന്നും പേരുള്ള രണ്ട് പെണ്മക്കളുണ്ട്. ഗോപാലിനെ അറസ്റ്റ് ചെയ്ത ശേഷം സിന്ധു പെണ്മക്കളെ സംരക്ഷിക്കാനായി ഗോപാലിന്റെ ജ്യേഷ്ഠൻ ദത്തത്രേയയുടെ 'ഉദ്യം എഞ്ചിനിയറിംഗ്' എന്ന വർക്ക് ഷോപ്പിൽ ജോലി ചെയ്തിരുന്നു. പിന്നീട് 'പ്രതാപ് എഞ്ചിനിയറിംഗ്' എന്ന പേരിൽ സിന്ധു സ്വന്തം വർക്ക് ഷോപ്പ് തുടങ്ങ.

മഹാത്മാഗാന്ധിയുടെ കൊലപാതകം

ഗോപാൽ ഗോഡ്സെയുടെ സഹോദരനായ നാഥുറാം ഗോഡ്സെയാണ് മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നത്. നാഥുറാമിനെയും ഗൂഢാലോചനയിൽ പങ്കാളിയായ നാരായൺ ആപ്തെയെയും 1949 നവംബർ 15-ന് തൂക്കിലേറ്റലിലൂടെ വധിക്കുകയുകയുണ്ടായി. ഗോപാലിനെ ഫെബ്രുവരി 5-ന് പൂനെയിലെ സ്വവസതിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയുണ്ടായി. ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ നിന്ന് പുറം തിരിഞ്ഞു എന്നാണ് ഇവർ മൂന്നുപേരും കരുതിയിരുന്നത്. ഗാന്ധിയുടെ പ്രവൃത്തികൾ ഇന്ത്യയുടെ വിഭജനത്തിനു കാരണമായി എന്നും ഇത് മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ വർഗ്ഗീയകലാപങ്ങൾക്ക് വഴിവച്ചു എന്നുമായിരുന്നു ഇവരുടെ വിശ്വാസം. 1998-ലെ ഒരു അഭിമുഖത്തിൽ താൻ ഗാന്ധിയുടെ കൊലപാതകത്തിൽ പശ്ചാത്തപിച്ചിട്ടേയില്ല എന്ന് ഇദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഇദ്ദേഹം വെറുത്തിരുന്നത് ഗാന്ധിയുടെ മുസ്ലീം "പ്രീണനം" എന്ന സ്വഭാവത്തെയാണ് എന്നിദ്ദേഹം പറയുകയുണ്ടായി.

1948 ജനുവരി 20-ന് ഗാന്ധിയുടെ പ്രാർത്ഥനായോഗത്തിന് 50 മീറ്റർ അകലെ നടന്ന ഒരു ബോംബ് സ്ഫോടനമാണ് കൊലപാതകത്തിന്റെ പെട്ടെന്നുണ്ടായ കാരണം. ഈ പരാജയപ്പെട്ട സ്ഫോടനത്തിൽ മദൻ‌ ലാൽ പഹ്വ പിടിയിലായി. ഇതുമൂലം പോലീസ് തങ്ങളെയും പിടിക്കുന്നതിനു മുൻപ് കൊലപാതകം നടത്തണമെന്ന് ഗോഡ്സെ സഹോദരന്മാർ തീരുമാനിച്ചു.

ഗോപാൽ ഒരു ഹിന്ദു ദേശീയതാവാദിയായിരുന്നു. ഗാന്ധി മരിക്കുന്നതിനു മുൻപ് ഹേ റാം എന്ന് പറഞ്ഞിരുന്നില്ല എന്നും ഗാന്ധി വിശുദ്ധപദവിയിലേയ്ക്കുയർത്തേണ്ട ഒരു അടിയുറച്ച ഹിന്ദുവാണെന്ന് തെളിയിക്കാനായി സർക്കാർ കളിച്ച കളിയാണ് ഈ കഥ എന്നുമാണ് ഗോപാൽ ഗോഡ്സെ അഭിപ്രായപ്പെട്ടത്. ടൈം മാഗസിനു നൽകിയ ഒരു അഭിമുഖത്തിൽ ഇദ്ദേഹം പറഞ്ഞത്, "ആരോ ഗാന്ധി ഹേ റാം എന്ന് പറഞ്ഞിരുന്നോ എന്ന് എന്നോടു ചോദിച്ചു. ഞാൻ പറഞ്ഞത് കിംഗ്സ്ലി ഇങ്ങനെ പറഞ്ഞിരിന്നു. പക്ഷേ ഗാന്ധി ഇത് പറഞ്ഞിരുന്നില്ല. അത് ഒരു നാടകമല്ലായിരുന്നു എന്നതുതന്നെ കാരണം."

ഒരു സമയത്ത് ഗാന്ധി തന്റെ ആരാധനാമൂർത്തിയായിരുന്നു എന്ന് ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്. പൊതുജനങ്ങളെ ഉണർത്തുന്നതിൽ ഗാന്ധി വഹിച്ച പങ്ക് ഇദ്ദേഹം ശ്ലാഘിച്ചിരുന്നു. ഇന്ത്യക്കാരുടെ മനസ്സിൽ നിന്ന് ജയിലിനെപ്പറ്റിയുള്ള ഭയം ദൂരീകരിച്ചത് ഗാന്ധിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം.

കുറ്റാരോപിതരായവർ

മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിൽ കുറ്റാരോപിതരായവർ

പിൽക്കാലജീവിതം

1964 ഒക്റ്റോബറിൽ ഗോഡ്സെ ജയിൽമോചിതനായി. ഒരു മാസത്തിനുശേഷം ഡിഫൻസ് ഓഫ് ഇന്ത്യ ആക്റ്റ് പ്രകാരം ഇദ്ദേഹം വീണ്ടും അറസ്റ്റിലാവുകയും ഒരു വർഷ‌ത്തിലധികം വീണ്ടും ജയിലിൽ കഴിയുകയും ചെയ്തു. 1965-ന്റെ അവസാനമാണ് ഇദ്ദേഹം അന്തിമമായി ജയിൽ മോചിതനായത്. മഹാത്മാ ഗാന്ധിയെയും അദ്ദേഹത്തിന്റെ കൊലപാതകത്തെയും പറ്റി താനെഴുതിയ പുസ്തകങ്ങൾക്ക് ലഭിച്ച റോയൽറ്റിയായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗ്ഗം. ഇദ്ദേഹം മറാത്തിയിലും ഇംഗ്ലീഷിലും ഒൻപത് പുസ്തക‌ങ്ങൾ എഴുതുകയുണ്ടായി.

  1. ഹാസ് എ ലൈഫ് കൺവിക്റ്റ് റ്റു ഡൈ ഇൻ പ്രിസൺ അണ്ടർ ഇന്ത്യൻ ലോ? - 1961
  2. ജയ മൃത്യുഞ്ജയ - 1969
  3. ക്രാന്തികാരകഞ്ച അദ്ധ്യാത്മവാദ് ആനി ലേഖ -1971
  4. പഞ്ചവന്ന കോടിഞ്ചേ ബലി (55 കോടിയുടെ ബലി) - 1971
  5. സൈനേ കാ ലിഹില ജൈ രാഷ്ട്രച ഇതിഹാസ്? - 1975
  6. ലാൽ കിലൈയാതില അഥവാണി - 1981
  7. ഗാന്ധി ഹത്യ ആനി മേ (ഗാന്ധിയുടെ കൊലപാതകവും ഞാനും) - 1989
  8. കുത്തബ് മീനാർ ഈസ് വിഷ്ണു ദ്ധ്വജ - 1997
  9. ഫാംസി ആനി നാഥുറാം - 1999

പുറത്തേയ്ക്കുള്ള കണ്ണികൾ

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya